Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കൃഷ്ണനാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
ഭക്തിക്കും അനുഷ്ഠാനത്തിനും പ്രാധാന്യം കൊടുക്കുന്ന കലയാണ് കൃഷ്ണനാട്ടം. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം. ഇങ്ങനെ എട്ട് കഥകളാണ് മാനവേദൻ കൃഷ്ണഗീതിയായി രചിച്ചത്. ഈ കൃതിയെ, അന്ന് നിലവിലുണ്ടായിരുന്ന സംഗീത ആലാപന രീതിയിൽ നിന്നും, അഷ്ടപടിയാട്ടംപോലുള്ള ആട്ട രൂപങ്ങളിൽ നിന്നുമെല്ലാം സ്വാധീനം ഉൾക്കൊണ്ടും ആയിരിക്കാം കൃഷ്ണനാട്ടം ചിട്ട ചെയ്തത്. അന്ന് ചിട്ടചെയ്യപ്പെട്ട അതേ എട്ട് കഥകൾ തന്നെയാണ് ഇന്നും തുടർന്ന് വരുന്നത്. പക്ഷേ, അത് നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാര്യം. ഇത്രയും കാലങ്ങളിൽ ഇവിടുത്തെ സാമൂഹിക സ്ഥിതികൾ മാറി, അവതരിപ്പിച്ചിരുന്ന വ്യക്തികൾ മാറിമാറി വന്നു, സൗകര്യങ്ങൾ മാറി, അങ്ങനെ സകല ചുറ്റുപാടുകളും മാറി. ഇതിനനുസൃതമായിട്ടുള്ള മാറ്റങ്ങൾ സ്വാഭാവികമായും എല്ലാ വശങ്ങളിലും വന്നിട്ടുണ്ടാവുമല്ലോ. അതല്ലാതെ മറ്റു കലകൾക്ക് സമാനമായി പുതിയ ചിട്ടപ്പെടുത്തലുകളോ പ്രത്യക്ഷത്തിലുള്ള വലിയ പരിണാമങ്ങളോ കൃഷ്ണനാട്ടത്തിൽ വന്നിട്ടില്ല.
അവതരിപ്പിക്കുന്ന ചിട്ടയും സംഘാടനവും എല്ലാ കാലത്തും ആചാരവിശ്വാസങ്ങളിൽ അധിഷ്ടിതമായിട്ടായിരുന്നു. ഓരോ അഭീഷ്ട കാര്യങ്ങളുടെ ലഭ്യതയ്ക്ക് ഓരോ കഥകൾ വഴിപാടായി നടത്തുക എന്നതാണ് വിശ്വാസം. അതിൽ തന്നെ, സ്വർഗ്ഗാരോഹണം കളി നടത്തിയാൽ, ഉടനെ തന്നെ പിറ്റേ ദിവസം അവതാരം കളി നടത്തണം, ഭഗവാന്റെ സ്വർഗ്ഗാരോഹണം കഴിഞ്ഞ് നിർത്താൻ പാടില്ല. പിന്നെ ജനനം കൂടി ചെയ്തിട്ടേ വേറെ കളി പാടുള്ളൂ. എന്നാണ് ഇന്നും തുടരുന്ന വിശ്വാസം. മാനവേദൻ ഭഗവാന്റെ ദർശനഭാഗ്യമായി ലഭിച്ച പീലി കൊണ്ട് നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന കൃഷ്ണകിരീടം അത് തന്നെ ഇന്നും ഉപയോഗിക്കുന്നു. കേടുപാടുകൾ തീർക്കലല്ലാതെ, മാറ്റിയിട്ടില്ല. അതുപോലെ, കഥകളിയിൽ അരിമാവ് മാറി കടലാസ്സ് ചുട്ടി വന്നു എങ്കിലും ഇവിടെ ഇപ്പോഴും അരിമാവ് ചുട്ടി തന്നെ. ചുട്ടിയുടെ വലിപ്പത്തിലും ഭംഗിയിലുമൊക്കെ ചെറിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ടെങ്കിലും ആ വഴക്കം മാറ്റാൻ ആവില്ല. സത്യഭാമ, ഭൂമീദേവി തുടങ്ങിയ സ്ത്രീ വേഷങ്ങൾക്കും അരിമാവ് ചുട്ടി വെയ്ക്കും.
കൃഷ്ണനാട്ടം എന്ന പേര് അന്വർത്ഥമാകുന്ന പോലെ തന്നെ, ഇവിടെ ആട്ടത്തിനാണ് പ്രാധാന്യം. കഥകളിയിലെ പോലെ സമയമെടുത്ത് അഭിനയിച്ച് വിവരിക്കുകയല്ല. ഒരു വരി ആദ്യം പൊന്നാനി പാടി, പിന്നെ ശിങ്കിടി പാടിയാൽ കഴിഞ്ഞു. അപ്പോഴേയ്ക്കും മുദ്രയും കഴിഞ്ഞിരിക്കും. ഈ രണ്ടു വരി കഴിഞ്ഞാൽ പിന്നെ ആച്ചിൽ ആയി, അത് കഴിഞ്ഞാൽ കലാശം. അങ്ങനെ ഒരു ചരണം കഴിയും. ഇതിൽ അല്പമൊക്കെ മാറ്റം വന്നിട്ടുള്ളത് എന്താണെന്നാൽ, ആട്ടം തന്നെ അല്പം കൂടി ചിട്ടയായും മുദ്രാഭംഗിയോടും കൂടി അവതരിപ്പിക്കുന്നുണ്ട്. പണ്ട് ഇത്രയും ചിട്ട ഇല്ലായിരുന്നു എന്ന് കട്ടിട്ടുണ്ട്. അതായത് ഓരോ കലാകാരൻമാരുടെ കഴിവ് അനുസരിച്ച് ഭംഗിയാക്കുന്നു എന്ന് മാത്രം.
സംഗീത ഭാഗത്ത് കൃഷ്ണനാട്ട കളരി ഗുരുവായൂരിൽ എത്തിയ ശേഷം ചില പരിഷ്കാരങ്ങളൊക്കെ വരുത്തിയിരുന്നതായി കേട്ടിട്ടുണ്ട്. കഥകളി ഗായകനായിരുന്ന നീലകണ്ഠൻ നമ്പീശൻ ഇവിടെ വന്ന് സംഗീതത്തെ കൂടുതൽ ചിട്ടപ്പെടുത്തിയിരുന്നു. ചില രാഗങ്ങൾ മാറ്റിയതും, ഭാവത്തിനു പ്രാധാന്യം കൊടുത്ത ആലാപാന രീതി ഉണ്ടായതും അതോടെ ആയിരിക്കാം. കഥാസന്ദർഭമനുസരിച്ച് അദ്ദേഹം ചില രാഗങ്ങളെ മാറ്റി ഉപയോഗിച്ചു. വിശ്വരൂപം കാംബോജിയിൽ, സ്ത്രീവേഷങ്ങളുടെ ലളിതമായ ചില ആട്ടഭാഗങ്ങൾക്ക് ആനന്ദഭൈരവി, ശഹാന, രുഗ്മിണീ സ്വയംവരത്തിലെ യവനന്റെ പോലുള്ള വീരരസ പ്രധാനിയായ ഭാഗങ്ങൾക്ക് ഘണ്ടാരം തുടങ്ങിയ രാഗങ്ങളുടെ പ്രയോഗത്തിലൂടെ സംഗീതത്തേയും സന്ദർഭത്തിനനുസരിച്ച ഭാവത്തോടു കൂടി അവതരിപ്പിക്കുന്ന രീതിക്ക് തുടക്കമായി. ഇതെല്ലാം 1970കളുടെ അവസാനത്തിലാണ് നടന്നിട്ടുള്ളത്.
എന്റെ ഗുരുനാഥൻമാരുടേയും ആശാൻമാരുടെ കാലത്ത്, അതായത് നാരായണപിഷാരടി, അപ്പൂട്ടൻ ഏറാടി എന്നിവരുടെ കാലത്ത് ആകെ നാലോ അഞ്ചോ രാഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 70കളിൽ അവർ റിട്ടയർ ചെയ്തു. 80കളുടെ ആദ്യത്തിൽ, ഞാൻ പഠിക്കുന്ന കാലത്ത് അവരെ കണ്ടിട്ടുണ്ടെങ്കിലും അവതരണം കേട്ടിട്ടില്ല. അന്നത്തെ യഥാർത്ഥ ശൈലി എന്തായിരുന്നു എന്ന്, അത് കേട്ടിട്ടുള്ള ആർക്കെങ്കിലും ഓർമ്മയുണ്ടെങ്കിലെ ഉള്ളൂ. അതേപടി പ്രയോഗിക്കുന്ന പ്രയോക്താക്കൾ പിന്നെ ഉണ്ടായിട്ടില്ല. രാഗങ്ങൾ കുറവ് എന്ന് മാത്രമല്ല. പാടുന്നതിനും ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ശ്രുതി പിടിക്കുന്നതിൽ നിഷ്ഠയൊക്കെ കുറവായിരുന്നത്രെ. ചേങ്ങില ഒന്ന് ഉറക്കെ കൊട്ടും, എന്നിട്ട് അതിൽ നിന്ന് വരുന്ന നാദത്തിന് ശ്രുതി ചേർത്ത് അങ്ങനേ പാടും. പലപ്പോഴും വല്ലാതെ ശ്രുതി കയറി പോകും എന്നൊക്കെ പറഞ്ഞു കേൾക്കുന്നു. ഇതിനൊക്കെ ഒരു ചിട്ട കൊണ്ടുവരാനായിരിക്കാം മറ്റു ഗായകരെ കൊണ്ട് വന്നത്. മാറ്റങ്ങൾ വന്നതും അങ്ങനെയാണ്. ശ്രുതി ചേർത്ത് പാടാനാരംഭിച്ചു. ചവിട്ട് ഹാർമോണിയവും, പിന്നീട് ഇപ്പോൾ ശ്രുതിപ്പെട്ടിയും ഉപയോഗിച്ചു തുടങ്ങി.
കർണ്ണാടക സംഗീത ചിട്ടയിൽ അഭ്യാസവും സാധകവും എങ്ങനെ ചെയ്യുന്നോ അത് പോലെ തന്നെ ആണ് ഞങ്ങളുടെ കാലത്തെ സംഗീത കളരിയിലും സംഗീതം പഠിപ്പിച്ചിരുന്നത്. അതിലും പണ്ട് എങ്ങനെയായിരുന്നു എന്ന് ശരിക്ക് അറിയില്ല. പക്ഷേ, അന്നത്തെ ആശാൻമാരുടെ അവതരണത്തിൽ വ്യത്യാസങ്ങളുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഞങ്ങളുടെ കാലത്തെ പ്രധാന ഗുരുക്കന്മാർ നാരായണ ഷാരോടി, മോഹനൻ നെടുങ്ങാടി എന്നിവരായിരുന്നു. പുറമേ നിന്ന് കൊണ്ടുവന്ന കോട്ടക്കൽ വാസു നെടുങ്ങാടി ആശാനാണ് ഞങ്ങളെ പഠിപ്പിച്ച പ്രധാന ഗുരു. സംഗീത വശങ്ങൾ ശരിയാക്കാൻ അന്നും കഥകളി പാട്ടുകാരെ കൊണ്ടുവന്നിരുന്നു. കൃഷ്ണനാട്ട കളരിയിലെ ആശാൻമാർ പ്രധാനമായും വരികളുടെ സാഹിത്യവും പാടുന്ന രീതിയും പഠിപ്പിച്ചാൽ പിന്നെ, പാട്ടിനെ നന്നാക്കുന്നതും ഭാവം വരുത്തി പാടാൻ പരിശീലിപ്പിക്കുന്നതും ഈ പുറമേ നിന്ന് വന്ന ആശാൻമാരായിരുന്നു. അവരുടെയൊക്കെ സ്വാധീനം പാട്ടിൽ വന്നു കൂടിയിട്ടുണ്ടാവാം. എങ്കിലും പൂർണ്ണമായി കഥകളി ചിട്ടയിലേക്ക് മാറിയിട്ടില്ല. അങ്ങനെ ചില ആരോപണങ്ങൾ പലരും പറയാറുണ്ട്. കാരണം കഥകളിയിലും കൃഷ്നാട്ടത്തിലും ഉപയോഗിക്കുന്ന രാഗങ്ങൾ പലതും ഒന്ന് തന്നെയാണ്. പണ്ടുള്ളതിൽ നിന്നും വ്യത്യാസതമായി ഭാവം കൊടുത്ത് പാടുന്നത് കൊണ്ടാവാം സാമ്യത തോന്നുന്നത്. അത് കൂടാതെ കർണ്ണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയവരും കളരിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനം വന്നിരിക്കാമെങ്കിലും കൂടുതൽ വ്യത്യസ്തത കൊണ്ടുവരാനോ മാറ്റാനോ ഒന്നും സാധിക്കില്ല. ഭഗവാന് അത് താൽപര്യമില്ല എന്നതാണ് വിശ്വാസത്തിന്റെ വശം. പണ്ടും പലപ്പോഴും മാറ്റങ്ങൾക്ക് ശ്രമിച്ചിട്ടും നടന്നിട്ടില്ലത്രെ.
പാടി, പുറനീര്, ഘണ്ടാരം, മുഘാരി തുടങ്ങിയ പാരമ്പര്യ രാഗങ്ങളെ കൂടാതെ, നവരസം, കാംബോജി, കേദാരഗൌളം, സുരുട്ടി, ആനന്ദഭൈരവി, തോടി ഇങ്ങനെ ചില രാഗങ്ങൾ മാത്രമേ കൃഷ്ണനാട്ട സംഗീതത്തിൽ അനുവദനീയമായിട്ടുള്ളൂ. ഇതും ചില മാറ്റങ്ങളുടെ ഭാഗമായി വന്നു ചേർന്നവ തന്നെ ആയിരിക്കാം.
മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സംഗീതത്തിനുഒരു ചിട്ട നൽകാൻ, നന്നായി പഠിച്ച് ഉറയ്ക്കാൻ വേണ്ടി കൊണ്ട് വന്നവയാണ്. ഈ കളരിയഭ്യാസം കൊണ്ട് ഇവിടുത്തെ ഗായകർ തന്നെ പിന്നീട് കളരികൾ കൊണ്ട്നടക്കാൻ പ്രാപ്തരായി.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു. അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
ഞാൻ കൃഷ്ണനാട്ട പാട്ട് രംഗത്ത് വന്നിട്ട് ഏതാണ്ട് മുപ്പത് വർഷമാകുന്നു. 1981ഇൽ ആണ് പഠനം ആരംഭിക്കുന്നത്. അതിനും മുൻപേ എനിക്ക് സംഗീതത്തിൽ താൽപര്യമുണ്ടായിരുന്നു. എപ്പോഴും മറ്റു സംഗീത രൂപങ്ങളേയും ആസ്വദിക്കുമായിരുന്നു. കഥകളി സംഗീതമായാലും, കർണ്ണാടക സംഗീതമായാലും. കുറച്ച് പഠിക്കുകയും ഉണ്ടായി. പക്ഷേ, എന്റെ മേഖല കൃഷ്ണനാട്ട സംഗീതമായതിനാൽ അതിന്റെ ശുദ്ധതയെ കളയാതെ സൂക്ഷിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. പിന്നെ, മറ്റു പരിചയങ്ങളിൽ നിന്നാവാം പദങ്ങൾ പാടുമ്പോൾ എന്റേതായ രീതിയിൽ ഭംഗിയാക്കാൻ ശ്രമിക്കും. അതുപോലെ, പണ്ട് പാട്ടും നൃത്തവുമായി യോജിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. രണ്ടിന്റെയും യോജിപ്പിലാണല്ലോ സൗന്ദര്യം. അതുകൊണ്ട് കഴിവതും കഥാസന്ദർഭവും കഥാപാത്രത്തേയും അറിഞ്ഞ് ഏറ്റവും യോജിക്കുന്ന രീതിയിൽ പാടാൻ ശ്രദ്ധിക്കും. അത്തരത്തിൽ ചില ഭാഗങ്ങൾ മാത്രമാണ് കുറെ കൂടി നന്നാക്കാം’ എന്ന് തിരിച്ചറിഞ്ഞ് മാറ്റിയിട്ടുള്ളത്.
പൊതുവെ പതിഞ്ഞ കാലത്തിലാണെങ്കിലും പൂതന, മല്ലയുദ്ധം തുടങ്ങിയ സന്ദർഭങ്ങളിൽ ഉയർന്ന കാലങ്ങൾ ഉപയോഗിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ പാട്ടിലും അൽപം ഭാവം കലർന്ന് പാടിയാൽ നന്നായിരിക്കും.
പല പഴയ രാഗങ്ങളും വർഷങ്ങൾക്ക് മുൻപേ മാറ്റൽ ഉണ്ടായിട്ടുണ്ട്. നീലകണ്ഠൻ നമ്പീശൻ ഉണ്ടായിരുന്ന കാലത്തൊക്കെ. അതിനു ശേഷം വന്ന ചിട്ടയാണ് ഞാനും എന്റെ സമകാലീനരും അഭ്യസിച്ചതും തുടർന്ന് പോരുന്നതും. നമുക്ക് ഈ കലയെ ഇതു രീതിയിലാണ് പരിഷ്കരിക്കാൻ സാധിക്കുക? അത് പുതിയൊരു മാർഗ്ഗം ഉണ്ടാക്കിയിട്ടല്ല. ഉള്ളതിനെ ഏറ്റവും ഭംഗിയായി പ്രയോഗിക്കുക വഴിയാണ്. അതിനാണ് ഞാനുംശ്രമിച്ചിട്ടുള്ളത്.
ചിട്ടയിൽ നിന്ന് മാറാതിരിക്കുകയാണ് വേണ്ടത്. ഉള്ളതിനെ ഭംഗിയാക്കുക. ആകെ ഒരു കളരിയെ കൃഷ്ണനാട്ടത്തിനുള്ളൂ. അപ്പോൾ ഇതിന്റെ ശുദ്ധത കാത്തു സൂക്ഷിക്കേണ്ടത് ഇവിടുത്തെ കലാകാരൻമാർ തന്നെയാണ്. മറ്റാരും മത്സരിക്കാനില്ല എന്ന് കരുതി ഉഴപ്പാതിരിക്കുക. അമ്പലത്തിലായാലും മറ്റു പുറം വേദികളിലായാലും ഒരേ സമർപ്പണത്തോടെ ഭക്തിയോടെ ചിട്ടയായി പാടുക.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
ആസ്വാദകർ പല തരക്കാരുണ്ട്. കൂടുതൽ പേരും വഴിപാടു നടത്തുന്നവരാണ്. അവർക്ക് പലർക്കും കലയെ അറിയേണ്ട കാര്യമില്ല. അത്തരം ആസ്വാദകരിൽ നിന്ന് അഭിപ്രായമൊന്നും ലഭിക്കാറില്ല. അല്ലാതെ കൃഷ്ണനാട്ടത്തിലെ കലാമൂല്യത്തെ ശ്രദ്ധിക്കുന്നവരും ഉണ്ട്. ഇവിടെയും പുറം നാട്ടിലും. ക്ഷേത്രങ്ങൾ തന്നെ ആണെങ്കിലും അമ്പലപ്പുഴയിലും ഡെൽഹിയിലെ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഭക്തിക്കപ്പുറം കളി കാണാൻ വരുന്നവർ ഉണ്ട്. ചില സ്ഥിരം വേദികളെ സൂചിപ്പിച്ചു എന്ന് മാത്രം. അങ്ങനെ പലപ്പോഴും ചിലര് ചില മാറ്റങ്ങൾ ആവശ്യപ്പെടാറുണ്ട്. കൂടുതൽ പേർക്കും പരിഷ്കാരം തന്നെയാണ് വേണ്ടത്. കഥകളി പോലുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരിക, പല രാഗങ്ങളും മാറ്റിയാൽ നന്നാവും കാലം കയറ്റി ചെയ്യുക, അല്ലെങ്കിൽ പദത്തിന്റെ നീളം കൂട്ടുക എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. ചിട്ട മാറാതെ സ്വീകരിക്കാൻ പറ്റുന്നവ മാത്രമേ അപൂർവ്വമായി സ്വീകരിക്കാറുള്ളൂ.
ഇവിടെ ഞങ്ങൾ കലാകാരൻമാർക്ക് പരിമിതിയുണ്ട്. അതുപോലെ, ഒരു മാറ്റം ഞാൻ മാത്രമായി കൊണ്ടുവരാൻ പറ്റില്ല. മുഴുവൻ കളരിയും ഒരുപോലെ സ്വീകരിക്കുന്ന കാര്യങ്ങളെ ചെയ്യാൻ സാധിക്കൂ. സർവ്വോപരി ഭഗവാനാണല്ലോ കൃഷ്ണാട്ടത്തിന്റെ പ്രധാന ആസ്വാദകൻ. അതുകൊണ്ട്, പൊതുജനങ്ങളുടെ പല അഭിപ്രായങ്ങളും സന്തോഷ പൂർവ്വം നിരസിക്കാനെ സാധിക്കൂ.
? ഭക്തി-അനുഷ്ടാന അംശം കൂടുതലുള്ളത് കൊണ്ട് മറ്റു കലകളിൽ സംഭവിക്കുന്നത് പോലുള്ള പരിഷ്കരണങ്ങൾ കൃഷ്ണനാട്ടത്തിൽ സംഭവിക്കുന്നില്ലല്ലോ. ഈ അവസ്ഥ കൃഷ്ണനാട്ടത്തിന്റെ വളർച്ചയ്ക്ക് തടസ്സമാകുന്നു എന്ന് തോന്നുന്നുണ്ടോ
പരിഷ്‌കാരങ്ങൾ ഒരു പരിധിക്കപ്പുറം വരുത്താൻ സാധിക്കില്ല. കാരണം മുൻപ് പറഞ്ഞത് പോലെ, ഭക്തിയ്ക്കും അനുഷ്ടാനത്തിനുമാണല്ലോ പ്രസക്തി. ഈ വിശ്വാസത്തിൽ അധിഷ്ടിതമായത്കൊണ്ടും, ദേവസ്വത്തിന് കീഴിൽ ആയതു കൊണ്ടും കലാകാരൻമാർക്കും സ്വന്തമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യമല്ല. കഥകളി പോലുള്ള മറ്റു കലകളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവിടെ, കളി എന്നതിലപ്പുറം ചില വ്യക്തികളും അവരുടെ വേഷങ്ങളും പ്രശസ്തമായി. രാമൻകുട്ടി ആശാന്റെ വേഷം, ഗോപി ആശാന്റെ വേഷം എന്നൊക്കെ കേട്ടാൽ അത് കാണാനായി ചില ആളുകൾ വരുമായിരുന്നു. കൂടിയാട്ടത്തിലും അങ്ങനെ കാണാം. പക്ഷേ, കൃഷ്ണനാട്ടം എപ്പോഴും ഒരു കലാകാരനേക്കാൾ ‘കളി’യുടെ പേരിൽ മാത്രമാണ് നിലനിന്നത്. ആകെ ഉള്ളത് ഒരേഒരു കളരി. വിവിധ ശൈലികൾ ഇല്ല. നമുക്ക് മത്സരിക്കുകയോ മറ്റുള്ളവർക്ക് മുൻപിൽ സ്വന്തം കഴിവ് പ്രകടിപ്പിച്ച് മുന്നിലെത്തുകയോ വേണ്ട. ഈ അവസ്ഥ ഗുണവും ദോഷവും ചെയ്യാം. എങ്ങനെ അയാലും എങ്ങനെയൊക്കെ ചെയ്താലും കളി ഉണ്ടാവുമല്ലോ, വരുമാനം ഉണ്ടാവുമല്ലോ എന്ന ചിന്തയിൽ കലാകാരൻമാർ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കാം. അങ്ങനെ ഒരു പ്രവണത നന്നല്ല. അങ്ങനെ വരാൻ ഗുരുവായൂരപ്പൻ അനുവദിക്കില്ല എന്ന് വിശ്വസിക്കാം. ഇതേ സമയം ഈ കല ഒരിക്കലും നശിച്ച് പോകാതെ നിലനിൽക്കും എന്നതിലും സന്തോഷമാണ്.
ഇന്ന് കുറെ പുറം വേദികളൊക്കെ ഉണ്ട്. കലാകാരൻമാർക്ക് സ്വന്തം താൽപര്യാർത്ഥം ചെയ്യാൻ പറ്റില്ല എങ്കിലും, ദേവസ്വം വഴി ധാരാളം വേദികൾ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ലഭിക്കുന്നുണ്ട്. അതുകൊണ്ട് മാറ്റമില്ലായ്മ ഈ കലയുടെ നിലനിൽപ്പിനെ ദോഷമായി ബാധിക്കില്ല.
സ്വതന്ത്ര വേദികൾക്കുള്ള അവസരം ഇല്ലെങ്കിലും എന്നും കലാകാരുടെ സംരക്ഷകരാണ് ഗുരുവായൂർ ദേവസ്വം. പഠനം കഴിഞ്ഞാലും ആർക്കും പുറമേ പോയി വേറെ സാധ്യതകൾ അന്വേഷിക്കേണ്ട കാര്യമില്ല. പ്രായത്തിന്റെ സീനിയോരിറ്റി അനുസരിച്ചാണ് കളരിയിൽ അദ്ധ്യാപക സ്ഥാനത്തിൽ നിയമിക്കുന്നത് എങ്കിലും അത്രയും കാലം തന്നെ കളിയരങ്ങിൽ തുടരാം. ദേവസ്വം അനുവദിക്കുന്ന മറ്റ് അരങ്ങുകളിലും കളി അവതരിപ്പിക്കുന്നത് ഇതേ കളിസംഘം തന്നെ. മാത്രമല്ല ഇന്ന് കളി നടത്തുന്ന ഭക്തരുടെ എണ്ണം ഏറെ വർദ്ധിച്ചു. അതുകൊണ്ട് ഗുരുവായൂരപ്പൻ ഉള്ളിടത്തോളം കൃഷ്ണനാട്ടവും ഉണ്ടാവും.
? മറ്റു കലകളെ ധാരാളം കാണാനും ആസ്വദിക്കാനുമുള്ള സാഹചര്യം ഇന്നത്തെ തലമുറയ്ക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ പുതിയ കലാകാരൻമാരുടെ അവതരണത്തിൽ സ്വാഭാവികമായും മറ്റു കലകളിൽ നിന്നുള്ള കലർപ്പ് കൂടുതലാവാൻ സാധ്യതയില്ലേ? ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ ഗുരുവായൂർ കളരി എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട്
കുട്ടികൾക്ക് മറ്റു കലകളെ കാണാനും ആസ്വദിക്കാനുമുള്ള സാഹചര്യങ്ങൾ ധാരാളമുണ്ട്. അത് തടയേണ്ട കാര്യമില്ല. നല്ല ആസ്വാദകർ ആയി വളരുന്നത് നല്ലത് തന്നെ. പക്ഷേ, കൃഷ്ണനാട്ട സംഗീതം അതുമായി കലരാൻ സാധ്യത കുറവാണ്. അത്രയും ചിട്ടയായ കളരി അഭ്യാസം അവർക്ക് ലഭിക്കുന്നുണ്ട്. പണ്ട് ഉണ്ടായിരുന്നത് പോലെ ആശാൻമാർ വരികൾ പഠിപ്പിച്ച്, പിന്നെ സംഗീത ഭാഗം നന്നാക്കാൻ മറ്റുള്ളവരെ വന്നിരുന്ന അവസ്ഥ ഇന്നില്ല. കൃഷ്ണാട്ടം പാട്ടുകാർ തന്നെ അതിന് പ്രാപ്തരാണ്. പിന്നെ, ഈ കളരിയിലെ കുട്ടികൾ മറ്റു സംഗീത രൂപങ്ങള പഠിക്കാൻ പോകലും പതിവില്ല. അവർ ഇവിടുത്തെ അഭ്യസനവും അവതരണങ്ങളും മാത്രമേ ചെയ്യാറുള്ളൂ. അങ്ങനെ കലർപ്പ് വരും എന്ന ഭയം എനിക്ക് തോന്നുന്നില്ല.
? കളരിയ്ക്ക് പുറത്ത് കൃഷ്ണനാട്ടത്തിന്റെ സംഗീത-നൃത്ത-അഭിനയ വശങ്ങളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും എത്രത്തോളം നടക്കുന്നുണ്ട്? പുറമേയുള്ള ഗവേഷകരെ കൂടാതെ പ്രയോക്താക്കൾ ഇത്തരത്തിലുള്ള പഠനങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ടോ?
പഠനങ്ങൾ ധാരളമൊന്നും നടക്കുന്നതായി അറിവില്ല. വളരെ കുറച്ചു പേരെ അത്തരം ആവശ്യങ്ങളുമായി സമീപിക്കാറുള്ളൂ. പുറമേ കളികൾക്ക് പോകുമ്പോൾ പലരും വന്നു പല വശങ്ങൾ ചോദിച്ച് മനസ്സിലാക്കി പോകാറുണ്ട്. വ്യക്തിപരമായി പാട്ടിന്റെ വശങ്ങളെ കുറിച്ച് അറിയാൻ എന്നെ സമീപിച്ചവരും ഉണ്ട്. ചില സംഗീത അധ്യാപകരും വിദ്യാർത്ഥികളും ഗവേഷണ പഠനങ്ങളിൽ കൃഷ്ണനാട്ട സംഗീതത്തെ ഉൾപ്പെടുത്തിയാതായും അറിഞ്ഞിട്ടുണ്ട്. ഇങ്ങനെ പുറമേ നിന്ന് അന്വേഷിച്ച് വരുന്നവരല്ലാതെ, കളരിയിലെ കുട്ടികളാരും ഗവേഷണ പഠനങ്ങളുമായി മുന്നോട്ട് പോയതായി അറിവില്ല. അഭ്യസിക്കും അത് അവരുടെ കഴിവിനനുസരിച്ച് ഭംഗിയായി അവതരിപ്പിക്കും. അതിനപ്പുറത്തെ പഠനങ്ങൾ കുറവാണ്.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |