KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

പാരമ്പര്യവും നവീകരണവും : തായമ്പക [Kalamandalam Balaraman]

December 23, 2015

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

kalamandalam_balaraman1? തായമ്പക രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കാലത്തിനനുസരിച്ച് മാറ്റങ്ങൾ തായമ്പകയുടെ അവതരണത്തിൽ വന്നിട്ടുണ്ടെന്ന് പറയാം. പക്ഷേ, അടിസ്ഥാനമായിട്ടുള്ള ഘടനയൊന്നും മാറിയിട്ടില്ല. അത് മാറിയാൽ പിന്നെ തായമ്പക അല്ലാതാവുമല്ലോ. പണ്ടൊക്കെ ഓരോ എണ്ണങ്ങൾക്കും അവയുടെ പൊലിപ്പിക്കലിനുമായിരുന്നു പ്രാധാന്യം. അത് പതികാലത്തിൽ തുടങ്ങി ക്രമമായി ഉയർത്തി, പൊലിപ്പിച്ച് കൊണ്ടുവരും. അതിലിപ്പോൾ മനോധർമ്മങ്ങൾ ചെയ്യുന്നതിന് പ്രാധാന്യം കൂടുതൽ കൊടുത്ത് തുടങ്ങി. തായമ്പകയുടെ ഘടന തന്നെ ഒരു ക്ഷേത്ര ഗോപുരത്തിനൊക്കെ സമാനമായ വിധം ആയിരുന്നു. അതായത് ഓരോ ഘട്ടത്തിലും ഓരോ താളങ്ങള്‍ ഓരോ കാലത്തിൽ കൊട്ടിക്കയറൽ, മറ്റൊരു താളത്തിലേക്ക് കടക്കുമ്പോൾ അവക്കിടയിലുണ്ടാകുന്ന യോജിപ്പ് അതിനൊക്കെ ഏറെ പ്രാധാന്യമുണ്ട്. ഇത്തരം വശങ്ങളിൽ ഇന്ന് അല്പം ശ്രദ്ധ കുറയുന്നതായി തോന്നുന്നുണ്ട്.

ഇന്നത്തെ ആസ്വാദകർ ഭൂരിഭാഗവും വേഗതയെ ആവശ്യപ്പെടുന്നവരാണ്. പെട്ടെന്ന് തന്നെ കാലം കൂട്ടി കൊട്ടുന്നത് കേൾക്കാനാണ്‌ താൽപര്യം. അപ്പോൾ പതികാലം പോലും അല്പം കയറ്റി കൊട്ടുന്നു, പിന്നെ ഈ കാല പ്രമാണം പലപ്പോഴും പരിധി വിട്ടു പോകുന്നു. ഓരോ അക്ഷരകാലം മാറി അടുത്തതിലേക്ക് കടക്കുമ്പോഴും അവയ്ക്കിടയിലുള്ള യോജിപ്പ് നഷ്ടപ്പെടുന്നു.ഒരു കാലഘട്ടത്തിൽ പ്രധാനമായും ചമ്പക്കൂറിൽ സാമ്പ്രദായിക ശൈലിയിൽ മാത്രം കൊട്ടി വന്നിരുന്ന രീതി മാറി ഇന്ന് കൂറുകൾ മാറ്റി പരീക്ഷിക്കുന്നുണ്ട്. എട്ട് അക്ഷര കാലത്തിൽ തുടങ്ങേണ്ടുന്ന ഇടത്ത് ഒമ്പത് അക്ഷര കാലത്തിൽ തുടങ്ങുന്ന രീതിയൊക്ക വന്നിട്ടുണ്ട്. ഇതിനെയൊക്കെ ഓരോ പരീക്ഷണങ്ങൾ ആയിട്ടേ കാണാൻ സാധിക്കു. അതുകൊണ്ട് തന്നെ അത് ഏറെ കാലംനിലനിൽക്കും എന്നോ ഒരു ചിട്ടയായി വരും എന്നോ കരുതാൻ പറ്റില്ല. ഏച്ചു കൂട്ടിയത് മുഴച്ചു നിൽക്കുക തന്നെ ചെയ്യും.
പിന്നെ കേട്ട് പരിചയം എന്ന ഒന്നുണ്ട്. അതിന് കോട്ടം വന്നാൽ ആസ്വാദനത്തെ ബാധിക്കും. നാടൻ താളങ്ങൾ ചേർക്കുക എന്ന സമ്പ്രദായമൊക്കെ പറയുന്നുണ്ടെങ്കിലും ഈ കേട്ട് പരിചയത്തിന് യോജിക്കായ്കയാൽ അവയൊന്നും നിലനിൽക്കില്ല.

? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു. അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ

എന്റെ കാലഘട്ടത്തിലും അതിനു ശേഷവും കലാമണ്ഡലത്തിൽ ചെണ്ട അഭ്യസിച്ച അധികമാരും പിന്നെ തായമ്പകയിലേക്ക് തിരിഞ്ഞിട്ടില്ല. ഞാൻ തായമ്പക പലയിടത്തും കൂടുതൽ കേൾക്കുകയും അതിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. കഥകളി ചെണ്ടയിലും തായമ്പകയിലും ഒരുപോലെ നിന്നത് കൊണ്ട് അൽപം സംഗീത വഴിക്കുള്ള തായമ്പക കൊട്ടിനാണ് ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്.
സാമ്പ്രദായിക ശൈലി സൂക്ഷിക്കാനും എന്നാൽ അതിൽ താളക്കണക്കിന് ഒപ്പം ലയം വരുത്താനും ആണ് ഞാൻ ശ്രമിക്കാറുള്ളത്. താളം ശരിയായാൽ മാത്രം ലയം ഉണ്ടാവില്ല. അത് കലാകാരന്റെ തഴക്കത്താലും പ്രത്യേക ശ്രദ്ധയാലും മാത്രമേ വരുത്താൻ സാധിക്കൂ. ഇതല്ലാതെ തീർത്തും പുതിയ ഒന്ന് കൊണ്ടുവരാനൊന്നും പറ്റില്ല, അതല്ല വേണ്ടതും. ഇപ്പോൾ ചമ്പക്കൂറായാലും അടന്തക്കൂറായാലും അതിൽ നിന്നുകൊണ്ട് മനോധർമ്മങ്ങൾ ചെയ്യാം. കാലത്തിൽ നിന്ന് വിട്ടുപോകാതെ നോക്കണം എന്ന് മാത്രം.
തായമ്പകയിൽ അല്ലാതെ മേളത്തിൽ ഞാൻ ഈ അടുത്ത കാലത്ത് ഒരു പുതിയ പരീക്ഷണം ചെയ്തിരുന്നു. ശ്രീചക്രത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു താള സമ്പ്രദായം. ശ്രീചക്രത്തിലെ നവാവരനങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ ആവരണത്തിനും അതിന്റെ നീളത്തിന് അനുസരിച്ചുള്ള അക്ഷരകാലങ്ങളെ ചേർത്ത് താളം ക്രമീകരിക്കുകയായിരുന്നു. മേളത്തിന്റെ ഘടനയിൽ തന്നെ. മൂന്നു കാലത്തിൽ ഒമ്പത് ആവരണം എന്ന കണക്കിൽ 27 പേർ ചേർന്നായിരുന്നു മേളം. മേളത്തിന്റെ രീതിയിൽ തന്നെ പതികാലം, തക്കിട്ടക്കാലം, കൊഴമറിക്കൽ, ഓരോ താളത്തിനും നവാവരണ രാഗങ്ങൾ ഓരോന്നും അകമ്പടി, അങ്ങനെ ഒരു പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ മേള രീതി ആയിരുന്നു അത്. ഇതുപോലുള്ള പരീക്ഷണങ്ങൾ മേളത്തിൽ അല്ലാതെ തായമ്പകയിൽ സാധിക്കില്ല.
മാറേണ്ട ഒന്ന് അമിതമായ ബഹള പ്രയോഗമാണ്. അങ്ങനെ വരുമ്പോൾ പലപ്പോഴും കയ്യിലൊതുങ്ങാത്ത രീതിയിലുള്ള പ്രകടനം വരെ പലരും ചെയ്യാൻ മുതിരുന്നു. ഇത് ബാധിക്കുന്നത് ഇനി വരുന്ന തലമുറയെ ആണ്. ശുദ്ധമായ കലയെ അവർക്ക് കേള്ക്കാനുള്ള അവസരങ്ങൾ ഇത് മൂലം നഷ്ടപ്പെടുന്നു. ഇത് കലയുടെ വളർച്ചക്ക് ദോഷം ചെയ്യും. പിന്നെ വട്ടം പിടിക്കലൊക്കെ പലപ്പോഴും ഉരുളുകൈ ആണോ എന്ന് വരെ തോന്നിപ്പോകുന്നു. ഇത്തരം അമിത പ്രയോഗങ്ങൾ ഒഴിവാക്കണം. അതുപോലെ ചെണ്ടയടെ നിർമ്മാണത്തിൽ എന്ത് കൊണ്ടോ മൂപ്പ് കൂട്ടാനുള്ള പ്രവണത കാണുന്നു. ഇത് പലപ്പോഴും ശബ്ദ ഭംഗിയെ സാരമായിതന്നെ ബാധിക്കുന്നുണ്ട്.
അതല്ലാതെ തായബകയിൽ ഇനിയൊരു മാറ്റം വേണമെന്നൊന്നും തോന്നുന്നില്ല. ഈ ഘടനയെ മാറ്റാതിരിക്കുകയാണ് വേണ്ടത്.

? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്. ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്

നല്ല ആസ്വാദകർ എല്ലാ കാലത്തും ഉണ്ട്. ഇന്ന് കൂടുതലും വേഗതയെ ആവശ്യപ്പെടുന്ന ആസ്വാദകരെ ധാരാളം കാണാറുണ്ട്‌. പക്ഷേ പഴയ അതേ സമ്പ്രദായത്തിൽ ഓരോ കാലത്തിനേയും വേണ്ട പ്രാധാന്യത്തോടെ കൊട്ടിക്കേൾക്കാൻ ആവശ്യപ്പെടുന്നവരേയും ഇക്കാലത്ത് കണ്ടിട്ടുണ്ട്. പഞ്ചതായമ്പകയ്ക്ക് വരെ പ്രാധാന്യം ലഭിച്ചിട്ടുള്ള അവസരത്തിലും സിംഗിൾ തന്നെ വേണം, പതികാലം കൊട്ടി കേൾക്കണം എന്ന് പറയുന്നവരും ഉണ്ട്. പിന്നെ ഓരോ വ്യക്തികളുടേയും താൽപര്യങ്ങൾ മാറാം. കഥകളിയിൽ പതിഞ്ഞ പദങ്ങൾ മാത്രം കേൾക്കാൻ താൽപര്യം കാണിക്കുന്ന ആസ്വാദകർ ഇല്ലേ, അതുപോലെ. പഴയകാല ആചാര്യൻമാരുടെ അച്ചുണ്ണി പൊതുവാളിന്റെയും ആലിപ്പറമ്പ് ശിവരാമ പോതുവാളിന്റെയുമൊക്കെ തായമ്പക ആസ്വദിച്ചിരുന്ന, അല്ലെങ്കിൽ ആ ശൈലിയെ ഇഷ്ട്ടപ്പെടുന്ന ആസ്വാദകർ ഉണ്ടെങ്കിലും കൂടുതൽ പേരും നേരത്തെ പറഞ്ഞ ബഹളത്തെ ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ കലാകാരന് ഈ രണ്ടു തരക്കാരേയും ഒരുപോലെ തൃപ്തിപ്പെടുത്തേണ്ട ആവശ്യം വരുന്നു. പതികാലം കൊട്ടി പതുക്കെ നാലാം കാലത്തിലേക്ക് കയറി വരാൻ അനുവദിക്കാതെ നേരെ മുന്നിൽ നിന്ന് കൊണ്ട് മൂന്നും നാലും കാലങ്ങൾക്കായി ആവേശത്തോടെ ആവശ്യപ്പെടുന്ന ആസ്വാദകരെയും കാണേണ്ടി വന്നിട്ടുണ്ട്. ഇത്തരം ആസ്വാദകരുടെയെല്ലാം താൽപര്യങ്ങൾക്ക്‌ അധികം വഴങ്ങാറില്ല. എനിക്ക് എന്റേതായ ശൈലി ഉണ്ട്, അത് കഴിവതും ഭാവ ഭംഗിയോടെ ലയത്തിന്റെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ തന്നെയാണ് ഞാൻ ശ്രമിക്കാരുള്ളത്. അത്തരം സന്ദർഭത്തിൽ ആസ്വാദകർ നമ്മിലേക്ക് എത്തുന്ന അനുഭവങ്ങളും ധാരാളം ഉണ്ട്. അവരെ എഴുന്നേറ്റു പോകാതെ പിടിച്ചുനിർത്താൻ ഒരു കലാകാരന് കഴിയണം.

? താങ്കളെ സ്വാധീനിച്ച മറ്റു കലാകാരന്മാർ ആരൊക്കെ ആയിരുന്നു? അതുപോലെ, പുതുതലമുറയുടെ സര്ഗ്ഗാത്മകതയെ ഒരു ഗുരു എന്ന രീതിയിൽ എങ്ങനെ നോക്കിക്കാണുന്നു

kalamandalam_balaraman2കലാമണ്ഡലത്തിൽ കഥകളി വേഷത്തിന് ചേരാൻ പോയ എനിക്ക് നിർഭാഗ്യം കൊണ്ടോ അതോ ഭാഗ്യം കൊണ്ടോ അതിന് അഡ്മിഷൻ കിട്ടാതാവുകയും അങ്ങനെ കൃഷ്ണൻകുട്ടി പൊതുവാൾ ആശാന്റെ നിർദ്ദേശ പ്രകാരം ചെണ്ടയ്ക്ക് ചേരുകയും ആയിരുന്നു. കോഴ്സ് കഴിഞ്ഞ് ഞാൻ ആദ്യം കുറച്ചു കാലം അഹമ്മദാബാദിൽ മൃണാളിനി സാരാഭായുടെ ദർപ്പണയിൽ ജോലി കിട്ടി പോയി. പിന്നെ തിരിച്ചുവന്നപ്പോൾ ഇവിടുത്തെ കളിയരങ്ങുകളായുള്ള ബന്ധം കുറഞ്ഞു. ആ അവസരത്തിലാണ് പഞ്ചവാദ്യം തിമില പഠിക്കാൻ പോയത്.
ചെണ്ട ഞാൻ കലാമണ്ഡലത്തിൽ മാത്രമേ പഠിച്ചിട്ടുള്ളൂ. കൃഷ്ണൻകുട്ടി പൊതുവാൾ ആശാനായിരുന്നു ഗുരു. പിന്നീട് തായമ്പക പ്രധാനമായി കൊട്ടിയിരുന്ന കാലത്ത് ചിലരൊക്കെ ചോദിച്ചിട്ടുണ്ട് മറ്റ് എവിടെയെങ്കിലും പോയി തായമ്പക അഭ്യസിച്ചിരുന്നോ എന്ന്. വേറെ എവിടെയുംപോയിട്ടില്ല. അക്കാലത്ത് അച്ചുണ്ണി പൊതുവാളിന്റെ തായമ്പക കേമമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല. അന്നൊക്കെ എന്നെ ആകർഷിച്ച മറ്റൊരു കലാകാരൻ ആലിപ്പറമ്പ് ശിവരാമ പൊതുവാളായിരുന്നു. ആ മനസ്സ് കൊണ്ടുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല, എന്റെ തായമ്പക കേട്ട പലരും അദ്ദേഹത്തിൻറെ അടുത്ത് പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. അറിയാതെ വന്നു ചേർന്ന സ്വാധീനം മാത്രം. എന്നെ ആദ്യമായി ഗണപതിക്കൈ കൊട്ടിച്ച തായമ്പകയിലെ ഏക ഗുരു കൃഷ്ണൻ കുട്ടി പൊതുവാൾ ആശാന്റെ സ്വാധീനം തന്നെയാണ് കൂടുതലും.
പുതുതലമുറ പുതുമയെ കൂടുതൽ അന്വേഷിക്കുന്നവരാണ്. പക്ഷേ മറ്റു കലകളിലെ പോലെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന മേഖലയല്ല വാദ്യകല. തായമ്പക, പഞ്ചവാദ്യം, മേളം ഇവയിൽ മാത്രമേ വാദ്യകാരന് പ്രമുഖ സ്ഥാനം ഉള്ളൂ. കഥകളിയ്ക്ക് ആണെങ്കിൽ അഭിനയത്തിനെ സഹായിക്കലാണ് ധർമ്മം. അപ്പോൾ വാദ്യത്തിലെ സർഗ്ഗാത്മകത അതിന്റെ ചിട്ടയിൽ നിന്ന് അതിൽ തഴക്കം വന്ന ശേഷം തനിയെ സംഭവിക്കേണ്ട ഒന്നാണ്. അത്തരത്തിൽ ഉള്ള ധാരാളം കുട്ടികൾ ഉണ്ട്. എന്നാൽ പരിചയം പോരാതെ, കേൾവി പോരാതെ പരീക്ഷണങ്ങൾക്ക് തുനിഞ്ഞു കൂടാ.

? കഥകളി ചെണ്ടയിലും തായമ്പകയിലും ഒരു പോലെ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയ്ക്ക്, കഥകളിയിലെ പരിചയം താങ്കളുടെ തായമ്പകയെ സ്വാധീനിച്ചിട്ടുണ്ടോ

തീർച്ചയായും. പ്രധാനമായി സ്വാധീനിച്ചതു കഥകളി ചെണ്ട തന്നെയാണ്. നേരത്തെ പറഞ്ഞല്ലോ സംഗീതാത്മകമായ തായമ്പകയാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന്. ആ ഒരു കഴിവ് ഉണ്ടാക്കിയെടുക്കാൻ, ശ്രവണ സുന്ദരമായ ലയം ഉണ്ടാക്കാൻ കഥകളി ക്കൊട്ടിലുള്ള പരിചയം സഹായിച്ചിട്ടുണ്ട്. ശബ്ദത്തിലുള്ള കയറ്റിറക്കങ്ങൾ, ഒതുക്കിയുള്ള വായന, നിശബ്ദതയുടെ ഭംഗി ഇതെല്ലാം കൂടുതൽ മനസ്സിലാക്കാനും പ്രയോഗിക്കാനും കഥകളി ചൊല്ലിയാട്ടങ്ങളും അവതരണങ്ങളും ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.
തായമ്പകയ്ക്ക് അതിന്റെ താലക്കണക്കിൽ ഉള്ള വായ്ത്താരിയിൽ ഒതുങ്ങി നിൽക്കണം. മാത്രമല്ല, കേൾക്കുന്നവർക്ക് ഏറ്റവും സുഖമായി തോന്നിക്കണം. അതിൽ ഒരു സംഗീതമുണ്ടാകും. അതാണ്‌ ലയം. ഈ ലയം ഉണ്ടാക്കുന്നതിലാണ് കലാകാരൻ ശ്രദ്ധിക്കേണ്ടത്. തായമ്പകയ്ക്ക് ഇതാണ് വേണ്ടതെങ്കിൽ, കഥകളിക്ക് ഇതെല്ലാം വേണം. ഒപ്പം ആ കഥാപാത്രത്തേയും കഥയേയും അറിഞ്ഞ് കൊട്ടണം. ഒരു മുദ്ര കാണിക്കുമ്പോൾ അതിനു ചേരാത്ത കൊട്ട് ആയാൽ അത് ആ മൊത്തം ഭാവത്തെ ബാധിക്കും. കൊട്ടുകാരൻ നടന് മുകളിൽ നിൽക്കരുത്, പകരം അയാളുടെ അഭിനയത്തെ ഏറ്റവുംപോഷിപ്പിക്കൽ ആയിരിക്കണം ലക്ഷ്യം. ചെണ്ടയായാലും, മദ്ദളമായാലും ഇടയ്ക്കയായാലും. ഇപ്പോൾ പലപ്പോഴും ഇടയ്ക്കയൊക്കെ വളരെ കൂടുതലായി അനാവശ്യ സന്ദർഭത്തിൽ ഉപയോഗിച്ചു കാണുന്നുണ്ട്. അത് കഥകളിയുടെ മുഴുവനായ ആാസ്വാദനത്തെ ബാധിക്കും. പഞ്ചവാദ്യത്തിൽ അല്പം കൂടി സ്വാതന്ത്ര്യമുണ്ട്, പക്ഷേ മറ്റു വാദ്യക്കാരുമായി എത്ര കണ്ട് നന്നായി യോജിച്ചു പോകുന്നു എന്നതിലാണ് വിജയം.

? ഡബിൾ, ട്രിപ്പിൾ മുതൽ പഞ്ച തായമ്പകക്കെല്ലാം ആസ്വാദകർ കൂടുന്നുണ്ടെന്നു പറഞ്ഞല്ലോ. അത് പോലെ ചെണ്ടയല്ലാത്ത മറ്റു വാദ്യങ്ങളിലും തായമ്പക അവതരിപ്പിച്ചു വരുന്നു. ഈ പ്രവണതകളെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? തായമ്പകയിൽ ചെണ്ടയുടെ പ്രസക്തി എങ്ങനെ വേറിട്ട്‌ നിൽക്കുന്നു

തായമ്പകയ്ക്ക് ആസ്വാദകർ കൂടുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. മറ്റു വാദ്യങ്ങളെ ചേർക്കുമ്പോഴും അത് ശ്രദ്ധിക്കാൻ ധാരാളം പേരെ എത്തി ചേരുന്നു. പക്ഷെ ഇവിടെ ഉള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഇതിനു ഇതിന്റെതായ ഒരു വ്യാകരണമുണ്ട്. ചെണ്ടയുടെ ഭാഷയ്ക്ക് ചേർന്ന രീതിയിലാണ് അത്. അവിടെ മറ്റു വാദ്യങ്ങൾ വരുമ്പോൾ അവയുടെ സാധ്യതകൾക്കനുസരിച്ച് ഈ ഘടനയിൽ അല്ലെങ്കിൽ വ്യാകരണത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്.
ചെണ്ടയുടെ ശബ്ദം അതിന്റെ ഗാംഭീര്യം അതിന്റെ നാട ഭംഗി ഇതിനെല്ലാം ഏറെ പ്രാധാന്യമുണ്ട്.
പിന്നെ ഡബിൾ, ട്രിപ്പിൾ തായംബകയ്ക്കൊക്കെ ഇന്ന് ആരാധകര ധാരാളമുണ്ട്. അത് ഈ ശബ്ത്തോടുള്ള അമിത ആവേശമാണ് കാരണം. ഇവിടെ അധികമായ ബഹളം ഇല്ലാതിരിക്കാൻ കലാകരാൻ തന്നെ ശ്രദ്ധിക്കണം. ഇത് ഒരു മത്സരമാണ് എന്ന് കരുതാതിരിക്കുക. പകരം യോജിച്ചു പോയി കേൾവി സുഖം ഉണ്ടാക്കുന്നതിൽ ശ്രദ്ധിക്കുക.
 

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

200129

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019