Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? മോഹിനിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
എന്നും പരീക്ഷണങ്ങൾക്ക് രണ്ടു വശങ്ങൾ ഉണ്ട്. ചിലത് ഈ കലയെ ഒരുപാട് ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കാരണമാകും. അതേ സമയം വെറുതെ മാറ്റാൻ വേണ്ടി വരുന്ന മാറ്റങ്ങൾ കലയെയോ കലാകാരിയേയോ എവിടെയും എത്തിക്കില്ല. രണ്ടും ഈ കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. ഏതു ക്ലാസിക്കൽ കലകളെ ആയാലും പൗരാണികതയുടെ ചെപ്പിലിട്ട് പൂട്ടാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. ഈ കല ഇങ്ങനെയാണ്, അത് നമുക്ക് മാറ്റാൻ പാടില്ല എന്ന വിശ്വാസം. പക്ഷേ ഈ അവസ്ഥയിൽ നിന്ന് മാറി, ധൈര്യപൂർവ്വം പരീക്ഷണാടിസ്ഥാനത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് മുതിർന്ന വലിയൊരു കൂട്ടം കലാകാരികൾ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ട്.
മോഹിനിയാട്ടത്തിൽ ചിട്ടപ്പെടുത്തലുകൾക്ക് തുടക്കം കുറിക്കുന്നത് കല്യാണിക്കുട്ടിയമ്മയും സത്യഭാമ ടീച്ചറും ഒക്കെ ആണല്ലോ. അതോടെയാണ് മോഹിനിയാട്ടത്തിന് തനിയെ നിൽക്കാവുന്ന ഒരു നൃത്ത രൂപം എന്ന നിലയിൽ ഒരു വ്യക്തിത്വം കൈവരുന്നത്. ക്ഷേമ ടീച്ചറുടെയും ലീലാമ്മ ടീച്ചറുടെയുമൊക്കെയായി ധാരാളം ചിട്ടപ്പെടുത്തലുകൾ പിന്നീട് നാം കണ്ടു. അത് കൂടാതെ എന്നെ വളരെ ആകർഷിച്ച ചില ചിട്ടപ്പെടുത്തലുകളായിരുന്നു ഭാരതി ശിവാജിയുടേത്.
എടുത്തു പറയേണ്ട ഒരു മാറ്റം ആയിരുന്നു മോഹിനിയാട്ടത്തിൽ സോപാന സംഗീതവും കേരള താളങ്ങളുമൊക്കെ വന്നത്. അടുത്ത കാലത്ത് അതിനെ കുറിച്ച് കുറെ തർക്കങ്ങളൊക്കെ നടന്നു. എന്റെ അഭിപ്രായത്തിൽ ഒന്നിനെ മാത്രം സ്വീകരിച്ച് മറ്റേതിനെ തള്ളികളയേണ്ട ആവശ്യമില്ല. അത് നമ്മുടെ സാധ്യതകളെ കൂട്ടുകയല്ലേ ചെയ്യുന്നത്. എപ്പോഴും ശ്രദ്ധിക്കേണ്ടത് ഔചിത്യമുള്ള മാറ്റങ്ങളെ സ്വീകരിക്കാനാണ്.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
ചെറുപ്പം മുതലേ നൃത്തം പഠിച്ചിരുന്നുവെങ്കിലും, പഠിച്ച്ചതിനനുസരിച്ച് ചെയ്യുക എന്നല്ലാതെ ഇതിൽ അലൗകികമായ എന്തോ ഒന്ന് ഉണ്ട് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടാകുന്നതും, അത് ഇനിയും ലഭ്യമാകേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാക്കി അടിസ്ഥാനം മുതൽ നൃത്ത പഠനം വീണ്ടും ആരംഭിക്കുന്നതും 1993, 94 കാലഘട്ടത്തിൽ ആയിരുന്നു. കോട്ടക്കലിൽ വെച്ച് കണ്ട ചിത്ര വിശേശ്വരന്റെ ഒരു പെർഫോമനസാണ് ഈ തിരിച്ചറിവ് എന്നിൽ ഉണ്ടാക്കിയത്. അങ്ങനെ ക്ഷേമ ടീച്ചറുടെ കീഴിൽ തുടർ പഠനം ആരംഭിച്ച അതേ കാലത്ത് തന്നെയാണ് എന്റെ ആദ്യത്തെ കോറിയോഗ്രഫി ഓമനത്തിങ്കൾ ചെയ്യുന്നതും. മോഹിനിയാട്ടത്തിനായല്ലാതെ എഴുതപ്പെട്ട ഒരു രചന ഞാൻ ആദ്യമായി ചെയ്യുന്നത് അതായിരുന്നു. വരികൾക്കനുസരിച്ച് മുദ്ര കാണിക്കുക എന്നതിലപ്പുറം വാക്കുകളിൽ ഒളിച്ചിരിക്കുന്ന ‘ധ്വനി’യെബുദ്ധി പൂർവ്വം ഉപയോഗിച്ചാൽ ആസ്വാദ്യതയും സൗന്ദര്യാത്മകതയും വർദ്ധിക്കും എന്ന അറിവ് ഈ നൃത്ത സംവിധാനത്തിന്റെ ജീവ ചൈതന്യമായി മാറി.. ആ അവസരത്തിൽ തന്നെയാണ് ഒരിക്കൽ ‘ഭാവയാമി രഘുരാമം’ രാമായണ കഥ മുഴുവനായി അവതരിപ്പിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയത്. പക്ഷേ, ഇന്നാണെങ്കിൽ ഞാൻ അങ്ങനെയൊന്ന്ചെയ്യാൻ മുതിരില്ല. കാലം എന്നിലും, എന്റെ ചിന്തകളിലും വരുത്തിയ മാറ്റം അനുസരിച്ച് ഇന്ന് ഞാൻ ശ്രമിക്കുക, കഥയെ എത്രയും വലിച്ചു നീട്ടലിൽ അല്ല, മറിച്ച് ഒരു സൂക്ഷ്മാംശത്തെ എത്രയും ഭംഗിയായി അവതരിപ്പിക്കുന്നതിലാണ്. ഒരു കുന്നിക്കുരുവിൽ ആയിരം ആനയെ കൊത്തിവെയ്ക്കാം എന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ട്. കാലവും പരിചയവും പക്വതയുമാണ് നമ്മളെ ഇത്തരം തിരിച്ചറിവിലേക്ക് എത്തിക്കുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മോഹിനിയാട്ടത്തിന്റെ ആംഗികാഭിനയത്തിൽ മോഹിനിയാട്ടത്തിന്റെ ലാസ്യ ഭംഗിയെ കൃത്യമായി നിർവചിക്കാൻ സാധിച്ചു. ‘ദ്വിഭംഗിയിൽ’ അധിഷ്ഠിതമായ വർത്തുള ചലനങ്ങൾ’ എന്ന് ഏറ്റവും ചുരുങ്ങിയ വാക്കിൽ ഇത് നിർവചിക്കാം. മോഹിനിയാട്ടത്തിലെ അടവുകളെയെല്ലാം ഈ നിയമത്തിലേക്ക് ഏകോപിപ്പിക്കുവാൻ കഴിഞ്ഞു. ഞാൻ ചെയ്ത ഒരു പ്രധാന മാറ്റം. വർണ്ണത്തിന്റെ ഘടനയിൽ ഉണ്ടാക്കിയതായിരുന്നു. വർണ്ണത്തിൽ ദ്വന്ദ ഭാവമാണ് പ്രധാനമായി വരുന്നത്, നായികാ ഭാവവും, നർത്തകിയും. ശുദ്ധ നൃത്തം നർത്തകിയായി ചെയ്യണം, അല്ലാതെ അവിടെ നായികയല്ല നൃത്തം ചെയ്യുന്നത്. പൊതുവെ വിരഹോത്കണ്‍ഠിതയോക്കെയാവും നായിക, അതിനു ചേർന്ന വരികളും ആയിരിക്കും. ആ വരികൾ പാടി അടവ് ചെയ്യുമ്പോൾ ദ്രിശ്യവും ശ്രവ്യവും രണ്ടായി നിൽക്കുകയല്ലേ. അത് എങ്ങനെ വന്നു എന്ന് അന്വേഷിച്ചപ്പോൾ വർണ്ണത്തിന് ഇന്നത്തെ ഘടന നൽകിയ വർണ്ണം ചെയ്ത സത്യഭാമ ടീച്ചർ പറഞ്ഞത് ഇതായിരുന്നു “ഇത് ഭരതനാട്യം പോലെ ആവരുത് എന്നേ ഞാൻ കരുതിയിട്ടുള്ളൂ”. ഭരതനാട്യത്തിലെ നല്ല വശങ്ങൾ സ്വീകരിക്കുകയാണ് സത്യഭാമ ടീച്ചർ ചെയ്തത്. എന്നാൽ മുഴുവനായി ഭരതനാട്യം എന്ന് തോന്നാതിരിക്കാൻ അടവ് ഭാഗത്ത് സാഹിത്യം ചേർക്കുകയും ചെയ്തു. നമ്മൾ ചൊൽക്കെട്ടിൽ ചൊല്ലുകൽക്ക് അനുസരിച്ചല്ലേ നൃത്തം ചെയ്യുന്നത്. നൃത്തത്തിന്റെതായ ആനന്ദ ഭാവം പൂർണ്ണമായി അവിടെ കൊണ്ട് വരാൻ പറ്റുന്നു. അങ്ങനെയാണ് ചൊല്ലുകൾ ചേർത്ത അടവുകളോട് കൂടി വർണ്ണം ചിട്ടപ്പെടുത്തിയത്. മോഹിനിയാട്ടത്തിന്റെ ചലന സ്വഭാവത്തോട് ചേർന്ന രീതിയിലുള്ള ചൊല്ലുകൾ ചേർക്കുമ്പോൾ കൂടുതൽ ഭംഗിയുള്ള അനുഭവം സൃഷ്ടിക്കാൻ കഴിയും. അത് ഒരിക്കലും ഭരതനാട്യ ജതിയുടെ ഛായയിലേക്ക് പോകില്ല. തീരുമാന ഭാഗങ്ങളിൽ കലാശങ്ങൾ ചേർത്തു.
പിന്നെ മറ്റൊന്ന് കവിതകൾ മോഹിനിയാട്ടത്തിൽ ചെയ്തത്. പലരും തെറ്റായി പറയുന്ന ഒന്നുണ്ട്. ഞാനാണ് ആദ്യമായി കവിതകൾ മോഹിനിയാട്ടത്തിൽ ചെയ്തത് എന്ന്. പക്ഷെ, അങ്ങനെയല്ല. ഒരു പക്ഷേ എന്റെ കവിതകൾ ആയിരിക്കാം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ രണ്ടു മാധ്യമത്തിന്റെയും, അതായത് കവിതയുടേയും മോഹിനിയാട്ടത്തിന്റെയും സാധ്യതകളും പരിമിതികളും പരസ്പര പൂരകങ്ങളാകുന്ന വിധത്തിൽ എങ്ങനെ വിജയകരമായി യോജിപ്പിക്കാം എന്നാണ് ഞാൻ കണ്ടെത്തിയത്. എല്ലാവർക്കും സുപരിചിതമായിരുന്നു ഓമനത്തിങ്കൾ കിടാവോ.. പക്ഷേ, അതിലെ ഓരോ വരികളിലെ വാക്കുകളും ഒരു കുട്ടിയുടെ ഭാവങ്ങളും ചലനങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്താം എന്നാണ് ചിന്തിച്ചത്. വാക്കുകൾക്കുള്ളിലേക്കുള്ള ഒരു വായനയായിരുന്നു. അത് തന്നെയാണ് കറു കറെ കാർമുകിലിലും സംഭവിച്ചത്. കവിത കവിയിൽ നിന്ന് വിട്ടു പോയി അതിന് വേറൊരു മാനം കിട്ടുകയായിരുന്നു. ഒരു കൃഷിക്കാരന്റെ മനസ്സിലൂടെ എഴുതിയ വരികൾ ഇന്ന് അറിയപ്പെടുന്നത് മയിലിന്റെ നൃത്തത്തിലൂടെയാണ്. അതുപോലെ പൂതപ്പാട്ട്, ഗീതാഞ്ജലി, വർഷമോഹിനി, പൂതനയെ വ്യത്യസ്തയായി അവതരിപ്പിച്ച പൂതനാമോക്ഷം ഇതൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട ഇനങ്ങളായിരുന്നു. കറു കറെ കാർമുകിലിൽ മയിൽ , ‘കസ്തൂരിമാനിൽ’ മാനിന്റെ ചലനങ്ങൾ ഇതിലൂടെയൊക്കെ ശരീര ചലനത്തിന്റെ പ്രത്യേകതകളെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ആകാശ ചാരി ചെയ്യാതെ തന്നെ ആ അനുഭവം കൊണ്ടുവരാൻ ഈ മാനിന്റെ അവതരണത്തിൽ ശ്രമിച്ചിരുന്നു. പിന്നെ, ആദ്യകാലത്ത് ഭാരതി ശിവജിയുടെ ഇനങ്ങൾ എന്നെ ആകർഷിച്ചു എന്ന് പറഞ്ഞല്ലോ, അതിലെ കേരളീയതയാണ് എന്റെ ശ്രദ്ധ അതിലേക്ക് തിരിച്ചു വിട്ടത്. കേരളീയതയുടെ മുദ്രയായി വേണ്ടത് ഒന്ന്- ഭാഷ, പിന്നെ കേരള താളങ്ങൾ. ആ സമയത്താണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫെല്ലോഷിപ്പ് കിട്ടിയത്. കേരള താളങ്ങളെ കുറിച്ചായിരുന്നു പഠനം. അങ്ങനെ ആ രീതിയിലുള്ള കുറേ ഇനങ്ങൾ ചെയ്തു. ഇന്ന് എന്റെ ഇനങ്ങൾ രണ്ടു സംഗീത പദ്ധതിയിലും ഉള്ളതാണ്. ഒരിനത്തിൽ രണ്ടും കൂട്ടി ചേർക്കലല്ല. ഉദാഹരണമായി, ചൊൽക്കെട്ടും ചെയ്യാറുണ്ട് മുഖചാലവും ചെയ്യാറുണ്ട്- ഒരു കച്ചേരിയിലല്ല (കേരളീയ താള പദ്ധതിയിലുള്ള ചൊൽക്കെട്ടിനെയാണ് ഞാൻ മുഖചാലം എന്ന് വിളിക്കുന്നത്). എന്നെ സംബന്ദ്ധിച്ച് വെറും അക്ഷര കാലങ്ങളല്ല താളം, താള ക്രിയകളാണ് അതിന്റെ ഐഡന്റിറ്റി. ഒരേ അക്ഷരകാലങ്ങളുള്ള വ്യത്യസ്ത താളങ്ങൾ കർണ്ണാടക സംഗീത പദ്ധതിയിലും ഉണ്ടല്ലോ. നിശ്ശബ്ദതയ്ക്കും അശബ്ദത്തിനും അതിൽ സ്ഥാനമുണ്ട്. രണ്ടും കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. ഈ രണ്ട് താള പദ്ധതികളെയും സ്വീകരിച്ചു കൊണ്ടുള്ള സാധ്യതകൾ നമ്മുടെ അവതരണ മാർഗ്ഗത്തെ കൂടുതൽ വിസ്താരമുള്ളതാക്കുകയാണ് ചെയ്യുന്നത്. ഞാൻ അതിൽ ഒരുപാട് സന്തോഷിക്കുന്ന ഒരു വ്യക്തിയാണ്. പിന്നെ, ഇനി എന്ത് മാറണം എന്ന് ചോദിച്ചാൽ അത് ഓരോ കാലത്തിന്റെയും ആവശ്യമനുസരിച്ച് വ്യത്യാസപ്പെടും എന്നേ എനിക്ക് തോന്നുന്നുള്ളൂ. ഒരിക്കലും ഒന്നും പൂർണ്ണമാവുന്നില്ലല്ലോ. കാലം ആവശ്യപ്പെടുന്ന മാറ്റം എപ്പോഴും വരും.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
വിവിധ അഭിപ്രായങ്ങൾ ആസ്വാദകരിൽ നിന്ന് ലഭിക്കാറുണ്ട്. നല്ല ഒരു കൂട്ടം ആസ്വാദകർ മോഹിനിയാട്ടത്തിനുണ്ട് എന്ന് അറിയുമ്പോൾ സന്തോഷം തോന്നാറുണ്ട്. ചില അവതരണങ്ങൾ കണ്ടിട്ട് നൃത്തവും സംഗീതവും നർത്തകിയും തമ്മിൽ ഒന്നായി ചേർന്ന് കാണുന്ന അനുഭവത്തെ കുറിച്ചും അതിൽ നിന്ന് ലഭിച്ച ആനന്ദത്തെ കുറിച്ചും പലരും പറഞ്ഞിട്ടുണ്ട്. അവിടെയാണ് ഒരു നർത്തകിയുടെ ഏറ്റവും വലിയ സന്തോഷവും വിജയവും.
മാറ്റത്തെ ആവശ്യപ്പെടുന്ന ആസ്വാദകർ തന്നെയാണ് കൂടുതൽ.
ആസ്വാദകർ എന്ത് പറഞ്ഞാലും അത് സ്വീകരിക്കാൻ പറ്റില്ലല്ലൊ. പക്ഷേ, യുക്തിപരമാണെന്ന് തോന്നുന്ന പല നിർദ്ദേശങ്ങളും സ്വീകരിച്ചിട്ടുമുണ്ട്. അത്തരത്തിൽ മാറ്റിയ ഒന്നായിരുന്നു പൂതപ്പാട്ടിലെ പൂതത്തിന്റെ ഭാഗം. ആസ്വാദകരുടെ ആവശ്യപ്രകാരം പൂതത്തിന്റെ രൗദ്രഭാവം ഉൾപ്പെടുത്തുകയായിരുന്നു. പിന്നെ, മറ്റൊന്ന് ‘അന്തിത്തിരി’. പൂതപ്പാട്ടിനു ശേഷം ഇടശ്ശേരിയുടെ മകൻ മാധവേട്ടന്റെ ആവശ്യപ്രകാരമാണ് ആ കവിത കൂടി ചെയ്തത്. അതുപോലെ ഒരു നാടൻ വരികളിൽ ‘മോഹിനിയട്ടത്തം’ ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞ് ചെയ്ത ഒരിനമായിരുന്നു ‘അർദ്ധനാരീശ്വരം’. എനിക്ക് വ്യക്തിപരമായി സ്വാതന്ത്ര്യമുള്ള ആസ്വാദകരോട് അങ്ങോട്ട് അഭിപ്രായങ്ങൾ പറയാൻ ആവശ്യപ്പെടാരുമുണ്ട്.
? ‘ഇനിയും ഏറെ ലഭിക്കാനുണ്ട്’ എന്ന തിരിച്ചറിവിൽ നിന്നാണ് നൃത്തത്തിന്റെ ഉള്ളറകളെ അന്വേഷിക്കാനാരംഭിച്ചത് എന്ന് പറഞ്ഞല്ലോ, മോഹിനിയാട്ടത്തിന്റെ ആഴങ്ങളിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അന്ന് അനുഭവിച്ച പോരായ്മകൾ എന്തൊക്കെ ആയിരുന്നു
കല എന്നാൽ കുറെ ‘അരുതായ്മകളിൽ’ കിടന്ന് ശ്വാസം മുട്ടേണ്ട ഒന്നല്ല. ഒരു കാര്യം ‘അരുത്’ എന്നാണെങ്കിൽ അത് എന്തുകൊണ്ട് അരുത് എന്ന് കൂടി ഉത്തരം ലഭിക്കണം. ഞാൻ നിരന്തരം കലകളെ കണ്ടു കൊണ്ടിരുന്നിരുന്നു. അങ്ങനെയാണ് മറ്റു കലകളുമായി മോഹിനിയാട്ടത്തെ തട്ടിച്ചു നോക്കാൻ തുടങ്ങിയത്. ഒരു ഒഡിസ്സിയ്ക്കോ ഭരതനാട്യത്തിനോ ശേഷം മോഹിനിയാട്ടം അവതരിപ്പിക്കുന്ന സാഹചര്യത്തിൽ ഈ കല മറ്റുള്ളവയ്ക്ക് ഒപ്പം എത്തുന്നില്ല എന്നുള്ള ചിന്ത പൊതുവെ പലരിൽ നിന്നും കേട്ടിരുന്നു. അപ്പോൾ എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കാനുള്ള ബാധ്യത ഒരു പ്രയോക്താവ് എന്ന നിലയ്ക്ക് എനിക്ക് ഉണ്ട്. അങ്ങനെയാണ് കുറെ ചോദ്യങ്ങളുമായി ഞാൻ ഇറങ്ങി തിരിക്കുന്നത്. അന്ന് ചതുർവിധാഭിനയത്തിന്റെ ഓരോ വശങ്ങൾ എടുത്ത് പരിശോധിച്ചപ്പോൾ നമ്മുടെ വർണ്ണത്തിലുള്ള ദൃശ്യവും ശ്രവ്യവും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ് ആദ്യമായി ഞാൻ ശ്രദ്ധിച്ചത്. പിന്നെ മറ്റൊന്ന് സാധ്യതകൾ ഉണ്ടായിട്ടും ‘ഇങ്ങനെയേ ചെയ്യാവൂ’ എന്ന ധാരണയിൽ പലതിൽ നിന്നും പിൻതിരിയുന്ന അവസ്ഥ. പലപ്പോഴും പാരമ്പര്യത്തെയും ശൈലിയെയും തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചു കാണ്ടിരുന്നു. ഈ അവസ്ഥകൾ കുറേയൊക്കെ ഇന്ന് മാറിയിട്ടുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്.
? മോഹിനിയാട്ടത്തിൽ ഇന്ന് പ്രമേയാവതരണങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരവസ്ഥ കണ്ടു വരുന്നുണ്ട്. ശുദ്ധ നൃത്തത്തിലും അഭിനയത്തിലും ഒരു പോലെ മാറ്റങ്ങൾ കൊണ്ട് വന്ന വ്യക്തി എന്ന നിലക്ക്, മോഹിനിയാട്ടത്തിൽ നൃത്തത്തിനും അഭിനയത്തിനും ഉള്ള തുല്യ പ്രാധാന്യത്തെ എങ്ങനെ നോക്കി കാണുന്നു
‘ഭാവത്തിൻ പരകോടിയിലെ അഭാവത്തിന്റെ ആനന്ദമാണ് ശുദ്ധ നൃത്തം’ , എന്നാണ് ഞാൻ തിരിച്ചറിഞ്ഞിട്ടുള്ള നൃത്തത്തിന്റെ നിർവചനം. എന്റെ അനുഭവത്തിൽ തോന്നിയിട്ടുള്ളത്, നർത്തകിക്ക് നൃത്ത ശരീരവും ഭാവ ശരീരവും ഉണ്ട്. ഇത് രണ്ടും ഒന്നായിട്ടുള്ള അവസ്ഥയിലാണ് നൃത്താവതരണത്തിലെ ഒരു പരമാനന്ദത്തെ നമുക്കാസ്വദിക്കാൻ കഴിയൂ. ശുദ്ധ നൃത്തം ചെയ്യുന്ന സമയത്ത് ഭാവത്തിന്റെ പരിപൂർണ്ണതയിലുള്ള ഒരു അഭാവത്തെയാണ് അനുഭവിക്കുന്നത്. ഏറ്റവും ആനന്ദകരമായ അവസ്ഥയാണത്. ആ ആനന്ദമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പിന്നെ മാനിന്റെയും മയിലിന്റെയും ചലനങ്ങൾ കൊണ്ട് വരുന്നിടത്ത് ഞാൻ കണ്ടെത്താൻ ശ്രമിച്ചതും ശരീരത്തിലൂടെ പാടാൻ, അതിലൂടെ കമ്മ്യൂണികേറ്റ് ചെയ്യാനുള്ള സാധ്യതകൾ ആയിരുന്നു.
മറ്റൊന്ന് ഭാവ ശരീരം. നമുക്ക് ഗുരുവിൽ നിന്നും, പുറമെയുള്ള കാഴ്ചയിൽ നിന്നും കിട്ടിയ നവരസങ്ങളുടെ സാധ്യതയിൽ നിന്ന് വളർന്നു പന്തലിക്കാൻ ഒരു നർത്തകിക്ക് കഴിയും. ഒരു ഭാവത്തിന്റെ തന്നെ വ്യത്യസ്ത തലങ്ങളെ കണ്ടെത്തുമ്പോഴാണ് അഭിനയത്തിലൂടെ അത്ഭുതം സൃഷ്ടിക്കാനാവുന്നത്. ഉദാഹരണമായി, ഒരു അമ്മയുടെ വാത്സല്യം എന്ന ഭാവം, ഒരേ വാത്സല്യം എന്ന ഭാവത്തെ മൂന്നു വ്യത്യസ്ത തലങ്ങളിൽ ആണ് എന്റെ മൂന്നു ഇനങ്ങളിൽ ഞാൻ അവതരിപ്പിച്ചത്. ഒമാനത്തിന്കളിലെ അമ്മായിരുന്നില്ല പൂതപ്പാട്ടിലേത്, അതിൽ നിന്നും തീർത്തും വ്യത്യസ്തയായിരുന്നു പൂതനാമോക്ഷത്തിലെ പൂതന എന്ന അമ്മ.
ഇങ്ങനെ നൃത്തത്തിന്റെയും ഭാവത്തിന്റെയും അനന്ത സാധ്യതകളിലേക്ക് ഇറങ്ങി ചെന്നാൽ ഇനിയും ധാരാളം കണ്ടെത്താൻ സാധിക്കും. അവസരോചിതമായി അവയെ പ്രയോഗിക്കുമ്പോഴേ ഓരോ ഇനങ്ങൾക്കും പൂർണ്ണത ലഭിക്കുകയുള്ളൂ.
? പ്രയോഗ പ്രാവീണ്യത്തോടൊപ്പം കൂടുതൽ നല്ല ചിട്ടപ്പെടുത്തലുകൾക്ക് കൂടി പ്രാപ്തരായ ഒരു പുതു തലമുറ വളർന്നു വരാൻ കളരിയഭ്യാസത്തോടൊപ്പം തന്നെ അത്യാവശ്യം വേണം എന്ന് തോന്നുന്ന ഘടകങ്ങൾ എന്തൊക്കെയാണ്
ശരീരം ശബ്ദം പോലെയാണ്. ശരീരം കൊണ്ടാണ് നർത്തകി പാടേണ്ടത്. ചിട്ടയായ അഭ്യസനത്തിലൂടെ അതിനായി ശരീരത്തെ പാകപ്പെടുത്തി എടുക്കുകയാണ് ആദ്യം വേണ്ടത്. ഇപ്പോൾ, ഒരു അടവ് പഠിപ്പിച്ചു കൊടുത്താൽ പോലും ഞാൻ കുട്ടികളോട് പറയാറുണ്ട്, ഒരേ അടവ് തന്നെ ഒരു പോലെ ആയിരിക്കരുതു ഒരു ജതിയിലും സ്വരഭാഗത്തും ചെയ്യുന്നത് എന്ന്. അവിടെ സംഗീതത്തെ ഉൾക്കൊണ്ട്, വാചികവും ആംഗികവും കൂടിച്ചേരുന്ന അവസ്ഥ ഉണ്ടാക്കാൻ സാധിക്കണം. ഇതിനെല്ലാം പരിശീലനം തന്നെയാണ് മുഖ്യം.
പിന്നെ, ശിഷ്യർക്കും എനിക്ക് തന്നെയുമുള്ള ഒരു വളർച്ചയെ ലക്ഷ്യമിട്ട് കൊണ്ട് എന്റെ കളരിയോടു ചേർന്ന് തന്നെ ഒരു ചെറിയ പരിപാടി സംഘടിപ്പിക്കാറുണ്ട്. ശ്രീസഭ എന്ന പേരിൽ ഒരു സൗഹൃദ സംഗമം. കുറേ നല്ല ആസ്വാദകരെ ചേർത്ത് ഒരു അവതരണവും, ചർച്ചകളും. തികച്ചും ഇൻഫോർമൽ ആയി. ഇവിടെ കലയുടെ വിവിധ വശങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കാറുണ്ട്. ഇത് കൂടുതൽ ചിന്തകളിലേക്കുള്ള ഒരു വാതിലാണ് തുറന്നു തരുന്നത്. ഇതാണ് എന്റെ തണൽ ആവശ്യമുള്ള ശിഷ്യർക്ക് അധികമായി ഞാൻ കൊടുക്കുന്ന ഒരു കൈത്താങ്ങ്.
നല്ല ആസ്വാദകയ്ക്ക് മാത്രമേ നല്ല നർത്തകിയാവാൻ സാധിയ്ക്കു. ആദ്യം, നമ്മുടെ കലയെ മാത്രമല്ല, മറ്റു കലകളേയും നന്നായി ആസ്വദിക്കണം. പ്രായം അല്ലെങ്കിൽ പക്വത എന്നതിന് കലയിൽ വളരെ പ്രാധാന്യമുണ്ട്. അനുഭവത്തിലൂടെ മാത്രമേ ഒരു നല്ല നർത്തകി വളർന്നു വരൂ. എന്റെ ഗുരു എന്നെ പഠിപ്പിച്ചത് ചിന്തിക്കാനാണ്. അത് തന്നെയാണ് ഞാനും എന്റെ ശിഷ്യർക്കും കൊടുക്കുന്ന നിർദ്ദേശം.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |