Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കഥകളി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
മാറ്റങ്ങൾ പല രീതിയിൽ വരുന്നുണ്ട്. കാലത്തിനനുസരിച്ചും ഓരോ കലാകാരൻമാർക്ക് അനുസരിച്ചും മാറ്റങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ടാവുന്നുണ്ട്. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആശാന്റെ ശിഷ്യ പരമ്പരയാണ് കുഞ്ചു നായരും, കുമാരൻ നയരാശാനും, രാമൻകുട്ടി ആശാനും അത് പോലെ വി.പിയുമെല്ലാം. ഇവരിലെല്ലാവരിലും അവരുടെതായ അവതരണ ശൈലിയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇവർ ഒരോരുത്തരുടേയും ശിഷ്യൻമാരെനോക്കിയാൽ അവരിലും സമാനതകൾ ഉണ്ടെങ്കിലും ചെറിയ വ്യത്യാസങ്ങളും ദൃശ്യമാണ്. ഇതുപോലുള്ള മാറ്റങ്ങൾ ഓരോ കാലത്തും വന്നുകൊണ്ടിരിക്കും.രാവുണ്ണി മേനോൻ ആശാൻ തന്നെ കൊടുങ്ങല്ലൂർ കളരിയിലേക്ക് പോകുന്നതിനു മുൻപും അതിനു ശേഷവും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ പ്രധാനമാണ്. വരികൾക്കനുസരിച്ച് മുദ്ര കാണിക്കുക തുങ്ങിയ ചിട്ടയൊക്കെ കൊടുങ്ങല്ലൂർ കളരി സ്വാധീനത്തിൽ നിന്ന് വന്നതായിരിക്കും എന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇതൊക്കെ വളരെ നല്ല മാറ്റങ്ങളായിരുന്നു. അനുഭവത്തിലൂടെ ശീലമായാൽ പിന്നെ ഇതെല്ലാം ഒരു കലാകാരന് സ്വയമേ വന്നു കൊള്ളും. അങ്ങനെ ആ ചിട്ട പാരമ്പര്യത്തിന്റെ ഭാഗമായി നിലകൊള്ളും.
പല രീതിയിലുള്ള പുരോഗമനങ്ങൾ കൊണ്ടുവരികയും അതേ സമയം പാരമ്പര്യത്തേയും ചിട്ടയായ കളരി അഭ്യാസത്തെയും വളരെ നിഷ്ഠയോടെ മാത്രം കൈകാര്യം ചെയ്തു പോരികയും ചെയ്ത വ്യക്തിയായിരുന്നു എന്റെ ഗുരുനാഥൻ കീഴ്പ്പടം കുമാരൻ നായർ. ഇന്ന് കാണും വിധത്തിലുള്ള പതികാലം ഒഴിവാക്കൽ തുടങ്ങിയ പ്രവൃത്തികളൊന്നും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും സദനം കളരിയിൽ ഇതേ ചിട്ട തന്നെ തുടർന്ന് പോരുന്നു. പതികാലത്തെ കാലം കയറ്റി പിടിക്കാനും, തീരെ ഒഴിവാക്കി നേരെ രണ്ടാം കാലത്തിലേക്ക് കയറാനുമൊക്കെയാണ് ഇന്ന് പല പ്രയോക്താക്കളും ആസ്വാദകരും ആഗ്രഹിക്കുന്നത്.
ഇങ്ങനെ പാരമ്പര്യം നഷ്ടമാകുന്ന മാറ്റങ്ങളല്ലാതെ സൗന്ദര്യ വശങ്ങളെ എത്രകണ്ട് നന്നാക്കാമോ അത്രയും അതിനു വേണ്ടി ശ്രമിച്ച വ്യക്തിയായിരുന്നു ഗുരുനാഥൻ. അദ്ദേഹത്തിൻറെ ദുര്യോധനനും രാവണനുമൊക്കെ ഇന്നും ആസ്വാദകർ ഓർക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വേഷങ്ങളാണ്. അതുപോലെ മറ്റു കലകളിൽ നിന്നുള്ള സ്വാധീനത്തെ വളരെ നല്ല രീതിയിൽ അദ്ദേഹം കഥകളിയിലേയ്ക്ക് സ്വീകരിച്ചിട്ടുണ്ട്. പതിഞ്ഞ പദങ്ങളിലെ ചില നൃത്തങ്ങൾ, കത്തിവേഷങ്ങളുടെ ചില ചലനങ്ങൾ, വട്ടം ചുറ്റുന്നതൊക്കെ പോലെ. ഇതെല്ലാം മറ്റു നൃത്ത രൂപങ്ങളിൽ നിന്ന് സ്വീകരിച്ച ചലനങ്ങളാവാം. ഇതൊന്നും അന്ധമായ കടം കൊള്ളൽ ആയിരുന്നില്ല. കഥകളിയുടെ അവതരണ ശൈലിയിൽ നിന്ന് കൊണ്ട് തന്നെ സൗന്ദര്യപരമായ ചില ഘടകങ്ങൾ ചേർക്കുകയായിരുന്നു. ഇതെല്ലാം സദനം കളരിയുടെ മുഖമുദ്രയായി മാറിയിട്ടുമുണ്ട്.
പഴയ ചിട്ടപ്പെട്ട കഥകളുടെ തന്നെയും ഇന്ന് അവതരിപ്പിക്കുന്ന രീതികളിൽ മാറ്റം വന്നിരിക്കുന്നു. ചില വേഷങ്ങളെ തന്നെ വേണ്ട എന്ന് വെയ്ക്കുന്നു. ഇത് ഒരു കലാകാരന്റെ അവസരം നഷ്ടപ്പെടുത്തലാണ്. അതുപോലെ, വ്യക്തിപരമായി ഓരോ കലാകാരന്മാരും അവരവരുടെ സൗകര്യാർഥം ചില മാറ്റങ്ങൾ വരുന്നു. സാഹചര്യവും വേദിയും അനുസരിച്ച് വരുത്തുന്നതാണെങ്കിലും പിന്നീട് ഇത് മറ്റുള്ളവരും അനുകരിച്ച്, പിന്നെ അത് സ്ഥിരമായി മാറുകയാണ് പലപ്പോഴും.
പല ഇടശ്ലോകങ്ങളും പുറപ്പാടുകളുമൊക്കെ പലയിടത്തും വേണ്ടെന്നു വെച്ചിട്ടുണ്ട്. ലവണാസുരവധത്തിൽ അസുരന്മാർക്ക് മൂന്നു കാലത്തിലുള്ള ഇരട്ടി ഉണ്ടായിരുന്നു, ഇതൊക്കെ പലരും ഇപ്പോൾ ചെയ്തു കാണുന്നില്ല. ചില കളരികളിൽ തന്നെ പഠിപ്പിക്കാതായിരിക്കുന്നു. നാല് നോക്ക്, മൂന്ന് നോക്ക് പുറപ്പാടുകൾ ഇന്നത്തെ തലമുറയ്ക്ക് അറിയുകയേ ഇല്ല. കളരികളിൽ ഇതെല്ലാം ഉപേക്ഷിക്കുന്നത് കൊണ്ടാണല്ലോ ഇങ്ങനെ വരുന്നത്. ഇതുമൂലം നടന്മാരും പാട്ടുകാരുമെല്ലാം പിന്നീടാഭാഗത്തെ മറന്നു പോകുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഈ പ്രവണത പാരമ്പര്യത്തെ ഇല്ലാതാക്കാനേ ഉപകരിക്കൂ.
കൃത്യം നിഷ്കർഷിച്ച് വക്കു ചവിട്ടി ചെയ്യലൊക്കെ പലരിലും കാണാതായിരിക്കുന്നു. ഇത് കഥകളിയുടെ വ്യക്തിത്വത്തെ തന്നെ നഷ്ടപ്പെടുത്തലല്ലേ. ആസ്വാദകർ അതൊന്നുംശ്രദ്ധിക്കുന്നില്ല എന്ന് കരുതി വേഷക്കാരൻ അതിൽ ഉഴപ്പുന്നതു ശരിയാണോ? തിരനോട്ടത്തിലെ താണ് നിൽക്കലൊക്കെ കഷ്ടിയായിരിക്കുന്നു. ഇത്തരം ചില ഭാഗങ്ങളിൽ ഒരു പ്രത്യേക ശിൽപ ഭംഗി തന്നെ ഉണ്ടായിരുന്നു പണ്ട്. ഇന്ന് അത് പലപ്പോഴും കാണാനില്ല. ഈ പ്രവണത ഒരു ശീലമായി മാറിയാൽ കഥകളിയുടെ ഒരുപാട് നല്ല വശങ്ങൾ നഷ്ടപ്പെട്ടു പോകും എന്നതിൽ സംശയമില്ല.
സ്വന്തം കളരി ശൈലി വിട്ടു തന്നെ, മറ്റുള്ള ശൈലികളിലെ നല്ല വശങ്ങളെ സ്വീകരിക്കാനുള്ള മനസ്സ് ഇന്ന് പലരിലും ഉണ്ട്. ഇത് അത്ര മോശം കാര്യമൊന്നുമല്ല. പലപ്പോഴും നാടകീയ ഭംഗി കൂട്ടാൻ സഹായിക്കുന്നുണ്ട്.
പുതിയ കഥകൾ ധാരാളം വരുന്നുണ്ട്. പക്ഷേ, പലതും അധികകാലമൊന്നും നിലനിൽക്കുന്നില്ല. വ്യക്തിയിലൂടെയോ അവരുടെ ശിഷ്യരിലൂടെയോ നിലനിന്നെന്നു വരാം. കർണ്ണശപഥത്തിനു ശേഷം അത്രയും സ്വീകാര്യമായ കഥകൾ വന്നിട്ടുണ്ടോ എന്ന് സംശയമാണ്.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
പല കാര്യങ്ങളിലും പഴമയും പാരമ്പര്യവും അതിന്റെ അങ്ങേയറ്റത്തെ ചിട്ടയോടെ പാലിച്ചിരുന്ന വ്യക്തിയായിരുന്നു കുമാരൻ നായരാശാൻ. എന്നാൽ അത്ര തന്നെ മാറ്റങ്ങളേയും നല്ല പരിണാമങ്ങളേയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിനു എല്ലാറ്റിനെ കുറിച്ചും സ്വന്തം കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു. ആ കളരി തന്നെയാണ് എന്റെ സർഗ്ഗാത്മകതയ്ക്കും കാരണമായിട്ടുള്ളത്.
പുതിയ നൃത്ത ചലനങ്ങളെ ഞാൻ നിരന്തരം അന്വേഷിക്കാറുണ്ട്. ഓരോ കലാശങ്ങൾ എടുക്കുമ്പോഴും അത് എനിക്ക് ചേരുന്ന രീതിയിൽ ഏറ്റവും ഭംഗിയായി എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിച്ച് ചെയ്യാറുണ്ട്. ഒരു കഥയിലെ നൃത്ത ചിട്ടയെ മറ്റൊരു കഥാസന്ദർഭത്തിൽ ചേരുന്നവയാണെങ്കിൽ അവിടെ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്.
ആദ്യത്തെ ചിട്ടപ്പെടുത്തൽ ഒരുപക്ഷേ, ദാരിക വധം ആയിരിക്കും. വളരെ വ്യത്യസ്തമായ ഒരു കഥ ആയിരുന്നെങ്കിലും അത് വളരെ സ്വീകരിക്കപ്പെട്ടു. തനി കേരളീയമായ കഥയായിരുന്നു അത്. എനിക്ക് ഏറ്റവും പ്രശസ്തി നേടിത്തരുകയും തൃപ്തി തരികയും ചെയ്ത വേഷമായിരുന്നു കാളി. കാളി വേഷമാണ് പിന്നീട് ദാരിക വധം ചെയ്യുന്നത്തിലേക്ക് എത്തിച്ചത്. ഇന്നും കാളി വേഷം ചെയ്യാനുള്ള അവസരം വന്നാൽ സ്വീകരിക്കാൻ വളരെ സന്തോഷമാണ്.
ധാരാളം പുതിയ കഥകളുടെ ചിട്ടപ്പെടുത്തലിൽ ഭാഗമാവാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ പ്രധാനമായത് ഹരിയേട്ടന്റെ(സദനം ഹരികുമാർ) കഥകളായിരുന്നു. വേഷത്തെ മാത്രമല്ല, എല്ലാ വശങ്ങളെ കുറിച്ചും നേരത്തെ അദ്ദേഹത്തിനു നല്ല ധാരണയുണ്ടാവും.
ചെമ്പ, ചെമ്പട, ത്രിപുട, പഞ്ചാരി എന്നിങ്ങനെ നാല് താളത്തിലുള്ള അഭിമന്യുവിന്റെ യുദ്ധവട്ടംമൊക്കെ എടുത്തു പറയത്തക്ക വണ്ണം ഉണ്ടായിട്ടുള്ള പുതുമകളായിരുന്നു. ഓരോരുത്തരോടും യുദ്ധം ചെയ്യുമ്പോൾ നാല് വ്യത്യസ്ത ആയുധങ്ങൾ, അമ്പും വില്ലും, ഗദ, വാൾ പയറ്റ്, പിന്നെ മുഷ്ടിയുദ്ധം എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങൾ വളരെ ഭംഗിയായി അതിൽ ചേർത്തിരിക്കുന്നു. അതുപോലെ കർണ്ണപർവ്വത്തിലെ പഞ്ചാരിയിലുള്ള കലാശങ്ങൾ. അതിലെ തന്നെ കൃഷ്ണന്റെ പ്രവേശം. മണികണ്‍ഠചരിതത്തിലെ യുദ്ധവട്ടം, അടന്തയിലുള്ള ഇരട്ടി. ഇതെല്ലാം വ്യത്യസ്തതയുള്ളതായിരുന്നു. ഇതേ ഇരട്ടി പണ്ട് ചെമ്പയിൽ എടുത്തിരുന്നു. ഇത് രണ്ടും ഞാൻ ചെയ്തിട്ടുണ്ട്. അതല്ലാതെ, മറ്റു പലരുടേയും ആട്ടക്കഥയുടെ സ്ക്രിപ്റ്റ് മാത്രം ലഭിച്ച് അതിലെ കഥാപാത്രത്തെ എന്റെ ചിന്തയ്ക്കനുസരിച്ച് രൂപപ്പെടുത്തിയിട്ടുമുണ്ട്.
മാറ്റങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരേണ്ടതും അത്യാവശ്യമാണ്. കഥയിലെ യുക്തിയെ അന്വേഷിച്ച് പലതും മാറ്റണം എന്നൊക്കെ ഉള്ള ശാഠയങ്ങൾ കേൾക്കുന്നുണ്ട്. ഒരു പരിധി വരെ ശരി. പക്ഷേ, പഴയ ആട്ടക്കഥകൾ ഒന്നും വെറും കഥ പറയാനായി രചിക്കപ്പെട്ടവയല്ല. രംഗപാഠത്തിനും അതിന്റെ അവതരണത്തിലെ സൗന്ദര്യത്തിനുമാണ് പ്രാധാന്യം. അതുകൊണ്ട് പല കഥാ സന്ദർഭങ്ങളും മുഴുവൻ തെറ്റ് എന്ന് വാദിക്കുന്നതിൽ പ്രസക്തിയില്ല.
പിന്നെ, ഒരു കാര്യം മാറി വരേണ്ടത് എന്താണെന്ന് വെച്ചാൽ ചില ലോകധർമ്മി വേഷങ്ങളുടെ പ്രയോഗങ്ങളാണ്. ഉദാഹരണമായി, മണ്ണാൻ-മണ്ണാത്തി വേഷങ്ങൾ, ആശാരി വേഷങ്ങൾ തുടങ്ങിയവയൊക്കെ അമിത പ്രയോഗങ്ങളോടെ ലോകധർമ്മിയുടെ അങ്ങേഅറ്റം പോയി, തീരെ നിലവാരം കുറഞ്ഞ രീതിയിൽ കാണുന്നുണ്ട്. അതുപോലെ ചുവന്ന താടി വേഷങ്ങൾ. ഇതിലെല്ലാം ഒരു നിയന്ത്രണവും ചിട്ടയും വന്നാൽ നന്നായി. ആ വേഷങ്ങളുടെ ഗൗരവം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോകരുത്.
അതുപോലെ, വടിവൊത്ത മുദ്രകൾ, വടിവൊത്ത കലാശങ്ങൾ തുടങ്ങിയവയ്ക്കൊക്കെ പ്രത്യേക നിഷ്ഠ വെയ്ക്കണം. കൂട്ട് വേഷങ്ങളെ അറിഞ്ഞു കൊണ്ട് തന്നെ തങ്ങളുടെ വേഷത്തിന്റെ ചലനങ്ങളെ ചിട്ടപ്പെടുത്താൻ ശ്രമിക്കുക. വേഷഭംഗി മാത്രം പോര കലാകാരന്.
വേഷക്കാരും പാട്ടുകാരും കൊട്ട്കാരും തമ്മിലുള്ള യോജിപ്പും അത്യാവശ്യമാണ്. കഥയറിഞ്ഞ് കൊട്ടുന്നവരും അഭിനയത്തിനെ ഏറ്റവും നന്നായി സഹായിക്കുന്ന പാട്ടുകാരും ഇന്ന് ഉണ്ട്. ഈയൊരു യോജിപ്പ് എല്ലാ വേദികളിലും അത്യാവശ്യമാണ്.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
ആസ്വാദകർ പല വിധത്തിലുണ്ട്. വെറുതെ വിമർശിക്കുന്നവരും, വെറുതെ പ്രശംസിക്കുന്നവരും ഉണ്ട്. അതേസമയം കൃത്യമായി വീക്ഷിച്ച് കലാകാരൻമാർക്ക് പ്രയോജനമാകും വിധത്തിലുള്ള നിർദ്ദേശങ്ങൾ തരുന്നവരും ഉണ്ട്. പണ്ടൊക്കെ ആധികാരികമായി അറിവുള്ള ആസ്വാദകര് ഉണ്ടായിരുന്നു. ഇന്ന് അത് കുറവാണ്. വ്യക്തി താൽപര്യങ്ങൾക്കനുസരിച്ചും ഓരോ കളരിയോടുള്ള താൽപര്യം അനുസരിച്ചും അഭിനന്ദിക്കുകയും വിമർശിക്കുകയും ചെയ്യുന്ന പ്രവണത ധാരാളം കാണുന്നുണ്ട്. അത് ഒഴിവാക്കി കഥകളിയെ കഥകളിയായി കണ്ട് നിഷ്കളങ്കമായി ആസ്വദിക്കുന്ന ആസ്വാദകരെ നമുക്ക് ബഹുമാനം തോന്നും. അവരുടെ നിർദ്ദേശങ്ങൾ പലതും സ്വീകരിക്കാനും സാധിക്കും. അതല്ലാതെ പൊള്ളയായുള്ള നിർദ്ദേശങ്ങൾ തള്ളിക്കളയാറുമുണ്ട്. കളിയിൽ തൃപ്തി തോന്നുന്നതും പല നല്ല ആസ്വാദകരുടെ അഭിപ്രായങ്ങൾ ലഭിക്കുമ്പോഴാണ്.
കളിയിൽ അനാവശ്യമായ വെട്ടിച്ചുരുക്കൽ ഉണ്ടാവാൻ ഒരു കാരണം പല ആസ്വാദകരുടെയും സംഘാടകരുടേയും കടന്നുകയറ്റം കൊണ്ടാണ് എന്ന് തോന്നിയിട്ടുണ്ട്. ഒരു പരിധി വരെ അവരുടെ താൽപര്യങ്ങൾക്ക് തന്നെ മുൻതൂക്കം കൊടുക്കും. അത് വേണം താനും. പിന്നെ, സമയം ഒരു ഘടകമാണ്. എങ്കിലും ചിലരുടെ താൽപര്യത്തിനനുസരിച്ച് മാത്രം പല ചിട്ടയേയും നഷ്ടപ്പെടുത്തുന്നതിൽ അർത്ഥമില്ല.
? പുതിയ ആട്ടക്കഥകൾ കഥകളിയിലേക്ക് കൊണ്ടുവരുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്
പല പുതിയ കഥകളുടെ ചിട്ടപ്പെടുത്തലിലും ഭാഗമായിട്ടുണ്ട്. അടുത്ത കാലത്ത് വന്ന പുതിയ കഥകളിൽ മാതൃകയാക്കമെന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഹരിയേട്ടന്റെ (സദനം ഹരികുമാർ) കഥകൾ തന്നെയാണ്. അദ്ദേഹത്തിന്റെ മനസ്സിൽ ഓരോന്നിനെ കുറിച്ചും അതായത് ഓരോ പദത്തിന്റെ രാഗങ്ങൾ, കലാശങ്ങൾ ഇരട്ടി, മേളം, വേഷം, കോപ്പ് ഇതെല്ലാം എങ്ങനെ വേണം എന്നതിനെ കുറിച്ചൊക്കെ കൃത്യമായ ധാരണ ഉണ്ടാവും. ഇതൊരു വലിയ ഘടകമാണ്. ഈ എല്ലാ ഘടകങ്ങളിലും അദ്ദേഹത്തിനുള്ള അറിവാണ് അതിനു കാരണം. ഇതുപോലെ വേറൊരാൾ ഉണ്ട് എന്ന് തോന്നുന്നില്ല. സാധാരണ കണ്ടു വരുന്നതിൽ നിന്ന് വ്യത്യസ്തമായുള്ള പല കാര്യങ്ങളും വളരെ ശ്രദ്ധയോടെ അദ്ദേഹത്തിൻറെ സർഗ്ഗാത്മകതയിൽ നിന്ന് ജനിച്ചിട്ടുണ്ട് എന്ന് പറയാം. ജരാസന്ധന്റെ ഇരട്ടിയൊക്കെ ഉദാഹരണമാണ്.
വെറുതെ കളി കണ്ട പരിചയം വെച്ച് ചിലർ എഴുതുന്ന കഥകൾ അത്ര നന്നാവാറുമില്ല. അതല്ലാതെ തന്നെ, ആട്ടക്കഥ എഴുതി മുതിർന്ന കലാകാരൻമാരോട് ചോദിച്ച് അറിഞ്ഞ് ശരിയാക്കി ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നവരും ഉണ്ട്. അത്തരം കഥകളും നല്ല നിലവാരം പുലർത്താറുണ്ട്. ഡോ. വേണുഗോപാലിന്റെ കൃഷ്ണലീലയൊക്കെ അത്തരത്തിൽ ഉണ്ടായിട്ടുള്ള നല്ല കഥകളാണ്.
കൃതി രചിക്കുമ്പോൾ കളിയെ മുന്നിൽ കണ്ടുകൊണ്ടു ചെയ്യുക. സാഹിത്യം മാത്രം പോര. അതുപോലെ, നൃത്തങ്ങൾ, കലാശങ്ങൾ, പദ ഭാഗങ്ങളിലെ അഭിനയ സാധ്യതകൾ, കഥാപാത്രങ്ങളിലെ വൈവിധ്യം എന്നിവയൊക്കെ ശ്രദ്ധിച്ചു കൊണ്ട് ആട്ടക്കഥ രചിച്ചാൽ അത് അരങ്ങിലും ശോഭിക്കും.
? പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചുകൊണ്ട് എന്നാൽ അർത്ഥവത്തായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പുതിയ ചിട്ടപ്പെടുത്തലുകൾക്ക് പ്രാപ്തരായ ഒരു യുവതലമുറ വളർന്നു വരാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് താങ്കളുടെ അഭിപ്രായം
മാറ്റങ്ങളെ സ്വീകരിക്കുന്ന കലാകാരൻമാർ ഉണ്ട്. അതായത് പഠന കാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഇപ്പോൾ കൈയ്യിലുള്ളത് പോര എന്നൊരു ബോധം വരും. തന്റേതായ പരിമിതികളെ മനസ്സിലാക്കും. ഈ തിരിച്ചറിവിൽ നിന്നാണ് പുതിയ വഴികളെ കുറിച്ച് ഒരു കലാകാരൻ ചിന്തിക്കുന്നത്. പിന്നെ, തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് കണ്ടെത്തണം. ഇവിടെ കൃത്യമായ കളരിയിൽ നിന്നുള്ള പരിശീലനം തന്നെയാണ് ഒരു കലാകാരന് മുതൽക്കൂട്ട് ആവുന്നത്.
ഇന്ന് ചെറുപ്പക്കാരെ വളർത്താൻ ധാരാളം പേരുണ്ട്. അവസരങ്ങളും ഉണ്ട്. അതെല്ലാം നല്ലത് തന്നെ. പക്ഷേ, കുട്ടിത്തരം, ഇടത്തരം, ആദ്യാവസാനം ഇങ്ങനെയുള്ള ക്രമത്തിൽ വേഷം ചെയ്തു വരാൻ ശ്രദ്ധിക്കണം. ആദ്യമേ വലിയ വേഷങ്ങളൊക്കെ ചെയ്യുമ്പോൾ, അവര്ക്ക് അതിനനുസരിച്ച പരിചയവും മാനസിക വളർച്ചയും ആയി വരേണ്ടത് അത്യാവശ്യമാണ്.
വക്ക് ചവിട്ടി ചെയ്യൽ, ചുഴിച്ചു ചാടി ചെയ്യൽ, നിർത്തി നിർത്തി മുദ്ര ചെയ്യേണ്ട ഭാഗങ്ങൾ, ചവിട്ടി ചാടി മുദ്ര കാണിക്കൽ എന്നൊക്കെയുള്ള പല നിഷ്കർഷകളും ചൊല്ലിയാട്ടകളരിയിൽ തന്നെ നല്ല വണ്ണം പരിശീലിക്കേണ്ടതുണ്ട്. വൃത്തിയായി ചൊല്ലിയാടിയാൽ മാത്രമേ അരങ്ങത്തു ശോഭിക്കാൻ സാധിക്കൂ. പണ്ട്, ഉച്ച സമയത്ത് ഉണ്ടായിരുന്ന ഇളകിയാട്ട ക്ലാസ്സ്, രാത്രി ക്ലാസ്സിലെ മുദ്ര കാണിക്കൽ പഠനം തുടങ്ങിയവയൊക്കെ നഷ്ടപ്പെട്ടത് ഒരുപാട് ദോഷം ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
ചാടി സൂചിക്കിരുന്നു ഇരട്ടിക്കലാശം ഒക്കെ ഇന്ന് സാധിക്കുന്നവർ പോലും ചെയ്യുന്നില്ല. പണ്ട് ചാത്തുണ്ണി പണിക്കരൊക്കെ പ്രായമായ കാലത്തും ഇത്തരം ചലനങ്ങൾ ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്. ഇന്നത്തെ കുട്ടികൾ പോലും ഇതൊക്കെ പരിശീലിക്കാതെ പോകുന്നത് ശരിയല്ല. സാധിക്കുന്നവർ കഴിവതും ഇത്തരം ഭാഗങ്ങൾ ചെയ്യാൻ ശ്രമിക്കുക. ശരീരത്തിന്റെ അഭ്യാസം, മുദ്ര ക്ലാസ്സ്, കണ്ണ് ചലനത്തിന്റെ കളരി പാഠം ഇതിലൊക്കെ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികൾ മാത്രം പോര, പരിശീലിപ്പിക്കുന്ന ആശാൻമാരും ഇതിൽ പ്രത്യേകം നിഷ്ഠവെയ്ക്കണം.
വൃത്തിയായ ചൊല്ലിയാട്ടത്തിനു മാത്രമേ തെളിഞ്ഞ ഒരു കലാകാരനെ വാർത്തെടുക്കാൻ പറ്റൂ. ചൊല്ലിയാടിയ കഥകളല്ലാതെ പുതിയ കഥകൾ ചെയ്യേണ്ട അവസരം വന്നാലും അവർക്ക് ശരീരത്തിന്റെയും അഭിനയത്തിന്റെയും കൃത്യത താനേ വന്നു കൊള്ളും. നളചരിതം ചൊല്ലിയാടെണ്ട ആവശ്യമില്ല, എന്ന് പറഞ്ഞിരുന്നത് ഇതുകൊണ്ടാണ്. കാരണം കോട്ടയം കഥകളെല്ലാം വൃത്തിയായി ചൊല്ലിയാടിയ ഒരാൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ശരിയായി ശരീരത്തിൽ വരും. വന്നിരിക്കണം.
അതുപോലെ പുതിയ കഥകളോ വേഷങ്ങളോ ചെയ്യേണ്ട സാഹചര്യത്തിൽ വേഷത്തിന്റെ സ്വഭാവത്തെ അറിഞ്ഞ്, മുടി വെച്ച വേഷങ്ങളാണോ അല്ലയോ എന്നൊക്കെ തിരിച്ചറിഞ്ഞ് അതിനു തക്ക ചലനങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഒപ്പം സ്വന്തം ശരീരത്തേയും അറിയുക. ഇതെല്ലാം പരിശീലനത്തോടൊപ്പം കാലം കൊണ്ടും പരിചയം കൊണ്ടും ലഭിക്കുന്നതുമാണ്.
? സ്വന്തം ശരീരത്തിന്റെ സാധ്യതകളെ അറിഞ്ഞ് വേഷം കെട്ടുക എന്നത് കഥകളിയിൽ പ്രധാനമാണല്ലോ, എന്നാൽ പലപ്പോഴും ശരീരത്തെ മറന്ന് ഗുരുവിനേയോ മറ്റു മുതിർന്ന കലാകാരൻമാരേയോ അന്ധമായി അനുകരിക്കുന്ന പ്രവണത കാണുന്നില്ലേ? ഇതേക്കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം
അത്തരം പ്രവണത ഇന്ന് ധാരാളം ഉണ്ട്. ഗുരുവിനെ അല്ലെങ്കിൽ മറ്റു മുതിർന്ന വേഷക്കാരെ അന്ധമായി അനുകരിക്കുന്ന രീതി വേഷത്തെ നന്നാക്കുന്നതിനു പകരം മോശമാക്കുകയാണ് ചെയ്യുക. അനേക കാലത്തെ ചൊല്ലിയാട്ട പരിശീലനത്തിൽ നിന്നും കണ്ടു ശീലിച്ചതിൽ നിന്നും ഗുരുവിന്റെ ശൈലി ശിഷ്യനിൽ വരുന്നത് സ്വാഭാവികം. പക്ഷേ. അദ്ദേഹത്തിൻറെ രൂപപ്രകൃതി ആയിരിക്കില്ല വേറൊരാൾക്ക്. സ്വന്തം ശരീരത്തേയും, അതിന്റെ സാധ്യതകളേയും പരിമിതികളേയും നല്ല വണ്ണം മനസ്സിലാക്കണം. ഇപ്പോൾ ഗോപിയാശാൻ നാല് ഉത്തരീയമിട്ടു എന്ന് കരുതി, അല്പം വണ്ണമുള്ള ഒരാൾ അദ്ദേഹത്തെ അനുകരിച്ച് നാല് ഉത്തരീയമിട്ടാൽ വേഷം നന്നാവുന്നതിനു പകരം മോശമാവുകയല്ലേ ചെയ്യുക. തന്റെ ശരീരത്തേയും, മുഖത്തെയും അറിഞ്ഞ്, ചിന്തിച്ച് രൂപപ്പെടുത്തിയതാണ് അദ്ദേഹത്തിൻറെ ഓരോ ചലനങ്ങളും പ്രവൃത്തികളും. അത് വേറെ ഒരാൾ അതുപോലെ അനുകരിച്ചാൽ ഒരിക്കലും അദ്ദേഹത്തെ പോലെ ആകാൻ സാധിക്കില്ല. ഇത് മനസ്സിലാക്കണം. സ്വന്തം ആശാന്റെ ആയാലും അതേ ശരീര ഭാഷ എല്ലാ ശിഷ്യരും സ്വീകരിക്കുന്നത് എല്ലാവർക്കും നന്നാവില്ല. സ്വന്തം ശരീര ഭാഷ ഉണ്ടാക്കി എടുക്കാൻ ശ്രമിക്കണം. അസാമാന്യ കഴിവ് ഓരോ ചലനങ്ങളിലും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു എന്റെ ആശാൻ. പക്ഷേ, അദ്ദേഹത്തിൻറെ ശരീര പ്രകൃതിയും, എന്റെ ശരീരവും വ്യത്യസ്തമാണ്. അതിനാൽ എനിക്ക് എങ്ങനെ ചെയ്‌താൽ നന്നാവും എന്ന് ചിന്തിച്ചാണ് ഞാൻ ഓരോ വേഷങ്ങളും ചെയ്യാറുള്ളത്. ആശാൻ പഠിപ്പിച്ച നിഷ്ഠകളിൽ നിന്ന് വ്യതിചലിക്കാതെ തന്നെ നമ്മുടെ ശരീരത്തിന് ചേർന്ന രീതിയിൽ ചലനങ്ങളെ രൂപപ്പെടുത്തി എടുക്കാം. കൈയ്യുടെ സ്ഥാനങ്ങൾ, വേഷങ്ങൾ തമ്മിൽ പാലിക്കുന്ന അകലങ്ങൾ തുടങ്ങിയവയിൽ വളരെ ചിട്ട പാലിച്ച വ്യക്തിയായിരുന്നു രാമൻകുട്ടി ആശാൻ. പക്ഷേ, അദ്ദേഹത്തിൻറെ ശിഷ്യർ തന്നെ അതേ പടി കാണിച്ചാലും ആ ഭംഗി പലപ്പോഴും നമുക്ക് ആസ്വദിക്കാൻ കഴിയാതെ വരുന്നത് ഇത്കൊണ്ടാണ്. പിന്നെ, പ്രായത്തിനും പക്വതയ്ക്കും ഇവിടെ പ്രസക്തിയുണ്ട്.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |