KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

January 15, 2016

krishnanattam_1പാരമ്പര്യ കലകളിലെ നവോത്ഥാനം സംഭവിച്ചത് ചിട്ടപ്പെടുത്തലുകളിലൂടെ ആയിരുന്നു. ശിഥിലമായി കിടന്നിരുന്ന പ്രയോഗ സമ്പ്രദായങ്ങളെ ഒന്നിച്ചു ചേർത്ത് ആഴത്തിലുള്ള സൗന്ദര്യാന്വേഷണ ങ്ങളിലൂടെ, കളയേണ്ടവയെ കളഞ്ഞും സ്വീകരിക്കേണ്ടവയെ സ്വീകരിച്ചും ഓരോ കലാരൂപങ്ങൾക്കും കൃത്യമായ ചിട്ട വാർത്തെടുത്തതിലൂടെ ക്രമേണ ഈ കലകൾക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത മാത്രമല്ല ലഭ്യമായത്, അവ അക്ഷരാർഥത്തിൽ ക്ലാസിക്കൽ എന്ന നിലയിലേക്ക് ഉയരുക കൂടിയായിരുന്നു. അവതരണ കലകളുടെ സ്വഭാവം തന്നെ നിശ്ചലമാവാതിരിക്കലാണ്. അതായത് എല്ലാം പൂർത്തിയായി എന്ന വിശ്വാസത്തിൽ മാറ്റമില്ലാതെ തുടരുന്ന അവസ്ഥ കലയെ നിർജ്ജീവമാക്കും. എന്നാൽ അനൗചിത്യപരമായ മാറ്റങ്ങൾ ഇതിനേക്കാൾ അപകടമാണുതാനും. ക്ലാസിക്കൽ കലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ തുറക്കപ്പെട്ട പുതിയ അവതരണ വഴികളേയും അവയിലെ ശരി തെറ്റുകളേയും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ന് കലാലോകം.
ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ അവതരണ കലകളായ കഥകളി, കൂടിയാട്ടം, യക്ഷഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കൃഷ്ണനാട്ടം, തായമ്പക എന്നീ കലാരൂപങ്ങളിൽ

കഴിഞ്ഞ ഏതാണ്ട് 50 വർഷക്കാലത്ത് സംഭവിച്ചിട്ടുള്ള പുതിയ മാറ്റങ്ങളേയും ചിട്ടപ്പെടുത്തലുകളേയും കുറിച്ച് അന്വേഷിക്കുകയാണിവിടെ. ഓരോ കലാരംഗത്തേയും രണ്ട് തലമുറകളിൽ പെട്ട അല്ലെങ്കിൽ വ്യത്യസ്ത ശൈലികളെ പിൻതുടർന്ന് പോരുന്ന രണ്ട് പ്രധാന പ്രയോക്താക്കളുടെ അഭിപ്രായങ്ങളിലൂടെയാണ് ഈ അന്വേഷണം. രണ്ട് പേരുടെ അനുഭവങ്ങളിലൂടെ ഒരിക്കലും ഒരു രംഗത്ത് നടന്ന പരിണാമങ്ങൾ പൂർണ്ണമായി കണ്ടെത്താൻ കഴിയുന്നതല്ല. മാത്രമല്ല, ഒരേ മേഖലയിലെ കലാകാരൻമാരിൽ/ കലാകാരികളിൽ തന്നെ സമാന ചിന്താഗതിയും ഒപ്പം വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളതായി കാണാം. കാലത്തിന്റെ ആവശ്യവും കലയുടെ ആവശ്യവും വ്യത്യസ്ത രീതിയിൽ നിർവചിക്കപ്പെടുന്നുണ്ട്. ഇന്നത്തെ ക്ലാസിക്കൽ കലാരംഗം പഴമയുടെയും പുതുമയുടേയും ഇടയിലുള്ള ഒരു സംഘർഷാവസ്ഥയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് വ്യക്തമാണ്. ഈയൊരു അവസ്ഥയിൽ, കഴിഞ്ഞ കാലങ്ങളിൽ നടന്നു കഴിഞ്ഞ മാറ്റങ്ങളെ കുറിച്ചും ഇനി നടക്കേണ്ടവയെ കുറിച്ചുമുള്ള പ്രയോക്താക്കളുടെ ചിന്താഗതികളും ഒപ്പം അവർ കണ്ടറിഞ്ഞ ആസ്വാദകരിലെ വൈവിധ്യത, പുതു തലമുറയിലെ സർഗ്ഗാത്മകത, അതിൽ വന്നു ചേരുന്ന പ്രശ്നങ്ങൾ, ഇനിയുള്ള പ്രതീക്ഷകൾ ഇതെല്ലാം ഓരോ മേഖലയിലേയും കലാകാരൻമാരിൽ / കലാകാരികളിൽ നിന്നും ചോദിച്ചറിയുന്നു.
ദക്ഷിണേന്ത്യയിൽ വളർന്നു വന്ന, ഇന്ന് പ്രചാരത്തിലിരിക്കുന്ന പാരമ്പര്യ കലകളാണെങ്കിൽ കൂടിയും ഈ എട്ട് കലകളുടേയും അവതരണ ഇടങ്ങളും, ആസ്വാദകരും, അവ നേരിടുന്ന വെല്ലുവിളികളും എല്ലാം വ്യത്യസ്തമാണ്. ഇവയിലെ അഞ്ച് കലാരൂപങ്ങളും കേരളത്തിന്റെ സ്വന്തം എന്ന് നാം അവകാശപ്പെടുന്നവയാണെങ്കിലും അവയുടെ സാധ്യതകളും നിലനിൽപ്പും വ്യത്യസ്ത രീതിയിലാണ്. കഥകളിക്കോ മോഹിനിയാട്ടത്തിനോ ലഭിക്കുന്ന അത്രയും തുറന്ന പ്രേക്ഷകർ കൂടിയാട്ടത്തിന് ഉണ്ടോ എന്ന് സംശയമാണ്. പക്ഷേ, ക്ഷേത്രാങ്കണത്തിലെ കൂത്തമ്പലത്തിൽ മാത്രം ഒതുങ്ങാതെ പുറത്ത് ഇറങ്ങിയ കൂടിയാട്ടം അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിക്കുന്ന തലം വരെ ഉയർന്നു. കാലത്തിന്റെ മാറ്റം കൂടിയാട്ടത്തെ ക്ഷേത്രത്തിനു പുറത്തു കൊണ്ടുവന്നപ്പോൾ മറ്റൊരു ക്ഷേത്ര കലയായ കൃഷ്ണനാട്ടം, കാലങ്ങളായുള്ള ചില പൊതുവേദികളിൽ നിന്ന് മാറി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിലേക്ക് ഒതുങ്ങി. ഒരൊറ്റ കളരിയും എണ്ണപ്പെട്ട കലാകാരന്മാരും മാത്രമുള്ള കൃഷ്ണനാട്ടത്തിന് വേണ്ടത്ര ആസ്വാദക ശ്രദ്ധയും ലഭിക്കുന്നില്ല. ഗുരുവായൂരിലെ ചുറ്റമ്പലത്തിനു പുറത്തും കൃഷ്ണനാട്ടം ഇടം കണ്ടെത്തി തുടങ്ങിയിരിക്കുന്നു എന്നത് ഇനിയും ആസ്വാദകർ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭക്തി-അനുഷ്ഠാന വശങ്ങൾ മുന്നിട്ട് നിൽക്കുന്നതിനാൽ കലാകരന്മാര്ക്ക് സ്വന്തം കഴിവിനെ മറ്റൊരിടത്ത് തുറന്നു കാണിക്കാനോ പറയാനോ ഉള്ള സ്വാതന്ത്ര്യം ഏറെക്കുറെ നിഷിദ്ധമാണ്. ഇത് പരിണാമങ്ങൾക്കും തടയിടുന്നുമുണ്ട്. എന്നാൽ ഭക്തി പ്രധാനം കൊണ്ട് തന്നെ കലാകരന്മാര്ക്ക് വേദിയില്ലാത്തതോ വരുമാനമില്ലാത്തതോ ആയ അവസ്ഥ വരുന്നില്ല. ഭക്തിക്കും അനുഷ്ഠാനത്തിനുമപ്പുറം കലയിലെ പാരമ്പര്യത്തെ മുറുകെ പിടിച്ചു എന്നതാണ് കഥകളിയെ വളർത്തിയ വശം. വ്യക്തിഗതമായ മാറ്റങ്ങളായിരുന്നു കഥകളിയിൽ കൂടുതൽ സംഭവിച്ചത് എന്നതുകൊണ്ടാവാം പല കലാകാരന്മാരുടെ പേരിലൂടെ കല അറിയപ്പെടുന്നൊരു സാഹചര്യം ഉണ്ടായത്. ഭരതനാട്യത്തോടൊപ്പം ഒന്നോ രണ്ടോ ഇനങ്ങളായി മാത്രം വേദിയിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മോഹിനിയട്ടത്തിന് മറ്റു നൃത്തങ്ങളോടൊപ്പം സ്ഥാനം ലഭിക്കുക മാത്രമല്ല, പുതുമകളാലും പരീക്ഷണങ്ങളാലും ഇതര നൃത്ത രൂപങ്ങളോട് മത്സരിക്കുക തന്നെ വേണ്ടി വന്നു. പാരമ്പര്യം പലപ്പോഴും പല രീതിയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നുമില്ലായ്മയിൽ നിന്ന് പരിണാമങ്ങളിലൂടെ മാത്രം വളർന്ന, വളർച്ചയുടെ പടവുകൾ ഏറിക്കൊണ്ടിരിക്കുന്ന കലയാണ്‌ മോഹിനിയാട്ടം. കേരളീയ വാദ്യകലയായ തായമ്പകയിലും ശൈലികൾ യോജിച്ച്, കൂടുതൽ മനോധർമ്മങ്ങൾക്ക് സാധ്യത കൊടുത്തുകൊണ്ടുള്ള അവതരണ സമ്പ്രദായങ്ങൾ വളർന്നു വന്നിരിക്കുന്നു. അതേ സമയം ഇതിനു സമാന്തരമായി, പ്രയോഗ ഘടനയിലെ സൂക്ഷ്മമായ വ്യത്യാസങ്ങളെ നിലനിർത്തികൊണ്ടുള്ള പാരമ്പര്യ ശൈലികളും സജീവമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.
അന്യസംസ്ഥാന കലകളെന്നു മുദ്രകുത്തുന്നുണ്ടെങ്കിലും ഭാരതനാട്യവും കുച്ചുപ്പുടിയും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. നൃത്ത നാടകങ്ങളായി അവതരിപ്പിച്ച് പോന്നിരുന്ന കുച്ചുപ്പുടിയ്ക്ക് കാലാനുസാരിയായ പരിണാമങ്ങളിലൂടെ ഒരു പുതിയ വ്യക്തിത്വം ലഭിച്ചു. ഒരുപക്ഷേ ഡിസൈൻ ചെയ്തെടുക്കപ്പെട്ടു എന്ന് തന്നെ പറയാം. സദിരാട്ടമായിരുന്ന ഭരതനാട്യം അതിന്റെ കെട്ടുപാടുകൾ ഭേദിച്ച് പുറത്തു കടന്നപ്പോൾ ഉണ്ടായത് വളരെ വലിയ വളർച്ചയാണ്. വിവിധ ശൈലികൾ നിലനിൽക്കുന്നുവെങ്കിലും ഭരതനാട്യം അതിന്റെ ബൃഹത്തായ സാധ്യതകളിൽ നിന്നുകൊണ്ട് ഏറെ വളർന്ന ഒരു കലാരൂപമാണ്. ക്ഷേത്രാങ്കണത്തിൽ നിന്നും രാജാങ്കണത്തിൽ നിന്നും പുറത്തു വന്നതാണെങ്കിലും പിന്നീട് ദേവഭക്തിയേക്കാൾ കലയോടുള്ള ഭക്തിയാണ് ഭരതനാട്യ കലാകാരനെ വളർത്തിയത്. എത്രകണ്ട് പുതുമകൾ വന്നാലും തർക്കങ്ങൾക്ക് മുതിരാതെ ഒരു വശത്ത്‌ ചിട്ടയേയും പാരമ്പര്യത്തേയും മുറുകെ പിടിക്കുന്നു ഭരതനാട്യ ലോകം എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ മുദ്രയായി പ്രഥമസ്ഥാനത്തുനിൽക്കുന്നത് ഒരുപക്ഷേ, ഇന്ന് ഭരതനാട്യമായിരിക്കും.
കേരളത്തിനോട് ചേർന്ന് കിടക്കുന്ന അല്ലെങ്കിൽ ഇന്ന് കേരളത്തിന്റെ തന്നെ ഭാഗമായ തുളുനാട്ടിൽ ജന്മമെടുത്ത യക്ഷഗാനം മലയാളികൾക്ക് ഇന്നും അത്ര സുപരിചിതമല്ല. കഥകളിയോടും കൂടിയാട്ടത്തോടും പല വശങ്ങൾ കൊണ്ടും സാമ്യത പുലർത്തുന്നുണ്ട് എങ്കിലും പ്രാദേശിക ഭാഷയിലുള്ള വാചിക പ്രയോഗവും ലോകധർമ്മിയുടെ ആധിക്യവും മൂലമാവാം യക്ഷഗാനത്തിന് ഇന്നും ഉത്തര മലബാറു മുതൽ തെക്കോട്ട്‌ അത്ര പ്രചാരം ലഭിച്ചിട്ടില്ല.
ആധുനിക സാഹചര്യത്തിൽ നിന്ന് നോക്കുമ്പോൾ മാറ്റങ്ങളേയും പുതുമകളെയും സ്വീകരിക്കുന്ന മനസ്സ് പ്രയോക്താക്കളിലും പ്രേക്ഷകരിലും ഒരുപോലെ വളർന്നിട്ടുണ്ട്. പുതുമകളും പരീക്ഷണങ്ങളും അതിര് വിടുന്നതാണ് പലപ്പോഴും സംഭവിക്കുന്ന ഒരു ദോഷം. ഉദാഹരണമായി മോഹിനിയാട്ടത്തിൽ ശൃംഗാര കരുണ ഭാവങ്ങൾക്കപ്പുറത്തുള്ള ഭാവങ്ങളേയും കൊണ്ടുവരാൻ തുടങ്ങിയത് ഈ കലയുടെ സാധ്യതകളെ കൂടുതൽ വിസ്തൃതമാക്കിയ ഒരു പരിണാമമായിരുന്നു. എന്നാൽ പിന്നീട്, പുതിയ പുതിയ കഥകൾ അവതരിപ്പിക്കാൻ മാത്രമുള്ള മാധ്യമമാണ്‌ മോഹിനിയാട്ടം എന്ന നിലയിലേക്ക് എത്തപ്പെടുകയും ഈ ‘കഥ പറച്ചിലിൽ’ ശ്രദ്ധിക്കുമ്പോൾ അവതരണ ഘടകങ്ങലിലെ സൂക്ഷ്മാംശങ്ങളിലെക്കുള്ള ശ്രദ്ധ കുറയുകയും, ഈ കലയുടെ ചിട്ടയാർന്ന സ്വഭാവത്തെ എടുത്തു കാണിക്കുന്ന ഇനങ്ങളെ മറന്നു പോവുകയും ചെയ്യുന്ന അവസ്ഥ വലിയൊരു അപകടം തന്നെയാണ്. അതുപോലെ ലോകധർമ്മി പ്രധാനിയായ നാടകമായിരുന്ന യക്ഷഗാനത്തിലെ നൃത്തവശങ്ങളിൽ ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടേയും നൃത്ത സ്വഭാവത്തെ സ്വീകരിച്ചു എന്നുള്ളത് നല്ലൊരു മാറ്റമായിരുന്നു. എന്നാൽ നർത്തകൻമാരുടെ കഴിവ് പ്രദർശിപ്പിക്കാനോ കൂടുതൽ നൃത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കാനോ ശ്രമിക്കുകയാണെങ്കിൽ നാടകാവതരണത്തിന്റെ നല്ലൊരു ഭാഗം സമയം അതിനായി ചെലവിടേണ്ടി വരുന്നു. ഇത് യക്ഷഗാനത്തിന്റെ കഥാവതരണ ലക്ഷ്യത്തെ സാരമായി ബാധിക്കുന്നുണ്ട്
ആസ്വാദക താൽപര്യങ്ങൾ ചിട്ടപ്പെടുത്തലിനേയും പരിണാമങ്ങളേയും സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. പൂരപ്പറമ്പിലോ അമ്പല നടയിലോ തായമ്പക കേൾക്കാൻ വരുന്ന ആവേശമുള്ള ജനസമൂഹമല്ല കൂത്തമ്പലത്തിൽ കൂത്തോ കൂടിയാട്ടമോ കാണാൻ എത്തുന്നത്. അവരല്ല ഒരു വിദേശത്തെ നാടക വേദിയിൽ കൂടിയാട്ടത്തിന് ലഭിക്കുന്ന കാണികൾ. ഭക്ത്യാദരപൂർവ്വം ഗുരുവായൂരിലെ പ്രദക്ഷിണവഴിയിൽ കൃഷ്ണാട്ടം കാണാനിരിക്കുന്ന ചെറിയ കൂട്ടം കാണികളും യക്ഷഗാന ബയലാട്ടം കാണാൻ കർണ്ണാടകയിലെ ക്ഷേത്രമുറ്റത്തെത്തുന്ന ആൾക്കൂട്ടവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. സ്ഥിരമായി നടക്കുന്ന കഥകളി അരങ്ങുകളിലെ ആസ്വാദകരുടെ കാഴ്ച്ചപ്പാടുകളാവില്ല ഡാൻസ് ഫെസ്റ്റിവൽ വേദികളിൽ ഭരതനാട്യമോ കുച്ചുപ്പുടിയോ കാണാൻ എത്തുന്നവരുടെത്.
പരിണാമവും അവയുടെ പ്രകരണവും പാരമ്പര്യത്തിന്റെ ഭാഗങ്ങളാണ്. പരിണാമങ്ങൾ സ്വീകരിക്കപ്പെടുമ്പോൾ അവ പിന്നീടൊരു ചിട്ടയായി നിലനിൽക്കും. ഇവിടെയാണ്‌ പാരമ്പര്യ കലകളിൽ നടന്ന ചിട്ടപ്പെടുത്തലുകളേയും അതിലൂടെ വന്ന മാറ്റങ്ങളേയും കുറിച്ച് അന്വേഷിക്കുന്നതിലെ പ്രസക്തി. പലതുകൊണ്ടും വ്യത്യസ്തത പുലർത്തുന്ന കലാരൂപങ്ങളെ ഒരേ രീതിയിൽ, അതായത് ‘പുതിയ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റം’ എന്നതിനെ മുൻ നിർത്തി സമീപിച്ചിരിക്കുന്നു ഇവിടെ. അതോടൊപ്പം ഓരോന്നിന്റെയും പ്രത്യേക വശങ്ങളെ ഏറെക്കുറെ അവയ്ക്ക് വേണ്ട പ്രാധാന്യം കൊടുത്ത് ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

 

പാരമ്പര്യവും നവീകരണവും : മോഹിനിയാട്ടം [Kalamandalam Kshemavathy]

പാരമ്പര്യവും നവീകരണവും : മോഹിനിയാട്ടം [Vinitha Nedungadi]

പാരമ്പര്യവും നവീകരണവും : കുച്ചുപ്പുടി [Vyjayanthi Kashi]

പാരമ്പര്യവും നവീകരണവും : കുച്ചുപ്പുടി [Pasumarthi Ratthayya Sharmma]

പാരമ്പര്യവും നവീകരണവും : തായമ്പക [Udayan Namboothiri]

പാരമ്പര്യവും നവീകരണവും : തായമ്പക [Kalamandalam Balaraman]

പാരമ്പര്യവും നവീകരണവും : കൃഷ്ണനാട്ടം [Sathyanarayanan Elayath]

പാരമ്പര്യവും നവീകരണവും : കൃഷ്ണനാട്ടം [Palatt Parameswara Panikker]

പാരമ്പര്യവും നവീകരണവും : കഥകളി [Sadanam Bhasi]

പാരമ്പര്യവും നവീകരണവും : കഥകളി [Kalamandalam Vasu Pisharadi]

പാരമ്പര്യവും നവീകരണവും : കൂടിയാട്ടം [Kalamandalam Sivan Namboothiri]

പാരമ്പര്യവും നവീകരണവും : കൂടിയാട്ടം [Aparna Nangiar]

പാരമ്പര്യവും നവീകരണവും : ഭരതനാട്യം [Padma Subramanyam]

പാരമ്പര്യവും നവീകരണവും : ഭരതനാട്യം [Rama Vaidyanathan]

പാരമ്പര്യവും നവീകരണവും : യക്ഷഗാനം [Balipa Narayana Bhat]

പാരമ്പര്യവും നവീകരണവും : യക്ഷഗാനം [ML Samaga]

 

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

20021

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019