Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കൃഷ്ണനാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
അവതരണ ഘടനയിലോ ചിട്ടയിലോ അധികം മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത കലയാണ് കൃഷ്ണനാട്ടം. എട്ടു കഥകൾക്കപ്പുറം വേറെ ഒന്നുമില്ല. പക്ഷേ, ഈ എട്ടു കഥകളെ തന്നെ അതിന്റെ ചിട്ടയോടെ വെടിപ്പോടെ ഭക്തി പൂർവ്വം അവതരിപ്പിക്കുക എന്നതാണ് കൃഷ്ണനാട്ട കലാകാരന്റ ലക്‌ഷ്യം. അനുഷ്ടാനപരമാനല്ലോ അവതരണം. അതുകൊണ്ട് തന്നെ കലർപ്പ് വരരുത് എന്ന നിഷ്ഠ പണ്ട് മുതലേ ഉണ്ടായിരുന്നു. 1950കൾക്ക് മുൻപ് അതായത് നടന്നു കളി ഉണ്ടായിരുന്ന കാലത്ത് ഓരോ ഇടങ്ങളിലും ചെല്ലുമ്പോൾ അവിടെ കഥകളി, കൂത്ത് അവതരണങ്ങളും നടക്കാറുണ്ട്. പക്ഷേ, അതൊന്നും കൃഷ്ണനാട്ടത്തെ സ്വാധീനിച്ചു എന്ന് പറയാൻ വയ്യ. എന്റെ ഗുരു പാലക്കൽ അച്ച്യുതൻ നയരാശാനായിരുന്നു. പഠന കാലങ്ങളിൽ കഥകളി കാണരുത് എന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. കലർപ്പ് വരരുത് എന്നതുകൊണ്ടാണ് അത്.
പിന്നെ, കാലം മാറുന്നതിനനുസരിച്ച് സ്വാഭാവികമായ ചില മാറ്റങ്ങൾ വന്നു ചേരുമല്ലോ. അങ്ങനെ പലതും കൃഷ്നാട്ടത്തിലും വന്നിട്ടുണ്ട്. ഓരോ ഘടകങ്ങളിലും അതായത് ശില്പി ജനാർദ്ദനൻ കോപ്പ് നിർമ്മാണത്തിലേക്ക് വന്നപ്പോൾ അദ്ദേഹം ചില മാറ്റങ്ങളൊക്കെ കൊണ്ട് വരികയുണ്ടായി. മുഴുവനായ മാറ്റമൊന്നും അല്ല. ചില ഭംഗി കൂട്ടലും മോടി പിടിപ്പിക്കലുമൊക്കെ. കഥകളി കോപ്പ് പണിയിലുള്ള അദ്ദേഹത്തിൻറെ പരിചയമാണ് ഇതിന് കാരണമായത്.
അതുപോലെ ശങ്കരൻ നായർ ചുട്ടിയ്ക്ക് വന്നപ്പോൾ ചില മാറ്റങ്ങൾ വന്നു. പഴയ ചിത്രങ്ങളൊക്കെ കണ്ടാൽ മനസ്സിലാക്കാം. ഉരുണ്ട് വലിപ്പം കുറഞ്ഞ ചുട്ടി ആയിരുന്നു. അരിമാവ് തന്നെയാണ് അന്നും ഇന്നും ഉപയോഗിക്കുന്നത്. കഥകളിയിലെ പോലെ കടലാസ്സ് വെയ്ക്കാറില്ല. പഴയ ചുട്ടിക്ക് പലപ്പോഴും ഉറപ്പ് കുറവായിരുന്നു. ചിരിക്കുമ്പോൾ ചുട്ടി പൊട്ടി പോകാൻ സാധ്യതയുണ്ട്. അതുകൊണ്ടൊക്കെയാണ് അല്പം പരിഷ്കരിച്ച് പരന്ന ചുട്ടി ആക്കി മാറ്റിയത്. അതുപോലെ പണ്ട് മല്ലൻമാർക്ക് ചുറ്റി ഉണ്ടായിരുന്നു. ചമ്പ താളത്തിലുള്ള സങ്കീർണ്ണമായ യുദ്ധവട്ടങ്ങൾ ചെയ്യുമ്പോഴേയ്ക്കും ചുട്ടി പൊട്ടി പോകും. അതുകൊണ്ട് പിന്നീട് അത് മാറ്റി. മല്ലന്മാർക്ക് മീശ വരയ്ക്കൽ ആക്കി.
കഥകളിക്ക് കിടന്നു ചുട്ടി കുത്താറുണ്ട് എങ്കിലും കൃഷ്ണാട്ടത്തിൽ ഇരുന്നേ ചുട്ടി കുത്താറുള്ളൂ. കാരണം മുന്നിൽ വെച്ചിരിക്കുന്ന വിളക്ക് ഭഗവാൻ സങ്കല്പമാണ്. അതിനു മുന്നിൽ കിടക്കില്ല. പിന്നെ, കിടന്നിട്ടു ഉറങ്ങി പോയാൽ പിന്നെ കളിക്കാൻ പറ്റില്ല. അനുഷ്ടാനം എന്ന നിലയ്ക്കല്ലേ ചെയ്യുന്നത്. ആ ചിട്ട എല്ലാത്തിലും പാലിക്കണം.
പിന്നെ സംഗീതത്തിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അതായത് ചില രാഗങ്ങളൊക്കെ മാറ്റി ഉപയോഗിക്കുന്നുണ്ട്. ഒരിക്കൽ അങ്ങനെ മാറ്റിയത് പിന്നെ ഒരു ചിട്ടയായി തുടർന്ന് പോരികയും ചെയ്തു. ഉദാഹരണം പറഞ്ഞാൽ അവതാരം കഥയുടെ ആദ്യത്തിൽ ഭൂമീ ദേവി ഭാരം താങ്ങാൻ വയ്യാതെ ബ്രഹ്മാവിനോട് സങ്കടം പറയുന്ന ഒരു രംഗമുണ്ട്. ഈ പദം ആദ്യമൊക്കെ ‘പാടി’ രാഗത്തിലാണ് പാടിയിരുന്നത്. പിന്നീടത് ദ്വിജാവന്ദിയിലാക്കി. പാടി രാഗം നല്ല ഗാംഭീര്യ ഭാവം തരുന്നതായിരുന്നു. സന്ദർഭം വെച്ചു നോക്കുമ്പോൾ ദുഖമല്ലേ അവസ്ഥ. അതുകൊണ്ടാവാം ദ്വിജാവന്ദിയിലാക്കിയത്. നീലകണ്ഠൻ നമ്പീശൻ കളരിയിൽ വന്ന സമയത്താണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ നടന്നത്. കളരിയിലേക്ക് കഥകളി പാട്ടുകാരെ ഒക്കെ കൊണ്ട് വരാൻ കാരണം എന്തായിരുന്നു എന്ന് വെച്ചാൽ. പണ്ട് കലാകാരന്മാർ ഒരു പ്രായം എത്തുമ്പോൾ റിട്ടയർ ആവുന്ന സമ്പ്രദായമൊന്നും ഇല്ലല്ലോ. എഴുപതും എണ്‍പാത്തും വയസ്സും വരെ കളരിയിലും അരങ്ങിലും ഉണ്ടാവും. അപ്പോൾ പലപ്പോഴും ആരോഗ്യം മോശമാകുമ്പോഴൊക്കെ കളരിയിൽ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ വരും. അങ്ങനെയാണ് കുറച്ചു കാലം കഥകളി പാട്ടുകാർ വന്ന് കളരി നടത്തുകയും. ഇതുപോലെ കഥയ്ക്ക് ചേരും തരത്തിൽ ചില രാഗമാറ്റങ്ങളൊക്കെ വരുത്തിയത്. പുറനീര്, കാനക്കുറിഞ്ഞി തുടങ്ങിയ പഴയ രാഗങ്ങളൊക്കെ ഇപ്പോഴും ചെയ്യുന്നുണ്ട്.
ഒരു പദത്തിൽ ഓരോ ചരണവും ഇത്ര വട്ടമേ പാടാവൂ, എന്ന് നിഷ്ഠയുണ്ട്. ചിലയിടത്ത് അഞ്ച്-ആറ് കലാശങ്ങൾ ഉണ്ടാവും. ഇടക്കലാശങ്ങൾ വേറേയും. പദത്തിൽ ഓരോ ചരണത്തിന്റെ ഇടയിൽ രണ്ട് വരികൾ കഴിഞ്ഞാൽ ആച്ചിലുകൾ വരും. വിശ്വരൂപദർശനത്തിൽ എട്ട് കലാശങ്ങൾ വരെ ഉണ്ടാവും. ചില ആച്ചിലുകളും കലാശങ്ങളും ഇപ്പോൾ എടുക്കാതെ ആയിട്ടുണ്ട്. ചിലതൊക്കെ ചെറുതാക്കി.
കഥകളിയിലെ പോലെ വിസ്തരിച്ച് പാടാറില്ല. എങ്കിലും പിന്നീട് ചില വരികളൊക്കെ അഭിനയ സൗകര്യത്തിനു അൽപം കൂടി വലിച്ച് പാടാൻ തുടങ്ങിയിരുന്നു. അതേ സമയം പലയിടങ്ങളിലും പെട്ടെന്ന് പാടി അവസാനിപ്പിക്കുന്ന പ്രവണതയും വന്നിട്ടുണ്ട്.
1958 കാലത്ത് ഗുരുവായൂരിലേക്ക് കൃഷ്ണനാട്ട സംഘം സ്ഥിരമായി എത്തിയതിനു ശേഷമാണ് മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മങ്കട കോവിലകത്തെ ഗോദവർമ്മ തമ്പുരാനാണ് അന്ന് ക്ഷേത്രത്തിന്റെ സൂപ്രണ്ട് സ്ഥാനം. അദ്ദേഹവും കഥകളി പാട്ടുകാരനായ കൃഷ്ണയ്യരും ആണ് മാറ്റങ്ങൾക്ക് മുന്നിട്ട് ഇറങ്ങുന്നത്. അക്കാലത്ത് തന്നെയാണ് അഭിനയ ഭാഗത്തെ കുറിച്ച് കൂടുതൽ ചിന്തിക്കാനും ചില മാറ്റങ്ങൾ വരുത്താനുമൊക്കെ ശ്രമിക്കുന്നത്. പണ്ട് ആട്ടം മാത്രമായിരുന്ന കളിയിൽ ഇന്ന് അഭിനയത്തിനും കുറേയൊക്കെ സാധ്യതകൾ കൊടുത്ത് കൊണ്ട് ചെയ്യുന്നു. വിവിധ തരത്തിലുള്ള ആട്ടങ്ങളും കലാശങ്ങളും, ഇടക്കലാശങ്ങളും, ആച്ചിലുകളും എല്ലാം പഴയ പടി തന്നെ. ചിലത് എണ്ണം കുറച്ചു എന്നുമാത്രം. ചില ഭാഗങ്ങൾ ചേർത്താൽ നന്നാവും എന്ന് കരുതി കൂട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, രുഗ്മിണീ സ്വയംവരത്തിൽ കൃഷ്ണനും ബലരാമനും സാന്ദീപനി മഹാര്ഷിയോടെ ഗുരുദക്ഷിണ എന്ത് തരേണം എന്ന് ചോദിക്കുന്ന ഭാഗം, പണ്ട് തിരശ്ശീല പിടിച്ച് ശ്ലോകം ചൊല്ലൽ മാത്രമായിരുന്നു. പിന്നെ, ഗുരുവിനെ സാങ്കല്പികമായി കണ്ട് രാമ-കൃഷ്ണന്മാർ ഗുരുവിന്റെ മകനുമായി തിരിച്ച് വന്നു നമസ്കരിക്കും. ഇപ്പോൾ ആ ശ്ലോകവും കളിക്കാൻ തുടങ്ങി. മിനുക്ക് വേഷത്തിൽ സാന്ദീപനി മുനിയെ കൂടി ഉൾപ്പെടുത്തി. അതുപോലെ രുഗ്മിണീ സ്വയംവരത്തിൽ ഉദ്ധവരും ഗോപികമാരും കൂടി പ്രവേശിച് പഞ്ചാരിയിൽ ഒരു നൃത്തം ഉണ്ടായിരുന്നു. ഉദ്ധവർ നടുവിലും, രണ്ട് വീതം ഗോപികമാർ ഇരു വശത്തും. പക്ഷേ, ഈ രംഗം കണ്ട് അത് കൃഷ്ണനും ഗോപികമാരും തമ്മിലുള്ള നൃത്തം ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ തുടങ്ങി. പിന്നെ, ഈ നൃത്ത ഭാഗത്ത് ഉദ്ധവരെ ഒരു വശത്ത് നിർത്തി ഗോപികമാർ മാത്രം നൃത്തം ചെയ്യുന്നത് പോലെ മാറ്റി. ഇതുപോലുള്ള ചെറിയ കൂട്ടിച്ചേർക്കലുകൾ വന്നിട്ടുണ്ട്. പിന്നീട്, കാലക്രമത്തിൽ ഓരോരുത്തരുടെ കഴിവും താൽപര്യവും അനുസരിച്ച് ചില ചെറിയ മാറ്റങ്ങൾ ചെയ്യുന്നതൊഴിച്ചാൽ ചിട്ടയൊന്നും മാറിയിട്ടില്ല. മാറ്റാൻ പറ്റുമില്ല.
പിന്നെ, ഇപ്പോഴത്തെ അമ്പലത്തിലെ സ്ഥിതി വെച്ചു നോക്കിയാൽ പതിനൊന്നു മണി ആവും വിളക്ക് കഴിയാൻ. പിന്നെ, രണ്ടു രണ്ടരയോടെ അവസാനിപ്പിക്കുകയും വേണം. അതുകൊണ്ടിപ്പോ കേളിയും തോടയവുമൊക്കെ ഒഴിവാക്കിയാണ് മിക്കവാറും ചെയ്യുന്നത്.
കൃഷ്ണനാട്ടം ‘ആട്ട’ സമ്പ്രദായമാണ്. കഥകളി പോലെയുള്ള വിസ്തരിച്ച അഭിനയത്തിനല്ല സ്ഥാനം. കൃഷ്ണകഥയുടെ ആട്ടം. അതിൽ അഭിനയം വരുന്ന ഭാഗം അഭിനയിച്ച് ക്രിയ തീർക്കുക എന്നേ ഉള്ളൂ.കാലങ്ങളായി തുടർന്ന് വരുന്ന എട്ട് കഥകളുടെയും കൃത്യമായ ഒതുക്കമുള്ള അവതരണ രീതി. എല്ലാറ്റിനുമുപരിയായി നിൽക്കുന്ന ഭക്തി വശം. ഇതിലാണ് കൃഷ്ണനാട്ടത്തിന്റെ വ്യക്തിത്വം. അതില്ലാതായാൽ കൃഷ്ണാട്ടം അല്ലാതാവും.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
മാറ്റത്തിനുള്ള സാധ്യത കുറവാണ് എങ്കിലും അരങ്ങത്ത് ചെറിയ മാറ്റങ്ങളെ കൊണ്ട് വന്നത് ഞാനായിരുന്നു. കുറച്ച് കഥകളി അഭ്യസിച്ചത്‌കൊണ്ടും മറ്റു കലകളെ നന്നായി നിരീക്ഷിച്ചതിന്റെയും ഫലമായാണ് ചില മാറ്റങ്ങൾ ചെയ്യാൻ മുതിർന്നത്.
കലാവാസന, താളജ്ഞാനം ഇതൊക്കെ കൌരെ ജന്മസിദ്ധമായി ലഭിക്കുന്നതാണ്. എന്റെ കുടുംബത്തിനും പണ്ട് മുതലേ കലാപാരമ്പര്യമുണ്ട്. കണ്ണ്യാർകളി എന്ന പാരമ്പര്യ കലാരൂപത്തിന്റെ പ്രയോക്താക്കളായിരുന്നു. പിന്നെ, എനിക്ക് കഥകളിയുമായും പരിചയം ധാരാളം ഉണ്ടായിട്ടുണ്ട്. ഈ ഒരു വാസന കൊണ്ടാവാം. കൃഷ്ണനാട്ടത്തിനെയും ഒരു കലയായി കണ്ട്, അതിന്റെ സൗന്ദര്യവശങ്ങളിൽ ചില മാറ്റങ്ങളൊക്കെ ചെയ്യാൻ എനിക്ക് കഴിഞ്ഞത്.
പണ്ട് എന്റെ ആശാനൊക്കെ കഥകളിയോ കൂടിയാട്ടമോ കാണുന്നത് വിലക്കിയിരുന്നു. കലർപ്പ് ഇല്ലാതിരിക്കാൻ. ഞാൻ ചെയ്ത മാറ്റങ്ങൾ ഒന്നിനെയും കൂട്ടിക്കലർത്തിയാതൊന്നുമല്ല. ചില ഭാഗങ്ങളെ യുക്തിക്ക് ചേരും വിധത്തിൽ ആക്കുകയും, അഭിനയ വശത്ത് അല്പം ചിട്ട കൊണ്ട് വരികയും അനാവശ്യമെന്ന് തോന്നുന്നചില പ്രയോഗങ്ങൾ കുറയ്ക്കലും ഒക്കെയാണ്. ആട്ടഭാഗങ്ങൾ കുറെ കൂടി ഭംഗിയായി, ഭാവം കൊടുത്ത് ചെയ്യുന്ന രീതി കൊണ്ട് വന്നു. ആട്ട ഭാഗത്തിനും സന്ദർഭമനുസരിച്ച് അനുഭവം സൃഷ്ടിക്കാം. അത്തരത്തിലുള്ള ചിന്തയിൽ നിന്നാണ് ആട്ടങ്ങളെ വെറും താളത്തിനനുസരിച്ച ചലനമാക്കാതെ, മുദ്രകൾക്ക് പ്രാധാന്യം കൊടുത്ത് ചിട്ടയും ഭംഗിയുമുള്ളതാക്കിയത്. പണ്ടും മുദ്രകളൊക്കെ ഉണ്ടായിരുന്നെങ്കിലും അവതരണത്തിന് അത്ര ചിട്ട പോരായിരുന്നു.
ഉദാഹരണമായി മുല്ലപ്പൂ ചുറ്റൽ, കുട്ടിയെ എടുത്താട്ടം, രാസക്രീഡയിലെയും, സ്വയംവരത്തിലെയും നൃത്തങ്ങൾ തുടങ്ങിയ നൃത്ത ഭാഗങ്ങൾക്കെല്ലാം ആവശ്യത്തിനു ഭാവവും ചേർത്ത് നാടകീയഭംഗി ഉള്ളതാക്കി. കംസന്റെ ആട്ടത്തിന് അത്യാവശ്യം മുദ്രകൾ ചേർത്തു. സ്വയംവരത്തിലെ ശിശുപാലന്റെ ആട്ടം, ജരാസന്ധൻ തുടങ്ങിയ ധാരാളം ആട്ടഭാഗങ്ങളെ ഇതുപോലെ ചിട്ട ചെയ്തെടുത്തു. പാട്ടും അഭിനയവും തമ്മിലുള്ള യോജിപ്പ് പല ഭാഗങ്ങളിലും കുറവായിരുന്നു പണ്ട്. അത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ച് ഒരു ചിട്ടയുണ്ടാക്കി. അവതാരത്തിലെ ഭൂമീ ദേവിയുടെ പദം, പൂതനാമോക്ഷ ഭാഗത്തെ ലളിതയുടെ പദം, രാസക്രീടയിലെ പദങ്ങൾ എന്നിവയ്ക്കൊക്കെ മുദ്ര കാണിക്കുന്നതിൽ വ്യക്തത വരുത്തി.
കൃഷ്ണനാട്ടത്തിൽ പോയ്മുഖങ്ങളുള്ള വേഷങ്ങൾ ഉണ്ട്. ഇവയ്ക്ക് എങ്ങനെയാ ഭാവം വരുത്തുക? അതിനുള്ള വഴി ആംഗിക ചലനങ്ങളാണ്. നൃത്തത്തിലൂടെ ചില പ്രത്യേക ‘എടുപ്പുകളിലൂടെ’ ഈ ഭാവം സൃഷ്ടിക്കാൻ കഴിയും. പ്രത്യേകിച്ച് തിരനോട്ടത്തിലൊക്കെ. നരകാസുര വേഷത്തിനൊക്കെ അങ്ങനെ ചിട്ട വരുത്തിയിട്ടുണ്ട്. തിരനോട്ടം സമയത്ത് കണ്ണിന്റെ ചലനങ്ങൾ വ്യക്തമാവില്ല എങ്കിൽ ഓരോ നോട്ടം വെട്ടിക്കുന്നിടത്തും ശരീരത്തിന് പ്രത്യേക കുതിപ്പും വെട്ടിക്കലും കൊടുക്കുന്നതോടെ ആ ഭാവം കൂടുതൽ വ്യക്തമാവും. അൽപം ഹാസ്യം കലർന്ന കഥാപാത്രമായ ഘണ്ടാകർണ്ണനും പൊയ്മുഖമുണ്ട്. എങ്കിലും കാലുകൾ പിണച്ചു വെച്ചുകൊണ്ടുള്ള ഘണ്ടാകർണ്ണന്റെ പ്രവേശനവും തുടർന്നുള്ള ആട്ടങ്ങളും ചലനങ്ങളിലൂടെ തമാശയുള്ളതാക്കി. ഇതൊന്നും ഒരു മാറ്റങ്ങലല്ലലോ, സൗന്ദര്യപരമായ ചില ഘടകങ്ങളെ കൂട്ടിച്ചേർക്കുക മാത്രമല്ലേ. ആംഗികത്തിലും ഭാവമുണ്ട് എന്ന് മനസ്സിലാക്കണം. ഇവ കൂടുതൽ നല്ല അനുഭവം സൃഷ്ടിക്കും എന്നതിലും സംശയമില്ല. ഞാൻ വരുത്തിയ അതേ ചിട്ടയാണ് പിന്നീട് അവിടെ തുടർന്ന് പോന്നത്.
ഇങ്ങനെ ഓരോരുത്തരുടെയും സർഗ്ഗാത്മകതയ്ക്കും മനോധർമ്മത്തിനുമനുസരിച്ച് ഭംഗി വരുത്താം എന്നല്ലാതെ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിലല്ല കൃഷ്ണനാട്ടത്തിൽ ശ്രദ്ധിക്കേണ്ടത്. മറ്റു കലകളെ പോലെ മാറ്റാനുള്ള സാധ്യതയോ സ്വാതന്ത്ര്യമോ ഇതിൽ കുറവല്ലേ. ആസ്വാദകരേക്കാൾ ഭഗവാന് കൂടി വേണ്ടിയല്ലേ കളിക്കുന്നത്. ഗുരുവായൂര് കൂടാതെ ധാരാളം പുറം വേദികളും ഇന്നുണ്ട്. അവിടെയും ഭക്തി വിടാറില്ല എന്ന് മാത്രം.
ഇപ്പോഴത്തെ കുട്ടികൾക്ക് പണ്ടത്തെ അത്ര കഠിനമായ കളരി ഒന്നുമല്ല. എങ്കിലും ആത്മസമർപ്പണത്തോടെ അഭ്യസിക്കുക. അർത്ഥമറിഞ്ഞ് പഠിക്കുകയും കളിക്കുകയും ചെയ്യുക. ഓരോ ചെറിയ കാര്യങ്ങൾക്കും അതിന്റേതായ നിയമങ്ങളുണ്ട്. അതെല്ലാം നിഷ്ഠയോടെ പാലിക്കുക. പിന്നെ, ഗുരുവായൂരപ്പൻ ഈ കലയേയും കലാകാരൻമാരേയും സംരക്ഷിച്ചു കൊള്ളും.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
പണ്ട് സാമൂതിരി കോവിലകത്ത് ആയിരുന്ന കാലത്തും പിന്നീട് ഗുവായൂരിൽ എത്തിയതിനു ശേഷവും അവതരിപ്പിക്കുന്നവരും കാണികളും എല്ലാം ഈ കലയിലെ ഭക്തി വശത്തിനാണ് എന്നും പ്രാധാന്യം കൊടുത്തിരുന്നത്. ഭഗവാന്റെ കല, കളിക്കുന്നവർ ഗുരുവായൂരപ്പന്റെ ആളുകൾ എന്ന പരിഗണനയും ബഹുമാനവുമായിരുന്നു എല്ലാവർക്കും. കഥകളിയുടെ ആദിമ രൂപമാണ് കൃഷ്ണാട്ടം എന്നാണു ചരിത്രം. പക്ഷേ പിന്നീട് കഥകളി വളർന്നത് പോലെയുള്ള വളർച്ച ആയിരുന്നില്ല കൃഷ്നാട്ടത്തിന്. പണ്ട് നടന്നു കളി ഉള്ള കാലത്തും പലയിടങ്ങളിൽ ചെല്ലുമ്പോഴും മറ്റു കലാകാരൻമാരേക്കാൾ പരിഗണനയും കൃഷ്ണനാട്ട കലാകാരൻമാർക്ക് ലഭിച്ചിരുന്നു.
ഇന്നും കളി കാണാൻ, അത് ഗുരുവായൂരായാലും പുറം വേദികളിലായാലും കൂടുതലും ഭക്തി പൂർവ്വം വരുന്നവരാണ്. അഭിപ്രായങ്ങൾ ചിലരൊക്കെ പറയും. “കൃഷ്ണനട്ടത്തെ കുറെക്കൂടി പരിഷ്കരിച്ചാൽ നന്നാവും. കഥകളി പോലെ അഭിനയം കുറെ കൂടി കൂട്ടാം എന്നൊക്കെ”. ചില കഥകളി നടന്മാരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ ആവുമ്പോൾ അത് കഥകളി ആയിപ്പോവില്ലേ? അതുകൊണ്ട് അത്തരം അഭിപ്രായങ്ങളൊന്നും സ്വീകരിക്കാൻ കഴിയില്ല. കഥകളി കലയ്ക്ക് വേണ്ടിയാണ് എങ്കിൽ കൃഷ്ണനാട്ടം കല ആണെങ്കിലും ഇവിടെ അനുഷ്ഠാനത്തിനാണ് പ്രധാനം.അതുകൊണ്ട് ആസ്വാദക താല്പര്യങ്ങളേയും അത്രയേ സ്വീകരിക്കാനാവൂ.
മാത്രമല്ല. ഓരോ കാര്യസാധ്യത്തിന് ഓരോ കളികൾ എന്നാണല്ലോ വിശ്വാസം. കൂടുതൽ പേരും ആ വിശ്വാസത്തിന്റെ പുറത്ത് വഴിപാട് നടത്തുകയും, കളി കാണുകയും ചെയ്യുന്നവരാണ്.
നല്ല രീതിയിൽ കളി കാണുകയും കലർപ്പ് വന്നാൽ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവർ ഇന്നത്തേക്കാൾ പണ്ട് ഉണ്ടായിരുന്നു. നടന്ന് കളി ഉണ്ടായിരുന്ന സമയത്ത് പല മനകളിലും കോവിലകങ്ങളിലും ഉള്ളവർ കൃത്യമായി പറയുമായിരുന്നു ‘കൃഷ്ണാട്ടം കൃഷ്ണാട്ടമായാൽ മതി, കഥകളി ആവണ്ടാ’ എന്നൊക്കെ.
?കൃഷ്ണനാട്ട കളരി ഗുരുവായൂരമ്പലത്തിന്റെ മാത്രം ഭാഗമാവുന്നതിനു മുൻപേ കൃഷ്ണനാട്ടത്തിൽ എത്തിയ കലാകാരനാണല്ലോ അങ്ങ്. സാമൂതിരി കാലത്തെ ആ പഴയ അവതരണങ്ങളെ ഒന്ന് ഓർക്കാമോ
സാമൂതിരി കോവിലകത്തെ കളരിയിലൂടെയാണ് ഞാൻ കൃഷ്ണനാട്ടത്തിലേക്ക് പ്രവേശിക്കുന്നത്. അന്ന് കളി നടക്കുന്ന സമ്പ്രദായം ഇങ്ങനെയല്ല. നടന്നു കളി ആയിരുന്നു. പെട്ടിക്കാരും വേഷക്കാരും പാട്ട്കാരും, കൊട്ട്കാരും, കുട്ടികളും ഒക്കെ ആയി ദിവസങ്ങളോളം നടക്കും. മകര മാസത്തിൽ കോഴിക്കോട് നിന്ന് പുറപ്പെട്ടാൽ കോവിലകത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലും മറ്റു ചില മനകളിലും കളിച്ച് ഏതാണ്ട് 25, 30 കളി കഴിഞ്ഞ ശേഷമാണ് ഗുരുവായൂരിൽ എത്തുക. തൃത്താല, തൃപ്പങ്ങോട്ട്, തൃക്കണ്ടിയൂർ, തിരുമിറ്റക്കോട് അങ്ങനെ ആ വഴി വന്ന് പട്ടാമ്പിയിലെത്തും. പട്ടാമ്പിയിൽ നിന്ന് പിന്നെ നേരെ ഗുരുവായൂർക്ക്. ഗുരുവായൂരിൽ അന്ന് വലിയ സ്വീകാര്യത ആയിരുന്നു. ഗുരുവായൂരപ്പന്റെ സ്വന്തം ആളുകൾ എന്ന പരിഗണനയിൽ കളി സംഘം എത്തിയാൽ ആളുകൾ ഞങ്ങളെ കാണാൻ വേണ്ടി എത്തുമായിരുന്നു. അന്ന് കുട്ടികളായിരുന്ന ഞങ്ങളെ വളരെ സ്നേഹത്തോടെയും ഭക്തിയോടെയുമാണ് എല്ലാവരും കണ്ടിരുന്നത്. ഗുരുവായൂരിൽ ഒമ്പത് ദിവസത്തെ കളി കഴിഞ്ഞാൽ ഈ അടുത്ത പ്രദേശങ്ങളിലുള്ള പുന്നത്തൂർ കോട്ട, നെമ്നിനി മന, ചൂണ്ടത്തു മന എന്നിങ്ങനെ അഞ്ചാറ് ഇടങ്ങളിലും കളി ഉണ്ടാവും. പിന്നെ ഇവിടുന്നു പുറപ്പെട്ടാൽ നെല്ലുവായ്, ദേശമംഗലം, പൂമുള്ളി മന, കോതറ മന, ശല്ലേരി, ചെർപ്പുളശ്ശേരി, ഒളപ്പമണ്ണ മന അങ്ങനെ വള്ളുവനാട് വഴി പാലക്കാട്ടേക്ക്. പനമണ്ണ, കുത്തന്നൂർ, കൊടുവായൂര്, തണ്ണീർക്കോട് പുതുനഗരം, മഞ്ഞലൂര് പരിസരമൊക്കെ കഴിഞ്ഞ് അവസാനം മങ്കരയിൽ എത്തും. അവിടുന്ന് നേരെ തിരിച്ച് കോഴിക്കോട്ടേക്ക്. എല്ലാ സ്ഥലങ്ങളും ഇന്ന് ശരിക്ക് ഓർമ്മയില്ല. എനിക്ക് പത്ത്-പതിനഞ്ച് വയസ്സ് വരെയുള്ള കാലമാണത്. തിരിച്ചെത്തുമ്പോഴേയ്ക്കും മേട മാസം ആയിട്ടുണ്ടാവും. പിന്നെ, ഇടവം, മിഥുനം അവധിയാണ്. കർക്കിടകത്തിൽ വീണ്ടും അഭ്യാസം തുടങ്ങും.
അന്ന് കൃഷ്ണാട്ട സംഘം എത്തിയാൽ എല്ലാവരും വളരെഭക്തിയോടെ ആണ് കണ്ടിരുന്നത്. പ്രത്യേക ബഹുമാനവും ലഭിച്ചിരുന്നു. ഈ പല മനകളിലും കഥകളി സംഘങ്ങളുമായും കലാകാരൻമാർക്ക് നല്ല സുഹൃത്ബന്ധം ഉണ്ടായിരുന്നു. ഈ യാത്രയിൽ മല്ലിശ്ശേരി മന, നടുവട്ടത്തച്ചൻമാർ എന്നിവരുടെ ഒക്കെ സഹായത്തോടെ ആണ് കോപ്പുകൾ നന്നാക്കിയിരുന്നത്.
അന്നത്തെ കളരി സാമൂതിരി കോവിലകത്തിന്റെ കീഴിലായിരുന്നു. പാലക്കൽ അച്യുതൻ നായരായിരുന്നു അന്നത്തെ പ്രധാന വേഷക്കാരൻ, എന്റെ ഗുരുവും. കളരിയിൽ നാല് വർഷത്തിലൊരിക്കൽ നാല് കുട്ടികളെ ചേർക്കും. അവതാര കൃഷ്ണൻ കെട്ടാൻ ചെറിയ കുട്ടികൾ വേണമല്ലോ. പിന്നെ അവർ അല്പം മുതിരുമ്പോൾ കാളിയമർദ്ദനം വേഷം, അങ്ങനെ ഓരോരോ വേഷങ്ങളായി ചെയ്തു തുടങ്ങും. ഉഴിച്ചിൽ, കണ്ണ് സാധകം, മെയ് സാധകം തുടങ്ങിയ എല്ലാ പരിശീലന മുറകളും അന്ന് കോഴിക്കോട് കളരിയിൽ ഉണ്ടായിരുന്നു. അതേ ചിട്ടകൾ തന്നെയാണ് പിന്നീട് ഗുരുവായൂർ കളരിയിലും തുടർന്നത്.
സാമൂതിരി ഭരണം ക്ഷയിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ കൃഷ്ണനാട്ടം നശിച്ചുകൂടാ എന്ന സാമൂതിരി രാജാവിന്റെയും കോട്ടക്കൽ തമ്പുരാന്റെയും തീരുമാന പ്രകാരം 51 ഇൽ കൃഷ്ണാട്ടം കലാകാരൻമാരെയും കളരിയെയും ഗുരുവായൂരപ്പന് സമർപ്പിച്ചു. അതിനു ശേഷം 53ഇൽ അന്നത്തെ സാമൂതിരിയുടെ മക്കളുടെ ആവശ്യപ്രകാരം,അച്ഛന് പഴയ പ്രതാപം വീണ്ടും ഉണ്ടാവണം എന്ന് അവർ കരുതിയിരുന്നിരിക്കാം, വീണ്ടും കളരി കോവിലകത്തേയ്ക്ക് മാറ്റി. പക്ഷേ, അക്കാലത്ത് വേണ്ട രീതിയിൽ കൊണ്ട് നടക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ പിന്നീട് 57, 58 ഓടെ തിരിച്ച് ഗുരുവായൂരിൽ തന്നെ എത്തുകയായിരുന്നു. പിന്നെ ഇന്ന് വരെ ഇതേ കളരി തുടരുന്നു.
? കൃഷ്ണനാട്ടത്തിൽ അഭിനയിച്ചു പൊലിപ്പിക്കലെക്കാൾ ആട്ടങ്ങൾക്ക് പ്രാധാന്യം വരുന്നു, ആട്ടങ്ങളെ താങ്കൾ കൂടുതൽ ചിട്ടയുള്ളതാക്കി എന്ന് പറഞ്ഞല്ലോ. പ്രധാനപ്പെട്ട ചില ആട്ടഭാഗങ്ങളെ എടുത്തു പറയാമോ
അതെ, കൃഷ്ണാട്ടം ആട്ടത്തിലൂടെയുള്ള കഥാവതരണമാണ്. ഇത് തന്നെയാണ് ഇതിനെ കഥകളിയിൽ നിന്ന് വേർതിരിച്ച് നിർത്തുന്ന പ്രധാന ഘടകവും. പല സന്ദർഭങ്ങളും അവതരിപ്പിക്കുന്നത് കൃത്യമായ താളത്തിൽ ചിട്ട ചെയ്യപ്പെട്ട നൃത്തങ്ങളിലൂടെയാണ്. ഇവയാണ് ആട്ടങ്ങൽ. അവയ്ക്കിടയിൽ രണ്ടു വരി കഴിഞ്ഞാൽ ആച്ചിൽ പിന്നെയും രണ്ടു വരി കഴിഞ്ഞാൽ കലാശം. അങ്ങനെ നാല് വരി ചേര്ന്നതാണ് ഒരു ചരണം. ആറും എട്ടും കലാശങ്ങൾ വരുന്ന ആട്ടങ്ങളൊക്കെ ഉണ്ട്.
പ്രധാനപ്പെട്ട ആറ്റങ്ങളിൽ ഒന്നാണ് മുല്ലപ്പൂ ചുറ്റൽ. സ്ത്രീവേഷങ്ങൾ അതായതു ഗോപികമാർ കളിക്കുന്ന ഒരു പ്രത്യേക തരം ചെമ്പടയിലുള്ള നൃത്തമാണ്. ഈ പേര് എന്താണെന്ന് വെച്ചാൽ, ഓരോരുത്തരും ചുവടു വെച്ച് സ്ഥാനങ്ങൾ, വശങ്ങളിലേക്കും മൂലകളിലെക്കും നീങ്ങി തിരിച്ചു വന്ന് അങ്ങനെ ഒഴുക്കോട് കൂടിയുള്ള വ്യത്യസ്ത ഘടനകൾ ഉണ്ടാക്കും. അവതാരത്തിൽ കൃഷ്ണനും ഗോപികമാരും തമ്മിലുള്ള നൃത്തഭാഗത്താണ് പ്രധാനമായും വരുന്നത്. അത് പോലെ രാസക്രീഡയിലെ ഗോപിക മാരുടെ നൃത്തത്തിനും ഏതാണ്ട് ഇതേ ശൈലിയാണ്. അവിടെയും കൈകൾ കോർത്ത് അങ്ങോട്ടും ഇങ്ങോട്ടും സ്ഥാനം മാറിയും കളിക്കുന്നു. അതുപോലെ അവതാരത്തിൽ അമ്പാടിയിൽ ഗോപികമാർ കൃഷ്ണനെ മാറി മാറി കൈയ്യിലെടുത്തു കളിക്കുന്ന ഭാഗമുണ്ട്. അതാണ് ‘കുട്ടിയെ എടുത്താട്ടം’. പിച്ച വെയ്ക്കുന്ന കാലത്ത് കൃഷ്ണനേയും ബലരാമനെയും അമ്മമാർ കൈപിടിച്ച് നടത്തുന്ന ഭാഗം ‘കൈപിടിച്ചാട്ടം’. ഇവിടെയെല്ലാം വെറും അഭിനയമല്ല. എല്ലാം ചിട്ടപ്പെട്ട ആട്ടങ്ങൾ തന്നെ.
അതുപോലെ, വിശ്വരൂപത്തിനു മുൻപ്, അതായത് കൃഷ്ണജനനത്തിനു മുൻപ് സന്തോഷ സൂചകമായി ഗോപികമാരുടെ നൃത്തമുണ്ട്, ‘സ്തുതി’. ആകാശം ആണെന്ന് കാണിക്കാൻ തിരശ്ശീല പിടിച്ച് മുഖം മാത്രം പുറത്തു കാണും വിധത്തിലാണ് ‘സ്തുതി’ ചെയ്യുന്നത്. സ്ത്രീ വേഷങ്ങളുടെ കൂടുതൽ ആട്ടങ്ങളും ചെമ്പടയിലാണ്. തിരശ്ശീലക്കപ്പുറം നിന്നിട്ടുള്ള നൃത്തങ്ങൾ വേറെയും പലയിടത്ത് ഉണ്ട്. കൃഷ്ണനെ കെട്ടി കൊണ്ടുവന്ന് യശോദയോട് ഗോപികമാർ പരാതി പറയുന്ന ഭാഗമായിരുന്നു ‘അന്യായപദം’. അതിലും ഗോപികമാർ നൃത്തത്തിലൂടെയാണ് വരുന്നതും പറയുന്നതും. ചില മുദ്രകളും അഭിനയ ഭാഗങ്ങളും ചേർത്തത്തിന്റെ ഭാഗമായി, ഓരോ ഗോപികമാർ മുന്നോട്ട് വന്നു അഭിനയിക്കും. ആ സമയം മറ്റുള്ളവർ നൃത്തം ചവിട്ടിക്കൊണ്ട് നിൽക്കും.
കാളിയമർദ്ദനത്തിലെ കൃഷ്ണന്റെ പഞ്ചാരിയിലുള്ള ആട്ടം വളരെ ഭംഗിയുള്ളതും അൽപം കടുപ്പമുള്ളതുമാണ്. പൊതുവെ കുട്ടികളായിരിക്കും ചെയ്യുക. നാല് ദിക്കിലേക്കും നാല് മൂലകളിലേക്കും തിരിഞ്ഞ് എട്ടു ചരണങ്ങൾ ഉണ്ട്. നാല് താളവട്ടത്തിൽ. അവസാനം ഇരട്ടികളും. അവയ്ക്കെല്ലാം ഉള്ളിൽ ആച്ചിലും കലാശങ്ങളും. ഒന്ന് ഒന്നര മണിക്കൂറോളം നീളുമായിരുന്നു ഒറ്റ കൃഷ്ണ വേഷത്തിന്റെ ഈ ആട്ടം. പഞ്ചാരിയിലുള്ള ഘണ്ടാകർണ്ണന്റെ പ്രവേശവും കളികളും ചലനങ്ങളിലൂടെ ഹാസ്യം ജനിപ്പിക്കുന്നതാണ്. കാല് പിണച്ച് വെച്ചും തൂണിൽ പിടിച്ചിട്ടുമോക്കെയുള്ള വരവ് തന്നെ കാണികളെ ചിരിപ്പിക്കും.
ചെമ്പയിലെ കംസന്റെ ആട്ടങ്ങൽ, ചെമ്പടയിലുള്ള മല്ലയുദ്ധം എല്ലാം വളരെ വ്യത്യസ്തവും ഭംഗിയുമുള്ള നൃത്ത ചലനങ്ങളാണ്. മല്ലയുദ്ധം, ബാണന്റെ യുദ്ധം, നരകാസുരന്റെ വധം, വിവിടന്റെ വധം ഇതെല്ലാം മുറുകിയ കാലത്തിലുള്ള യുദ്ധവട്ടങ്ങളാണ്. യുദ്ധഭാഗത്ത് മല്ലൻമാരുടെ അങ്ങോട്ടും ഇങ്ങോട്ടും ശൗര്യം കാണിച്ചുകൊണ്ടുള്ള ചുവടുകൾഒക്കെ ഏറെ അഭ്യാസം വേണ്ടി വരുന്ന ഭാഗങ്ങളാണ്. യുദ്ധത്തിന്റെ അവസ്ഥ സൃഷ്ടിക്കുന്നത് കൃത്യമായ ചുവടുകളോട് കൂടിയ നൃത്തത്തിലൂടെയാണ്.
സ്വർഗ്ഗാരോഹണത്തിലെ ഒരു പ്രധാന ഭാഗമാണ് ഉദ്ധവനും കൃഷ്ണനും തമ്മിലുള്ള ചോദ്യോത്തരങ്ങൾ നൃത്തത്തിലൂടെ തന്നെയാണ് അവതരണം. ഇപ്പോൾ കുറച്ച് മുദ്രകളൊക്കെ ചേർത്തിട്ടുണ്ടെങ്കിലും രണ്ടു പേരും ചേർന്നിട്ടുള്ള ആട്ടങ്ങൾ തന്നെയാണ് പ്രധാനം. പണ്ടൊക്കെ ആട്ടങ്ങൾക്കുള്ളിൽ പ്രത്യയങ്ങൾക്ക് മാത്രം ചില മുദ്രകളെ കാണിക്കാറുള്ളൂ. ഇന്ന് കുറച്ചു കൂടെ അർത്ഥത്തിനു യോജിച്ച മുദ്രകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പണ്ട് ഈ ചോദ്യോത്തര ആട്ട ഭാഗം തന്നെ രണ്ട് മണിക്കൂറിലധികം വരുമായിരുന്നു.
അങ്ങനെ എടുത്തു പറയുകയാണെങ്കിൽ എല്ലാം നൃത്തം ആയിരുന്നു പണ്ട്. ഓരോ ഭാവങ്ങളും അവസ്ഥകളും എല്ലാം ആട്ടങ്ങളിലൂടെയാണ് കാണിച്ചിരുന്നത്. ഇന്നും ആട്ടങ്ങൾ മാറ്റിയിട്ടില്ല, അൽപം അഭിനയവും മുദ്രകളും ചേർത്തു എന്ന് മാത്രം. ആട്ടങ്ങൽ ആണ് കൃഷ്ണനാട്ടത്തിന്റെ മുഖമുദ്ര.
? ഒരു കല എന്ന രീതിയിൽ കൃഷ്ണനാട്ടത്തെ സമീപിക്കാനും, സൗന്ദര്യ വീക്ഷണങ്ങൾക്കനുസരിച്ച് കൂടുതൽ ചിട്ടപ്പെട്ടതാക്കാനുമുള്ള താങ്കളുടെ പ്രവർത്തനങ്ങൾക്ക് സ്വാധീനമായിട്ടുള്ളത് എന്തൊക്കെയാണ്? അല്ലെങ്കിൽ ആരൊക്കെയാണ്?
ഗുരുവായൂര് കളരിയിൽ എത്തിയ ശേഷം പന്തളം കേരളവർമ്മ രാജ ഇവിടെ വന്ന്ഹസ്തലക്ഷണ ദീപിക, മുദ്രകൾ, അവയുടെ സൈദ്ധാന്തിക വശങ്ങൾ എന്നിവയെ കുറിച്ച് ക്ലാസുകൾ എടുത്തിരുന്നു. പദങ്ങളെയും ആട്ടങ്ങളെയും ചിട്ടപ്പെട്ടതാകാൻ ആ മുദ്ര ക്ലാസ്സ് പ്രയോജനപ്പെട്ടിട്ടുണ്ട്.
പിന്നെ മനോധർമ്മം പ്രയോഗിക്കാനോക്കെ എനിക്ക് സ്വാധീനമായാത് പാരമ്പര്യമായി ലഭിച്ച കലാവാസന ആയിരിക്കാം. കളിയിലെ വ്യക്തത കളരിയിൽ നിന്ന് തന്നെ ലഭിച്ചതാണ്. പാലക്കൽ അച്യുതൻ നായരാശാന്റെയും ഗോപാലൻ നായരാശാന്റെയും കീഴിലെ സാധക കളരികളും അഭ്യാസങ്ങളും, കഠിനമായ നിഷ്ഠയോടെയുള്ള ചൊല്ലിയാട്ടങ്ങളും. കഥകളിയിൽ വി.പി രാമകൃഷ്ണൻ നായര്, സദനം കൃഷ്ണൻ കുട്ടി എന്നിവരിൽ നിന്നാണ് ലവനാസുര വധം, ദക്ഷയാഗം തുടങ്ങിയ ചില വേഷങ്ങൾ പഠിച്ചത്. ഇതിലപ്പുറം എന്നെ സ്വാധീനിച്ചിട്ടുള്ള പ്രധാന വ്യക്തി ചെർപ്പ്ളശ്ശേരി എവുണ്ണി കർത്ത എന്ന പണ്ഡിതൻ ആയിരുന്നു. ഭാവന വളരാൻ, തുറന്ന സൗന്ദര്യ വീക്ഷണം ലഭിക്കാനൊക്കെ അദ്ദേഹവുമായുള്ള പരിചയം ഒരുപാട് സഹായകമായിട്ടുണ്ട്. അദ്ദേഹവും ഞാനും ചില നൃത്തനാടകങ്ങൾ ചിട്ടപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ നവോദ്ധാനപ്രവർത്തനങ്ങളിലോക്കെ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു കർത്താ.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |