KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

പാരമ്പര്യവും നവീകരണവും : ഭരതനാട്യം [Padma Subramanyam]

December 20, 2015

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

padmasubramanyam1? ഭരതനാട്യ രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

പഴമയുള്ളത് മാത്രം നല്ലത് എന്ന് കരുതുന്നതിൽ അർത്ഥമില്ല. അത് പോലെ തന്നെ എപ്പോഴും പുതുമ കൊണ്ടുവരുന്നതിൽ ശ്രദ്ധ കൊടുത്തിട്ടും കാര്യമില്ല. നല്ല കലാകാരികൾ/ കലാകാരന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് അവരെല്ലാവരും പുതുമയെ അന്വേഷിച്ച് മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ മാത്രം ശ്രദ്ധിച്ചവരല്ല. പാരമ്പര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.ഒരു കൃതി പോലും സ്വന്തമായി രചിച്ചിട്ടില്ലാത്ത വ്യക്തിയാണ് എം. എസ്. സുബ്ബുലക്ഷ്മി അമ്മ. പക്ഷേ, അവർ നല്ല കലാകാരിയായിരുന്നില്ല എന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? സംഗീതത്രിമൂർത്തികളുടേയും സ്വാതി തിരുനാളിന്റെയും കൃതികളും,തേവാരങ്ങളും ഭജൻസും എല്ലാം തന്നെ സ്വന്തം ആലാപന വൈദഗ്ദ്യത്തിലൂടെ ഏറ്റവും ഭംഗിയായി ആവിഷ്കരിച്ചാണ് അവർ ആസ്വാദക മനസ്സിൽ ഇടം നേടിയത്. ഇതുപോലെ പാരമ്പര്യത്തെ പകർന്നു തന്ന നർത്തകരും ഉണ്ടായിട്ടുണ്ട്. അവർ കൊണ്ട് വന്ന മാറ്റങ്ങൾ എന്ത് തന്നെ ആയാലും അത് മാറ്റങ്ങൾക്ക് വേണ്ടി അന്വേഷിച്ച് നടന്ന് ചെയ്തതല്ല. പാരമ്പര്യത്തെ അറിഞ്ഞതിലൂടെ അതിനെ ഏറ്റവും നന്നായി പ്രകടിപ്പിച്ചതിലൂടെ വന്നു ചേർന്നവ മാത്രമാണ്. അത് തന്നെ ആയിരുന്നു അതിലെ വിജയവും.
നൃത്തത്തിന്റെ ചരിത്രമെടുത്താൽ, നൃത്തം നിരോധിക്കപ്പെട്ടിരുന്ന ഒരു കാലം നമുക്ക് കാണാൻ കഴിയും. അതിലും മുൻപാണെങ്കിൽ ഓരോ തെരുവുകളും നർത്തകിമരാൽ നിറഞ്ഞ ഒരു കാലവും നമുക്ക് ഉണ്ടായിരുന്നു. ഇന്ന് സമൂഹത്തിൽ സ്വീകരിക്കപ്പെട്ട ഒരു കലയാണ്‌ നൃത്തം. ഞാൻ നൃത്തം പഠിക്കാൻ തുടങ്ങുന്ന കാലഘട്ടത്തിലും നൃത്തത്തിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നു. കേൾക്കുന്നവർ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം, പക്ഷേ, എന്റെ മൂത്ത സഹോദരി ലളിത കുട്ടിക്കാലത്ത് നൃത്തം അഭ്യസിക്കാൻ തുടങ്ങിയെങ്കിലും അമ്മയുടെ എതിർപ്പ് കാരണം പഠനം നിർത്തേണ്ടി വന്ന വ്യക്തിയായിരുന്നു. ആദ്യമായി ഭരതനാട്യം പഠിക്കാൻ ഇറങ്ങിതിരിഞ്ഞ ബ്രാഹ്മണ പെണ്‍കുട്ടിയായിരുന്നു അവർ എന്ന് പറയാം. നൃത്തം പഠിച്ചാൽ വിവാഹത്തെ അത് ബാധിക്കും എന്ന പേടിയാൽ അമ്മ തന്നെ അവരെ അതിൽ നിന്ന് വിലക്കുകയായിരുന്നു. എന്റെ അച്ഛന്റെ പുരോഗമന ചിന്താഗതിയാൽ ആയിരിക്കാം എനിക്ക് ഇതിനുള്ള ഭാഗ്യം ലഭിച്ചത്. മാത്രമല്ല, അപ്പോഴേക്കും സാമൂഹിക സ്ഥിതികളും മാറിയിരുന്നു. ലളിതയുടെ സഹപാഠിയായിരുന്നു കലാനിധി. ഭരതനാട്യത്തിലെ പ്രത്യേകമായ അഭിനയ കളരിക്ക് തന്നെ തുടക്കം കുറിച്ച അവരും വിവാഹ ശേഷം 30 വർഷത്തോളം നൃത്ത ലോകത്ത് നിന്ന് അകന്നു നിന്നിരുന്നു. പിന്നീടൊരിക്കൽ ഞാൻ മറ്റു മേഖലകളിലെ നർത്തകർക്കും ക്രിട്ടിക്സിനും വേണ്ടി ഒരു ഡാൻസ് തിയറി ക്ലാസുകൾ നടിത്തിയതിനോട് അനുബന്ധിച്ചാണ് കലാനിധിയോട് പഴയ പാഠങ്ങൾ ഓർത്തെടുക്കാൻ നിർബന്ധിക്കുകയും പിന്നീട് അവർ പദങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയതും. ഒന്നര വർഷത്തോളം അവർ എന്റെ ക്ലാസ്സുകളിലും പങ്കെടുത്തു. അത് ഒരു നർത്തകിയുടെ പുനർജന്മമായിരുന്നു. ഒരുപാട് കാലം നൃത്തം ചെയ്യാതിരുന്നിട്ടും അവർ തിരിച്ചു വന്നത് കണ്ടില്ലേ? ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം തന്നെയായിരുന്നു. ശക്തമായ പാരമ്പര്യം കൈയ്യിലുണ്ടായിരുന്നത് കൊണ്ട് പുതിയ അറിവുകൾ സ്വാംശീകരിച്ച് നല്ലൊരു മാറ്റത്തിന് തുടക്കം കുറിക്കാൻ അവർക്ക് കഴിഞ്ഞു.
ഭരതനാട്യത്തിൽ ഇന്നും തുടർന്നു പോരുന്ന മാർഗ്ഗം ഏതാണ്ട് ഇരുന്നൂറിലധികം വർഷങ്ങൾക്ക് മുൻപേ ഉണ്ടായിരുന്നതാണ്.

? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ

ഭരതനാട്യത്തിന്റെ പാരമ്പര്യ മാർഗ്ഗത്തിൽ നിന്നുകൊണ്ട് തന്നെ വിവിധ ഇനങ്ങൾ പലപ്പോഴായി ചിട്ടപ്പെടുത്തി. വർണ്ണങ്ങൾ, തില്ലാനകൾ, ജാവളികൾ എല്ലാം. പലയിടത്തായി പല ശൈലികളായി ചിതറികിടന്നിരുന്ന അടവുകളെ എല്ലാം കണ്ടെത്തി നൃത്ത ഭാഗത്തെ കൂടുതൽ വിസ്തൃതമാക്കി. കച്ചേരി മാർഗ്ഗത്തിൽ അലരിപ്പിന്റെ സ്ഥാനത്ത് പുഷ്പാഞ്ജലി ചെയ്യാൻ തുടങ്ങിയത് ഞാൻ ആയിരുന്നു. പഴയ മാർഗ്ഗത്തിൽ ഉണ്ടായിരുന്ന ഇനമായിരുന്നു പുഷ്പാഞ്ജലി. വിവിധ ഭാഷാകൃതികളും വർണ്ണമായും പദവർണ്ണമായും ചെയ്തിട്ടുണ്ട്. പലപ്പോഴായി ചെയ്ത ഡാൻസ് ഡ്രാമകളും കുറവഞ്ചികളും എല്ലാം തന്നെ നമുക്ക് പണ്ടേ ഉണ്ടായിരുന്ന നൃത്ത സംസ്കാരത്തെ പരിപോഷിപ്പിക്കുന്നവയായിരുന്നു. അല്ലാതെ പുതിയൊരു വഴി വെട്ടിതുറക്കൽ ഒന്നുമല്ലായിരുന്നു.
ഭരതനാട്യത്തിലെ തന്നെ ആദ്യത്തെ സോളോ ഡാൻസ് പ്രൊഡക്ഷൻ ആയിരുന്നു ‘കൃഷ്ണായ തുഭ്യം നമ:. കൃഷ്ണന്റെ വിവിധ ഭാവങ്ങളെ വ്യത്യസ്ത ഭാഗങ്ങളിൽ കൊണ്ടുവരികയായിരുന്നു. ഉണ്ണിയായ കൃഷ്ണൻ, ഗായകനായ കൃഷ്ണൻ, വെണ്ണ മോഷ്ടിക്കുന്ന കൃഷ്ണൻ, ഗോപികമാരുടെ പ്രണയ നായകനായ കൃഷ്ണൻ, രുക്മിണിയുടെ ഭർത്താവായ കൃഷ്ണൻ, ദ്രൗപതിയുടെ രക്ഷകനായ കൃഷ്ണൻ, അങ്ങനെ വിവിധ ഭാഗങ്ങൾ എന്നിലൂടെ വന്നു ചേർന്നു എന്ന് പറയാം. അതുപോലെ മറ്റൊന്നായിരുന്നു ‘രാമയ തുഭ്യം നമ’.
ചിന്തകൾക്ക് അനാവശ്യ സ്ട്രസ്സ് കൊടുത്തുകൊണ്ടുള്ള മാറ്റങ്ങൾക്ക് തുനിയരുത്. അത്തരം ഇനങ്ങളിൽ ജീവൻ ഉണ്ടാവില്ല. ശൂന്യമായ മുളം തണ്ടിലൂടെ ഊതിയാലേ സംഗീതം വരൂ. അതിനാൽ പുതുമകൾക്ക് വേണ്ടി പ്രവർത്തിക്കാതെ അവ നമ്മിലൂടെ വരാനായി കാത്തിരിക്കുക.
ഭരതനാട്യത്തിന്റെ ഇന്നത്തെ ലോകം സമ്പന്നമാണ്. ഞാൻ ഇതിൽ തൃപ്തയുമാണ്. അതായത്, പൂർണ്ണമാണ് എന്ന് അർത്ഥമില്ല, ഇനിയും പുതുമകൾ വരും, വരണം. അത് കാലത്തിന്റെ ആവശ്യമായത് കൊണ്ട് കാലത്തിന് തന്നെ വിട്ടുകൊടുക്കുക. മാറ്റങ്ങൾക്ക് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരാതിരിക്കുക. ക്രിയാത്മകത അമ്മയാണ്, ശക്തിയാണ്. ആ ശക്തി ഓരോരുത്തരുടേയും ഉള്ളിൽ നിന്ന് തനിയെ പ്രവഹിക്കണം. അത്തരം സന്ദർഭത്തിൽ പുതിയതൊന്ന് താനേ ജനിക്കും. അതിനേ നിലനിൽപ്പ്‌ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് മാറ്റം ആവശ്യമാണെന്ന് തോന്നുന്ന, മാറ്റത്തിനുള്ള ശക്തി തനിയെ ഉണ്ടാവും വരെ കാത്തിരിക്കുക. അല്ലാതെ, എപ്പോഴും പുതുമയെ മാത്രം തേടി പോകുന്ന പ്രവണത ഒരിക്കലും നല്ല കലാകാരിയെ ഉണ്ടാക്കുകയില്ല. കലയ്ക്ക് അത് ആവശ്യവുമില്ല.

? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്

padmasubramanyam2തീർച്ചയായും നല്ല ആസ്വാദകർ ഉണ്ട്. ആസ്വാദക താൽപര്യങ്ങൾ എല്ലാം സ്വീകരിക്കാൻ പറ്റില്ല. അവതരണം ഒരിക്കലും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലരുത്‌, മറിച്ച് പ്രേക്ഷകർ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രത്തിലേക്ക് എത്തുകയാണ് വേണ്ടത്. ആസ്വാദക താല്പര്യങ്ങളെ മാനിച്ചുകൊണ്ട് പലതും ചെയ്യാറുണ്ട്. പല സന്ദർഭത്തിലും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുമുണ്ട്. എന്റെ വളരെ അടുത്ത ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരമായിരുന്നു ആദ്യത്തെ എകാഹാര്യ പ്രൊഡക്ഷനായ കൃഷ്ണായ തുഭ്യം നമ ചെയ്തത്.
രാമായ തുഭ്യം നമ ഒരിക്കൽ എറണാകുളത്ത് ചെയ്ത അവസരത്തിൽ വേണു ജി, അമ്മന്നൂർ മാധവ ചക്യാരാശാനെ കൂട്ടിക്കൊണ്ടു വന്നിരുന്നു. അന്ന് അഗ്നി പ്രവേശ സമയത്ത് സീതയുടെ മനോവിചാരങ്ങളെ കാണിച്ച ഭാഗം കണ്ട്, അന്ന് അവർ ചോദിച്ചു, കൂടിയാട്ടത്തിലെ നിർവ്വഹണത്തിന്റെ ഐഡിയ എവിടുന്നാണ് ലഭിച്ചത് എന്ന്. പക്ഷേ, അന്ന് വരെ ഞാൻ ഒരു കൂടിയാട്ട അവതരണവും കണ്ടിട്ടുണ്ടായിരുന്നില്ല. ഈ സാമ്യങ്ങൾ അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞത് എന്ത്കൊണ്ടാണ്? ഇവ എല്ലാം തമ്മിൽ ഏകമായ ഒരു സ്വഭാവം ഉള്ളത് കൊണ്ടു തന്നെ. ഇതുപോലുള്ള നല്ല ആസ്വാദകരിൽ നിന്ന് പല പുതിയ അറിവുകളും ലഭിച്ചിട്ടുണ്ട്.
ഞാൻ ചെയ്ത പിണ്ടി, മണ്ഡലങ്ങൾ തുടങ്ങിയവയൊക്കെ പല പരസ്യചിത്രങ്ങളിലൂടെയും സിനിമകളിലൂടെയുമെല്ലാം കൂടുതൽ ജനങ്ങൾക്ക് പരിചിതമായി. ഇത്തരം മാധ്യമങ്ങളെയെല്ലാം നല്ല സ്വാധീനങ്ങളായാണ് ഞാൻ കാണുന്നത്.

? നാട്യശാസ്ത്രത്തെ അധികരിച്ചായിരുന്നല്ലോ താങ്കളുടെ പഠനങ്ങൾ. ഈ പഠന ഫലങ്ങളെ താങ്കളുടെ ചിട്ടപ്പെടുത്തലുകളിൽ എപ്രകാരമാണ് ഉപയോഗപ്പെടുത്തിയത്

നാം ഉൾപ്പെടുന്ന ഈ ഭൂഘണ്ടത്തിന്റെ മുഴുവൻ നാട്യ തത്വങ്ങളെ ഉൾക്കൊണ്ടിരിക്കുന്ന ഗ്രന്ഥമാണ് നാട്യശാസ്ത്രം. നാട്യശാസ്ത്ര പ്രകാരമായ എല്ലാത്തിനേയും മാർഗ്ഗിയായും പ്രാദേശികമായി വന്നു ചേരുന്ന പ്രത്യേകതകളെ ദേശിയായും പറയുന്നു. മുപ്പതു വർഷങ്ങൾക്ക് മുൻപ് ഏഷ്യയിലെ തന്നെ വിവിധ കലാരൂപങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ഒരേ മാർഗ്ഗി തത്വത്തെ ഞാൻ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ ശ്രമിച്ചപ്പോൾ അതിന് വിവിധ തരത്തിലുള്ള വിമർശനങ്ങളും വന്നിരുന്നു. പക്ഷേ, അതിനു ശേഷം കേരളമുൾപ്പെടുന്ന ദേശങ്ങൾ നാട്യശാസ്ത്രത്തെ കൂടുതൽ അറിയാനും മനസ്സിലാക്കാനും തുടങ്ങി. അതുവരെ, നാട്യശാസ്ത്രം ഞങ്ങൾക്കുള്ളതല്ല എന്ന ധാരണ കേരളത്തിലെ കലാകാരൻമാരിലും ഉണ്ടായിരുന്നു.
ഒരേ നാട്യശാസ്ത്ര മാർഗ്ഗം എല്ലാ കലകളിലും പ്രാവർത്തികമായി വരുന്നത് എങ്ങനെ എന്ന് ലോകത്തെ കാണിച്ചു കൊടുക്കൽ ആയിരുന്നു അന്ന് ഞാൻ ചെയ്തത്. അന്ന് ദൂരദർശന്റെ സഹായത്തോടെ ‘ഭാരതീയ നാട്യശാസ്ത്രം’ എന്ന പേരിൽ ഡോക്യുമെന്റെഷനും ചെയ്തിരുന്നു. പക്ഷേ ഇതെല്ലാം വെറുതെ തുറന്നു പറയുന്നതിലൂടെ എന്നിലെ നർത്തകി തൃപ്തയാവുന്നില്ല. അവയെ എന്റെ നൃത്തത്തിലൂടെ പ്രയോഗത്തിൽ കൊണ്ടുവരികയും വേണം. അങ്ങനെയാണ് പാരമ്പര്യ ഭരതനാട്യ മാർഗ്ഗത്തിൽ നിന്ന് വേറിട്ടിട്ടുള്ള കോറിയോഗ്രഫികൾ ഞാൻ ചെയ്യാനാരംഭിക്കുന്നത്.

? വിവിധ ശൈലികളായി നിലനിന്നിരുന്ന അടവുകളെ ചേർത്ത് ഭരതനാട്യത്തിലെ നൃത്ത ഭാഗത്തിന്റെ സാധ്യതകളെ വർദ്ധിപ്പിച്ചു എന്ന് പറഞ്ഞല്ലോ, എങ്ങിനെയായിരുന്നു ആ പ്രവർത്തനം

ഞാൻ വഴവൂര് ശൈലിയിലെ ഭരതനാട്യമാണ് അഭ്യസിച്ചിരിന്നത്. എന്റെ റിസർച്ചിന്റെ ഭാഗമായി ആദ്യം ചെയ്തത് പലയിടത്തായി ചിതറി കിടന്നിരുന്ന വിവിധ അടവ് രീതികളെ ശേഖരിക്കൽ ആയിരുന്നു. അവയ്ക്കെല്ലാം നോട്ടേഷൻ കൊടുത്ത് ക്രമപ്പെടുത്തി. ഇതിലൂടെ ഞാൻ ചെയ്തത് അടവുകൾക്ക് മാർഗ്ഗി സമ്പ്രദായത്തിലുള്ള പേരുകൾ കൊടുത്ത് അവയെ തരംതിരിക്കുക കൂടിയായിരുന്നു. പല അടവുകളേയും ചൊല്ലുകളുടെ പേരിലൂടെയാണ് വിളിച്ചു പോന്നിരുന്നത്. ഉദാഹരണമായി. ‘താ തൈ തൈ ത്ത’ അടവ്, ത തൈ താം അടവ് അങ്ങനെയൊക്കെ. ഇവയെ വർഗ്ഗീകരിച്ച് അവ പ്രയോഗിക്കുന്ന രീതി അനുസരിച്ചുള്ള പേരുകൾ കൊടുത്തു. താ തൈ തൈ ത്ത യിൽ കാൽ ചവിട്ടുന്ന രീതി, കൃഷ്ണന്റെ കാളിയ നർത്തനത്തെ ഭട്ടത്തിരി നാരായണീയത്തിൽ വിശദീകരിച്ചിരിക്കുന്നത് ഇതേ രീതിയിലുള്ള ചുവടുകളായാണ്. വഴുക്കുന്ന സർപ്പ ശിരസ്സിലെ ആ നടനം, അതിനെയാണ് കാളിയ മർദ്ദനമെന്ന് നമ്മൾ വിളിക്കുന്നത്‌. ഈ ചലനത്തോട് ബന്ധപ്പെടുത്താൻ കഴിഞ്ഞതിനാൽ ആ അടവിന് മർദ്ദിത അടവ് എന്ന് പേര് നൽകി. ഇതുപോലെ ഓരോന്നും.

padmasubramanyam3? കലയിലെ അർത്ഥവത്തായ പരിണാമങ്ങൾക്ക് മുതിരാൻ പ്രാപ്തരായ ഒരു പുതുതലമുറ വളർന്നുവരാൻ കളരി അഭ്യാസത്തോടൊപ്പം തന്നെ അത്യാവശ്യമെന്ന് കരുതുന്ന ഘടകങ്ങൾ എന്തൊക്കെയാണ്

വിദ്യാർത്ഥികളോട് ഞാൻ പറയാറുള്ളത് അഭ്യാസത്തോടൊപ്പം സംസ്കാരത്തെ അറിയുക. അതിനു വേണ്ട പഠനങ്ങൾ നടത്തുക. ഞാൻ ആദ്യകാലത്ത് തന്നെ, നർത്തകാരോടൊപ്പം ആർട്ട്‌ ക്രിട്ടിക്സിനു വേണ്ടിയും ക്ലാസുകൾ നടത്തിയിരുന്നു. കലയോടൊപ്പം വളർന്നുവരേണ്ട ഒരു മേഖല കൂടിയാണത്. കൃത്യവും ശാസ്ത്രീയവുമായ ഒരു അദ്ധ്യയന രീതി കലാ നിരൂപണത്തിനും വേണം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ എന്റെ സ്കൂൾ നൃത്യോദയയിൽ ശാസ്ത്ര യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.എഫ്.എ, എം.എഫ്.എ, പി.എച്.ഡി കോഴ്സുകൾ നടത്തുന്നു. അവയ്ക്ക് വേണ്ടിയുള്ള സിലബസ്സിൽ ചരിത്രം, ഇന്ത്യൻ ഫിലോസഫി, ടെമ്പിൾ ആർക്കിറ്റെക്ചർ, കലാ നിരൂപണം എന്നീ വിഭാഗങ്ങളും പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബന്ധപ്പെട്ട എല്ലാ മേഖലയിലുമുള്ള അറിവ് അത്യാവശ്യമായും വേണം. പാരമ്പര്യം പലതും എവിടെയും ആലേഖനം ചെയ്തു വെച്ചിട്ടുണ്ടാവില്ല. അവയെ കണ്ടെത്തി മനസ്സിലാക്കി അഭ്യസിക്കുകയാണ് വേണ്ടത്.

 

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

20069

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019