Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? യക്ഷഗാന രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കാലത്തിനനുസരിച്ച് പല രീതിയിലുള്ള മാറ്റങ്ങൾ നടന്നിട്ടുണ്ട്. പാട്ടിലായാലും, അഭിനയത്തിലായാലും, വേഷത്തിലായാലും മാറ്റങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുന്നു. യക്ഷഗാന പ്രബന്ധങ്ങളെ കൂടുതൽ സമ്പന്നമാക്കിയതും ആദ്യമായി അവരെ എഴുതി സൂക്ഷിച്ചതും പാർത്ഥി സുബ്ബ എന്ന ഭാഗവതരായിരുന്നു. അദ്ദേഹം പല മലയാള കൃതികളെ സ്വീകരിച്ചതായി പറയുന്നുണ്ട്. പിന്നെ, എന്റെ സമകാലീനനായിരുന്ന കുരിയ വിട്ടല ശാസ്ത്രിയാണ് നൃത്ത വശങ്ങളെ കൂടുതൽ ചിട്ടപ്പെടുത്തിയത്. ഏതാണ്ട് 1940 കാലഘട്ടങ്ങളിലായിരിക്കണം. അദ്ദേഹം മറ്റിടങ്ങളിൽ പോയി നൃത്തവും നാടകവും പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുപോലെ ഓരോ കലാകാരന്മാരും പിന്നീട് പല മാറ്റങ്ങളും കൊണ്ടുവന്നു.
ശുദ്ധമായ പാരമ്പര്യം ഇന്ന് നഷ്ടപ്പെടുകയാണ് എന്ന് പറയാം. പക്ഷേ, അതെ സമയം യക്ഷഗാനം കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും കൂടുതൽ വേദികൾ ലഭ്യമാവുകയും ചെയ്തു. 68 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. മൂന്നു തലമുറകൾക്ക് മുൻപേ ഞങ്ങളുടെ കുടുംബം യക്ഷഗാന കലാകാരൻമാർ ആയിരുന്നു. പ്രത്യേകിച്ചും ഭാഗവതർ. അന്ന് ഞാൻ ചെയ്യുകയും കാണുകയും ചെയ്തിരുന്ന പാരമ്പര്യം ഇന്ന് കാണുന്നില്ല. അതിനു പ്രധാന കാരണം അവതരണ സമയത്ത് വന്ന മാറ്റമാണ്. പണ്ട് രാത്രി മുഴുവനായി അവതരിപ്പിച്ചിരുന്ന കഥകൾ ഇന്ന് ചില മണിക്കൂറുകളിൽ ഒതുങ്ങി. ആദ്യമൊക്കെ ഒരു പ്രസംഗം രചിക്കുന്നത് രാത്രി 9 മുതൽ രാവിലെ 6 വരെ അവതരിപ്പിക്കാൻ തക്ക രീതിയിലായിരുന്നു. ഇപ്പോൾ ഈ സമയം കുറയുന്നു. ആ സമ്പ്രദായത്തിൽ ഓരോ സമയത്ത് ആലപിക്കാൻ പ്രത്യേക സമയരാഗങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ 11, 12 മണിയോടെ അവതരണം നിർത്തണം. അപ്പോൾ എങ്ങനെ സമയ രാഗങ്ങളെ പിൻതുടരാൻ സാധിക്കും? അതുകൊണ്ട് അത്തരം പ്രയോഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. കർണ്ണാടക സംഗീത പദ്ധതി തന്നെയാണ് തുടർന്ന് പോരുന്നത് എങ്കിലും സംഗീത കച്ചെരിയിലെത് പോലെ രാഗനിഷ്കർഷയൊന്നും ഉണ്ടായിരുന്നില്ല. പണ്ടൊക്കെ ഭാഗവതരുടെ കൈയ്യിലാണ് മുഴുവൻ നിയന്ത്രണവും. മറ്റു കലകളിലെ പോലെ അഭിനയത്തിന് ചേർന്ന് പാടുന്ന രീതി ആയിരുന്നില്ല. പാട്ടിനനുസരിച്ച് ആടി തീർക്കണം. ഇന്ന് അതൊക്കെ മാറ്റം വന്നിട്ടുണ്ട്. സംഗീതം കൂടുതൽ ചിട്ടപ്പെട്ടിട്ടുണ്ട്. അതേ സമയം അമിത പ്രകടനങ്ങൾ അപകടമാകുന്നുമുണ്ട്.പണ്ട് ഒരു വ്രതം പോലെ അവതരണത്തെ കണ്ടിരുന്നു. വേഷം കെട്ടിക്കഴിഞ്ഞാൽ പിന്നെ, മറ്റൊരു ചിന്തയുമില്ല. വേദിയിൽ ഉപയോഗിച്ചിരുന്ന ഓരോ വസ്തുക്കളേയും ബഹുമാനിച്ചിരുന്നു. ഈയൊരു മനസ്സ് ഇന്നത്തെ കലാകാരൻമാർക്ക് എത്രത്തോളം ഉണ്ട് എന്ന് അറിയില്ല.
അഭിനയത്തിന് കാര്യമായ പ്രാധാന്യം കൊടുക്കാതെ നൃത്തങ്ങൾക്കും സംഭാഷണങ്ങൾക്കുമായിരുന്നു പ്രാധാന്യം. പദം പാടുന്നിടത്തും അഭിനയം ഇല്ലാത്ത നൃത്തമായിരുന്നു. പിന്നീട് കൂടുതൽ മുദ്രകളും മുഖാഭിനയങ്ങളും കൊണ്ടുവന്നു. ഇത് ഓരോ കലാക്കരന്മാരുടെ കഴിവും മനോധർമ്മവും അനുസരിച്ച് ചേർത്തതാണ്.
പിന്നെ, പഠന സമ്പ്രദായം മാറിയിട്ടുണ്ട്. പണ്ട്, ഒരു കുട്ടി ഒരു മേളയുടെ കൂടെ ഓരോ നാടുകളിലായി സഞ്ചരിച്ച് കണ്ടു കണ്ടു പഠിക്കുന്ന രീതി ആയിരുന്നു. ഇന്ന് പഠിപ്പിക്കാൻ പ്രത്യേക സ്ഥാപനങ്ങളൊക്കെ ഉണ്ട്. അതൊരു നല്ല കാര്യം തന്നെ.
അതുപോലെ മദ്ദള കലാകാരന്മാർ ആദ്യകാലങ്ങളിൽ നിന്നിട്ടാണ് വായിച്ചിരുന്നത്. ഭാഗവതരും നിൽക്കുകയായിരുന്നു. ഇന്ന് ‘രഥ’ ത്തിനു പുറകിൽ ഇരിക്കുന്നു. കഥാപാത്രങ്ങളുടെ സിംഹാസന സമാനമായ ഇരിപ്പിടമാണ് രഥം. പണ്ട് വീരമദ്ദളം എന്ന് വിളിച്ചിരുന്ന ‘ദ്വാദശാങ്കുല’ മദ്ദളമാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് കൂടുതലും മൃദംഗമാണ് ഉപയോഗിക്കുന്നത്. വീര പ്രധാനമായ കഥാസന്ദർഭങ്ങളിൽ ചെണ്ടയോടൊപ്പം ‘ചക്രതാളവും’ ഉപയോഗിക്കുന്നു.
ഇന്ന് ജനങ്ങളുടെ ഭക്തി കൂടിയതുകൊണ്ടായിരിക്കാം കൂടുതൽ പേർ വഴിപാടായി യക്ഷഗാനം നടത്തുന്നു. ക്ഷേത്രങ്ങളോട് ചേർന്നിട്ടാണ് മേളകൾ നിലനിൽക്കുന്നത് എന്നതുകൊണ്ട് മാത്രമാണത്. അല്ലാതെ,കഥാപാത്രങ്ങൾക്ക് ദൈവിക പരിവേഷമൊന്നും ഇല്ല. കിരീടവും സ്വസ്തികവും വെച്ച് പൂജിച്ചാണ് കളി ആരംഭിക്കുന്നതും, അവസാനിക്കുന്നതും. എങ്കിലും അവതരണം ശുദ്ധ നാടക അവതരണമായി തന്നെ നടക്കുന്നു.
പല നല്ല മാറ്റങ്ങളും യക്ഷഗാന അവതരണ രംഗത്ത് നടന്നിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ഇന്ന് കലയ്ക്കും കലാകാരൻമാർക്കും നിലനിൽപ്പ് ഉണ്ടായത്. പക്ഷേ, പാരമ്പര്യത്തെ പൂർണ്ണമായി നഷ്ടപ്പെടുത്തുന്ന സമ്പ്രദായത്തോട് യോജിക്കാൻ സാധിക്കില്ല.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
പാട്ടും അഭിനയവും തമ്മിൽ ഒട്ടും ചേരാതെ നിൽക്കുന്ന ഭാഗങ്ങളൊക്കെ ഉണ്ടായിരുന്നു പണ്ട്. അത്തരം ഭാഗങ്ങളെ അൽപം ചിട്ടപ്പെട്ടതാക്കി അഭിനയവും സംഗീതവും ചേർന്ന് പോകുന്ന രീതിയിൽ മാറ്റിഎടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ, എന്റേതായ സംഭാവന പുതിയ കൃതികളായിരുന്നു. 30 ലും മേലെ യക്ഷഗാന പ്രസംഗങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ 21 എണ്ണം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പ്രധാന കൃതികൾ: ശ്രീകൃഷ്ണ കാരുണ്യ, മത്സ്യാവതാര, ഗജേന്ദ്രമോക്ഷ, ശിവപ്രഭ പരിണയ, ഭസ്മാസുരമോഹിനി, രക്തരാത്രി തുടങ്ങിയവ. ഏറ്റവും വേദികളിൽ അവതരിപ്പിച്ചതും ഏറ്റവും പ്രശസ്തമായതും 5 ദിവസത്തെ ‘ദേവീ മഹാത്മ്യ’മായിരുന്നു.
ഇന്ന് ഞാൻ മാത്രമല്ല, എന്റെ മക്കൾ ശിവശങ്കര ഭട്ടും, പ്രസാദ ഭട്ടും കൂടാതെ മറ്റു കലാകാരൻമാരും ഈ കഥകൾ അവതരിപ്പിച്ചു പോരുന്നു. മുഴുനീള രാത്രി അവതരണത്തിന് വേണ്ട രീതിയിലാണ് ഓരോ സാഹിത്യവും രചിച്ചത്. സാഹചര്യമനുസരിച്ച് ചുരുക്കുകയും ചെയ്യുന്നുണ്ട്.
ഇന്ന് വേദികളിൽ കാണുന്ന ഒരു പ്രവണത, പാട്ട്, ചെണ്ട, അല്ലെങ്കിൽ നൃത്തം ഏതെങ്കിലും ഒന്ന് ഉയർന്നു നില്ക്കുന്നതാണ്. ഭാഗവതർ, അവരുടെ കഴിവ് പ്രകടിപ്പിക്കാൻ കൂടുതൽ ആലാപനങ്ങളും രാഗ പ്രകടനങ്ങളുമെല്ലാം ചേർത്ത് സമയം കളയുന്നു. അതിനുള്ള വേദിയല്ല യക്ഷഗാനം. അതുപോലെ ചെണ്ടയോ മദ്ദളമോ അനാവശ്യമായി ബഹളങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഈ പ്രവണത മാറണം. പഴയ രീതിയിലുള്ള പാരമ്പര്യം അതേ പടി തിരിച്ചു വരും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, എന്നെ പോലുള്ള മുതിർന്ന കലാകാരൻമാരുടെ കാല ശേഷവും ശുദ്ധമായ കലയെ നിലനിർത്താൻ ആരെങ്കിലുമൊക്കെ വേണം എന്ന് ആഗ്രഹമുണ്ട്.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
ഇന്ന് ധാരാളം പേർ യക്ഷഗാനത്തെ ഇഷ്ട്ടപ്പെടുന്നു, പ്രോത്സാഹിപ്പിക്കുന്നു. ഒരു കലാകാരൻ എന്ന നിലയിൽ ഇത് കാണുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്. കലാകാരൻമാർക്ക് ധാരാളം വേദികളും ലഭിക്കുന്നുണ്ട്. പക്ഷേ, ഇക്കൂട്ടത്തിൽ തന്നെ എത്ര പേർ ശുദ്ധ കലയെ അറിഞ്ഞ് ആസ്വദിക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത്. ബഹളത്തിനു പിന്നാലെ ഓടുന്ന, വെറും ദൃശ്യഭംഗിയെ മാത്രം അന്വേഷിക്കുന്ന ആസ്വാദകരാണ് ഭൂരിഭാഗവും. പുതിയ ചില ആസ്വാദകർക്ക് ചിലപ്പോൾ എന്നെ ഇഷ്ടപ്പെടില്ല. അത്തരത്തിൽ അർത്ഥമില്ലാത്ത പുതുമയെ മാത്രം തേടുന്ന ആസ്വാദകരെ എനിക്കും താൽപര്യമില്ല. ആസ്വാദകരെ തൃപ്തിപ്പെടുത്തണം. എന്നാൽ അവരുടെ ഇഷ്ടത്തിനു മാത്രം പ്രാധാന്യം കൊടുത്താൽ ഈ കലയ്ക്കും കലാകാരനും വ്യക്തിത്വമില്ലാതായി പോകും. യക്ഷഗാനം വെറും നാടകം പോലെ അല്ലെങ്കിൽ ശബ്ദവും വെളിച്ചവുമൊക്കെ ചേർത്ത എന്തോ ഒരു അവതരണം പോലെയൊക്കെ ആയി പോകുന്നത് ഇത് കൊണ്ടാണ്. ഈ അവസ്ഥയ്ക്ക് ആസ്വാദകരെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ല. നല്ല കലയെ ആസ്വാദകരിലേക്ക് എത്തിക്കേണ്ടത് കലാകാരൻമാരുടെ ധർമ്മമാണ്.
ശുദ്ധ കലയെ സ്നേഹിക്കുന്ന ആസ്വാദകർ ഇന്നും തീരെ ഇല്ലായ്കയില്ല. ഒരു കൂട്ടം ആസ്വാദകർ മുൻകൈയ്യെടുത്ത് എന്റെ എഴുപത്തി അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് വീടിനോട് ചേർന്ന് ഒരു യക്ഷഗാന മ്യൂസിയം പണിയുകയുണ്ടായി. ഗ്രന്ഥങ്ങളും വേഷ മാതൃകകളും സംഗീത ഉപകരണങ്ങളും ഫോട്ടോ ശേഖരവും ഒപ്പം എനിക്ക് ലഭിച്ച പുരസ്കാരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. യക്ഷഗാന പാരമ്പര്യത്തെ അന്വേഷിച്ചു വരുന്നവർക്ക് ഇങ്ങനെ ഒരു സ്ഥലം വേണമെന്നത് അവരുടെ ആഗ്രഹമായിരുന്നു.
? ഇന്ന് കേരളത്തിന്റെ കൂടി ഭാഗമായിട്ടുള്ള തുളുനാട്ടിൽ ജന്മമെടുത്ത യക്ഷഗാന ബയലാട്ടത്തിൽ കേരളത്തിലെ പല കലകളോടും സാമ്യത കാണുന്നുണ്ട്. ഏതൊക്കെ ഘടകങ്ങളിലാണിത്? പാർത്ഥി സുബ്ബയും കുരിയ വിട്ടല ശാസ്ത്രിയും കൊണ്ടുവന്ന പാരമ്പര്യങ്ങൾ എന്തൊക്കെ ആയിരുന്നു
മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാമുള്ള സ്വാധീനം യക്ഷഗാന സാഹിത്യത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ഇന്നത്തെ കേരളത്തിന്റെ വടക്ക് ഭാഗം പണ്ട് തുളുനാടിന്റെ ഭാഗമായിരുന്നു. അടുത്ത പ്രദേശങ്ങളിലെ കലയും സംകാരങ്ങലുമെല്ലാം കൂടി കലരുന്നത് സ്വാഭാവികം. യക്ഷഗാനത്തിന്റെ ഉള്ളടക്കത്തെ സമ്പന്നമാക്കിയത്തിൽ പ്രധാനിയായിരുന്നു പാർഥി സുബ്ബ.
ഇന്ന് കാസർഗോട് ജില്ലയുടെ ഭാഗമായ കുമ്പള സ്വദേശിയായിരുന്ന പാർഥി സുബ്ബ മലയാളത്തിലെ വരികളെ കന്നടയിലേക്ക് തർജ്ജമ ചെയ്തെടുത്തിട്ടുണ്ട്. കഥകളിയിലോ രാമനാട്ടത്തിലോ ഉപയോഗിച്ചിരുന്ന വരികളായിരുന്നു അവ. അതിനും മുൻപുള്ള കാലങ്ങളിൽ നേരിട്ട് മലയാളം വരികളോ മറ്റോ ഉപയോഗിച്ചിരുന്നോ എന്ന് അറിയില്ല. പാർഥി സുബ്ബയാണ് ആദ്യമായി ഇതെല്ലാം രേഖപ്പെടുത്തി വെച്ചത്. പാർഥി സുബ്ബ മലയാളത്തിൽ നിന്ന് തർജ്ജമ ചെയ്ത ധാരാളം വരികൾ ഇന്നും യക്ഷഗാനത്തിന്റെ പല കഥകളിലും ഉപയോഗിക്കുന്നുണ്ട്.
ഉദാഹരണമായി ചില വരികൾ.
ശ്രീരാമ പട്ടാഭിഷേകത്തിലെ കൈകേയീ- മന്ഥര സംഭാഷണം.
മലയാളം:
സഖി നീ ചൊന്നതു കേട്ടു സകലവുമറിഞ്ഞു ഞാൻ,
സഹിയായിതൊട്ടും തന്നെ സന്തതം ചിന്തിക്കും തോറും.
കന്നഡ:
സഖി നീ പേളിതമാത്തു സകലൗ ലേസായിതു,
യകുതിയേനിത കിന്നു എന്നോൾ പേൾ കണ്ടുദന്നു.
വിശ്വാമിത്ര-ദശരഥ സംഭാഷണം.
മലയാളം:
തന്നിടാമിതെന്നുറച്ചു പിന്നെയില്ലായെന്നു ചൊൽകിൽ,
ധന്യശീലാ ധർമ്മദ്രോഹം വന്നു പോമഹോ.
കന്നഡ:
മുന്നകൊടുവേ നെന്തു ഹേളി ഇന്നു ഇല്ലാ വെന്തനല്ലു,
ധന്യശീലാ ധർമ്മ ദ്രോഹാ ബരു ദല്ലയ്യാ
അതുപോലെ ദക്ഷിണ കന്നഡ നിവാസിയായിരുന്ന ‘കുരിയ വിട്ടല ശാസ്ത്രി’ കേരളത്തിൽ പോയി നൃത്തം പഠിച്ച് വന്നു ഭരതനാട്യ വശങ്ങൾ ചേർത്തതായി പറയുന്നു. ഇദ്ദേഹത്തിനു ശേഷമാണ് യക്ഷഗാനത്തിന് കൂടുതൽ നാടക രീതിയിലേക്ക് എത്തുന്നത്. യക്ഷഗാനത്തോടൊപ്പം നാടകവും, ബാലെയുമെല്ലാം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അഭിനയ രീതികൾ ലളിതമാവുകയും റിയലിസ്റ്റിക് ആയി മാറുകയും ചെയ്തു. ഇത്തരത്തിൽ മറ്റു കലകളുടെ സ്വാധീനം കൊണ്ട് രൂപപ്പെട്ടു വന്ന ആട്ട സമ്പ്രദായമാണ് ഞാനും എന്റെ സമകാലീനരും തുടർന്ന് പോന്നത്.
നൃത്ത ഭാഗത്തെ താള ചൊല്ലുകൾ നോക്കിയാൽ മലയാളത്തിന്റെ സ്വാധീനം പിന്നെയും കാണാം. ‘ത ധി കിണ ത’ തുടങ്ങിയ ചൊല്ലുകൾ ‘ത’ യിൽ അവസാനിക്കുന്നത് കേരള കലകളുടെ സ്വാധീനമാണ്. ബടഗ് തിട്ടിൽ കന്നഡ ശൈലിയിൽ ‘ധൊ’ യിൽ ആണ് ചൊല്ലുകളും തീരുമാനങ്ങളും അവസാനിക്കുന്നത്. കേരള ചെണ്ടയാണ് തെങ്കുതിട്ടിൽ ഉപയോഗിക്കുന്നത്. അസുര വേഷങ്ങൾക്കുള്ള തിരനോട്ടം, തലയിലെ കുട്ടിച്ചാമരം, മുഖത്തെഴുത്ത് തുടങ്ങിയവയിലും കേരളത്തിലെ കഥകളിയോട് സാമ്യം ഉള്ളതായി കാണാം. പക്ഷേ, സാത്വിക വേഷങ്ങൾക്ക് മുഖത്ത് പച്ച നിറം ഉപയോഗിക്കൽ പതിവില്ല. അതുപോലെ കഥകളിയിലേതു പോലുള്ള പകർന്നാട്ട രീതികളും കുറവാണ്. ഒരു വേഷം കെട്ടിയ ആൾ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സന്ദർഭത്തിൽ മുഖത്തെഴുത്ത് മാറ്റിയിട്ടേ ചെയ്യാവൂ.
അങ്ങനെ വേഷം, പാട്ട്, നൃത്തം, വാദ്യങ്ങൾ എന്നിവയിലെല്ലാം കേരളത്തിലെ കലാരൂപങ്ങളോടും ഭാഗവതമേള തുടങ്ങിയ വൈഷ്ണവ കലാരൂപങ്ങളോടും ധാരാളം സാമ്യതകൾ ഉണ്ട്. പ്രത്യേകിച്ച് തെങ്ക്തിട്ടു സമ്പ്രദായത്തിൽ. സ്വാധീനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടുണ്ടാവാം.
? യക്ഷഗാന അവതരണത്തിന്റെ സംവിധായകനും നേതാവും ആയി വർത്തിച്ചിരുന്നത് ഭാഗവതർ ആണല്ലോ. ഏതൊക്കെ രീതിയിലാണ് ഭാഗവതർ രംഗത്ത് കളിയെ നിയന്ത്രിച്ചിരുന്നത്
പൂർണ്ണമായും ഭാഗവതരുടെ കൈയ്യിലായിരുന്നു അവതരണം. പാടലും ജഗ്ഗിടിയിൽ താളം പിടിക്കലും മാത്രമായിരുന്നില്ല, സമയം പാലിക്കലും ഓരോ കഥാപാത്രങ്ങളെ നിയന്ത്രിക്കലും ചില വേഷങ്ങളുടെ സംഭാഷണങ്ങൾക്ക് മറുപടി പറയലും ഭാഗവതരുടെ കടമയായിരുന്നു. സംഭാഷനങ്ങൾക്ക് ശേഷം നൃത്തം ഉണ്ടെങ്കിൽ അത് ആരംഭിക്കുന്നതിനു മുൻപ് ഒന്നുകിൽ നടൻ നാല് സ്റ്റെപ് പുറകിലോട്ടു വന്ന് അടയാളം കാണിക്കും. അതല്ലെങ്കിൽ ജഗ്ഗിടിയിൽ കൊട്ടി ഭാഗവതർ അടയാളം കൊടുക്കണം. സന്ദർഭോചിതമായി രാഗങ്ങൾ മാറ്റലും നൃത്ത ഭാഗങ്ങൾക്കു വേണ്ട താളങ്ങൾ തീരുമാനിക്കുന്നതും ഭാഗവതർ തന്നെ. ഭാഗവതരെ പിൻതുടരലാണ് നടന്മാരും മറ്റു വാദ്യക്കാരും ചെയ്തിരുന്നത്. ഒരു കഥാപാത്രം രംഗത്ത് നിന്ന് പോകേണ്ട സമയമായാൽ, അതുപോലെ നടന്മാർ സംഭാഷണ ഭാഗങ്ങളിൽ വഴി തെറ്റി വിഷയം മാറി പോകുന്നു എന്ന് കണ്ടാൽ ഭാഗവതർ കഥയെ ഏറ്റെടുക്കും. ഇന്നും ചിട്ട ഇതുപോലെതന്നെ.
? പുതിയൊരു കൃതി യക്ഷഗാനത്തിനായി രചിച്ച് ചിട്ടപ്പെടുത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്
ഏതൊരു കലയ്ക്കും സമ്പന്നമായ ഉള്ളടക്കം വേണം. അതിന്, പുതിയ കഥകൾ ഉണ്ടായേ പറ്റൂ. ഇവിടെ ശ്രദ്ധിക്കേണ്ടത് കഥകൾ പുതുമയുള്ളത് വേണം എന്നതിനേക്കാൾ ഉപരി യക്ഷഗാന അവതരണത്തിന് യോജിക്കുന്നതായിരിക്കണം എന്നതാണ്. കഥാപാത്രങ്ങൾക്ക് വേണ്ട വേഷങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ കഥയുടെ നീളം ഇതെല്ലാം മനസ്സിൽ കണ്ടു കൊണ്ട് വേണം രചന നടത്താൻ. പിന്നെ, പദങ്ങളും ശ്ലോകങ്ങളും മാത്രമല്ല, നല്ല വാചിക പ്രയോഗങ്ങൾക്കും സാധ്യതയുണ്ടോ എന്ന് നോക്കണം. പ്രബന്ധ രചന നടത്തുന്നയാൾക്കും സംവിധാനം ചെയ്യുന്നയാൾക്കും പുരാണ ഇതിഹാസങ്ങളെ കുറിച്ചുള്ള ജ്ഞാനം അത്യാവശ്യമാണ്. പുതിയ കഥകളായാലും ജനങ്ങൾക്ക് അറിവ് പകരുന്ന രീതിയിലുള്ള ഉള്ളടക്കം വെണമെന്നൊക്കെ ആയിരുന്നു പണ്ടത്തെ നിയമം. ഇന്ന് അതിന് എത്രത്തോളം പ്രസക്തി ഉണ്ടെന്ന് അറിയില്ല.എങ്കിലും ഘടനയിൽ മാറ്റം വരാതെ, കൂടുതൽ വ്യത്യസ്ത കഥാപാത്രങ്ങളെ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള കൃതികൾ ഉണ്ടായാൽ നല്ലത്. അവയെ അവതരിപ്പിക്കുമ്പോഴും സംഗീത, അഭിനയ, നൃത്ത, വാചിക വശങ്ങളെ അവയ്ക്ക് വേണ്ട പ്രാധാന്യത്തോടെ മിതത്വം പാലിച്ച് അവതരിപ്പിക്കാൻ ശ്രമിക്കുക.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |