Category: Feature

കാലം, കല, കലാകാരി – മോഹിനിയാട്ടത്തിന്റെ ശൈശവമാടിയവരിലൂടെ.

Pub. [Samayam Magazine June 2018] : കാലം, കല, കലാകാരി.

കലാപഠനം ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമായിക്കഴിഞ്ഞ ഒരു മേഖലയാണ്. പ്രത്യേകിച്ച് ക്ലാസിക്കൽ സംഗീതം നൃത്തം തുടങ്ങിയവ. നഗരപ്രദേശത്തായാലും നാട്ടിൻപുറത്തായാലും പല നിലവാരത്തിലുള്ള ധാരാളം നൃത്ത, സംഗീത ക്ലാസുകൾ ഇന്ന് നടന്നു വരുന്നു. കലോത്സവങ്ങളിലുള്ള താല്പര്യം മൂലമോ, സമൂഹമാധ്യമങ്ങൾ പോലുള്ള പുത്തനിടങ്ങളിലൂടെ ലഭിക്കുന്ന ജനകീയതയിൽ ആകൃഷ്ടരായോ, ഏതെങ്കിലും ഒരു കലാരൂപം പഠിക്കാതെ കുട്ടികൾ വളരുന്നത് ഒരു ‘കുറച്ചിൽ’ ആയി ഇന്ന് വലിയൊരു വിഭാഗം ജനങ്ങൾ കണ്ടുവരുന്നു. കലാപ്രയോഗ രംഗത്തെ സാധ്യതകളെയും, പഠന ഗവേഷണ മേഖലകളേയും മുന്നിൽ കണ്ട്, പാഷനും പ്രൊഫഷനും ആയി ക്ലാസിക്കൽ കലകളെ സ്വീകരിക്കുന്നവരും കുറവല്ല.

എന്നാൽ ഏതാനും ദശകങ്ങൾക്ക് മുൻപ് നമ്മുടെ സമൂഹത്തിൽ കലാപഠനവും പ്രയോഗരംഗവും ഇത്രയും ലളിതവും സുന്ദരവുമായിരുന്നില്ല. രാജ്യം പൂർണ്ണമായി വിദേശികളാൽ അടിച്ചമർത്തപ്പെട്ട സാഹചര്യത്തിൽ, ഭക്ഷണം പോലുള്ള അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമം അനുഭവിച്ചിരുന്ന സന്ദർഭത്തിൽ, സുന്ദര കലകളുടെ ആസ്വാദനം പിന്തള്ളപ്പെട്ടു പോയി എന്ന് പറയുന്നത് ഒരു പരിധി വരെ ശരിയായിരിക്കും. ഒരു സംസ്കാരത്തെ തന്നെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാവണം സംസ്കാര-പൈതൃക ചിഹ്നങ്ങളായ കലാരൂപങ്ങളും പലരീതിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്.

കലകളെ പ്രത്യേകിച്ച് നൃത്തത്തെ വളരെ മോശമായി കണക്കാക്കിയിരുന്ന, പെൺകുട്ടികൾക്ക് നൃത്തപഠനത്തിന് ഒരു സ്ഥാപനം ആരംഭിച്ചപ്പോൾ വിദ്യാർത്ഥിനികളെ ലഭിക്കാൻ അതിന്റെ ഭാരവാഹികൾ ഏറെ ബുദ്ധിമുട്ടിയ കാലം വളരെ പുറകിലൊന്നുമല്ല. കേവലം 6 ,7 പതിറ്റാണ്ടുകൾക്ക് മുൻപ്! കേരളീയ കലകളുടെ ക്ഷേത്രമായി ലോകത്തിനു മുന്നിൽ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കേരള കലാമണ്ഡലത്തിന്റെ മോഹിനിയാട്ടകളരിയുടെ ആരംഭ കാല അവസ്ഥയെ കുറിച്ചാണ് പറഞ്ഞു വന്നത്. Read More

കലയിൽ ലയിച്ച തിലക താരം

Pub. [Mathrubhumi] : ഉദാഹരണം അപർണ്ണ.

Aparna Sharma
വീണ്ടുമൊരു കലോത്സവ മേളം കൊട്ടിക്കയറുമ്പോൾ, പോയ വർഷങ്ങളിലെ കലോത്സവ വർത്തകളേയും താരങ്ങളേയും ഓർത്തു പോവുക സ്വാഭാവികം. ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കലോത്സവം കലാ തിലക-പ്രതിഭാ പട്ടങ്ങൾക്കായുള്ള മത്സരമായിരുന്ന കാലത്ത് വിജയികൾക്ക് വലിയൊരു താര പരിവേശം തന്നെയാണ് ലഭിച്ചിരുന്നത്. അന്നത്തെ പല പ്രതിഭകളും പിന്നീട് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങളായതും നാം കണ്ടു. ചിലർ പിൽക്കാലത്ത് മറ്റു മേഖലകളിലേക്ക് തിരിഞ്ഞു പോയ കഥകളും ധാരാളം. ഇതിൽ നിന്നും വ്യത്യസ്തമായി കലോത്സവ വേദികളിൽ തിളങ്ങിയ മേഖലകളേതൊക്കെയോ അവയിൽ തന്നെ ഉറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ചവർ വളരെ ചുരുക്കമേ ഉണ്ടാകൂ. അക്കൂട്ടത്തിലൊരു കലാതിലകത്തെ ഓർക്കുകയാണിന്ന്.
90 കളുടെ അവസാനത്തിൽ ഇന്നറിയപ്പെടുന്ന പല ചലച്ചിത്ര താരങ്ങളും പങ്കെടുത്തിരുന്ന നൃത്ത വേദികളിൽ മത്സരിച്ച് ഉന്നത വിജയം നേടിയ അപർണ്ണ. കെ. ശർമ്മയെന്ന ഗുരുവായൂർകാരിയെ കലോത്സവ പ്രേമികൾ മറന്നുകാണില്ല. തുടർച്ചയായി അഞ്ചു വർഷങ്ങൾ ജില്ലാതലത്തിലും, 2000ത്തിൽ സംസ്ഥാന തലത്തിലും കലാതിലകപ്പട്ടം ചൂടിയ അപർണ്ണ നൃത്ത-സംഗീത ഇനങ്ങളിൽ മാത്രമല്ല, സംസ്കൃതോത്സവത്തിലും തിലകപ്പട്ടം ചൂടിയിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ മുതിർന്ന നർത്തകിയുടേതായ പക്വതയോടെ അപർണ്ണ അവതരിപ്പിച്ചിരുന്ന നൃത്താവതരണ വേദിയിൽ കാഴ്ചക്കാർ തടിച്ചു കൂടുന്നത് സ്ഥിരമായിരുന്നു. നൃത്തത്തിൽ മാത്രമല്ല, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, പാഠകം, ചമ്പു പ്രഭാഷണം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽ മികവ് തെളിയിച്ച അപർണ്ണ തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തയാകുന്നത് അതേ മേഖലയിൽ തന്നെ ഇന്നും സജീവമായി തുടരുന്നു എന്നതിലാണ്. Read More

നാട്യാർപ്പണം…

Pub. [Mathrubhumi] : നാട്യാർപ്പണം…

Aparna Nangiarകൂത്തിലും കൂടിയാട്ടത്തിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു ഡോ. അപർണ നങ്ങ്യാർ .അപർണയുടെ വേറിട്ട ഒരു കാൽവെപ്പായിരുന്നു ചുടലക്കൂത്തിന്റെ ചിട്ടപ്പെടുത്തൽ…

സമുദായങ്ങൾ കുലത്തൊഴിലായി അനുവർത്തിച്ചുപോന്ന പല കലാരൂപങ്ങളും പുതുതലമുറയുടെ ഉപേക്ഷമൂലം മാഞ്ഞുതുടങ്ങുകയാണ്. പാരമ്പര്യമായി തനിക്കുപകർന്നുകിട്ടിയ കലയെ ആധികാരികമായി അഭ്യസിക്കുകയും മികവാർന്ന പ്രകടനത്താൽ ആ കലയെ ഉയരത്തിൽ പ്രതിഷ്ഠിക്കുകയും – ഡോ. അപർണ നങ്ങ്യാരുടെ പ്രസക്തി അവിടെയാണ്. ഒരുകാലത്ത് ചാക്യാർ, നമ്പ്യാർ സമുദായക്കാർ മാത്രം അവതരിപ്പിച്ചിരുന്ന കൂടിയാട്ടവും കൂത്തും ഇതര സമുദായക്കാരും അഭ്യസിക്കാൻ തുടങ്ങിയത് കൂടിയാട്ടത്തിന്റെ വളർച്ചയിൽ ഒരു വഴിത്തിരിവു തന്നെയായിരുന്നു. എങ്കിലും കൂടിയാട്ടത്തിന്റെ പാരമ്പര്യവേരുകളും അതിശക്തമായിതന്നെ നിലനിൽക്കുന്നു എന്നതിന് തെളിവാണ് ഈ കലാകാരി.

കേരളത്തിലെ കൂടിയാട്ടഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന ഇരിങ്ങാലക്കുടയിൽ, മിഴാവിന്റെ താളം കേട്ടുവളർന്ന അപർണയ്ക്ക് ചുറ്റും എന്നും ഈ കലയുണ്ടായിരുന്നു. നാട്യകലയിലെ മുടിചൂടാമന്നനായിരുന്ന അമ്മന്നൂർ മാധവചാക്യാരുടെ അവസാന ശിഷ്യഗണത്തിൽ ഒരാളാവാൻ സാധിച്ചു എന്നതാണ് അപർണയ്ക്ക് ലഭിച്ച ഏറ്റവുംവലിയ ഭാഗ്യം. Read More