Month: July 2018

കാലം, കല, കലാകാരി – മോഹിനിയാട്ടത്തിന്റെ ശൈശവമാടിയവരിലൂടെ.

Pub. [Samayam Magazine June 2018] : കാലം, കല, കലാകാരി.

കലാപഠനം ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമായിക്കഴിഞ്ഞ ഒരു മേഖലയാണ്. പ്രത്യേകിച്ച് ക്ലാസിക്കൽ സംഗീതം നൃത്തം തുടങ്ങിയവ. നഗരപ്രദേശത്തായാലും നാട്ടിൻപുറത്തായാലും പല നിലവാരത്തിലുള്ള ധാരാളം നൃത്ത, സംഗീത ക്ലാസുകൾ ഇന്ന് നടന്നു വരുന്നു. കലോത്സവങ്ങളിലുള്ള താല്പര്യം മൂലമോ, സമൂഹമാധ്യമങ്ങൾ പോലുള്ള പുത്തനിടങ്ങളിലൂടെ ലഭിക്കുന്ന ജനകീയതയിൽ ആകൃഷ്ടരായോ, ഏതെങ്കിലും ഒരു കലാരൂപം പഠിക്കാതെ കുട്ടികൾ വളരുന്നത് ഒരു ‘കുറച്ചിൽ’ ആയി ഇന്ന് വലിയൊരു വിഭാഗം ജനങ്ങൾ കണ്ടുവരുന്നു. കലാപ്രയോഗ രംഗത്തെ സാധ്യതകളെയും, പഠന ഗവേഷണ മേഖലകളേയും മുന്നിൽ കണ്ട്, പാഷനും പ്രൊഫഷനും ആയി ക്ലാസിക്കൽ കലകളെ സ്വീകരിക്കുന്നവരും കുറവല്ല.

എന്നാൽ ഏതാനും ദശകങ്ങൾക്ക് മുൻപ് നമ്മുടെ സമൂഹത്തിൽ കലാപഠനവും പ്രയോഗരംഗവും ഇത്രയും ലളിതവും സുന്ദരവുമായിരുന്നില്ല. രാജ്യം പൂർണ്ണമായി വിദേശികളാൽ അടിച്ചമർത്തപ്പെട്ട സാഹചര്യത്തിൽ, ഭക്ഷണം പോലുള്ള അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമം അനുഭവിച്ചിരുന്ന സന്ദർഭത്തിൽ, സുന്ദര കലകളുടെ ആസ്വാദനം പിന്തള്ളപ്പെട്ടു പോയി എന്ന് പറയുന്നത് ഒരു പരിധി വരെ ശരിയായിരിക്കും. ഒരു സംസ്കാരത്തെ തന്നെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാവണം സംസ്കാര-പൈതൃക ചിഹ്നങ്ങളായ കലാരൂപങ്ങളും പലരീതിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്.

കലകളെ പ്രത്യേകിച്ച് നൃത്തത്തെ വളരെ മോശമായി കണക്കാക്കിയിരുന്ന, പെൺകുട്ടികൾക്ക് നൃത്തപഠനത്തിന് ഒരു സ്ഥാപനം ആരംഭിച്ചപ്പോൾ വിദ്യാർത്ഥിനികളെ ലഭിക്കാൻ അതിന്റെ ഭാരവാഹികൾ ഏറെ ബുദ്ധിമുട്ടിയ കാലം വളരെ പുറകിലൊന്നുമല്ല. കേവലം 6 ,7 പതിറ്റാണ്ടുകൾക്ക് മുൻപ്! കേരളീയ കലകളുടെ ക്ഷേത്രമായി ലോകത്തിനു മുന്നിൽ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കേരള കലാമണ്ഡലത്തിന്റെ മോഹിനിയാട്ടകളരിയുടെ ആരംഭ കാല അവസ്ഥയെ കുറിച്ചാണ് പറഞ്ഞു വന്നത്. Read More