KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

പാരമ്പര്യവും നവീകരണവും : ഭരതനാട്യം [Rama Vaidyanathan]

December 20, 2015

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

ramavaidyanathan1? ഭരതനാട്യ രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ?

എന്റെ അഭിപ്രായത്തിൽ ചിട്ടപ്പെടുത്തലുകളിൽ വന്ന മാറ്റങ്ങൾ പല നിലകളിൽ ആയിരുന്നു സംഭവിച്ചത്. ആദ്യമായി, കൂടുതൽ വ്യത്യസ്തമായ സാഹിത്യ കൃതികൾ, വിവിധ ഭാഷാ കൃതികൾ എല്ലാം നൃത്തത്തിന്റെ ഭാഗമായി. ആദ്യകാലത്ത് ഭരതനാട്യത്തിൽ തമിഴ്, തെലുങ്ക് കൃതികൾ മാത്രമായിരുന്നു എന്ന് പറയാം. ഭരതനാട്യം ഒരിക്കലും തമിഴ്നാട്ടിൽ മാത്രമായി ഒതുങ്ങി നിന്നിട്ടില്ല. അതുകൊണ്ട് തന്നെ, മലയാളം, കന്നഡ ഹിന്ദി തുടങ്ങിയ വ്യത്യസ്ത ഭാഷകളിലുള്ള കൃതികൾ ഉൾപ്പെടുത്താൻ ഓരോ നർത്തകിമാരുംശ്രമിച്ചു. ഞാൻ കൂടുതലും വടക്കേ ഇന്ത്യയില ആയിരുന്നത് കൊണ്ട് ഭഹൃജു ഭാഷയിലെ കൃതികളെ കൊണ്ട് വന്നിരുന്നു. സൂഫി സാഹിത്യം,അതുപോലെ സംകൃതത്തിലുള്ള കാളിദാസ കൃതികൾ ഇതെല്ലാം ഭരതനാട്യത്തിൽ ചിട്ടപ്പെടുത്താൻ തുടങ്ങിയത് വലിയൊരു മാറ്റമായിരുന്നു. ഇതോടെ ഭരതനാട്യത്തിന്റെ സാഹിത്യം, അല്ലെങ്കിൽ ഗാന മേഖല കൂടുതൽ വ്യാപ്തിയുള്ളതും വിസ്തൃതവും ആവുകയായിരുന്നു. ആസ്വാദക ലോകവും വിസ്തൃതമായി എന്നതിലും സംശയമില്ല. കാരണം, ഭാഷ, മതം, ദേശം തുടങ്ങിയ വരമ്പുകൾക്കുള്ളിൽ നിന്ന് പുറത്തു വന്ന് വ്യത്യസ്ത സംസ്കാരങ്ങളിലെക്ക്, വ്യത്യസ്ത വ്യക്തികളിലേക്ക് ഈ കല എത്തിച്ചേർന്നു. ഈയൊരു മാറ്റത്തോടെ ഭരതനാട്യം ഒരു ‘ഗ്ലോബൽ ആർട്ട്‌ ഫോം’ എന്ന നിലയിലേക്ക് ഉയർന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് കൊറിയോഗ്രാഫിയിൽ വന്ന എല്ലാ മാറ്റങ്ങളും തന്നെ തികച്ചും സ്വാഭാവികവും നൈസർഗ്ഗികവുമായിരുന്നു എന്നതാണ്. ഒരു മാറ്റവും വെറുതെ ഒരുദിവസം ആരെങ്കിലും ഒരാൾ ഉണ്ടാക്കിയതല്ല. ഓരോ പടവുകളായി കാലത്തിനും സാഹചര്യത്തിനും അനുസൃതമായി വന്നു ചേർന്നവയാണ്‌.
രണ്ടാമതായി എടുത്തു പറയേണ്ട മാറ്റം സംഭവിച്ചത്, എകാഹാര്യ രൂപത്തിൽ നിന്ന് സംഘരൂപങ്ങളായി മാറാൻ തുടങ്ങി എന്നതാണ്. സാഹചര്യം തന്നെയാണ് അതിനും കാരണം. പണ്ട്, ഒരു നാട്ടിൽ അഞ്ചോ പത്തോ നർത്തകിമാർ ഉണ്ടായിരുന്നിടത്ത്, ഇന്നുള്ളത് അഞ്ഞൂറോ ആയിരമോ അതിലധികമോ കലാകാരികളാണ്. ഇവർക്കെല്ലാം ഉള്ള വേദികൾ എവിടെ? മാത്രമല്ല, ആസ്വാദകർ കൂടി. വേദികൾ പലതും വലിപ്പമുള്ളതായി. പല ഡാൻസ് ഫെസ്റ്റിവലുകളിലും മൂവായിരം നാലായിരം പേരാണ് കാണികളായി എത്തുന്നത്. കാണികൾ ബാൽക്കണിയിൽ വരെ ഇരിക്കുന്നുണ്ടാകും. ഇവർക്ക് മുന്നിൽ, അത്രയും വലിപ്പമുള്ള വേദിയിൽ, ഒരു നർത്തകി മാത്രം കളിച്ചാൽ എങ്ങനെ ശോഭിക്കാനാക്കും? ഇക്കാരണങ്ങൾ കൊണ്ടാണ് ഗ്രൂപ്പ്‌ അവതരണങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്. ഇതിൽ നിന്ന് ഞാൻ എകാവതരണത്തെ എതിർക്കുന്ന വ്യക്തിയാണെന്ന് ധരിക്കരുത്. എനിക്കതാണ് ഇഷ്ടവും, അതാണ്‌ കൂടുതൽ ചെയ്യുന്നതും. ഗ്രൂപ്പ്‌ അവതരണങ്ങൾ വന്ന സാഹചര്യത്തെ വിശദമാക്കി എന്ന് മാത്രം.
മൂന്നാമതായി സംഭവിച്ച മാറ്റം അവതരണ പ്രമേയങ്ങളിൽ വന്നതാണ്. ആദ്യകാലങ്ങളിൽ ഒരു നായികയും നായകനും ഉണ്ടാവും, അത് ശിവ പാർവതിയാവാം, രാധയുംകൃഷ്ണനുമാവാം. അവയിൽ ചെയ്യുന്ന ക്രിയകളെല്ലാം ഏതാണ്ട് ഒന്ന് പോലെ തന്നെ. ഇത്തരം അവതരണങ്ങൾ ഇന്നും ഉണ്ട്. അവ പാടില്ല എന്നല്ല. പക്ഷേ, ഇന്ന് നർത്തകിക്ക് പ്രമേയങ്ങളോടുള്ള സമീപനം പാടേ മാറിയിരിക്കുന്നു. സ്ഥിരമായ അഭിനയ മുഹൂർത്തങ്ങളുടെ ആവർത്തനങ്ങളല്ലാതെ ഒരു സന്ദർഭത്തിന്റെ ആഴത്തിലുള്ള തലങ്ങളെ അന്വേഷിക്കുകയും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ വ്യത്യസ്ത തലത്തിൽ പ്രകടമാക്കും വിധത്തിലുള്ള അഭിനയ സാധ്യതകളെ കണ്ടെത്തുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ നൃത്തം കേവലമായ ഒരു ശാരീരിക അഭ്യാസത്തിൽ കവിഞ്ഞ് ആത്മീയ തലത്തിലേക്ക് ഉയർത്തപ്പെടുകയാണ്. നൃത്ത പ്രക്രിയ ധ്യാനത്തോട് സമാനമാവുന്നു. മാത്രമല്ല, നൃത്തമെന്ന മാധ്യമം കൂടുതൽ ശക്തമാവുന്നതോടെ നർത്തകി തന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ പൂർത്തീകരണത്തിനും നൃത്തത്തെ മാധ്യമമാക്കുന്നു. സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ കണ്ണടയ്ക്കാൻ കലാകാരന് കഴിയില്ല. ‘എന്റെ മാധ്യമത്തിന്റെ ശക്തി ഞാൻ മനസ്സിലാക്കിയാൽ അതിന്റെ സാധ്യതകളെ എത്രകണ്ട് ഉപയോഗപ്പെടുത്താമോ അത്രയും എനിക്ക് ഉപയോഗപ്പെടുത്താം’. ഈ ഒരു തിരിച്ചറിവ് ഓരോ നർത്തകരിലും വളർന്നു തുടങ്ങി. ഇതും വളരെ വലിയൊരു മാറ്റമായിരുന്നു. ഒരു എഴുത്തുകാരന് ഭാഷയും വാക്കുകളും എങ്ങനെയാണോ അതുപോലെ തന്നെയാണ് ഒരു നർത്തകന് / നർത്തകിക്ക് നൃത്തം. ഇത്തരത്തിലുള്ള ധാരാളം കൊറിയോഗ്രാഫികളും ഈ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളതായികാണാം. നൃത്തത്തിൽ കൈകാര്യം ചെയ്യപ്പെടുന്ന പ്രമേയങ്ങൾ മാറി, ഒപ്പം ഓരോ പ്രമേയത്തോടുമുള്ള സമീപനങ്ങളും മാറിക്കൊണ്ടിരുന്നു.
ഇപ്പറഞ്ഞ മൂന്നു തലത്തിലുള്ള മാറ്റങ്ങളും ഭരതനാട്യം ആഗോള കലയായി ഉയർന്നു വരാൻ കാരണമായിട്ടുണ്ട്.

ചിട്ടപ്പെടുത്തൽ എന്ന പ്രക്രിയ തന്നെ സ്വാഭാവികമായി വരേണ്ടതാണ്. ഏതൊരു കലയുടെയും വളർച്ച, അല്ലെങ്കിൽ പുരോഗമനം സംഭവിക്കുന്നത്‌ ചിട്ടപ്പെടുത്തലിലൂടെ തന്നെയാണ്. അല്ലാതെ എന്നും പഴയത് മാത്രം പഠിക്കുക, ചെയ്യുക, അല്പം മാറിയാൽ പാരമ്പര്യം നഷ്ടപ്പെട്ടു എന്ന് ബഹളം വെയ്ക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം അനാവശ്യം ആണെന്നെ ഞാൻ വിശ്വസിക്കുന്നുള്ളൂ. ആദിമ മനുഷ്യനിൽ നിന്ന് മാറ്റങ്ങൾ സംഭവിച്ചും പുരോഗമിച്ചുമല്ലേ മനുഷ്യ കുലം നാം ഇന്ന് കാണുന്ന രീതിയിൽ ആയി തീർന്നത്. അതുപോലെ തന്നെ ഉള്ള സ്വാഭാവികമായ മാറ്റങ്ങൾ തന്നെയാണ് കലകളിലും സംഭവിക്കുന്നത്‌. പരിണാമവും പുരോഗമനവും പാരമ്പര്യത്തിന്റെ ഭാഗങ്ങളാണ്. ഈ സത്യത്തെ നമുക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല, ഏതു മേഖലയിലായാലും. അതുകരുതി, ലിയോപാഡ് ഇട്ടുകൊണ്ട്‌ ഭരതനാട്യം ചെയ്യണം എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ അത്തരത്തിൽ ഉള്ള അന്ധമായ മാറ്റങ്ങളുമല്ല. പാരമ്പര്യ കലകളിൽ തീർച്ചയായും നമുക്ക് ചില നിയമങ്ങളും ചിട്ടകളും പിന്തുടരേണ്ടതുണ്ട്. അവയെ പാലിച്ചുകൊണ്ട്, കാലത്തിനനുസരിച്ച മാറ്റങ്ങളെ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടത്. ചിട്ടകളേയും ശാസ്ത്ര നിയമങ്ങളേയും ബഹുമാനിച്ചുകൊണ്ടും നിലനിർത്തിക്കൊണ്ടും തന്നെ, ഈ കലയുടെ ഉള്ളടക്കത്തെ കൂടുതൽ സമ്പന്നമാക്കുക.

? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ?

നേരത്തെ പറഞ്ഞ എല്ലാ തലങ്ങളിലുമുള്ള മാറ്റങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. പ്രധാനമായി കൂടുതൽ ചലന സാധ്യതകളെ കൊണ്ടുവന്നു, ഭരതനാട്യത്തിന്റെ ചിട്ടകളിൽ നിന്നുകൊണ്ട് തന്നെ. എന്റെ ശരീരത്തിന്റെ സാധ്യതകളെ കൂടുതൽ അറിഞ്ഞ് അതുവഴി നൃത്ത ചലനങ്ങളിലെ വൈവിധ്യങ്ങളെ കണ്ടെത്തുകയായിരുന്നു. അതും സ്വാഭാവികമായും, ഒരുപക്ഷേ അറിയാതെയും വന്നു ചേർന്നതാണ്. എനിക്ക് നൃത്തം ചെയ്യാനുള്ളത് എന്റെ ശരീരമാണ്. ഈ ശരീരത്തിൽ ഞാൻ കണ്ടെത്തിയ ചലന സ്വഭാവങ്ങളായിരുന്നു എന്റെ നൃത്ത ശൈലിയായി മാറിയത്.
മറ്റൊന്ന് ഭരതനാട്യത്തിലെ പാരമ്പര്യ മാർഗ്ഗത്തിനു തന്നെ പുതിയൊരു മാനം കൊണ്ടുവന്നതായിരുന്നു. ഒരു വർണ്ണം തന്നെ, സാധാരണയായി തുടർന്ന് വരുന്ന രീതിയിൽ നിന്ന് വേറിട്ട്‌ ചെയ്യാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. വരികൾ ചേർത്ത്, അല്ലെങ്കിൽ സ്വരങ്ങളോട് ചേർന്ന് ജതി ചെയ്യുന്ന രീതി എന്റെ അവതരണങ്ങളിൽ കാണാം. ആദ്യമേ ചിട്ടപ്പെട്ട കൃതികളെ അതേ പടി എടുത്ത് നൃത്തം ചെയ്യാൻ എനിക്ക് താൽപര്യമില്ല. അപൂർവ്വമായേ അങ്ങനെ ചെയ്യാറുള്ളൂ. എന്റെ നൃത്തത്തിന് വേണ്ട വരികളെയും സംഗീതത്തേയും അതിനെ ഓരോ താള കണക്കുകളേയുമെല്ലാം ഏറ്റവും അനുയോജ്യമായി ഡിസൈൻ ചെയ്തെടുക്കലാണ് ആദ്യമായി ചെയ്യാറുള്ളത്. ഉദാഹരണമാണ്, മയൂർ അലാരിപ്പ്. സാധാരണ അലാരിപ്പിലെ ചലനങ്ങളെ തന്നെ, സാധാരണ നാട്യരംഭ നിലയെ തന്നെ വ്യത്യസ്തമായ ഒരു മാനം കൊടുത്തുകൊണ്ട്, ഒരു മയിൽ-നൃത്ത സമാനമായി ഞാൻ അവതരിപ്പിച്ചു. ശരീര ചലനത്തിന്റെ സാധ്യതയേയും നൃത്തത്തിലെ സ്വാതന്ത്ര്യത്തേയും കൂടുതൽ ആഴങ്ങളിൽ അന്വേഷിച്ചത്തിന്റെ ഫലമായിരുന്നു അത്. എന്റെ നൃത്തമാണ് എനിക്കിതിനെല്ലാമുള്ള സ്വാതന്ത്ര്യം തരുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഭരതനാട്യം തരുന്ന ഈ സ്വാതന്ത്ര്യം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാൻ അനുഭവിച്ച ആ സ്വാതന്ത്ര്യത്തിൽ നിന്നായിരുന്നു വാചികവും, തീയേറ്റർ സ്വാധീനവുമെല്ലാം ചേർത്ത മാഡ് ആൻഡ്‌ ഡിവൈൻ എന്ന പ്രൊഡക്ഷൻ ചെയ്തത്. അതിൽ മറാത്തി ഭാഷയെ ഉപയോഗിച്ചു, ഹിന്ദുസ്ഥാനി സംഗീതത്തെ കൊണ്ടുവന്നു, ആഹാര്യത്തെ മാറ്റി, അതുപോലെ കഥാപാത്രങ്ങൾക്ക് സംഭാഷണങ്ങളും ചേർത്തു. ഇത്തരം വ്യത്യസ്തതകളെ ഞാൻ അന്വേഷിക്കാറുണ്ട്. പക്ഷേ, ഇനി അങ്ങനെയേ ചെയ്യൂ എന്നൊന്നുമില്ല.
ഇതുപോലെ വ്യത്യസ്തമായി ചെയ്ത മറ്റൊന്നായിരുന്നു ഭക്തി പ്രസ്ഥാന കാലത്തെ ചിത്രകലാ പാരമ്പര്യമായിരുന്ന മിനിയേച്ചർ പെയിന്റിംഗിനെ അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്ത ‘ചിത്രാവലി’. ‘കൃഷ്ണമായ’ സീരീസിലെ ഓരോ ചിത്ര സന്ദർഭങ്ങളേയും നൃത്തത്തിലൂടെ ആവിഷ്കരിക്കുകയായിരുന്നു. ചിത്രത്തിലെ സാഹചര്യങ്ങളും സന്ദർഭവും നൃത്തത്തിലൂടെ കമ്മ്യൂണികേറ്റ് ചെയ്യിക്കാനാണ് ഞാൻ ശ്രമിച്ചത്. ഓരോ നൃത്ത ഭാഗങ്ങളും ഏതു ചിത്രത്തെ പ്രതിനിധാനം ചെയ്യുന്നോ, ആ ചിത്രങ്ങളെ പാശ്ചാത്തലത്തിൽ കാണിച്ച്, ആാ പ്രത്യേക കഥാസന്ദർഭത്തെ അവതരിപ്പിക്കുന്ന രീതിയിലാണ് അത് ചിട്ടപ്പെടുത്തിയത്. അതിനു വേണ്ടി ഉപയോഗിച്ചത് ഭ്രിജു ഭാഷയും ഹിന്ദുസ്ഥാനി സംഗീതവുമായിരുന്നു. നട്ടുവാങ്കം പോലും ഒഴിവാക്കി, ഹിന്ദുസ്ഥാനി സംഗീതവും സംഗീതോപകരണങ്ങളും ഉപയോഗിച്ചു. രചയിതാവ് ആരാണെന്ന് പോലും അറിയാത്ത ആ ചിത്രങ്ങളിൽ ചിലതിൽ ചില വരികൾ കുറിച്ചിട്ടിരുന്നു. അവയെ എടുത്തു, ഒപ്പം സാമ്പ്രദായിക ഹിന്ദുസ്ഥാനി ശൈലിയിലുള്ള ഖയാൽ, തരാന, ദ്രുപദുകലെല്ലാം സന്ദർഭോചിതമായി ഉപയോഗിച്ചു. നൃത്തം ചിട്ടയായ ഭരതനാട്യവും.
എതൊന്നു പുതിയത് ചെയ്യുമ്പോഴും അത് ഭരതനട്യമല്ല എന്ന് കാണികളെ കൊണ്ട് പറയിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. പല മാറ്റങ്ങളും കൊണ്ടുവന്നു. പക്ഷേ, എന്റെ മാധ്യമം എന്നും ശുദ്ധമായ ഭരതനാട്യം മാത്രമാണ്.

? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്?

പല സ്ഥലങ്ങളിൽ പല തരത്തിലുള്ള ആസ്വാദകരെ നമുക്ക് തൃപ്തിപ്പെടുത്തേണ്ടി വരും. ഇപ്പോൾ ഡൽഹിയിൽ പലപ്പോഴും ഞാൻ ഹിന്ദി കൃതികളൊക്കെ കൂടുതൽ ചെയ്യാറുണ്ട്. എന്നാൽ ചെന്നൈ സീസണ്‍ ഫെസ്റ്റിവലിൽ കൂടുതൽ ട്രഡീഷ്ണൽ തമിഴ്, തെലുങ്ക് കൃതികൾ ചെയ്യുന്നു. ചെന്നൈയിൽ എന്റെ മറ്റു പ്രൊഡക്ഷൻ ചെയ്യില്ല എന്നല്ല. തീർച്ചയായും ചെയ്യും. ആസ്വാദകർക്ക് വേണ്ടിയാണ് നമ്മൾ പെർഫോമൻസ് ചെയ്യുന്നത്. എങ്കിലും എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്താനും സാധിക്കില്ല. എന്റെ സൃഷ്ടികളെ കുറിച്ച് ഞാൻ ആദ്യമേ നല്ലവണ്ണം ബോധവതിയാകണം. അത് എന്തിനു ചെയ്തു, എങ്ങനെ ചെയ്തു എന്നത്തിനുള്ള ഉത്തരം ആദ്യം എനിക്ക് ഉണ്ടാവണം. പിന്നെ, ആസ്വാദകരെ അതിലേക്ക് കൊണ്ടുവരാൻ പറ്റും.
നല്ല ആസ്വാദകർ തന്നെയാണ് കലകളെ വളർത്തുന്നത്. കലയുടെ വളർച്ചയ്ക്കും കലാകാരിയുടെ വളർച്ചയ്ക്കും നല്ല ആസ്വാദകരും നല്ല നിരൂപകരും അത്യാവശ്യവുമാണ്. അത്തരം ചിലരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും പലപ്പോഴും സ്വീകരിക്കാറുമുണ്ട്. പക്ഷേ, തള്ളിക്കളയേണ്ട അഭിപ്രായങ്ങളും ഉണ്ടാവും. എല്ലാവരും പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയാൽ കലാകാരിയുടെ സ്വാതന്ത്ര്യം അവിടെ നഷ്ടമാവുകയല്ലേ.

ramavaidyanathan3? ചിട്ടപ്പെട്ട ഇനങ്ങളെ പുനരാവിഷ്കരിക്കുമ്പോഴാണോ അതോ, തന്റെ പുതിയ സംവിധാനങ്ങളിലൂടെ ലോകത്തോടു സംവദിക്കാനാകുമ്പോഴാണോ ഒരു നർത്തകി എന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നത്?

ഓരോ പുതിയ സൃഷ്ടികൾ ഉണ്ടാക്കുമ്പോഴും എനിക്ക് സന്തോഷം തോന്നാറുണ്ട്. അത് പഴയ തഞ്ചാവൂർ നാൽവരുടെ വർണ്ണമായാലും, ഭ്രജു ഭാഷാ ഖയാൽ ആയാലും, കാശ്മീരി സൂഫി ആയാലും അതല്ല ഒരു പുതിയ പ്രമേയ അവതരണമായാലും എന്റെ ഭാഷ ഒന്ന് തന്നെയാണ് – എന്റെ ഭരതനാട്യം. ഓരോന്നും തരുന്നത് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും. പക്ഷേ, എന്റെ മനസ്സിന് ആനന്ദം ലഭിക്കുന്നത് എന്നിലൂടെ ഒരു സൃഷ്ടി ജനിക്കുമ്പോൾ മാത്രമാണ്. ഇപ്പോൾ, പഴയ ചില വർണ്ണങ്ങൾ ഞാൻ എന്റേതായ രീതിയിൽ പുനരാവിഷ്കരിക്കാറുണ്ട്. അപ്പോളാണ് എന്നിലെ നർത്തകി സന്തോഷിക്കുന്നത്. അല്ലാതെ, ഇത് ഇങ്ങനെയേ പാടൂ, അങ്ങനെ ചെയ്‌താൽ തെറ്റാണ് എന്നൊക്കെയുള്ള വിശ്വാസങ്ങളിൽ മൂടി കിടക്കുക എന്നത എനിക്ക് ഒരിക്കലും സാധിക്കില്ല. പിന്നെ, നേരത്തെ പറഞ്ഞില്ലേ, കലാകാരിയുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച്. അത്തരത്തിലുള്ള ഇനങ്ങൾ എന്നിലൂടെ ആവിഷ്കരിക്കുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ വലിയ തൃപ്തിയും സന്തോഷവും അനുഭവിക്കുന്നു. പിന്നെ, എന്റെ സ്വാതന്ത്ര്യം എന്റെ നൃത്തത്തിലൂടെ ഞാൻ കണ്ടെത്തിയതാണ്. അത് ഞാൻ പൂർണ്ണമായി ആസ്വദിക്കുന്നു.

? നർത്തകിയ്ക്ക് ഒരുപാട് ആവിഷ്കാര സ്വാതന്ത്ര്യം ലഭിക്കുന്ന കലയാണ്‌ ഭരതനാട്യം. പാരമ്പര്യ ഇനങ്ങളല്ലാതെ പുതിയൊരു സംവിധാനത്തിന് മുതിരുമ്പോൾ അതിൽ നൃത്ത നാട്യ അംശങ്ങൾ ഒരേ പ്രാധാന്യത്തോടെ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ടോ? അങ്ങനെ ഒരു തുല്യത ആവശ്യമാണോ?

കൊറിയോഗ്രാഫിയിൽ ഒരു പ്രത്യേക നിയമമൊന്നും ഞാൻ ഇതുവരെ വെച്ചിട്ടില്ല. പൂർണ്ണമായും ആ സാഹിത്യത്തോടും അതിലെ ആശയത്തോടും ചേർന്ന് നിൽക്കുക മാത്രമാണ്. അതിൽ നിന്ന് കൊണ്ട് എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഉപയോഗിക്കുക. ഒരു കൃതിയിൽ അഭിനയത്തിന് മാത്രമേ സാധ്യതയുള്ളൂ എങ്കിൽ അത് മതി. അവിടെ അനാവശ്യമായി ജതി ചേർക്കേണ്ട കാര്യമില്ല. അതേ സമയം വരികളിൽ നൃത്തത്തെ കണ്ടെത്തിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം മ്യൂസിക്‌ അകാദമിയിൽ ഞാൻ പുതിയ ഒരിനം ചെയ്തു. തില്ലാനയിൽ കീര്ത്തനത്തിന്റെ വരികൾ ചേർത്ത ആ ഇനത്തിന് ഞാൻ ‘തില്ലാനം’ എന്നാണ് പേര് നല്കിയത്. അതായത്, തില്ലാനയും കീർത്തനവും ചേർന്ന ഒരിനം. ‘സാമജ വര ഗമന….’ എന്ന കീർത്തനം പണ്ടേ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ആ വരികളിൽ എനിക്ക് നൃത്തത്തെ അനുഭവിക്കാൻ സാധിച്ചു. എന്റെ മനസ്സിന്റെ അനുഭവത്തിനനുസരിച്ച് ഞാൻ എങ്ങനെ നൃത്ത നാട്യത്തെ ഉപയോഗിക്കുന്നു എന്നതിന് ഉദാഹരണമാണ് ‘തില്ലാനം’ എന്ന ഈ ഇനം.

? അവതരണ മികവിനോടൊപ്പം നല്ല മാറ്റങ്ങൾക്കും പുതിയ സംവിധാനങ്ങൾക്കും പ്രാപ്തരായ ഒരു തലമുറ വളർന്നു വരാൻ അഭ്യാസത്തോടൊപ്പം ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? ഒരു ഗുരു എന്ന നിലയിൽ താങ്കളുടെ അഭിപ്രായം എന്താണ്?

എന്റെ അഭിപ്രായത്തിൽ ഒരു നർത്തകിയുടെ ജീവിതത്തിൽ ഒരു 30ഓളം വർഷങ്ങൾ വേണം അവൾ ഒരു അംഗീകരിക്കപ്പെട്ട നർത്തകിയായി വളര്ന്നു വരാൻ. ആദ്യത്തെ പത്തു വർഷം ചിട്ടയായി നൃത്തം അഭ്യസിക്കുക. അടുത്ത പത്തു വർഷം, ശരീരം പഠിച്ച കാര്യങ്ങളെ മനസ്സ് പഠിക്കാൻ തുടങ്ങും അതായത്, വെറും ശാരീരിക ചലനങ്ങൾക്കപ്പുറം നർത്തകി നൃത്തത്തെ അറിയാൻ ആരംഭിക്കുന്നത് അപ്പോളാണ്. അഭിനയത്തിലെ സാത്വികാംശങ്ങൾ വ്യക്തമാവുന്നത് ഈ ഘട്ടത്തിലാണ്. ഈ 20 വർഷത്തെ അഭ്യാസം വളരെ നിഷ്കർഷതയോടെ തുടർന്നാൽ മാത്രമേ, മാർഗ്ഗത്തിന് അപ്പുറത്തേക്ക് ചിന്തിക്കാൻ ഒരു നർത്തകി പ്രാപ്തയാവുന്നുള്ളൂ. അതിനു മുൻപ് അവതരണം പാടില്ല എന്നല്ല. അവതരണവും ചെയ്യണം. പക്ഷേ, കൂടുതൽ മാറ്റങ്ങൾക്ക് മുതിരാൻ ഈ ചിട്ടയായ അഭ്യസനവും അതിനോട് ചേർന്ന് സ്വയം വളർന്നു വരുന്ന ചിന്തകളും അത്യാവശ്യമാണ്. ഒപ്പം ധാരാളം അവതരണങ്ങൾ കാണുക, ആസ്വദിക്കുക. ഇതെല്ലാം ചിന്തകളെ ഉണർത്തും.

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

200149

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019