Month: January 2018

കലയിൽ ലയിച്ച തിലക താരം

Pub. [Mathrubhumi] : ഉദാഹരണം അപർണ്ണ.

Aparna Sharma
വീണ്ടുമൊരു കലോത്സവ മേളം കൊട്ടിക്കയറുമ്പോൾ, പോയ വർഷങ്ങളിലെ കലോത്സവ വർത്തകളേയും താരങ്ങളേയും ഓർത്തു പോവുക സ്വാഭാവികം. ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കലോത്സവം കലാ തിലക-പ്രതിഭാ പട്ടങ്ങൾക്കായുള്ള മത്സരമായിരുന്ന കാലത്ത് വിജയികൾക്ക് വലിയൊരു താര പരിവേശം തന്നെയാണ് ലഭിച്ചിരുന്നത്. അന്നത്തെ പല പ്രതിഭകളും പിന്നീട് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങളായതും നാം കണ്ടു. ചിലർ പിൽക്കാലത്ത് മറ്റു മേഖലകളിലേക്ക് തിരിഞ്ഞു പോയ കഥകളും ധാരാളം. ഇതിൽ നിന്നും വ്യത്യസ്തമായി കലോത്സവ വേദികളിൽ തിളങ്ങിയ മേഖലകളേതൊക്കെയോ അവയിൽ തന്നെ ഉറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ചവർ വളരെ ചുരുക്കമേ ഉണ്ടാകൂ. അക്കൂട്ടത്തിലൊരു കലാതിലകത്തെ ഓർക്കുകയാണിന്ന്.
90 കളുടെ അവസാനത്തിൽ ഇന്നറിയപ്പെടുന്ന പല ചലച്ചിത്ര താരങ്ങളും പങ്കെടുത്തിരുന്ന നൃത്ത വേദികളിൽ മത്സരിച്ച് ഉന്നത വിജയം നേടിയ അപർണ്ണ. കെ. ശർമ്മയെന്ന ഗുരുവായൂർകാരിയെ കലോത്സവ പ്രേമികൾ മറന്നുകാണില്ല. തുടർച്ചയായി അഞ്ചു വർഷങ്ങൾ ജില്ലാതലത്തിലും, 2000ത്തിൽ സംസ്ഥാന തലത്തിലും കലാതിലകപ്പട്ടം ചൂടിയ അപർണ്ണ നൃത്ത-സംഗീത ഇനങ്ങളിൽ മാത്രമല്ല, സംസ്കൃതോത്സവത്തിലും തിലകപ്പട്ടം ചൂടിയിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ മുതിർന്ന നർത്തകിയുടേതായ പക്വതയോടെ അപർണ്ണ അവതരിപ്പിച്ചിരുന്ന നൃത്താവതരണ വേദിയിൽ കാഴ്ചക്കാർ തടിച്ചു കൂടുന്നത് സ്ഥിരമായിരുന്നു. നൃത്തത്തിൽ മാത്രമല്ല, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, പാഠകം, ചമ്പു പ്രഭാഷണം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽ മികവ് തെളിയിച്ച അപർണ്ണ തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തയാകുന്നത് അതേ മേഖലയിൽ തന്നെ ഇന്നും സജീവമായി തുടരുന്നു എന്നതിലാണ്. Read More