KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

പാരമ്പര്യവും നവീകരണവും : കൂടിയാട്ടം [Aparna Nangiar]

December 21, 2015

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

kutiyattam_aparna1? കൂടിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കാലക്രമേണയുള്ള മാറ്റങ്ങൾ ചിലതൊക്കെ വന്നിട്ടുണ്ട്. ഓരോരുത്തരും അവരുടെതായ രീതിയിൽ അവതരണത്തിൽ ചെറിയ മാറ്റങ്ങളും മനോധർമ്മങ്ങളും പ്രയോഗിക്കുന്നുമുണ്ട്. പഴയ കഥകൾ തന്നെ വീണ്ടും ചെയ്യുമ്പോൾ അറിഞ്ഞും അറിയാതെയുമുള്ള മാറ്റങ്ങൾ വന്നു ചേര്ന്നിട്ടുണ്ട്. അതല്ലാതെ പുതിയ ഇനങ്ങളുടെ ചിട്ടപ്പെടുത്തലും ഇക്കാലത്ത് ധാരാളം നടന്നിട്ടുണ്ട്.
ഞങ്ങൾ പഠിക്കുന്ന കാലത്തും പ്രധാനപ്പെട്ട 5 കഥകളായ തോരണയുദ്ധം, ബാലിവധം, ശൂർപ്പണകാങ്കം, ധനന്ജയം, സംവരണം, ഇതൊക്കെ തന്നെയാണ് പഠിപ്പിച്ചിരുന്നത്. പഠന കാലത്ത് നമ്മുടെതായ എന്തെങ്കിലും മാറ്റങ്ങൾ ചെയ്തു കണ്ടാൽ അത് അനുവദിച്ച് തരുമായിരുന്നില്ല. അതിശക്തമായ പാരമ്പര്യ കല ആയതുകൊണ്ട് തന്നെ പഠിച്ച് ഉറയ്ക്കാതെ ഒരു വിധ മാറ്റങ്ങളും കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല. എന്റെ പഠന കാലഘട്ടത്ത് തന്നെയാണ് ചില പുതിയ കഥകളുടെ ചിട്ടപ്പെടുത്തൽ നടന്നിട്ടുള്ളത്. അന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആശാൻ കല്യാണ സൗഗന്ധികം ആട്ടപ്രകാരം എഴുതി ചിട്ടപ്പെടുത്തിയിരുന്നു. ഒരുപക്ഷേ അക്കാലത്ത് ആദ്യമായി ഉണ്ടായ ഒരു ചിട്ടപ്പെടുത്തൽ ആയിരിക്കാം അത്.
അതിനു ശേഷമാണ് വ്യത്യസ്തമായ ഒരിനമായ ശാകുന്തളത്തിന്റെ ചിട്ടപ്പെടുത്തലൊക്കെ നടന്നത്. അന്ന് വരെ ഉണ്ടായിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, ആദ്യമേ എഴുതപ്പെട്ട ആട്ടപ്രകാരം ഇല്ലാത്ത ഒരു കഥ കൂടിയാട്ടമായി ചെയ്തതായിരുന്നു ശാകുന്തളം. അതുപോലെ മറ്റൊന്നായിരുന്നു നാഗാനന്ദം. വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന, രൂപത്തെ പറ്റി അറിവൊന്നും ഇല്ലാതിരുന്ന ഒരു ആട്ടപ്രകാരം കണ്ടെത്തി കുറേ പേരുടെ കൂട്ടായ പരിശ്രമത്തിലൂടെയാനു അതു ചിട്ടപ്പെടുത്തിയത്. പഴയ ആട്ടപ്രകാരത്തെ വീണ്ടും രംഗത്ത് കൊണ്ട് വന്നു എന്നത് മാത്രമല്ല, പ്രചാരത്തിലില്ലാതിരുന്ന കെട്ടി ഞാലൽ പോലുള്ള ചില ക്രിയകളും ഇതിലൂടെ കൊണ്ട് വരികയുണ്ടായി. മലയവതി എന്ന നായികയുടെ കെട്ടി ഞാലൽ ഞാനും പല വേദികളിൽ അവതരിപ്പിച്ചു. പഴയ ചില അവതരണ ക്രിയകളെ വീണ്ടും അരങ്ങത്ത് കൊണ്ട് വരികയായിരുന്നു ഇതിലൂടെ. ആശാൻ തന്നെയാണ് കെട്ടി ഞാലൽ ചെയ്യാനുള്ള അഭ്യസനം തന്നത്. അഭിഷേക നാടകത്തിലെ മായാശിരസ്സ് ഒക്കെ അതിനു ശേഷം നടന്ന ചിട്ടപ്പെടുതലായിരുന്നു. എന്റെ അച്ഛൻ അമ്മന്നൂർ കുട്ടൻ ചക്യാരാണ് ഇത് ചെയ്തത്. പിന്നെ ഹനുമദ്ദൂതം ചെയ്യുകയുണ്ടായി.
ഇനങ്ങളെ കൂടാതെ അവതരണത്തിൽ വന്ന മറ്റൊരു മാറ്റം സമയച്ചുരുക്കലാണ്. പുറമേയുള്ള വേദികളിലൊക്കെ അവതരിപ്പിക്കുമ്പോൾ അവർ പറഞ്ഞ സമയത്തിനു അനുസരിച്ച് എഡിറ്റ്‌ ചെയ്യേണ്ടി വരും. ഒരു കലാകാരി എന്ന നിലയ്ക്ക് അത് ചിലപ്പോൾ അത്ര നന്നായി തോന്നില്ല എങ്കിലും അതിനെ കാലത്തിന്റെ ആവശ്യമായി കണ്ടേ പറ്റൂ. ഓരോ തലമുറകൾ കഴിയുമ്പോഴും മാറ്റങ്ങൾ സ്വാഭാവികമായി വന്നു ചേരാം. ഇപ്പോൾ എന്റെ അച്ഛന്റെ കളരി നോക്കിയാൽ മനസ്സിലാകും. അദ്ദേഹം പാരമ്പര്യത്തെ കൂടുതൽ മുറുകെ പിടിക്കുന്ന വ്യക്തിയാണ്. ഞാൻ തന്നെ ചെയ്യുന്ന പല പുതിയ കാര്യങ്ങളെയും ചിലപ്പോൾ എതിർക്കാറുണ്ട്. അതിൽ നിന്നും അല്പം വ്യത്യസ്തമായിരിക്കാം എന്റെ കളരി. ഇതിനേക്കാൾ മാറ്റങ്ങൾ ചിലപ്പോൾ അടുത്ത തലമുറ കൊണ്ടുവെന്നെന്നിരിയ്ക്കും.

? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ

ഒരു ചിട്ടപ്പെടുത്തലിൽ ഉള്ള ആദ്യ അനുഭവം ശ്രീ. വേണു ജി. ചിട്ടപ്പെടുത്തിയ ശാകുന്തളം ആയിരുന്നു. ഞങ്ങൾ പുതിയ തലമുറയിൽ പെട്ടവരെ ഉൾപ്പെടുത്തിയാണ് അത് ചിട്ടപ്പെടുത്തിയത്. അന്ന് നമ്മുടെ സർഗ്ഗാത്മകതയെ കൊണ്ട് വരാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. വേഷം തെരഞ്ഞെടുക്കാനും, വേദിയിൽ ചെയ്യുന്ന കാര്യങ്ങളെ സ്വയം തീരുമാനിക്കാനും ഒരു പരിധി വരെ സ്വാതന്ത്ര്യം തന്നതിലാൽ ചിട്ടപ്പെടുത്തലിന്റെ പല വശങ്ങളെ കുറിച്ച് ആദ്യമായി ചിന്തിക്കാനുള്ള ഒരു അവസരം ആയി മാറി അത്.
ഞാൻ അടുത്തകാലത്ത് ചെയ്ത ഒരു ചിട്ടപ്പെടുത്തൽ ആയിരുന്നു ദശമം കൂത്ത്, അഥവാ ചുടലക്കൂത്ത്‌. ബൗദ്ധായന ഗോത്രത്തിൽ പെട്ട അഗ്നിഹോത്രം ചെയ്ത ബ്രാഹ്മണൻ അന്തരിച്ചാൽ അദ്ദേഹത്തിൻറെ സഞ്ചയന സമയത്ത്, ചുടലയ്കടുത്തായി താൽക്കാലിക കൂത്ത് മണ്ഡപം ഉണ്ടാക്കി ചുടലക്കൂത്ത്‌ ചെയ്തിരുന്നു എന്ന് ഐതിഹ്യം ഞങ്ങളുടെ കുലത്തിലെ പരമ്പരാഗത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. എന്നാൽ ഇതിന്റെ ഘടന എന്തായിരുന്നു എന്നോ, ആട്ടപ്രകാരത്തെ കുറിച്ചുള്ള തെളിവുകളോ ഒന്നും ലഭ്യമല്ലായിരുന്നു. വില്വട്ടത്തെ ഒരു നങ്ങ്യാർ, നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ് ചാലക്കുടിയിൽ അവസാനമായി ഇത് ആവതരിപ്പിച്ചിട്ടുണ്ട് എന്നതിനും തെളിവുകൾ ഉണ്ടായിരുന്നു. അതിന്റെയും അവതരണ രൂപമൊന്നും എവിടെയും ലഭ്യമല്ല. ശ്രീകൃഷ്ണ ചരിതം നങ്ങ്യാർ കൂത്തിൽ സുഭദ്രാഹരണം വരെയുള്ള ഭാഗങ്ങളെ സാധാരണയായി അവതരിപ്പിക്കാറുള്ളൂ. പിന്നീടങ്ങോട്ടാണ് കൃഷ്ണ കഥകൾ പലതും ഉള്ളത്. ആ ഭാഗങ്ങൾ ചെയ്യണമെന്ന് നേരത്തെ തോന്നിയിരുന്നു. അപ്പോഴാണ്‌ ആകസ്മികമായി ഒരു അവസരം വന്നത്.
നന്ദിക്കര നടുവത്ത് നാരായണൻ നമ്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇങ്ങനെ ഒരു ആവശ്യവുമായി സമീപിക്കുന്നത്. ശ്രീകൃഷ്ണ ചരിതം സമ്പൂർണ്ണ കഥ അവതരിപ്പിക്കുന്നതിലൂടെ പരേതന്റെ ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് മോക്ഷപ്രാപ്തി ലഭിക്കുന്നു എന്നാണ് ഐതിഹ്യം. അന്ന് വെറും മൂന്നു മാസം സമയം കൊണ്ട് ചിട്ടപ്പെടുത്തണമായിരുന്നു. ഭാഗവതത്തിലെ ദശമസ്കന്ദമാണ് ചുടലക്കൂത്തിൽ അവതരിപ്പിച്ചിരുന്നത് എന്ന് ശ്രീ. രാവുണ്ണി നമ്പ്യാരെന്ന മിഴാവ് വാദകൻ സൂക്ഷിച്ചിരുന്ന കുറിപ്പുകളിൽ നിന്ന് അറിയാൻ സാധിച്ചു. ഈ ആവശ്യവുമായി സമീപിച്ച വൈദികന്റെ കൈയ്യിലും ചില ക്രിയകളെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. അവയും, ഒപ്പം ഇന്നത്തെ എല്ലാ മുതിർന്ന കൂടിയാട്ടം കലാകാരൻമാരെ ചെന്ന് കാണുകയും ഇതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. പക്ഷേ, കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇപ്പോൾ നടപ്പുള്ള ശ്രീകൃഷ്ണ ചരിതം തന്നെ ചെയ്‌താൽ പോരേ എന്ന് പലരും ചോദിച്ചിരുന്നു. പക്ഷേ, സമ്പൂർണ്ണ കഥ ചെയ്യുന്നതോടെ ഭാര്യയ്ക്ക് മോക്ഷപ്രാപ്തി എന്നാണല്ലോ ഐതിഹ്യം. കൂടുതൽ യുക്തിപരമായി ചിന്തിച്ചാൽ പല സംശയങ്ങളും തോന്നാം. പക്ഷേ, ഇവിടെ അനുഷ്ടാനപരം കൂടിയാണല്ലോ എന്ന ചിന്തയിൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഭാഗവതത്തിലെ ശ്ലോകങ്ങൾ എല്ലാം കൂത്ത് ചെയ്യാൻ യോജിച്ചതല്ല. ഡോ. ഇ.എൻ നാരായണൻ ആണ് ശ്ലോകങ്ങൾ തെരഞ്ഞെടുത്ത് തന്നത്. പിന്നെ, സാധാരണ നങ്ങ്യാർ കൂത്തിലെ പോലെ താളം പിടിക്കുന്ന ആൾ ശ്ലോക ഏറ്റു ചൊല്ലുന്ന രീതിയും സാധിക്കില്ലായിരുന്നു. അത്തരത്തിൽ ഒരു വേദിയല്ലല്ലോ. അതുകൊണ്ട് ശ്ലോകങ്ങൾ മുഴുവൻ ഒറ്റയ്ക്ക് ചൊല്ലി അഭിനയിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്താൻ ഉദ്ദേശിച്ചത്. മറ്റു നങ്ങ്യാർകൂത്ത് അവതരണത്തിൽ നിന്ന് വേറിട്ട്‌ നിൽക്കുന്നു ചുടലക്കൂത്ത് എന്ന് വ്യക്തമാകുന്ന ചില വിവരങ്ങളും ലഭിക്കുകയുണ്ടായി. ‘മുടിയക്കിത്ത’ എന്നൊരു സമ്പ്രദായം ഉള്ളതായി അറിഞ്ഞു. സാധാരണ നാടകാവതരണത്തിന്റെ അവസാനത്തിൽ പുരുഷന്മാർ മാത്രം ചെയ്തിരുന്നതായിരുന്നു മുടിയക്കിത്ത. എന്നാൽ ഈ അവതരണ ഘട്ടത്തിൽ മുടിയക്കിത്തയും വേണം എന്ന് ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരുന്നു താനും. അതുകൊണ്ട് തന്നെ, സാധാരണ ശ്രീകൃഷ്ണ ചരിതം അവതരണത്തിൽ നിന്ന് പലതു കൊണ്ടും വ്യത്യസ്തമാണ് ചുടലക്കൂത്ത്‌ സമ്പ്രദായം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
kutiyattam_aparna2കാലത്തും വൈകുന്നേരവുമായി മൂന്നു ദിവസങ്ങളിൽ ആകെ ആറ് അരങ്ങ് ആയായിരുന്നു അവതരണം. ഇതും സാധാരണ അവതരണ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമാണല്ലോ. അതുപോലെ അവതരിപ്പിക്കേണ്ട സ്ഥലത്തെ കുറിച്ചും, ദിശയെ കുറിച്ചും താൽക്കാലികമായി ഉണ്ടാക്കേണ്ട അവതരണ വേദിയെ കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ ഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ചത് അനുസരിച്ചാണ് അവതരിപ്പിച്ചത്. അന്യം നിന്ന് പോയ ഒരു അവതരണ സമ്പ്രദായത്തെ പുനരാവിഷ്കരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ, അന്ന് അതൊരു ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ചതെ ഉള്ളൂ. ഓരോ ഭാഗങ്ങളേയും കൂടുതൽ സൂക്ഷ്മതയോടെ അല്പം വിപുലമാക്കി ചിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
പിന്നെ, ഇനി മാറേണ്ടത് എന്താണെന്ന് ചോദിച്ചാൽ ആസ്വാദകരുടെ സമീപനം ആണെന്നാണ്‌ എനിക്ക് തോന്നുന്നത്. അറിയാൻ ശ്രമിച്ചാലേ കലയെ മനസ്സിലാക്കാൻ പറ്റൂ. അതിന് ആസ്വാദകർ മുതിരുന്നത് കലാകാരൻമാർക്കും പ്രചോദനമാണ്.
ഈ കലയ്ക്ക് ദോഷം വരുന്ന ഒരു പ്രവണത, വെറുതെ കൊണ്ടുവരുന്ന മാറ്റങ്ങളാണ്. ഏതൊരു കഥയും എടുത്തു നങ്ങ്യാർകൂത്തോ കൂടിയാട്ടമോ ചെയ്യാം എന്ന ധാരണ വളർന്നു വരുന്നുണ്ടെങ്കിൽ അത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. നങ്ങ്യാർകൂത്തിൽ ആയാലും ഒരു കഥയെ എടുക്കുമ്പോൾ അത്, ഏതെങ്കിലും നാടകഭാഗവുമായി ബന്ധപ്പെട്ടതാണെങ്കിൽ അതാണ്‌ ഏറ്റവും നല്ലത്. ഉദാഹരണമായി, ഉഷ ചേച്ചി മണ്ഡൊദരി ചെയ്തത്, അശോകവനികാങ്കം കൂടിയാട്ടത്തിന്റെ ഭാഗമായി മണ്ഡൊദരി നിർവ്വഹണം ചെയ്തിരുന്നു എന്നുള്ള തെളിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്. ആദ്യകാല നാടകവുമായി ബന്ധമുണ്ടായിരുന്നത് കൊണ്ട് നിയമങ്ങൾക്കനുസൃതമായി തന്നെ അത് ചിട്ടപ്പെടുത്താൻ സാധിച്ചു. ഒറ്റപ്പെട്ട കഥകൾ പലരും ചെയ്യുന്നുണ്ട്, ഞാനുൾപ്പെടെ. പക്ഷേ, നാടകവുമായി ബന്ധപ്പെട്ട ഇത്തരം കഥകളോ ഭാഗങ്ങളോ അവതരണത്തിൽ കൊണ്ടുവരുമ്പോൾ മാത്രമേ, അത് പിന്നീട് പാരമ്പര്യത്തിന്റെ ഭാഗമായി നിലനിൽക്കുന്നുള്ളൂ. അല്ലാത്തവ ചില പ്രയോക്താക്കളിൽ മാത്രമായി നിന്ന് പോകും. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി, ഈ കലയ്ക്ക് മുതല്ക്കൂട്ടു ആവുന്ന ചിട്ടപ്പെടുത്തലുകൾ ഉണ്ടാവണമെങ്കിൽ ഇത്തരം ചില ഘടകങ്ങൾ കൂടി ശ്രദ്ധിക്കണം.

? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്

അതാതു കാലത്തെ ആസ്വാദകർക്ക് വേണ്ട വിധത്തിലുള്ള ചില മാറ്റങ്ങൾ തീർച്ചയായും വരുത്തേണ്ടി വരും അത് ആവശ്യവുമാണ്. ആസ്വാദകർ പലയിടത്തും പല മനസ്സ് ഉള്ളവരാണ്. ഇപ്പോൾ കൂത്തമ്പലത്തിൽ കൂടിയാട്ടം കാണാൻ വരുന്നവരെ പോലെ ആവില്ല പുറമേ ഒരു വേദിയിൽ കാണാൻ വരുന്ന ആസ്വാദകർ. പൊതുവെ സാധാരണ ആസ്വാദകരിൽ നിന്ന് കേൾക്കുന്ന അഭിപ്രായമാണ്, ‘നിങ്ങൾ ഈ കലയെ കൂടുതൽ ജനകീയമാക്കൂ’ എന്നത്. പക്ഷേ, ജനകീയമാക്കുന്നത് എത്രത്തോളം എന്നതിനും നിയന്ത്രണം വെയ്ക്കണമല്ലോ. ഇല്ലെങ്കിൽ ഈ കല ഇതല്ലാതെ ആയി പോകും. ആസ്വാദകരെ ഇങ്ങോട്ട് കൊണ്ടുവരാനാണ് കലാകാരി / കലാകാരൻ ശ്രമിക്കേണ്ടത്. ഒരിക്കലും സ്വീകരിക്കാൻ കഴിയാത്ത തരം അഭിപ്രായങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. നങ്ങ്യാർ കൂത്തിൽ സംസ്കൃതത്തിന്റെ ആധിക്യം കൂടുതലാണ്. കുറച്ച് മലയാള ഭാഷയും കവിതകളും ഒക്കെ ചേർത്ത് ജനങ്ങൾക്ക് കൂടുതൽ മനസ്സിലാകും വിധത്തിൽ ചെയ്‌താൽ നന്നായിരിക്കും എന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ കല അതിനുള്ള മാധ്യമമല്ല. നൃത്തത്തിൽ അതിനുള്ള സാധ്യതയുണ്ടാവാം. പക്ഷേ, കൂടിയാട്ടമായാലും നങ്ങ്യാർകൂത്ത് ആയാലും കുറേ നിയമങ്ങളിൽ അധിഷ്ഠിതമാണ്. അത് പാലിക്കുക തന്നെ വേണം. ഇതിന്റെ വ്യക്തിത്വത്തെ കളഞ്ഞു കൊണ്ടുള്ള മാറ്റങ്ങൾക്ക് മുതിരാൻ സാധിക്കില്ല.

kutiyattam_aparna3? അമ്മന്നൂർ മാധവ ചാക്യാരുടെ അവസാന ശിഷ്യപരമ്പരയിൽ പെട്ട ഒരു വ്യക്തി എന്ന നിലയ്ക്ക് ഈ ഒരു പാരമ്പര്യ കളരി സമ്പ്രദായത്തിന്റെ പ്രത്യേകതകളെ എങ്ങനെ ഓർക്കുന്നു? അതേ ചിട്ട തന്നെ ആണോ ഇന്ന് ഗുരു എന്ന രീതിയിൽ തുടർന്ന് പോരുന്നത്? അരങ്ങിൽ ശോഭിക്കാൻ ഈ ചിട്ടകൾ എത്രത്തോളം പ്രയോജനപ്പെട്ടിട്ടുണ്ട്

ആ കളരിയുടെ ഭാഗമാവാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ്. ആശാന്റെ അടുത്തു നിന്ന് നേരിട്ട് പഠിക്കും മുൻപ് ഉഷ ചേച്ചിയാണ് (ഉഷ നങ്ങ്യാർ)ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ആദ്യപ ഠങ്ങൾ പുറപ്പാടിലെ ഭാഗങ്ങളാണ്. സ്ത്രീകൾക്കാണെങ്കിൽ ശ്രീകൃഷ്ണ ചരിതം നങ്ങ്യാരമ്മകൂത്തിലെ പുറപ്പാടും പുരുഷന്മാർക്ക് ബാലചരിതത്തിലെ പുറപ്പാടുമായിരുന്നു ആദ്യമായി പഠിപ്പിക്കുക. അത് തന്നെ ഒരു വർഷത്തോളം സമയമെടുത്താണ് പൂർത്തിയാക്കാറുള്ളത്. പിന്നെ, അരങ്ങേറ്റത്തിനു ശേഷം ശ്രീകൃഷ്ണചരിതത്തിലെ തുടർന്നുള്ള ഭാഗങ്ങളും കൂടിയാട്ടത്തിലെ സ്ത്രീ വേഷങ്ങളും പഠിപ്പിക്കാൻ തുടങ്ങി. ഒരു വേദിയിലെ അവതരണത്തിനു വേണ്ടി പ്രത്യേക ഭാഗങ്ങളൊ, അതായത്, പൂതനാമോക്ഷത്തിന്റെ ഭാഗം, അല്ലെങ്കിൽ കാളിയ മർദ്ദനം അങ്ങനെയൊന്നും ഒരിക്കലും പഠിപ്പിച്ചിരുന്നില്ല. ക്രമമായി തന്നെ അഭ്യസിച്ചു വന്നാലേ ഓരോന്നും അതിന്റെ ശുദ്ധതയോടെ ഉറയ്ക്കൂ എന്ന നിർബന്ധം ആശാന് ഉണ്ടായിരുന്നു. ഇത് ഞങ്ങൾക്കെല്ലാം ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇന്നും ഇതേ രീതി തന്നെയാണ് കളരിയിൽ തുടർന്ന് പോരുന്നത്.
പിന്നെ, അക്കാലത്ത് കൂടിയാട്ടത്തിലെ സ്ത്രീ വേഷങ്ങൾ ആദ്യമൊക്കെ പഠിപ്പിച്ചിരുന്നത്, ശൂർപ്പണകാങ്കത്തിലെ സീത, തോരണയുദ്ധത്തിലെ വിജയ, ബാലി വധത്തിലെ താര, ഗുണ മഞ്ജരി തുടങ്ങിയ വളരെ ലളിതമായ വേഷങ്ങളായിരുന്നു. ‘വിജയ’ വേഷത്തിന് കൂടുതൽ അഭിനയ ഭാഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, കൂട്ടുവേഷങ്ങൾക്കൊപ്പം രംഗത്ത് നിൽക്കുന്നതിന്റെയും രംഗത്തേയും അവതരണ സമയത്തെയുമൊക്കെ ക്രമീകരിക്കേണ്ടതിനെ പറ്റിയുള്ള ധാരണയുണ്ടാകാൻ ഇത്തരം വേഷങ്ങൾളുടെ അഭ്യസനവും അവതരണവും സഹായകമായിട്ടുണ്ട്. അഭിനയ സാധ്യതകൾ ഏറെയുള്ള ലളിതയുടെ വേഷമൊക്കെ കുറെ കാലത്തിനു ശേഷം മാത്രമേ ചെയ്യിക്കാരുള്ളൂ. അതുപോലെ കൂടിയാട്ടത്തിലെ മറ്റൊരു പ്രധാന ഭാഗമാണ് വാചികം. അഭിനയത്തോടൊപ്പം ക്ഷീണം ബാധിക്കാതെ ശ്ലോകം ചൊല്ലാനുള്ള പരിശീലനം കളരിയിൽ നിന്ന് പ്രത്യേകമായി ലഭിച്ചിരുന്നു. മുപ്പതും നാൽപ്പതും നിർവ്വഹണ ശ്ലോകങ്ങൾ മന:പാഠമായി ചൊല്ലാനും കിതപ്പ് വരാതെ ശ്വാസം ക്രമീകരിച്ച് ശ്ലോകം രംഗത്ത് അവതരിപ്പിക്കാനും, ഏതാണ്ട് ഒരു വർഷത്തോളം നീണ്ട വാചിക ക്ലാസ്സ്‌ ഏറെ സഹായകമായിട്ടുണ്ട്. ഇത് കൂടാതെ കണ്ണ് സാധകവും മെയ് സാധകവുമെല്ലാം നിഷ്ഠയോടെ തന്നെ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് ഒരു നടനെ ഉണ്ടാക്കിയെടുക്കൽ അല്ലാതെ ഓരോ ഘടകങ്ങളിലും പ്രത്യേകം ശ്രദ്ധ കൊടുത്ത് ഒരു തികഞ്ഞ പ്രയോക്താവിനെ വാർത്തെടുക്കാനാണ് കളരി ലക്ഷ്യമിട്ടിരുന്നത്.

? ഇന്ന് കൂടിയാട്ടത്തിനേക്കാൾ ആസ്വാദകരും വേദികളും ഉള്ള കലാരൂപമാണ്‌ നങ്ങ്യാർകൂത്ത്. രണ്ടിലും ഒരുപോലെ നിൽക്കുന്ന പ്രയോക്താവ് എന്ന നിലയ്ക്ക് രണ്ടിലേയും സാധ്യതകളെ എങ്ങനെ നോക്കിക്കാണുന്നു

അതിന് പല ഘടകങ്ങളുണ്ടാവാം. പണ്ട് പാരമ്പര്യ വഴിയ്ക്ക് അവതരിപ്പിച്ചിരുന്ന കലാരൂപമാണെങ്കിലും ഇന്ന് മറ്റു സമുദായത്തിൽ നിന്നുള്ളവരും പഠിക്കുന്നുണ്ട്. അവതരിപ്പിക്കുന്നുമുണ്ട്. ഇപ്പോൾ പഠിക്കാനായി മുന്നോട്ടു വരുന്നതും കൂടുതൽ പെണ്‍കുട്ടികളുമാണ്. അതുകൊണ്ട് തന്നെയാവാം കൂടുതൽ നങ്ങ്യാർകൂത്ത് അവതരണങ്ങൾ നടക്കുന്നതും. മാത്രമല്ല, കൂടുതൽ കലാകാരന്മാർ വേണ്ട. കൂടിയാട്ട അവതരണത്തേക്കാൾ സമയം കുറവ് മതി. ഒരു കഥ മുഴുവനായി തന്നെ ഈ സമയം കൊണ്ട് കാണാം. കൂടിയാട്ടത്തിൽ ഒരു ഭാഗം തന്നെ ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന അഭിനയ രീതി ആസ്വദിക്കാൻ ഇന്നത്തെ ജനങ്ങൾക്ക് ക്ഷമയും കുറവായിരിക്കാം. അത് മാത്രമല്ല, പുതിയ ചിട്ടപ്പെടുത്തലിനായാലും മാറ്റങ്ങൾ വരുത്താനായാലും നങ്ങ്യാർ കൂത്തിലെ ഏക കലാകാരിയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും ലഭിക്കുന്നു. കുറവ് കലാകാരന്മാർ മതി എന്നത് കൊണ്ട് തന്നെയാവാം കൂടുതൽ സംഘാടകരും കൂടിയാട്ടത്തേക്കാൾ നങ്ങ്യാർ കൂത്ത് സംഘടിപ്പിക്കുന്നതും.

kutiyattam_aparna4? കൂടുതൽ ചിട്ടപ്പെടുത്തലുകൾക്ക് മുതിരാൻ, തനിക്കു മുന്നേ ഉള്ള മറ്റു കലാകാരന്മാരോ കലാകാരികളോ പ്രചോദനമായിട്ടുണ്ടോ? അതുപോലെ, അവതരണ മികവിനോടൊപ്പം കൂടുതൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനും പ്രാപ്തരായ പുതു തലമുറ വളർന്നു വരാൻ അഭ്യാസത്തോടൊപ്പം എന്തൊക്കെ ശ്രദ്ധിക്കണം? ഒരു ഗുരു എന്ന നിലയിൽ എന്ത് തോന്നുന്നു

തീർച്ചയായും പ്രചോദനം ഉണ്ടായിട്ടുണ്ട്. ഉഷ ചേച്ചിയുടെ ചിട്ടപ്പെടുത്തൽ സമയങ്ങളിൽ എല്ലാം ഏതാണ്ട് ആദ്യം മുതൽ അവസാനം വരെയും അതിൽ ഭാഗമാവാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പുതിയ ചിട്ടപ്പെടുത്തൽ ഉണ്ടാവുമ്പോൾ ആ കലാകാരിയുടെയും കാണികളുടെയും അനുഭവങ്ങൾ എന്തൊക്കെ ആയിരുന്നെന്ന് അത്രയ്ക്കും അടുത്ത് അറിയാൻ സാധിച്ചിരുന്നു. ഇതെല്ലാം ഒരു പഠനം തന്നെ ആണെന്ന് പറയാം. ഉഷ ചേച്ചിയുടെ ചിന്തകൾ പോലും അന്ന് വളരെ സ്വാധീനിച്ചിട്ടുണ്ട്. ഗുരുവിൽ നിന്നും, മുതിർന്നവരിൽ നിന്നും ലഭിക്കുന്ന ഈ ചിന്തകളാണ് കൂടുതൽ ചിന്തിക്കാൻ ഓരോരുത്തരെയും പ്രാപ്തരാക്കുന്നത്‌ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരത്തിൽ എല്ലാ വശങ്ങളിലും സ്വാധിനംചെലുത്തിയിട്ടുള്ളത്‌ ഗുരു കൂടിയായ ഉഷ ചേച്ചിയുടെ ചിട്ടപ്പെടുത്തലുകൾ തന്നെയാണ്. പിന്നെ മാർഗ്ഗി സതി ചേച്ചിയുടെ ശ്രീരാമ ചരിതം നന്നായി ശ്രദ്ധിച്ച് വായിച്ചിരുന്നു.
പിന്നെ, ഞങ്ങൾ പഠിച്ചു വന്ന സമ്പ്രദായത്തെ കുറിച്ച് നേരത്തെ പറഞ്ഞല്ലോ,. ഓരോ കഥകളെയും, കഥാപാത്രത്തെയുംമാത്രമല്ല, അവതരണത്തിലെ ഓരോരോ ചെറിയ വശങ്ങളേയും മനസ്സിലാക്കിക്കൊണ്ട് അതിനു തക്ക സമയമെടുത്തായിരുന്നു അഭ്യസനം. അതേ, രീതി തന്നെയാണ് ഇന്നും കളരിയിൽ തുടർന്ന് വരുന്നത്. കുറച്ച് കാലം പഠിച്ചാൽ ഉടനെ, ചിട്ടപ്പെടുത്തലിലേക്ക് തിരിയാൻ സാധിക്കുന്ന ഒരു കലയല്ല കൂടിയാട്ടവും നങ്ങ്യാർ കൂത്തും. ഓരോ ആട്ടപ്രകാരങ്ങളിലൂടെയും പലവട്ടം സഞ്ചരിച്ച് അവയെ മനസ്സിലും ശരീരത്തിലും ഉറപ്പിച്ചതിനു ശേഷം മാത്രമേ ഒരു കലാകാരൻ / കലാകാരി ചിട്ടപ്പെടുത്തലിന് പ്രാപ്തരാവുന്നുള്ളൂ. അതിനു വെറും അവതരണ മികവ് മാത്രം പോരല്ലോ. ഗവേഷണ പരമായ കാഴ്ചപ്പാടിലൂടെ കലയെ നിരീക്ഷിക്കണം.

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

200169

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019