Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കൂടിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കൂടിയാട്ടത്തിലേക്കുള്ള എന്റെ വരവ് തന്നെ കൂടിയാട്ട ലോകത്തെ ഒരു വലിയ മാറ്റത്തിന്റെ തുടക്കം ആയിരുന്നു. കലാമണ്ഡലത്തിൽ കൂടിയാട്ടത്തെ ഉൾപ്പെടുത്തിയപ്പോൾ ആദ്യത്തെ രണ്ടു ശിഷ്യരിൽ ഒരാളായി ചാക്യാരല്ലാത്ത, എന്നെ തെരഞ്ഞെടുത്തു. കൂടിയാട്ടത്തിനെ കൂത്തമ്പലത്തിന് പുറത്തു കൊണ്ട് വന്ന, കൂടുതൽ ജനകീയമാക്കാൻ എല്ലാ രീതിയിലും പ്രവർത്തിച്ച വ്യക്തിയായിരുന്നു എന്റെ ഗുരു പൈങ്കുളം രാമ ചാക്യാർ. മാത്രമല്ല, ചാക്യാർ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലയുടെ ലോകത്ത് മാറ്റങ്ങൾ സംഭവിക്കുന്നതും ജനങ്ങൾ കൂടിയാട്ടത്തെ പറ്റി കൂടുതൽ അറിയാൻ തുടങ്ങിയതും കലാമണ്ഡലത്തിൽ 1965 ഇൽ കൂടിയാട്ടം കളരി ആരംഭിച്ചതോടെയാണ്. കഥകളി പഠിക്കാനുള്ള മോഹവുമായി ചെന്ന ഞാൻ കൂടിയാട്ടത്തിന് ചേർന്നതും യാദ്രിശ്ചികമായിരുന്നു. അന്നേ വരെ കൂടിയാട്ടം എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതായത് അത്രയും ജനങ്ങൾക്ക് അപരിചിതമായിരുന്നു ഈ കല.
കലാമണ്ഡലത്തിൽ അന്നേ കഥകളി കളരി വളരെ നല്ല രീതിയിൽ നടക്കുന്ന കാലം. കുഞ്ഞു നായരാശാനും രാമൻകുട്ടിആശാനും, പദ്മനാഭനാശാനുമൊക്കെ ആശാന്മാർ. ആ സാഹചര്യത്തിൽ ഒരു ഗുരുനാഥനും രണ്ടു ശിഷ്യരും മാത്രമായി നടന്നിരുന്ന കൂടിയാട്ട കളരിയെ ഇവരെല്ലാം നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. എന്നെ ചവിട്ടി ഉഴിഞ്ഞത് രാമൻകുട്ടിയാശാനായിരുന്നു. ഞങ്ങളുടെ ശരീരത്തെ പാകപ്പെടുത്തി എടുക്കുന്നതിലും താളസ്ഥിതി ശരിയാക്കുന്നതിലുമെല്ലാംകഥകളിയാശാൻമാരുടെ സ്വാധീനം ഉണ്ടായത് സ്വാഭാവികം. അതിനെ നല്ലൊരു മാറ്റമായാണ് ഞാൻ കാണുന്നത്. അന്ന് തന്നെ നല്ല മാറ്റങ്ങളെ സ്വീകരിക്കുന്നതിൽ തൽപരനായിരുന്നു രാമചക്യാരശാൻ. നമ്പൂതിരി എന്ന നിലയ്ക്ക് എനിക്ക് കേൾക്കേണ്ടി വന്ന പരിഹാസങ്ങളിൽ തളരാതെ പിടിച്ചു നിൽക്കാൻ പ്രചോദനമായത് ആശാന്റെ ആശ്വാസ വാക്കുകൾ മാത്രമായിരുന്നു. മറ്റു വേദികൾ കിട്ടിയിരുന്നുവെങ്കിലും ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങലിൽ എനിക്ക് അവതരണം നിഷിദ്ധമായിരുന്നു. ഇന്നും ആ അവസ്ഥ മാറിയിട്ടൊന്നുമില്ല. ഗുരുനാഥന് അവകാശമുണ്ടായിരുന്ന വെങ്ങാനല്ലൂർ ക്ഷേത്രത്തിൽ അദ്ദേഹം എന്നേയും ഉൾപ്പെടുത്തുമായിരുന്നു. പക്ഷേ അന്ന് പഠിപ്പിച്ചിരുന്ന കഥകളിലൊന്നും മാറ്റങ്ങളൊന്നും കൊണ്ട് വന്നിട്ടില്ല. ശൂർപ്പണകാങ്കം, സുഭദ്രാധനന്ജയം, തോരണയുദ്ധം, ബാലിവധം ഇതൊക്കെയായിരുന്നു ആശാൻ പഠിപ്പിച്ചിരുന്നത്. അതും പഴയ ചിട്ടയിൽ തന്നെ. അക്കാലത്ത് മിഴാവിൽ വന്ന ചിട്ട എടുത്തു പറയേണ്ട ഒന്നാണ്. പി.കെ. നാരായണൻ നമ്പ്യാരാശാൻ കലാമണ്ഡലത്തിൽ എത്തിയതോടെ ചൊല്ലിയാട്ടത്തിനു കൃത്യമായ ചിട്ട കൊണ്ടുവന്നു എന്ന് പറയാം. മുദ്രകൾക്കനുസരിച്ച് മിഴാവ് വായിക്കുന്ന സമ്പ്രദായം കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. പണ്ട് ചാക്യാരുടെ പുറകിൽ മാത്രമേ നമ്പ്യാർക്ക് സ്ഥാനം ഉണ്ടായിരുന്നുള്ളൂ. പക്ഷേ, നാരായണൻ നമ്പ്യാരാശാൻ ചൊല്ലിയാട്ട സമയത്ത് മുഴുവൻ അഭിനയിക്കുന്നവരുടെ മുന്നിൽ ഇരുന്ന് വായിക്കും. അതുവഴി അഭിനയവും മുദ്രകളും അവരുടെ മനസ്സിൽ പതിയും. വാദ്യവും അഭിനയവും തമ്മിൽ ചേർന്ന് കൊണ്ടുള്ള പ്രത്യേക സൗന്ദര്യം അവതരണത്തിന് കൈവരാൻ ഇതുകൊണ്ട് സാധിച്ചു. ഇടയ്ക്കക്ക് അച്യുണ്ണി പൊതുവാളും ഉണ്ടായിരുന്നു. അക്കാലത്ത് തന്നെയാണ് കഥകളി കോപ്പ് നിർമ്മാണ വിദഗ്ദരുടെ സഹയത്തോടെ കൂടിയാട്ടത്തിന്റെയും പുതിയ കോപ്പ് നിർമ്മാണം നടന്നത്. ഇത്തരത്തിൽ ആഹാര്യത്തിലും അഭിനയത്തിലും നൃത്തവശങ്ങളിലുമെല്ലാം ഒരു കൃത്യതയും ചിട്ടയും വരാൻ കഥകളിക്കാരുടെ സ്വാധീനം നന്നായി സഹായിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
പണ്ട് കൂടിയാട്ട കലാകാരൻമാർ കഥകളി കാണരുത് എന്ന് ശഠിച്ചിരുന്നുവത്രേ. പക്ഷേ, ചാക്യാരാശാൻ നിർബന്ധമായി കഥകളി ചൊല്ലിയാട്ട ക്ലാസ്സും അതുപോലെ അവതരണങ്ങളും കാണാൻ പറയുമായിരുന്നു. ചുവടുകളിലെ ഉറപ്പ്, മുട്ട് പൊക്കി മുദ്ര പിടിക്കുക തുടങ്ങിയ ചിട്ടകളെല്ലാം കൂടിയാട്ടത്തിൽ വന്നു ചേർന്നത് ഈ സ്വാധീനം കൊണ്ട് തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇത്തരം ചിട്ടകളാണ് കൂടിയാട്ടത്തിൽ കൂടുതൽ വന്നിട്ടുള്ളത്, പ്രത്യേകിച്ചും കലാമണ്ഡല ശൈലിയിൽ. അതല്ലാതെ പുതിയ കഥയുടെ ചിട്ടപ്പെടുത്തൽ നടന്നത് ഭഗവദ്ദജ്ജുകീയം ആയിരുന്നു. വിദൂഷക ശ്ലോകത്തോട് കൂടി അത് ചിട്ടപ്പെടുത്തി. സമ്പ്രദായങ്ങളെല്ലാം പഴയത് പോലെ തന്നെ ആയിരുന്നു. പിന്നെ ഇപ്പോൾ പൊതുവെയും പുതിയ കഥകൾ കണ്ടുവരുന്നു, കോപ്പുകൾ മോടി കൂട്ടുന്നു എന്നതൊക്കെ ഒഴിച്ച് പറയത്തക്ക വേറെ വ്യത്യാസങ്ങളൊന്നും കണ്ടു വരുന്നില്ല.
രണ്ട് മിഴാവ് ഉൾപ്പെടുത്തിയതൊക്കെ നല്ല മാറ്റങ്ങൾ ആയിരുന്നു. അത്രയും കലാകാരൻമാർക്ക് അവസരം ലഭിക്കാൻ അത് സഹായിക്കും. ഒച്ച കൂടുന്നു എന്നൊരു പരാതി കേൾക്കാറുണ്ട്. പക്ഷേ ഇന്നത്തെ വലിയ വേദികളിൽ അത് ആവശ്യമാണ്. മാത്രമല്ല ഒതുക്കി വായിക്കാൻ കലാകാരൻമാർക്കും കഴിയണം.
നേരത്തെ പറഞ്ഞല്ലോ കൂടിയാട്ടത്തെ കൂടുതൽ ജനകീയമാക്കുന്നതിലാണ് ആശാനും ഞാനുമൊക്കെ ശ്രദ്ധിച്ചതെന്ന്. ഞങ്ങൾ വിദ്യാർത്ഥികളായിരിക്കെ തന്നെ മറു നാടുകളിലൊക്കെ ചില അവതരണങ്ങൾ നടത്തിയിരുന്നു. അപ്പോഴൊക്കെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തരത്തിലുള്ള അംഗങ്ങൾ ചെയ്യാൻ പറ്റില്ല. അത്തരം സാഹചര്യത്തിൽ ചുരുക്കി ചെയ്യേണ്ടി വരും. അത് കാലവും സാഹചര്യവും ആവശ്യപ്പെടുന്ന മാറ്റങ്ങളാണ്.അവയെ ഉൾക്കൊണ്ടേ മതിയാവൂ. ചിട്ടയും സൗന്ദര്യവും വിടാതിരിക്കലാണ് പ്രധാനം.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
മാറ്റത്തെ അന്വേഷിച്ച വ്യക്തിയായിരുന്നു ഞാൻ. എന്നിലൂടെ വന്ന മാറ്റങ്ങൾ ഒക്കെ തന്നെ ആവാം ഇന്ന് കൂടിയാട്ടത്തിന്റെ കലാമണ്ഡലം ശൈലി ആയി നിലനിൽക്കുന്നത്. മറ്റു ശൈലികളിലെ കൂടിയാട്ടമായാലും കഥകളിയായാലും അതല്ല മറ്റു നൃത്തങ്ങളായാലും ഞാൻ ധാരാളം കാണാൻ ശ്രമിക്കാറുണ്ട്. നമ്മുടെ സൗന്ദര്യ വീക്ഷണത്തെ വലുതാക്കാൻ അത് സഹായിക്കും. നൃത്തത്തിലെയും മുദ്രകളിലെയും വ്യക്തത, അഭിനയത്തെ ആസ്വാദകർക്ക് കൂടുതൽ മനസ്സിലാകും വിധം പ്രകടമാക്കുന്ന രീതികൾ തുടങ്ങിയവ കഥകളി ചൊല്ലിയാട്ട കളരികളിൽ നിന്ന് ഞാൻ സ്വീകരിച്ചവയാണ്. എന്നാൽ അത് ഒരിക്കലും കഥകളി കാണിക്കലല്ല. അങ്ങനെ ആവുകയുമരുത്.
പുതിയ ചിട്ടപ്പെടുത്തൽ ഉണ്ടായിട്ടുള്ളത്, ആദ്യം ഗുരുനാഥന്റെ ഭഗവദ്ദജ്ജുകീയം തന്നെആയിരുന്നു. വിദൂഷകശ്ലോകത്തോട് കൂടി അംഗം മുഴുവനായി ചിട്ടപ്പെടുത്തുന്നതിൽ ഞാനും പങ്കു കൊണ്ടിട്ടുണ്ട്. അതിനു ശേഷം ജടായുവധവും ശ്രീരാമ പട്ടാഭിഷേകവും ചിട്ടപ്പെടുത്തി. പഴയ സമ്പ്രദായത്തിൽ നിന്ന് കൊണ്ട് തന്നെ. അതിൽ മാറ്റം വരുത്തുന്നതിൽ എനിക്കും അഭിപ്രായമില്ല. പിന്നെ മറ്റൊന്ന് ശാകുന്തളം. ശാകുന്തളത്തിലെ ഭാഗങ്ങൾ മാണി മാധവ ചാക്യാരുടെ അടുത്തു പോയി അദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അംഗം പഠിച്ചു എന്നല്ലാതെ എന്റേതായ അവതരണ രീതിയിൽ തന്നെ ചെയ്യാനായിരുന്നു അദ്ദേഹം അന്ന് ഉപദേശിച്ചത്.
അഭിനയവും കൊട്ടും തമ്മിലുള്ള ചേർച്ചയാണ് ഞാൻ ഇപ്പോഴും ശ്രദ്ധിക്കാറുള്ള മറ്റൊന്ന്. എത്ര ജൂനിയർ കുട്ടികൾ മിഴാവിന് വന്നാലും ചെയ്യാൻ പോകുന്ന ക്രിയയെ കുറിച്ച് അതിന്റെ ദൈർഘ്യത്തെ കുറിച്ച് അവർക്ക് ആദ്യമേ ഒരു ധാരണ കൊടുക്കും. എന്റെ കൈലാസോദ്ധാരണമൊക്കെ ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഈ ചേർച്ച ഉണ്ടായത് കൊണ്ടും കൂടിയാണ്.
യുക്തിയില്ല എന്ന് തോന്നുന്ന പല കാര്യങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. ഒരു നമ്പൂതിരിയായിട്ടും എന്റെ കർമ്മ മേഖല ഈ കലയാണ് എന്ന് തിരിച്ചറിഞ്ഞ് പൂണൂൽ ഉപേക്ഷിച്ച വ്യക്തിയാണ് ഞാൻ. അതുപോലെ കൂടിയാട്ടത്തിലും കൂത്തിലും സാധാരണ ചാക്യന്മാരുടെ ഇടയിൽ നെറ്റിയിലൊരു ചുവപ്പ് തുണി കെട്ടുന്ന പതിവുണ്ട്. ഒരു പക്ഷേ പണ്ട് മുടി മുഖത്തേക്ക് വരാതിരിക്കാനോ മറ്റോ ആയിരിക്കും അങ്ങനെ ചെയ്തു കൊണ്ടിരുന്നത്. ഇന്ന് അതിന്റെ ആവശ്യമില്ല എന്ന് തോന്നിയതിനാൽ ഞാൻ ചുവപ്പുതുണി നെറ്റിയിൽ കെട്ടാറില്ല. അതല്ലാതെ അതിൽ ഒരു അനുഷ്ടാന അംശമൊന്നും എനിക്ക് തോന്നിയില്ല. ചെയ്യുന്ന പ്രവൃത്തിയുടെ വൃത്തിയും സൗന്ദര്യവുമാണ് പ്രധാനം.
ഇനി മാറ്റം വേണ്ടത് പ്രധാനമായും ഈ കലയോടുള്ള സമീപനത്തിൽ ആണ്. ഇപ്പോൾ ധാരാളം പേർ ചാക്യാരല്ലാത്ത സമുദായങ്ങളിൽ നിന്നും കൂടിയാട്ടം പഠിക്കാൻ വരുന്നുണ്ട്. അത് നല്ലൊരു മാറ്റമല്ലേ. അത് പോലെ ഈ കലയെ യുനെസ്കോ അംഗീകാരം വരെ എത്തിച്ചത് ഇതിന്റെ മഹത്വവും കലാകരൻമാരുടെ കഴിവും തന്നെ. പക്ഷേ പല സന്ദർഭങ്ങളിലും സാഹചര്യം അനുസരിച്ചു കഥയെ ചുരുക്കി ചെയ്യുകയോ ഒക്കെ വേണ്ടി വരും. അതിനുള്ള മനസ്സും കലാകാരൻമാർക്ക് ഉണ്ടാവണം. ഒരു പ്രവേശമോ ചടങ്ങുകളോ മാത്രം ചെയ്യാൻ കുറേ മണിക്കൂറുകൾ എടുക്കുന്ന രീതിയൊക്കെ അത്രയും സമയമുള്ള വേദികളിൽ ആവാം. യുനെസ്കോ അംഗീകാരം ലഭിക്കുന്ന സമയത്ത് ഡൽഹിയിലേക്ക് അപ്രതീക്ഷിതമായി പ്രത്യേക ക്ഷണം പ്രകാരമാണ് എനിക്ക് പോകാൻ സാധിച്ചത്. അവിടെ റെക്കോർഡ് ചെയ്യാനായി അവർക്ക് 25 മിനിട്ടിന്റെ അവതരണമാണ് വേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ അങ്ങനെ ചെയ്തേ പറ്റൂ. അതുപോലെ കൂട്ടായി നടത്തുന്ന ഒരു കലയിൽ താൻ മാത്രമാണ് അവതരിപ്പിക്കുന്നത് എന്ന ചിന്ത വെടിയണം, തനിക്ക് ശേഷം വരുന്നവർക്കും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കണം. ഇപ്പോൾ അടുത്ത കാലത്ത് കലാമണ്ഡലത്തിൽ ഒരു ശ്രീരാമ വേഷം ഉണ്ടായി. അന്ന് ഞാൻ പറഞ്ഞു ഒന്നുകിൽ ഞാൻ ആദ്യഭാഗം ചെയ്യാം, അല്ലെങ്കിൽ അവസാന ഭാഗം. എന്തായാലും രണ്ടു ശ്രീരാമൻ വേണം. അന്ന് ശരീരത്തിന്റെ ക്ഷീണം ആയിരുന്നില്ല അതിന് കാരണം. വേറെ ഒരാൾക്ക് കൂടെ അവസരം ലഭിക്കട്ടെ എന്ന് കരുതി. അതിനെ ധിക്കാരമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടാകാം. പക്ഷേ ഇത്തരത്തിൽ മറ്റുള്ളവരെ കൂടെ അംഗീകരിക്കാനുള്ള മനസ്സ് വേണം എന്നേ ഞാൻ പറയൂ.
മൂടി ചൊല്ലുക എന്നൊരു ചടങ്ങ് ഉണ്ട് കൂടിയാട്ടത്തിൽ. ഒരു കഥാപാത്രം ചൊല്ലേണ്ട ചൂർണ്ണി ആ കഥാപാത്ര വേഷത്തെ ഒഴിവാക്കി മറ്റൊരാൾ മുഖം മൂടിക്കൊണ്ട് ചൊല്ലുക. ഇത് ഒരു കലാകാരന്റെ അവസരം കളയുകയല്ലേ. കൂടിയാട്ടത്തിൽ എത്ര കഥാപാത്രങ്ങളുണ്ടോ അത്രയും പേരെ ചേർത്ത് അവതരിപ്പിക്കുക തന്നെയാണ് എപ്പോഴും നല്ലത്. രാമ ചാക്യാര ആശാൻ ചെയ്ത ഭഗവദ്ദജ്ജുകീയത്തിൽ പത്ത് പന്ത്രണ്ട് കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയിരുന്നു.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
ആസ്വാദകർ ആവശ്യപ്പെടുന്നതൊക്കെ കുറവാണ്. കൂടിയാട്ടം ഇങ്ങനെയേ പാടൂ എന്ന് ശഠിക്കുന്നവരും ഉണ്ട്. ഞാൻ പലപ്പോഴും മാറ്റങ്ങൾ കൊണ്ട് വരികയാണ് പതിവ്. അതിന് വ്യത്യസ്ത അഭിപ്രായങ്ങളും വരാറുണ്ട്. എല്ലാ അഭിപ്രായങ്ങളേയും ചെവി കൊള്ളാറുമില്ല. ‘ശിവൻ കാണിക്കുന്നത് മുഴുവൻ കഥകളി ആണ്’ എന്ന് നേരിട്ട് പറഞ്ഞ ചിലർ ഉണ്ട്. പക്ഷേ കഥകളിക്കാർക്ക് ആർക്കും അങ്ങനെ തോന്നിയിട്ടുള്ളതായി പറഞ്ഞിട്ടില്ല. മാത്രമല്ല കഥകളിയും കൂടിയാട്ടവും അതിന്റെ അഭിനയത്തിലെ പ്രത്യേകതകളേയും സൂക്ഷ്മമായി തിരിച്ചറിയാൻ ഞാൻ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ ഒരുവിധം എല്ലാ വേദിയിലും നിറഞ്ഞ ആസ്വാദകരെ എനിക്ക് ലഭിക്കാറുമുണ്ട്. ഒരു വേഷത്തെ തന്നെ ഓരോ തവണ അവതരിപ്പിക്കുമ്പോഴും അതിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഈ ഒരു വ്യത്യസ്തതയാണ് എന്റെയും ഗോപി ആശാന്റെയും ഒക്കെ പ്രത്യേകത എന്ന് പലരും പറയാറുണ്ട്. പക്ഷേ കഥകളിയിൽ അന്നും ഇന്നും ആസ്വാദകർ മാറ്റങ്ങളെ സ്വീകരിച്ചിരുന്നു, ആ ഒരു നിലപാട് കൂടിയാട്ടത്തിൽ ഇന്നും അത്രകണ്ട് വളർന്നിട്ടില്ല. ഈ നിലപാടിനെയാണ് പലപ്പോഴും ഞാൻ എതിർക്കാറുള്ളതും.
? ഇന്ന് നങ്ങ്യാർകൂത്തിന് ധാരാളം വേദികളും അവസരങ്ങളും ലഭിക്കുന്നുണ്ടല്ലോ, എന്നാൽ പുരുഷന്മാരുടെ എകാഹാര്യവേഷങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് തോന്നുന്നുണ്ടോ? എന്താണ് കാരണം
ശരിയാണ്. മാറ്റങ്ങൾക്ക് വേണ്ടത്ര സ്വാതന്ത്ര്യം ഇല്ലായ്മ തന്നെയാണ് ഇതിനു കാരണം. കൂത്ത് പറച്ചിലിൽ വ്യത്യസ്തതയാണ് അത്യാവശ്യം. വാക്കും അഭിനയവും ഒരുപോലെ കേമമായി ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഗുരുനാഥൻ. അതുപോലെ അമ്മന്നൂർ ആശാനും ഒക്കെ. അത് എല്ലാവർക്കും ഒരുപോലെ കിട്ടിക്കൊള്ളണം എന്നില്ല. ഞാൻ കൂത്തിൽ നിന്ന് അൽപം മാറി നിൽക്കാൻ കാരണം ആദ്യ കാലങ്ങളിൽ ഉണ്ടായ പരിഹാസമായിരുന്നു. അത് നമ്പൂരിക്കൂത്തല്ലേ എന്ന് ആളുകൾ പറയുന്നത് കേട്ട്, മനപൂർവ്വം വേഷത്തിലേക്ക് മാത്രം ഒതുങ്ങി. അക്കാലത്ത് എനിക്ക് വേഷവും എന്റെ സഹപാഠി ആയിരുന്ന രാമന് വിദൂഷക വേഷവും ആയിരുന്നു കൂടുതൽ പതിവ്.
ഇന്നത്തെ തലമുറയിൽ കൂത്ത് പറയാൻ മിടുക്കരായ കുട്ടികളൊക്കെ ഉണ്ട്. പിന്നെ കഥയിലെ ആവർത്തനം കൊണ്ടോക്കെയാവാം അത് വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോകുന്നത്. നങ്ങ്യാർകൂത്തിൽ ധാരാളം പുതുമകൾ വരുന്നുണ്ട്. കൂടുതൽ പേർ അതിനു മുന്നിട്ട് ഇറങ്ങുന്നുമുണ്ട്. അത് തന്നെയാണ് അതിന്റെ ഉയർച്ചക്ക് കാരണം. ഒരു പരീക്ഷാടിസ്ഥാനത്തിൽ ഞാനും ഒരിക്കൽ നങ്ങ്യാർകൂത്ത് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം കൂത്തമ്പലത്തിൽ, പൂതനാമോക്ഷം. അന്ന് അതിന് ധാരാളം കാണികളും ഏറെ നല്ല അഭിപ്രായങ്ങളും ലഭിച്ചു. പുരുഷന്മാർക്കും നങ്ങ്യാർകൂത്തുചെയ്തുകൂടാ എന്നൊന്നും ഇല്ല.
? കൂടിയാട്ടത്തിൽ വ്യത്യസ്ത ശൈലികൾ നിലവിൽ ഉണ്ടല്ലോ. ഇവ ഒന്നായി ഏകീകൃതമായ ഒരു അവതരണ ശൈലി രൂപപ്പെട്ടു വരണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ
അതിന്റെ ആവശ്യം തീരെ ഇല്ല എന്ന് തന്നെയാണ് അഭിപ്രായം. പാരമ്പര്യ ശൈലിയിലാണ് അമ്മന്നൂർ കളരി പ്രവർത്തിക്കുന്നത്. കൂടുതൽ മാറ്റങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിച്ച വ്യക്തിയായിരുന്നു എന്റെ ഗുരുനാഥൻ രാമ ചാക്യാർ. ആ കാലഘട്ടത്തിലെ അഭിനയത്തിൽ ഏറെ കേമനായിരുന്ന വ്യക്തിയായിരുന്നു മാണി മാധവ ചാക്യാർ. ഇവരെല്ലാവരുമായി ഓരോ രീതിയിൽ ബന്ധപ്പെട്ടു പ്രവത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴെല്ലാം ഓരോരുത്തരും അവരുടെതായ ശൈലിയിൽ ചെയ്യുക തന്നെയാണ് ചെയ്തത്. എന്നെ ആ ശൈലിയിലേക്ക് വരാൻ നിർബന്ധിച്ചിട്ടുമില്ല.
മാണി മാധവ ചാക്യാരുടെ അടുത്തു നിന്ന് ശാകുന്തളത്തിലെ പാഠങ്ങൾ പഠിച്ചിരുന്നു എന്ന് പറഞ്ഞല്ലോ, അന്ന് ട് ഞാൻ ചെയ്തു പോരുന്ന അതേ ശൈലിയിൽ തന്നെ ചെയ്യണം എന്നാണു എന്നോ അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിൻറെ ശൈലിയിൽ വ്യത്യാസം ഉണ്ടാവാം. പക്ഷേ, നിങ്ങൾ ചെയ്യുന്ന അതേ രീതിയിൽ തുടരാൻ അദ്ദേഹം പ്രത്യേകം നിർദ്ദേശം തന്നു. അതുപോലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു, ഒരിക്കൽ അമ്മന്നൂർ മാധവ ചക്യാരാശാന്റെ കൂടെ എന്റെ ഒരു വേഷം ഉണ്ടായത്. എന്റെ അർജ്ജുനനും, ആശാന്റെ വിദൂഷകനും. അന്നും അദ്ദേഹം എന്നെ എന്റെ രീതിയിൽ ചെയ്യാൻ തന്നെയാണ് അനുവദിച്ചത്. അദ്ദേഹം ചാക്യാരാണെന്നോ ഞാൻ നമ്പൂരി ആണെന്നോ ഉള്ള ഒരു വേർതിരിവും കാണിച്ചില്ല എന്ന് മാത്രമല്ല. അരങ്ങത്ത് എനിക്ക് എന്റേതായ സ്വാതന്ത്ര്യം തരികയും ചെയ്തു. മാർഗ്ഗിക്കാരുടെ കൂടെയും എന്റെ വേഷങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ, ശൈലികൾ എല്ലാം ചേരുന്നതിൽ അർത്ഥമില്ല. ഓരോന്നും അതിന്റെ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് തുടർന്ന് പോരട്ടെ.
? എല്ലാ കലകളേയും ഒരുപോലെ ആസ്വദിക്കാൻ മനസ്സ് കാണിക്കുന്ന, പാരമ്പര്യ കലയായ കൂടിയാട്ടത്തിൽ ധൈര്യ പൂർവ്വം മാറ്റങ്ങൾക്ക് മുന്നിട്ടിറങ്ങി, കലാമണ്ഡലം ശൈലി വാർത്തെടുത്തതിൽ പ്രധാനിയായ അങ്ങേക്ക് ഗുരുനാഥനെ കൂടാതെ മറ്റാരൊക്കെ ആയിരുന്നു പ്രചോദനം
ഏറ്റവും വലിയ സ്വാധീനം എന്റെ ഗുരുനാഥൻ തന്നെ ആയിരുന്നു. കലയെ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും, അവതരണത്തിലും ചിന്തകളിലും ഗുരു എന്ന നിലയിൽ അദ്ദേഹം തരുന്ന സ്വാതന്ത്ര്യവും എല്ലാം ഞാൻ ചെയ്ത ഓരോ പ്രവൃത്തിയിലും സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ചെയ്ത അതേ പടി കാണിക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കളരികളിലും വേദികളിലും നമുക്ക് സ്വാതന്ത്ര്യം തരുമായിരുന്നു. അതുപോലെ മറ്റ് സ്വാധീനം കലാമണ്ഡലത്തിൽ ഉണ്ടായിരുന്ന കഥകളി ആശാന്മാർ തന്നെ ആയിരുന്നു. രാമൻകുട്ടി ആശാന്റെ കഠിനമായ ഉഴിച്ചിൽ കളരി, കുഞ്ചു നായരാശാന്റെ അഭിനയ നിഷ്ഠകൾ ഇതെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ശൈലിയെ കൂട്ടിക്കലർത്തിയിട്ടില്ലെങ്കിലും മാണി മാധവ ചാക്യാരാശാനും അമ്മന്നൂർ ആശാനുമൊക്കെ നല്ല രീതിയിൽ സ്വാധീനിച്ചവരാണ്.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |