KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

പാരമ്പര്യവും നവീകരണവും : കുച്ചുപ്പുടി [Pasumarthi Ratthayya Sharmma]

December 25, 2015

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

pasumarthi_rattayya1? കുച്ചുപ്പുടി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കുച്ചുപ്പുടി അവതരണ സമ്പ്രദായത്തിൽ മാറ്റങ്ങൾ ധാരാളം സംഭവിച്ചിട്ടുണ്ട്. പഴയ പാരമ്പര്യം നഷ്ടപ്പെട്ടിട്ടുകൊണ്ടിരിക്കുന്നു. ഓരോ ചെറിയ ഘടകങ്ങളിലും മാറ്റങ്ങൾ വന്നിരിക്കുന്നു. നാട്യരംഭം പിടിക്കുന്ന രീതി, ചുവടുകൾ ചവിട്ടുന്ന രീതി, ഹസ്തപ്രയോഗം, അഭിനയ രീതി അങ്ങനെ എല്ലാത്തിലും. നാടകാവതരണ സമ്പ്രദായത്തിൽ നിന്ന് എകാഹാര്യ നൃത്താവതരണത്തിലേക്ക് എത്തി എന്നതാണ് എടുത്തു പറയത്തക്ക മാറ്റം. ഇന്ന് കൂടുതൽ പ്രചാരത്തിലുള്ളത് എകാഹാര്യ രൂപമാണ്. അവയിലെ വ്യത്യാസങ്ങൾ അക്ഷരാർത്ഥത്തിൽ എന്താണ് എന്നുള്ളത് പറയാൻ സാധിക്കുന്നതല്ല. പ്രയോഗവ്യത്യാസങ്ങൾ കണ്ടു തന്നെ മനസ്സിലാക്കണം. വേദാന്തം സത്യനാരായണ ശർമ്മയായിരുന്നു ആദ്യമായി എകാഹാര്യ നൃത്തത്തെ പ്രചാരത്തിൽ കൊണ്ടുവന്നത്. കുച്ചുപ്പുടി ഗ്രാമത്തിനു പുറത്തുള്ളവരേയും അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങി. അതിനു ശേഷം വെമ്പട്ടി പെദ്ദസത്യം വെമ്പട്ടി ചിന്നസത്യം തുടങ്ങിയവര സോളോ ഇനങ്ങൾ പഠിപ്പിക്കാൻ തുടങ്ങി.

വെമ്പട്ടി ചിന്നസത്യത്തിന്റെ ചിട്ടയാണ് പിന്നീട് അറിയപ്പെട്ട കുച്ചുപ്പുടി നൃത്ത ശൈലി. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന് കൂടുതൽ നർത്തകിമാർ ഉണ്ടായിരുന്നു. അദേഹത്തിന്റെ നൃത്തനാടകങ്ങളും വാചികത്തെ കുറച്ചുകൊണ്ടുള്ള നൃത്ത രൂപങ്ങളും കൂടുതൽ നാടുകളിലേക്ക് പ്രചരിക്കുകയും കൂടുതൽ സ്വീകാര്യത നേടുകയും ചെയ്തു. പണ്ടുള്ള നാടകങ്ങൾ അല്ലാതെ തന്നെ ക്ഷീര സാഗര മഥനം, ശ്രീനിവാസ കല്യാണം തുടങ്ങിയ വ്യത്യസ്ത കഥകളും ചിട്ട ചെയ്തു. അവിടെ വാചികം കുറഞ്ഞു. നൃത്ത ഭാഗങ്ങൾ കൂടി. നൃത്തത്തിനിടയിൽ മാത്രമായി അഭിനയം. എന്നാൽ പഴയ കാലത്ത് നാടകാവതരണമായിരുന്നു ലക്ഷ്യം. നാടകത്തെ പോഷിപ്പിക്കുന്ന നൃത്തത്തിന് മാത്രമേ അവിടെ സ്ഥാനമുണ്ടായിരുന്നുള്ളൂ.
ബാക്കി നൃത്ത രൂപങ്ങൾ അഭ്യസിക്കുന്ന രീതിയിൽ ആയിരുന്നില്ല പഴയ കുച്ചുപ്പുടി അഭ്യസനവും അവതരണവും. പാട്ടും സംഭാഷണവും എല്ലാം ഒരു കലാകാരൻ തന്നെ പഠിക്കുകയും ഒരു കഥാപാത്രത്തെ പൂർണ്ണമായി മനസ്സിൽ ഉൾക്കൊണ്ട് കഥാപാത്രമായി മാറി വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതല്ലാതെ എകാഹാര്യ അവതരണ സമ്പ്രദായത്തിലേക്ക് വന്നതോടെ ഈ ചിട്ടകൾ എല്ലാം തന്നെ മാറി. നൃത്തംചെയ്യുന്ന വ്യക്തി മറ്റാരുടെയോ പാട്ടിനും ജതിയ്ക്കുമൊപ്പം ചുണ്ടനക്കി നൃത്തം ചെയ്യുന്നു, അഭിനയിക്കുന്നു. ഇവിടെ കലാകാരൻ കഥാപാത്രമായി മാറി അവതരിപ്പിച്ചിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി വെറും അനുകരണം എന്ന രീതിയിലുള്ള അഭിനയമായി മാറി. വാചികത്തെ ഏതാണ്ട് പൂർണ്ണമായി തന്നെ ഉപേക്ഷിച്ചു. കുച്ചുപ്പുടിയുടെ ജീവൻ നാട്യം ആയിരുന്നു. ഭാമാകലാപം, ഉഷാപരിണയം, ഹരിശ്ചന്ദ്ര, വിപ്രനാരായണ തുടങ്ങിയ നാടകങ്ങളാണ് ഞങ്ങളുടെ പാരമ്പര്യമനുസരിച്ച് പണ്ട് നിലനിന്നിരുന്നത്. കന്ദാർത്ഥം, ശേഷാർത്ഥം, ശ്ലോകം, ദ്വിപദ പദ്യങ്ങൾ എന്നിങ്ങനെ ആയിരുന്നു അവയിലെ ഉള്ളടക്കത്തിലെ ഓരോ ധരവുകൾ (അതായത് ഓരോ അഭിനയ ഭാഗങ്ങൾ/ അംഗങ്ങൾ). ഈ നാടകാവതരണങ്ങളൊന്നും ഇന്ന് കാര്യമായി നടക്കുന്നില്ല. മാത്രമല്ല, കുച്ചുപ്പുടി എന്ന പേരിൽ പൊതുജനങ്ങൾ കാണുന്ന നൃത്തത്തിൽ ഈ പഴയ അംശങ്ങൾ പലതു ഇല്ല എന്നതാണ് സത്യം.
അതുപോലെ ഇന്ന് കുച്ചുപ്പുടി ഗ്രാമത്തിൽ പോലും പഴയ പാരമ്പര്യമനുസരിച്ച് പഠിപ്പിക്കാൻ മനസ്സുള്ള കലാകാരൻമാരും, സമർപ്പണ മനോഭാവത്തോടു കൂടെ അഭ്യസിക്കുന്നവരും കുറവാണ്. പാരമ്പര്യ വഴിക്ക് തുടർന്ന് പോന്നിരുന്നതായിരുന്നു പഴയ കുച്ചുപ്പുടി യക്ഷഗാനം. പശുമാർത്തി, ചിന്ത, വേദാന്തം, വെമ്പട്ടി, മഹങ്കാളി തുടങ്ങിയ കുടുംബങ്ങളായിരുന്നു പ്രധാന പ്രയോക്താക്കൾ. എന്നാൽ ഇന്ന് ഈ കുടുംബങ്ങളിൽ നിന്ന് തന്നെ കുച്ചുപ്പുടിയെ ജീവിതമായി കൊണ്ടുനടക്കുന്നവർ കുറവാണ്. ഒരു പ്രദേശത്ത്‌ തന്നെ ഒതുങ്ങാതെ വിസ്തൃതമായ ആസ്വാദക ലോകത്തേക്ക് കുച്ചുപ്പുടി വളർന്നു എന്നുള്ളത് വളരെ നല്ല ഒരു മാറ്റമായിരുന്നു.
പക്ഷേ, വെമ്പട്ടി ചിന്ന സത്യം വരുത്തിയ പരിഷ്കാരം അനുസരിച്ച് നൃത്തത്തിന് പ്രാധാന്യം വന്നു. അഭിനയം ഒരു ഭാഗം മാത്രമായി മാറി. പക്കമേളക്കാർക്കൊപ്പം പാടുന്നതായി അഭിനയിച്ച് ചെയ്യുമ്പോൾ അനുഭവം സൃഷ്ടിക്കാൻ എത്രത്തോളം കഴിയുന്നുണ്ട് എന്ന് അറിയില്ല. ഇവിടെയാണ്‌ പാരമ്പര്യം നഷ്ടപ്പെട്ടു എന്ന് പറയുന്നത്. കുച്ചുപ്പുടി ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടു, പക്ഷേ, ഇതിന്റെ അന്തസത്തയായിരുന്ന നാട്യ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ

pasumarthi_rattayya2മാറ്റങ്ങൾക്ക് മുതിരാനുള്ള സാഹചര്യങ്ങൾ എന്നെ പോലുള്ള കലാകാരൻമാർക്ക് കുറവായിരുന്നു. ഒന്നാമത്, ഞങ്ങൾ നിലനിന്നിരുന്നത് യക്ഷഗാനം മാത്രം ഒരേയൊരു വിനോദമാർഗ്ഗമായി ഉണ്ടായിരുന്ന ഒരു സമൂഹത്തിനിടയിൽ. രണ്ടു കിലോമീറ്ററോളം വരുന്ന സദസ്സ്യരെ ആസ്വടിപ്പിക്കേണ്ട സാഹചര്യം ആയിരുന്നു അന്ന്. അത്രയും ഉറക്കെ പാടി അഭിനയിച്ച് പോന്നിരുന്ന ഒരു സമൂഹമായിരുന്നു അന്നത്തെ കുച്ചുപ്പുടി കലാകാരൻമാർ. അതിനപ്പുറത്തെ ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനോ അവർക്ക് വേണ്ടി പ്രവർത്തിക്കാനോ ഈ കലാകാരൻമാർക്ക് സമയം ഉണ്ടായിരുന്നില്ല. അതിനു വേണ്ട പണമോ മറ്റു സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയിട്ടും ഇല്ലായിരുന്നു. ഈ ആസ്വാദനത്തോടൊപ്പം തന്നെ കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അവതരിപ്പിക്കലും ജനങ്ങൾക്ക് അറിവ് നൽകലും കലാകാരൻമാരുടെ ധർമ്മമായിരുന്നു. ഇതൊക്കെയായിരുന്നു ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യമായി വിശ്വസിച്ചിരുന്നതും. പാരമ്പര്യത്തെ സംരക്ഷിക്കുക എന്നതിനൊപ്പം അവതരണത്തെ ഭംഗിയുള്ളതാക്കുക. ശിഷ്യർക്ക് നൃത്തത്തിൽ മാത്രമല്ല. ഇതിനോട് ബന്ധപ്പെട്ട മറ്റെല്ലാ വശങ്ങളിലും കൃത്യമായ ശിക്ഷണം കൊടുക്കുക എന്നതിലൊക്കെയാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്.
പിന്നെ പ്രധാനമായും ചെയ്ത ചില ചിട്ടപ്പെടുത്തലുകൾ പുതിയ ശിഷ്യർക്ക് വേണ്ടിയായിരുന്നു. നാടകത്തിൽ ഉണ്ടായിരുന്ന ഭാഗങ്ങളായ ശബ്ദങ്ങൾ, തില്ലാനകൾ തുടങ്ങിയവയെ സോളോ ഇനങ്ങൾ ആയി ചിട്ടപ്പെടുത്തി പഠിപ്പിക്കാറുണ്ട്. നാടകത്തിൽ തന്നെ ശബ്ദങ്ങൾ, ധരവുകൽ, ജതിക്കെട്ടുകൾ, ജതിസ്വരങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഓരോ സന്ദർഭത്തിനനുസരിച്ചാണ് ഇവ അവതരിപ്പിച്ചിരുന്നത്. ഉദാഹരണമായി രാമായണ കഥയിൽ ഭരതൻ രാമന്റെ പാദുകങ്ങൾ സ്വീകരിച്ച് കഴിഞ്ഞാൽ അവതരിപ്പിച്ചിരുന്ന നൃത്തഭാഗമായിരുന്നു രാമായണ ശബ്ദം. അതുപോലെ പ്രഹ്ലാദ ചരിതത്തിൽ ഗരുഡൻ പ്രഹ്ലാദനെ രക്ഷിച്ച് കൊണ്ടുവന്ന സമയത്ത് സന്തോഷത്തിൽ ആടിയിരുന്ന നൃത്തം തില്ലാന രൂപത്തിലായിരുന്നു. രാജദർബാറുകളിലെ നൃത്ത ഭാഗങ്ങളിൽ ജതിസ്വരങ്ങൾ അവതരിപ്പിക്കാറുണ്ട്. ചില കഥകളിൽ വ്യത്യസ്തമായ രണ്ടു രംഗങ്ങൾക്കിടയിൽ, രംഗസജ്ജീകരണങ്ങൾ മാറ്റാൻ എടുക്കുന്ന സമയത്തിനിടയിൽ ജതിസ്വരം, ജതിക്കെട്ട്, മണ്‍ഡൂക ശബ്ദം തുടങ്ങിയ നൃത്ത ഭാഗങ്ങൾ ചെയ്യുമായിരുന്നു. അതുപോലെ ഗോപികാകൃഷ്ണ, രാധാകൃഷ്ണ ഗീതങ്ങൾ തുടങ്ങിയ ലളിതമായ നൃത്ത ഭാഗങ്ങളും പല നാടകങ്ങളിലും ഉണ്ടായിരുന്നു. അവയാണ് പിന്നീട് സോളോ നൃത്ത രൂപത്തിൽ ചിട്ടപ്പെടുത്തിയത്. ഇന്ന് അവതരിപ്പിച്ച് പോരുന്നതും.
മാറ്റങ്ങൾ നല്ലത് തന്നെയാണ്. എങ്കിലെ ഈ കലയ്ക്ക് ജീവൻ ഉണ്ടാവുകയുള്ളൂ. കാലത്തിന് അനുസൃതമായ മാറ്റങ്ങൾ വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, പാരമ്പര്യത്തെ മറക്കുന്നത് ശരിയല്ല. അടിസ്ഥാനം നന്നായാൽ മാത്രമേ അതിനപ്പുറത്തേക്കുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഓരോ കലാകാരൻമാർക്കും കഴിയൂ. അതുകൊണ്ട് അടിസ്ഥാനം ഭദ്രമായിരിക്കുവാൻ എപ്പോഴും ശ്രദ്ധിക്കുക. അതിൽ നിന്ന്കൊണ്ട് പുതിയ മാറ്റങ്ങൾക്ക് മുതിരുക. പാരമ്പര്യത്തെ നിർജ്ജീവമാക്കാതിരിക്കുക.

? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്

ആസ്വാദകർ പലതരം ഇഷ്ടങ്ങൾ ഉള്ളവരായിരിക്കും. ആസ്വാദകർക്ക് വേണ്ടിയാണല്ലോ മാറ്റങ്ങൾ പലതും വന്നിട്ടുള്ളതും. അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങൾ കൊണ്ട് വരുന്നതിൽ തെറ്റില്ല. പക്ഷേ, നേരത്തെ പറഞ്ഞത് പോലെ അടിസ്ഥാനം കൈവിടാതിരിക്കുക. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, പുതുമയും കടംകൊള്ളലും എല്ലാം ഒരു പരിധി വരേയെ നിലനിൽക്കൂ എന്നുള്ളതാണ്. എന്നാൽ നമ്മുടെ കൈയ്യിലുള്ള പാരമ്പര്യം എത്ര കാലം തുടർന്നാലും അതിന് മഹത്വമുണ്ടാവും. അതിൽ മടുപ്പ് അനുഭവിക്കുകയും ചെയ്യില്ല. പ്രാദേശികമായ സ്വത്വം ഏതു കലയിലായാലും എത്ര കാലം കഴിഞ്ഞാലും അതിന്റെ വ്യക്തിത്വമായി നിലനിൽക്കും. സന്ദർഭത്തിനും ആസ്വാദകർക്കും അനുസൃതമായി കൊണ്ടുവരുന്ന മാറ്റങ്ങൾ ഒരു പരിധിക്കപ്പുറം സ്വീകരിക്കാനും സാധിക്കില്ല. ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രമേ അവയ്ക്ക് ആയുസ്സ് ഉണ്ടാവുകയുള്ളൂ. എന്നാൽ പാരമ്പര്യം എത്രതന്നെ ആയാലും അത് കലയ്ക്ക് ദോഷം വരുത്തുകയോ ആസ്വാദകർക്ക് മടുപ്പ് ഉണ്ടാക്കുകയോ ചെയ്യില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

? യക്ഷഗാന ശൈലിയിൽ നിന്ന് വിട്ട് മറ്റൊരു രീതി കൂടുതൽ പ്രചാരം ലഭിച്ചതോടെ കുച്ചുപുടിയുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ

pasumarthi_rattayya3ഉണ്ട്. ഇപ്പോഴല്ല, പണ്ട് തന്നെ, ഈ കലയുടെ ശുദ്ധതയെ ചോദ്യം ചെയ്യുന്ന സന്ദർഭത്തിൽ അതിനെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കേണ്ട ഒരു സാഹചര്യവും ഉണ്ടായതായി ഓർക്കുന്നുണ്ട്. ആന്ധ്രനാട്യം എന്ന പേരിൽ നിലനിന്നിരുന്ന നൃത്ത രൂപമാണ് ശാസ്ത്രീയ അടിത്തറയുള്ളത്, കുച്ചുപ്പുടി ‘ജനപദയാണ്’ അതായത് വളരെ പ്രാദേശികമായ ദേശി പാരമ്പര്യത്തിൽ മാത്രം അധിഷ്ഠിതമായ ഒരു കലാരൂപം ആണെന്നുള്ള വാദം ഉയർന്നു വന്നിരുന്നു. നടരാജ രാമകൃഷ്ണയാണ് അന്ന് അങ്ങനെ ഒരു വാദം ഉന്നയിച്ചത്. ആ കാലഘട്ടം കലാരൂപങ്ങളെല്ലാം ക്ലാസികൽ പദവിയിലേക്ക് ഉയരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു. ആ അവസരത്തിൽ കുച്ചുപ്പുടിയിലെ ചിട്ടയേയും ശാസ്ത്രീയതയേയും മനസ്സിലാക്കി കൊടുക്കുക എന്നത് കുച്ചുപ്പുടി ഗ്രാമത്തിലെ കലാകാരൻമാരുടെ ധർമ്മമായിരുന്നു. അതിനായി ഞങ്ങൾ എട്ട് മാസം വളരെ അദ്ധ്വാനിച്ചു. അടവുകൾ മൂന്ന് കാലങ്ങളിൽ ആരോഹണ അവരോഹണ ക്രമത്തിലും പ്രാക്ടീസ് ചെയ്ത് ഉറപ്പിച്ചു. ജതികളും ജതിക്കെട്ടുകളും കൃത്യതയോടും നൃത്ത ശുദ്ധതയോടും കൂടെ ചിട്ട ചെയ്തു. ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ആ സംരംഭത്തെ ഏറ്റവും വിജയകരമായി പൂർത്തിയാക്കാൻ എല്ലാ കലാകാരൻമാരും അന്ന് ഏറെ സമർപ്പണത്തോടെ പ്രയത്നിച്ചു.
എന്റെ ഗുരുനാഥനായിരുന്ന പ്രഹ്ലാദ ശർമ്മ, വേദാന്തം രാഘവയ്യ, പസുമാർത്തി കൃഷ്ണമൂർത്തി, വെമ്പട്ടി പെദ്ദസത്യം, എന്നിവരാണ് അതിന് നേതൃത്ത്വം കൊടുക്കുകയും ചില പ്രധാന വേഷങ്ങളെ അവതരിപ്പിക്കുകയും ചെയ്തത്. അങ്ങനെ ഭാമകലാപം, ഗോല്ലകലാപം, പ്രഹ്ലാദ നാടകം, ഉഷാപരിണയം, എന്നീ കഥകൾ ചെന്നൈയിൽ വെച്ച് പ്രത്യേക സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. അന്ന്, ഞാൻ കുട്ടിയായിരുന്നു. ഭാമകലപം, ഗോല്ലകലാപം എന്നിവയിലെ ബാലഗോപാല തരംഗം, പ്രഹ്ലാദ വേഷം തുടങ്ങിയവയാണ് ഞാൻ അവതരിപ്പിച്ചത്. മഹങ്കാളി സത്യനാരായണ ശർമ്മയുടെതായിരുന്നു ഹിരണ്യകശിപു വേഷം.
രണ്ട് ദിവസത്തെ ഈ അവതരണത്തിനു ശേഷം പ്രേക്ഷകരുടെ അഭിപ്രായം മാറുകയായിരുന്നു. കുച്ചുപ്പുടിയിലെ, നൃത്ത സംഗീത വശങ്ങളെല്ലാം തന്നെ ചിട്ടയിൽ അധിഷ്ഠിതമാണെന്നും ഈ കല ശാസ്ത്രീയമാണെന്നും അതോടെ തെളിയിക്കപ്പെടുകയായിരുന്നു. മറിച്ച് പറഞ്ഞവർ തങ്ങളുടെ അഭിപ്രായം തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഇന്ന് കുച്ചുപ്പുടിയുടെ പാരമ്പര്യത്തെ ആരും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്ല.

? കുച്ചുപ്പുടിയുടെ ഈ നൃത്ത നാടക പാരമ്പര്യം നിലനില്ക്കെ തന്നെ ശ്രീ.വെമ്പട്ടി ചിന്ന സത്യം രൂപപ്പെടുത്തിയെടുത്ത നൃത്ത ശൈലി സമാന്തരമായി വളർന്നു വന്നിട്ടുണ്ടല്ലോ, ഈ സാഹചര്യത്തിൽ ശൈലികൾ ഒന്നാകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടോ? ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്

വെമ്പട്ടി ചിന്നസത്യം ചെയ്തു വെച്ച ചിട്ട മറ്റൊരു കലർപ്പും കൂടാതെ തന്നെ ഇന്ന് നിലനിക്കുന്നുണ്ട്. അൽപം പോലും ചിട്ടയിൽ നിന്ന് വ്യതിചലിക്കാൻ ആ പാരമ്പര്യം തുടരുന്നവരോ അദ്ദേഹത്തിൻറെ ശിഷ്യരോ അനുവദിക്കുന്നില്ല. അദ്ദേഹം ചിട്ട ചെയ്ത ഇനങ്ങൾ മാത്രമല്ല, ഓരോ ജതികളും, അവതരണ ഭാഗങ്ങളും എല്ലാം അതിന്റേതായ ചിട്ടയോടെ തന്നെ അവർ പിൻതുടർന്ന് പോരുന്നു. ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് ഇടതു കൈയ്യിന് പകരം വലതു കൈ എടുക്കാൻ പോലും അനുവദനീയമല്ല. അത്രയും നിഷ്കർഷയോടെ ആ പാരമ്പര്യം തുടർന്ന് പോരുന്നുണ്ട്. അതുകൊണ്ട് അതിനുള്ളിലും കലർപ്പ് ഉണ്ടാവാൻ സാധ്യതയില്ല. അതിൽ നിന്നും വിട്ടുകൊണ്ട് ഓരോരുത്തരും അവരവരുടെതായ ചിട്ടപ്പെടുത്തലുകളിൽ മാത്രമാണ് ചില മാറ്റങ്ങൾ കൊണ്ടുവരുന്നത്.
പാരമ്പര്യ യക്ഷഗാന ശൈലിയും ഇന്ന് നശിച്ചിട്ടൊന്നുമില്ല. കലർപ്പ് ഇല്ലാതെ തന്നെ നിലനിക്കുന്നുണ്ട്. പക്ഷേ, ഒരു ചെറിയ പ്രദേശത്തു മാത്രം. എല്ലാ ശൈലിയുടെയും അടിസ്ഥാനം ഈ യക്ഷഗാന സമ്പ്രദായത്തിൽ ഉണ്ട്. എന്നാൽ കുച്ചുപ്പുടിയെ ആഗോള തലത്തിൽ ഉയർത്തിയത്‌ വെമ്പട്ടി ചിന്നസത്യത്തിന്റെ പ്രവർത്തനങ്ങൾ തന്നെ ആയിരുന്നു. അദ്ദേഹത്തിനു അതിനു സാഹചര്യം ലഭിച്ചു എന്നുള്ളത് കുച്ചുപ്പുടി നൃത്തത്തിന്റെ തന്നെ ഭാഗ്യമായിരുന്നു. ഇത് രണ്ടും ഒന്നാകുന്ന സാഹചര്യം ഇല്ല എന്ന് തന്നെ പറയാം. പിന്നെ, ഓരോ കലാകാരൻമാരും വിവിധ ശൈലികളിൽ നിന്ന് ഓരോ ഘടകങ്ങളേയും ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ പ്രവർത്തിക്കുന്നു.

? അങ്ങ് തുടർന്ന് പോരുന്ന ഈ അവതരണ പാരമ്പര്യത്തിന്റെ ഭാവിയിലെ നിലനിൽപ്പിനെ എങ്ങനെ നോക്കിക്കാണുന്നു? ഈ പാരമ്പര്യം നഷ്ടപ്പെടാതെ തുടർന്ന് പോരാൻ, ഇതേ വഴിയിലുള്ള പുതിയ അവതരണങ്ങൾക്ക് തുടക്കം കുറിക്കാൻ തക്ക വണ്ണമുള്ള ഒരു പുതു തലമുറ വളർന്നു വരുന്നുണ്ടോ

pasumarthi_rattayya4പഴയ സമ്പ്രദായം അനുസരിച്ച് ഒരു കുച്ചുപ്പുടി യക്ഷഗാന കലാകാരൻ തന്നെ സംഗീതത്തിലും വാദ്യത്തിലും നൃത്തത്തിലും അഭിനയത്തിലുമെല്ലാം ഒരുപോലെ പ്രാവീണ്യം നേടിയിരുന്നു. പാടി നൃത്തം ചെയ്ത് അഭിനയിക്കുന്ന രീതിയൊക്കെ ഇന്ന് മാറി. ഈ എല്ലാ മികവും ഒരുപോലെ നേടിയെടുക്കാൻ അത്രയും കഠിനമായ അഭ്യാസരീതി തന്നെയായിരുന്നു പണ്ട് കുച്ചുപ്പുടി ഗ്രാമത്തിലെ കുടുംബങ്ങളിൽ അനുവർത്തിച്ച് പോന്നിരുന്നത്. സ്ത്രീവേഷങ്ങൾ ചെയ്യുന്നവർ സ്ത്രീ ശബ്ദത്തിൽ തന്നെ പാടിയിരുന്നു. അത്രയും നിഷ്കർഷമായ ചിട്ടയോടെയാണ് അവതരണങ്ങൾ നടത്തിയിരുന്നത്. ഇത്രയും സമർപ്പണത്തോടെ ചിട്ടയെ അറിഞ്ഞ് പഠിക്കാൻ ഒരു തലമുറ തയ്യാറായാൽ ഈ പാരമ്പര്യത്തിന് ഭാവി ഉണ്ട് എന്ന് വിശ്വസിക്കാം. കഴിവുള്ളവർ ധാരാളമുണ്ട്. പക്ഷേ, സമർപ്പണം എത്രപേർക്ക് ഉണ്ട് എന്നതാണ് ചിന്തിക്കേണ്ട വിഷയം. കുച്ചുപ്പുടി ഗ്രാമത്തിൽ തന്നെ അതുപോലുള്ള കലാകാരൻമാർ കുറഞ്ഞുകൊണ്ടിരിക്കുന്നു. അഭ്യസനമാണ് അടിത്തറ. ഒപ്പം സമർപ്പണവും. പഴയത് പോലുള്ള അതേ അഭ്യസന രീതി ഇനിയും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ എന്നുള്ളത് സംശയമാണ്. പാരമ്പര്യത്തെ അറിയാൻ പുറത്തു നിന്ന് അന്വേഷിച്ചു വരുന്ന ചില കുട്ടികളെങ്കിലും ഉണ്ട്. അവരിലൂടെയെങ്കിലും ഈ പാരമ്പര്യം വളരട്ടെ എന്ന് പ്രത്യാശിക്കാം.
 

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

20051

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019