KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

പാരമ്പര്യവും നവീകരണവും : യക്ഷഗാനം [ML Samaga]

December 19, 2015

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

mlsamaga_1? യക്ഷഗാന രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കാലം മാറിയതിനനുസരിച്ച്, സാമൂഹ്യ സ്ഥിതികൾ മാറിയതനുസരിച്ച് ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുള്ള കലയാണ്‌ യക്ഷഗാനം. സാധാരണ സാങ്കേതിക വളർച്ചകൾ കൂടുതലാവുമ്പോൾ പാരമ്പര്യ കലകൾ ജനങ്ങളിൽ നിന്ന് അകലുകയാണല്ലോ പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക, വ്യാവസായിക വളർച്ചയോടൊപ്പം കൂടുതൽ ജനങ്ങളാൽ അംഗീകരിക്കപ്പെട്ടു തുടങ്ങി യക്ഷഗാനം. കഴിഞ്ഞ 50, 60 വർഷക്കാലമായിട്ടാണ് ഈ മാറ്റങ്ങൾ ആരംഭിക്കുന്നത്. വയലുകളിൽ വിളവെടുപ്പിനു ശേഷം താൽക്കാലിക വേദികൾ കെട്ടിയുണ്ടാക്കി അതിൽ നാടകാവതരണം നടത്തിയിരുന്ന സമ്പ്രദായം യക്ഷഗാന-ബയലാട്ടം എന്നും വാദ്യങ്ങളുടെ അകമ്പടിയോടെ ഭാഗവതന്മാർ ഇരുന്നു പാടി കഥ അവതരിപ്പിക്കുന്ന രീതിയെ ‘ യക്ഷഗാന- താളമദ്ദളെ’ എന്നും പറഞ്ഞു പോരുന്നു. ഇവ രണ്ടും പണ്ടുകാലങ്ങളിൽ ജനങ്ങളെ ആസ്വദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നില്ല അവതരിപ്പിച്ചു പോന്നിരുന്നത്. സാധാരണക്കാർക്ക് അറിവ് പകരുക എന്ന ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു. നാടോടി അംശവും ക്ലാസ്സികൽ അംശവും യക്ഷഗാനത്തിന്റെ ഓരോ ഘടകങ്ങളിലും കാണാം. യക്ഷഗാനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് തന്നെ യക്ഷരുടെ ഗാനം എന്നതാണ്. ‘യക്ഷ’ എന്നാൽ ഭക്തര എന്നാണ് പ്രാഥമിക അർത്ഥം. ആാദ്യകാലങ്ങലിൽ യക്ഷഗാനം അവതരിപ്പിച്ചു പോന്നിരുന്ന ‘ജഗ്ഗുലു’ തുടങ്ങിയ പ്രത്യേക സമുദായങ്ങളെ ‘യക്ഷരായി’ പരിഗണിച്ചു പോന്നിരുന്നു. കൊളോണിയൽ ശക്തികളുടെ കടന്നു കയറ്റം തന്നെയാണ് ഈ കലയേയും കലാകാരൻമാരെയും ദാരിദ്രാവസ്ഥയിലേക്ക് തള്ളിയിട്ടത്. ആ സാഹചര്യത്തിൽ നിന്ന് മാറ്റം ഉണ്ടാവുന്നതും ജനങ്ങൾ യക്ഷഗാനത്തെയും അതിലെ കലാമൂല്യത്തെയും സ്വീകരിക്കാനും തുടങ്ങുന്നത്, ഉന്നത കുലത്തിലുള്ളവരും പൊതു വിദ്യാഭ്യാസം നേടിയവരുമായ വ്യക്തികൾ യക്ഷഗാനത്തെ ഏറ്റെടുത്തതോടെയാണ്. ഇങ്ങനെ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തി ഒരുപക്ഷേ, എന്റെ പിതാവ് മാൽപേ ശങ്കരനാരായണ സാമഗ ആയിരിക്കും.
അദ്ദേഹത്തെ പോലുള്ളവർ യക്ഷഗാന മേഖലയിലേക്ക് പ്രവേശിച്ചതോടെ ശിഥിലമായി കിടന്നിരുന്ന അവതരണ സമ്പ്രദായങ്ങളെ കൂടുതൽ ചിട്ടയുള്ളതാക്കുകയും ഒപ്പം ഇതിലൂടെ പുരാണങ്ങളും സാംസ്കാരിക മൂല്യങ്ങളും പങ്കുവെയ്ക്കാനുള്ള മാധ്യമമായി യക്ഷഗാനത്തിന്റെ വാചികത്തെ വിപുലമാക്കുകയും ചെയ്തു. അതോടെ കൂടുതൽക്ഷേത്രങ്ങൾ കലാകാരന്മാരെ ഏറ്റെടുക്കാൻ തുടങ്ങി. അങ്ങനെ ക്ഷേത്രങ്ങളുടെ പേരിൽ മേളകൾ (ട്രൂപ്പ്) ആരംഭിച്ചു. ദരിദ്രാവസ്ഥയിൽ ആയിരുന്ന പല മേളകളും ക്രമേണ ജനങ്ങളുടെ ശ്രദ്ധയ്ക്ക് പാത്രമാവുകയും അവർക്ക് കൂടുതൽ വേദികൾ ലഭിക്കാനും തുടങ്ങി.
യക്ഷഗാന നാടകാവതരണത്തിന് പ്രധാനമായി നാല് ഘടകങ്ങളാണ്. മറ്റു പല കലകളെയും പോലെ തന്നെ. ഗാനം, നൃത്തം, വേഷം, പിന്നെ വാചികം. ഈ നാല് ഘടകങ്ങളിലും പുരോഗമനം കാലക്രമേണ വന്നു കൊണ്ടിരുന്നു. ജനങ്ങളിൽ സ്വീകാര്യത വളർത്താൻ അനുഷ്ടാനഅംശങ്ങളെ ഒരുകാലത്ത് കൂടുതൽ ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ജനങ്ങളെ ആസ്വദിപ്പിക്കാൻ വിനോദ അംശങ്ങൾക്ക് പ്രാധാന്യം കൊടുത്ത്കൊണ്ടിരിക്കുന്നു.
യക്ഷഗാന പ്രസംഗത്തെ (സാഹിത്യം) കൂടുതൽവിപുലമാക്കിയവരിൽ പ്രധാനിയായിരുന്നു. കാസർഗോഡ്‌ കുമ്പളയിൽ നിന്നുള്ള പാർത്ഥി സുബ്ബ. അദ്ദേഹം കേരളത്തിൽ പ്രചാരത്തിലിരുന്ന രാമായണത്തെ ആസ്പദമാക്കിയുള്ള കഥകളെ അടിസ്ഥാനപ്പെടുത്തി യക്ഷഗാനത്തിനുള്ള രാമായണ പ്രബന്ധം രചിച്ചു. കഥകളിയോ രാമനാട്ടമോ ആയിരിക്കാം അദ്ദേഹത്തെ സ്വാധീനിച്ചത്. അറിയപ്പെടുന്ന ഏറ്റവും പഴയ കവി അദ്ദേഹമാണ്.
mlsamaga_2വേഷത്തിലും ധാരാളം മാറ്റങ്ങൾ വന്നിരിക്കുന്നു. കഥാപാത്രത്തിനു അനുയോജ്യമായ വിധത്തിൽ കൂടുതൽ ആകര്ഷകവും ആക്കി. മാത്രമല്ല, അവതരണത്തിലെ ആയാസം കുറയ്ക്കാൻ തക്ക വണ്ണം ലളിതമാക്കുകയും ചെയ്തു. ഏറ്റവും പ്രധാന മാറ്റംവന്നത് ആംഗിക വശങ്ങളിൽ തന്നെയാണ്. യക്ഷഗാനത്തെ കൂടുതൽ പ്രശസ്തമാക്കിയതും അതേ സമയം ഈ കലയുടെ യഥാർത്ഥ ലക്ഷ്യത്തെ വഴി തിരിച്ചു വിട്ടതും നൃത്ത ഭാഗങ്ങളുടെ പ്രയോഗം ആയിരുന്നു. ഭരതനാട്യം കുച്ചുപ്പുടി തുടങ്ങിയ ശാസ്ത്രീയ നൃത്തത്തിൽ പ്രാവീണ്യം നേടിയ പലരും യക്ഷഗാന കലാകാരൻമാരായി വന്നു ചേർന്നു. കേരളത്തിൽ നിന്ന് നർത്തകരെ കൊണ്ട് വന്ന് അവതരണം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. അവരാൽ പല പുതിയ നൃത്ത ഭാഗങ്ങളും ചിട്ട ചെയ്യപ്പെട്ടു. കൃത്യമായ് മുദ്രകളോ ചുവടുകളോ ഇല്ലാതിരുന്ന നൃത്തഭാഗം കൂടുതൽ ഭംഗിയും ചിട്ടയും ഉള്ളതായി. കീചകവധം കഥയിൽ പ്രകൃതി വർണ്ണനയൊക്കെ നൃത്തപ്രധാനിയായി ചിട്ടപ്പെടുത്തിയത് നല്ല ചില മാറ്റങ്ങളായിരുന്നു. എന്നാൽ അതെ സമയം ഈ നൃത്ത പ്രകടനങ്ങൾ അവതരണത്തിന്റെ നല്ല ഒരു ഭാഗം സമയവും ചെലവഴിക്കുന്ന സാഹചര്യവും ഉണ്ടായി എന്ന് കാണാം. പണ്ട് കാലത്ത്. ഭാഗവതർ ആണ് കഥയെ മുഴുവൻ നിയന്ത്രിച്ചിരുന്നത് എങ്കിൽ ഇപ്പോൾ പലപ്പോഴും അഭിനേതാവും അല്ലെങ്കിൽ നൃത്തം ചെയ്യുന്ന പല സ്ത്രീ വേഷക്കാരും ഈ കർമ്മം ഏറ്റെടുക്കുന്ന അവസ്ഥയിലേക്കെത്തി. ഇത് പലപ്പോഴും കഥയുടെയും വാചികത്തിന്റെയും പ്രാധാന്യത്തെയും കുറയ്ക്കുന്നു.
കൂടുതൽ പുതിയ കഥകൾ ഇപ്പോൾ ധാരാളമായി വരുന്നുണ്ട്. അവ നല്ലത് തന്നെ, പക്ഷേ, ഈ അവസരത്തിൽ പാരമ്പര്യ വേഷങ്ങൾ പലതും നഷ്ടമാവുന്നതായും കാണുന്നുണ്ട്.
ഇന്ന് കലയെക്കാൾ കലാകാരന്മാർ പ്രശസ്തരായി. പ്രധാനമായും ചില നർത്തകന്മാർ. അവർ പല മേളകളോട് ചേർന്നും പ്രവർത്തിക്കാൻ തുടങ്ങി. അവരെ കാണാൻ ആളുകൾ ഓടിയെത്തി. പണ്ട് എന്റെ പിതാവ് പങ്കെടുക്കുന്ന അവതരണങ്ങൾക്ക് ഇതുപോലെ ധാരാളം പ്രേക്ഷകര ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ പ്രസംഗപാടവമായിരുന്നു അതിന് കാരണം . ഇന്ന് വേഷക്കാരും നർത്തകന്മാരുമാണ് കൂടുതൽ പ്രശസ്തർ. അത്തരം വ്യക്തികളെ വെച്ചു കൊണ്ട് അവതരണത്തെ പരസ്യപ്പെടുത്താനും തുടങ്ങി. ആസ്വാദകർ കൂടാൻ തീർച്ചയായും ഇതെല്ലാം കാരണമായിട്ടുണ്ട്.
പിന്നെ മറ്റൊന്ന് സംഗീതത്തിൽ വന്നു ചേർന്ന മാറ്റങ്ങളായിരുന്നു. കർണ്ണാടക സംഗീത ചിട്ടയിലുള്ള രാഗ താളങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും അഭിനയത്തിനെ പോഷിപ്പിക്കുന്ന തരത്തിൽ ഭാവ പ്രധാനമായ ആലാപന ശൈലിയാണ് പൊതുവെ പിൻതുടർന്ന് വരുന്നത്. വളരെ ഉയർത്തിയുള്ള മേൽസ്ഥായിയിലും താഴ്ത്തിയ കീഴ്സ്ഥായിയിലും പാടാൻ ഭാഗവതർ പ്രാപ്തനായിരുന്നു. പുതിയ കഥകളും കഥാ സന്ദർഭങ്ങളും വന്നതോടെ ചില നാടൻ പാട്ട് രീതികളും നൃത്തത്തിന് വേണ്ടിയുള്ള ജതികളുമൊക്കെ ചേർക്കൽ ഇന്ന് സാധാരണമായി.
കലയുടെ വ്യക്തിത്വം പൂർണ്ണ മായി നഷ്ടപ്പെട്ടിട്ടൊന്നുമില്ല. ഇന്നും ചില പഴയ ക്ഷേത്ര മേളകൾ പാരമ്പര്യത്തിൽ മാത്രം നിന്ന് കൊണ്ട് അവതരണം നടത്തുന്നുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ നിന്ന് പുറത്തെത്തുമ്പോൾ ഈ അവസ്ഥ മാറുന്നതായും കാണാം. വേദികളും സൗകര്യങ്ങളും എല്ലാം കൂടിയതിന്റെ മാറ്റം തന്നെ. പണ്ട് തീ പന്തങ്ങളൊക്കെ കത്തിച്ച് ചെയ്തിരുന്ന പല ഭാഗങ്ങളും ഇന്ന് ഇലക്ടിക് ലൈറ്റ്കൾക്ക് വഴി മാറി. പരിണാമങ്ങളും പരിഷ്കാരങ്ങളും എന്നും നല്ലതാണ്. പക്ഷേ, അതിര് വിടരുത് എന്ന് മാത്രം.

? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ

ഞാൻ ഒരു മുഴുവൻ സമയ കലാകാരനായിരുന്നില്ല. എന്റെ പിതാവ് ഈ രംഗത്ത് ഏറെ പ്രവർത്തിച്ച വ്യക്തിയായിരുന്നത് കൊണ്ട് തന്നെ. ചെറുപ്പം മുതലേ യക്ഷഗാനത്തെ നന്നായി ആസ്വദിക്കാനും ചില വേഷങ്ങൾ ചെയ്യാനും തുടങ്ങിയിരുന്നു. അക്കാദമിക് വിദ്യാഭ്യാസം നേടിയത് കൊണ്ട് തന്നെ, യക്ഷഗാനത്തെ കൂടുതൽ വളർത്താനുള്ള പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. ഞാൻ അധ്യാപകനും പിന്നീട് പ്രിൻസിപ്പലും ആയി ജോലി ചെയ്ത ഉടുപ്പി എം. ജി. എം കോളേജിനെ കേന്ദ്രീകരിച്ചാണ് കർണ്ണാടകയിലെ തന്നെ പ്രധാനപ്പെട്ട യക്ഷഗാന പഠന കേന്ദ്രമായ യക്ഷഗാന അക്കദമി സ്ഥാപിക്കുന്നത്.
പരിശീലനം നല്കുക എന്നതിനോടൊപ്പം ഈ കലയെ മറ്റു നാടുകളിലും പരിചയപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. പാരമ്പര്യ ചിട്ടയിൽ നിന്ന് വിട്ടു പോകാതെ തന്നെ ചില ചിട്ടപ്പെടുത്തലുകളും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള യക്ഷഗാനം. കർണ്ണാടയ്ക്ക് പുറത്തുള്ള പല വേദികളിലും അതിനു ധാരാളം സ്വീകാര്യത ലഭിക്കുകയുണ്ടായി. ഇതിൽ സംഭാഷണങ്ങൾ മാത്രം ഇംഗ്ലീഷിൽ ചേർക്കുകയായിരുന്നു. പാട്ടുകൾ കന്നടയിൽ തന്നെ. കാരണം, ഈ പാട്ട് സംസ്കാരത്തിന് ഒരു പാരമ്പര്യമുണ്ട്. നമ്മുടെ സംഗീതവഴിയിൽ ചേരുന്നതല്ല ഇംഗ്ലീഷ് ഭാഷ. എന്നാൽ ആശയം വിനിമയം ചെയ്യുന്ന വാചിക ശകലങ്ങളിൽ ഭാഷ മാറ്റി പ്രയോഗിക്കാം. അതും പുറമെയുള്ള പ്രേക്ഷകർക്ക് വേണ്ടി. അല്ലാതെ, പാരമ്പര്യ വേദികളായ കദ്രിയിലോ ഉടുപ്പിയിലോ ഒന്നും ഈ അവതരണം ചെയ്യാൻ ഞാൻ താൽപര്യപ്പെടുന്നില്ല.
അതുപോലെ പല ബയലാട്ടത്തിനും താളമദ്ദളയ്ക്കും വേണ്ട സ്ക്രിപ്റ്റുകൾ തയ്യാറാക്കാറുണ്ട്. യക്ഷഗാനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ വശങ്ങളിലേക്ക് പ്രേക്ഷകരുടേയും പ്രയോക്താക്കള്ടേയും ശ്രദ്ധ കൊണ്ട് വരാനും, അതിനു തക്ക രീതിയിലുള്ള പ്രഭാഷണങ്ങളും ക്ലാസ്സുകളും ധാരാളം ചെയ്തു വരുന്നു.
യക്ഷഗാന മേഖലയിൽ ഇനി മാറേണ്ടത് എന്താണെന്ന് ചോദിച്ചാൽ, ചില അമിത പ്രയോഗങ്ങളാണ്. എന്തും അമിതമായാൽ നല്ലതല്ല. അമിതമായ നൃത്ത പ്രയോഗങ്ങളും അമിതമായ ആംഗിക പ്രയോഗങ്ങളും കാണുമ്പോൾ പലപ്പോഴും ഇത് യക്ഷഗാനമാണോ അതോ സർക്കസ്സൊ എന്ന് വരെ തോന്നി പോകും. പ്രേക്ഷകരെ ആകർഷിക്കുക എന്ന ഏക ലക്ഷ്യത്തോടെ ചില സർക്കസ്സ് കലാകാരന്മാരെ വരെ മേളകളിൽ ഉൾപ്പെടുത്തുന്നു. അവരുടെ ഞെട്ടിപ്പിക്കുന്ന പ്രയോഗങ്ങളും നൂറും ആയിരം തവണയുമൊക്കെയുള്ള വട്ടം ചുറ്റലുമെല്ലാം കാണികളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ, ഇതൊന്നും കലാമൂല്യത്തെ വളർത്തുന്നില്ല. ഇത്തരം അനാവശ്യ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടത് തന്നെയാണ്. അതുപോലെ സാത്വികാഭിനയത്തിന്റെ സാധ്യതകൾ പദ ഭാഗങ്ങളിലൊക്കെ ധാരാളമുണ്ട്. എന്നാൽ മറ്റു സന്ദർഭങ്ങളിൽ ഒരു ആശയത്തെ കഥകളിയിലേതു പോലെയൊക്കെ വിസ്തരിച്ച് അഭിനയിക്കുന്ന രീതി പലപ്പോഴും അഭംഗിയാണ് ഉണ്ടാക്കുന്നത്‌. കാരണം തൊട്ടടുത്ത് സംഭാഷണങ്ങളിലൂടെ അതെ കാര്യം പറയുന്നുണ്ടാവും. പിന്നെ, ഈ വിസ്തരിച്ചുള്ള അഭിനയം അവിടെ ആവശ്യമില്ല. സർവ്വോപരി ഇത് ആട്ടത്തിലൂടെയുള്ള നടകാവതരണമാണ്. ‘ബയലട്ടാം’ എന്ന പേര് തന്നെ അത് വ്യക്തമാക്കുന്നു. ഈ അവതരണ സ്വഭാവത്തിന് പ്രാധാന്യം കൊടുക്കുക.

mlsamaga_3? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്

ഒരു തരത്തിൽ പറഞ്ഞാൽ ഇന്ന് ആസ്വാദകർ കലയെ ഭരിക്കുന്ന കാലമാണ്. മാറ്റത്തെ മാത്രം ആവശ്യപ്പെടുന്ന പാരമ്പര്യത്തെ അറിയാൻ പോലും താൽപര്യമില്ലാത്ത ആസ്വാദകരാണ് കൂടുതലും. പലപ്പോഴും ആസ്വാദക താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടി വരും. ആസ്വാദകർ കൂടിയത് കൊണ്ട് മാത്രം വളർന്ന കലയാണ്‌ യക്ഷഗാനം. പക്ഷേ, പലപ്പോഴും ചിറ്റയെ മറന്നു കൊണ്ട് ആസ്വാദകർക്ക് പിന്നാലെ പോകുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. നേരത്തെ പറഞ്ഞത് പോലെയുള്ള സർക്കസ്സ് പ്രയോഗങ്ങളും അമിത നൃത്തങ്ങളുമൊക്കെ അങ്ങനെ വന്നതാണ്. പ്രേക്ഷകരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് സംഭാഷണങ്ങളിൽ ചേർക്കുന്ന ഹാസ്യഭാഗങ്ങൾ. ഇതെല്ലാം പലപ്പോഴും മുന്നിലിരിക്കുന്ന കാണികളുടെ പ്രതികരണം അനുസരിച്ച് കൂട്ടിയും കുറച്ചും ഒക്കെ ഉപയോഗിക്കാറുണ്ട്.

ആസ്വാദകരുടെ താൽപര്യങ്ങൾക്കനുസരിച്ച് തന്നെയാണ് പുതിയ കഥകളും ഇംഗ്ലീഷ്ലെ സംഭാഷണങ്ങളുമൊക്കെ ഞാനും ചെയ്തത്. പക്ഷേ, എല്ലാം ആസ്വാദകർക്ക് വിട്ടു കൊടുക്കരുത്. കാരണം സിനിമയെയും യക്ഷഗാനത്തെയും ഒരേ കണ്ണിലൂടെ വീക്ഷിക്കുന്നവരാകും പലരും അവരുടെ പല അഭിപ്രായങ്ങളും ഈ കലയിലേക്ക് അന്ധമായി സ്വീകരിക്കാൻ പറ്റില്ല.

ഇങ്ങനെയല്ലാതെ, യക്ഷഗാനത്തെയും താളമദ്ദളയേയും അതിന്റെ പാരമ്പര്യം അറിഞ്ഞു ആസ്വദിക്കുന്ന ചില മുൻനിര ആസ്വാദകൻമാരും ഉണ്ട്. അമിത പ്രയോഗങ്ങളെ ശക്തമായി എതിർത്ത് സംസാരിക്കുന്ന ചില മുതിർന്ന വ്യക്തികളെ ഇന്നും കാണാം. താളമട്ടളെ അവതരണത്തിൽ കലാകാരൻമാരോടൊപ്പം നേരിട്ട് പങ്കു ചേരുന്ന സഹൃദയരും ധാരാളമുണ്ട്. താളമദ്ദളയിൽ അങ്ങനെ ഒരു സ്വാതന്ത്ര്യവും ഉണ്ട്. പുരാണജ്ഞാനമുള്ള വാക്സാമർത്ഥ്യമുള്ള കാണികളും പങ്കു ചേർന്നിരുന്നു. പലപ്പോഴും കലാകാരൻമാരുടെ തെറ്റുകൾ തിരുത്തിയിരുന്നു ഇത്തരം ഒന്നാംകിട ആസ്വാദകർ. അവരെല്ലാം ഈ കലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ട് തന്നെ ആയിരുന്നു.

? ബടഗ്തിട്ടു തെങ്ക്തിട്ടു ശൈലികൾ ഇന്നും അവയുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് നിലനിൽക്കുന്നുണ്ടോ? അതോ മാറ്റങ്ങളോടൊപ്പം ശൈലീ വ്യത്യാസം ഇല്ലാതാവുകയാണോ ചെയ്തത്? ശൈലികൾ ഒന്നായി ഏകീകൃതമായ ഒരു അവതരണ ശൈലി ഉണ്ടാകെണ്ടതുണ്ടോ

ചില ചെറിയ ഘടകങ്ങളാണ് ഈ രണ്ടു ശൈലിയും വ്യത്യസ്തമാക്കുന്നത്. തെക്കൻ കർണ്ണാടകയിലെ തന്നെ ഉടുപ്പി മുതൽ വടക്കുള്ള ഭാഗങ്ങളിലാണ് ബടഗ് തിട്ടു പ്രചാരത്തിലിരുന്നത്. ദക്ഷിണ കന്നഡ, മലനാട്, തുളുനാട് ഭാഗങ്ങളിൽ തെങ്കുതിട്ടുവും. ബടഗുതിട്ടു ശൈലി ഉടുപ്പിയിലും തെങ്ക്തിട്ടു കേരളത്തിനോട് ചേർന്ന് കിടക്കുന്ന, ഇന്ന് കേരളത്തിന്റെ തന്നെ ഭാഗങ്ങളായി മാരിയിടുള്ള തുളുനാട് ഭാഗങ്ങളിലുമാണ് ജന്മമെടുത്തത് എന്ന് വിശ്വസിച്ചു വരുന്നു. കഥയും അവതരണ രീതികളും എല്ലാം ഏതാണ്ട് ഒന്ന് തന്നെ. പക്ഷെ, ബടഗ് തിട്ടു കൂടുതൽ പാരമ്പര്യവും സാത്വികാഭിനയ സാധ്യതകളും കൂടുതലായി പ്രയോഗിച്ചിരുന്നുവെങ്കിൽ തെങ്കുതിട്ടുവിൽ ആകെയുള്ള ദൃശ്യഭംഗിയ്ക്കായിരുന്നു കൂടുതൽ പ്രാധാന്യം. തെക്കൻ ചിട്ടയിലെ പല അവതരണ ഭാഗങ്ങളിലും കഥകളി പോലുള്ള കലാരൂപങ്ങളുടെ സ്വാധീനം കാണാം. ഇവിടുന്നു അങ്ങോട്ട്‌ പോയതാണോ, അതോ അവിടുന്ന് ഇങ്ങോട്ട് വന്നതോ എന്നി പറയാൻ വയ്യ. തിരനോട്ടം, രക്ഷസ്സ വേഷങ്ങളുടെ മുഖത്തെഴുത്തിൽ കാണുന്ന സാമ്യം, വലിയ ചെണ്ട, ചില സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ഇലത്താളം ഇതെല്ലാം തെക്കൻ ചിട്ടയെ കൂടുതൽ കേരളത്തോട് അടുപ്പിക്കുന്നു. ബടഗ് തിട്ടിൽ ഇരുന്നു കൊട്ടുന്ന ചെറിയ ചെണ്ടയും മദ്ദളവുമാണ് പ്രധാന വാദ്യങ്ങൾ. മദ്ദളം ഇന്ന് പൂർണ്ണമായി മൃദംഗത്തിനു വഴിമാറി. ഭാഗവതരുടെ താളത്തെ ജഗഡി എന്നു പറയുന്നു. ജഗഡിയുടെ ഓരോ കൊട്ടിലൂടെയായിരുന്നു പണ്ട് അഭിനേതാക്കൾക്ക് സമയ നിർദ്ദേശങ്ങൾ കൊടുത്തിരുന്നത്.
എടുത്തു പറയത്തക്ക പ്രധാന വ്യത്യാസം, ബടഗിൽ പക്കമേളവും ഗായകനും നടന്റെ ഇടതു വശത്ത്‌ ഇരിക്കുമ്പോൾ തെങ്കിൽ പുറകിലാണ് സ്ഥാനം. പദാർത്ഥഅഭിനയ പ്രയോഗങ്ങൾ ബടഗ് തിട്ടിൽ കൂടുതലാണെന്ന് പറയാം. ബടഗിൽ അൽപം പ്രാകൃത കന്നടയാണ് വാചികത്തിൽ. തെങ്കുതിട്ടിൽ കൂടുതലും ഇന്നത്തെ സംസാര ഭാഷയോട് ചേർന്ന് നിൽക്കുന്ന കന്നഡയാണ് പ്രയോഗിക്കുന്നത്. തെങ്കുതിട്ടിലെ പല കലാകാരൻമാരും വടക്കൻ കേരള നിവാസികളാണ് എന്നതാണ് മറ്റൊരു സത്യം. നല്ല വശങ്ങൾ ഇതു ശൈലിയിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും എടുക്കുന്നതിൽ തെറ്റില്ല. എന്നാല, പൂർണ്ണമായി ശൈലികൾ ഒന്ന് ചേരേണ്ട ആവശ്യമില്ല. അത് ഒരു പാരമ്പര്യത്തെ ഇല്ലാതാക്കിക്കളയും.

mlsamaga_4? പുതിയ കൃതികൾ ചിട്ടപ്പെടുത്തുമ്പോൾ ഏതൊക്കെ ഘടകങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്

അവതരണ ഘടനയെ മാറ്റാതിരിക്കുക. പുതിയ ഭാഷകളോ പ്രമേയങ്ങളോ കൊണ്ടുവരാം. അപ്പോഴും സംഗീത പദ്ധതിയേയും പിന്തുടരാൻ ശ്രമിക്കുക. വാചിക പ്രയോഗത്തിൽ തമാശയ്ക്ക് വേണ്ടി മാത്രം സംഭാഷണങ്ങൾ ചേർക്കാതിരിക്കുക. കഥാസന്ദർഭത്തോട് ചേർന്ന്, നിലവാരമുള്ള ഭാഷയും വാക്ക്പ്രയോഗങ്ങലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നൃത്ത ഘടനയേയും അതിന്റേതായ രീതിയിൽ പിൻതുടരുക. കോടംഗിയുടെ നൃത്തമല്ല ബാലഗോപാല നൃത്തം, അതിനേക്കാൾ അല്പം കൂടി പരിഷ്ക്രുതമാണ് സ്ത്രീ വേഷ നൃത്തം. ഇത്തരത്തിലുള്ള പ്രത്യേകതകളെ കാത്തു സൂക്ഷിക്കുക. നടൻമാരുടെ രൂപത്തിന് ചേർന്ന കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക. അതുപോലെ അമിത പ്രയോഗങ്ങൾ വരാതെ നോക്കുക. പുതിയ കഥകൾ ചെയ്യുമ്പോഴും അടിസ്ഥാനമായ ആഹാര്യ സമ്പ്രദായത്തെ കളയാതെ നോക്കുക. ഇതുപോലുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊട്ത്തുകൊണ്ട് പുതിയ ഇനങ്ങൾ ചിട്ടപ്പെടുത്തിയാൽ നന്നായിരിക്കും.
6. യുവ കലാകാരൻമാർക്ക് ചിട്ടയായ അഭ്യസനം നൽകുന്ന യക്ഷഗാന അക്കാദമി പോലുള്ള സ്ഥാപനങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ടല്ലോ. ഇവിടുത്തെ പ്രവർത്തനങ്ങൾ എങ്ങനെയാണ്? പുതിയ തലമുറയിലേക്ക് നല്ല രീതിയിൽ യക്ഷഗാനം എത്തുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ?
പണ്ട് കാലങ്ങളിൽ ഒരു കുട്ടി മുതിർന്ന കലാകാരൻമാരോടൊപ്പം സഞ്ചരിച്ച് കണ്ടും കേട്ടും പഠിക്കുന്ന രീതി ആയിരുന്നു. ഇന്ന് അതെ കുറേ മാറി. യക്ഷഗാനത്തെ പ്രധാനമായി പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ ഉണ്ടായി. ധർമസ്തല കലാകേന്ദ്രമാണ് ആദ്യമായി തെങ്കു തിട്ടുപഠന കേന്ദ്രമായി സ്ഥാപിതമാകുന്നത്. അവിടെ സൗജന്യപഠനവും താമസവും, ഭക്ഷണവും ഒക്കെ കൊടുത്തിട്ടും പഠിക്കാൻ വിദ്യാർത്ഥികൾ വളരേ കുറവായിരുന്നു. പിന്നീടാണ് ഞാൻ പ്രസിടന്റ്റ് ആയി പ്രവർത്തിച്ച ഉടുപ്പി യക്ഷഗാന അക്കദമി സ്ഥാപിതമാവുന്നത്. അപ്പോഴും അവസ്ഥ അത് തന്നെ. കാരണം ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസം ഒരു അവശ്യഘടകമാണല്ലോ. ഇത് മനസ്സിലാക്കി കൊണ്ട് തന്നെ യക്ഷഗാന അക്കാദമിയിൽ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം യക്ഷഗാനം പഠിക്കാനുള്ള സംവിധാനം ഉണ്ടാക്കി. ഇത് കൂടുതൽ കുട്ടികളും യുവാക്കളും ഈ മേഖലയിലേക്ക് വരാൻ കാരണമായി. അത് കൂടാതെ മറ്റു പലയിടത്തും പാർട്ട്‌ ടൈം ക്ലാസ്സുകളും നടക്കുന്നു. കൃത്യമായ ഒരു കളരി ചിട്ടയും അഭ്യസന സമ്പ്രദായവും ഒപ്പം പൊതു വിദ്യാഭ്യാസവും ലഭ്യമായതോടെ കൂടുതൽ ചിന്തിക്കുന്ന അറിവുള്ള കലാകാരൻമാർ ഉണ്ടായിട്ടുണ്ട്, വളർന്നു വരുന്നുമുണ്ട്. മറ്റു ഉയർന്ന ജോലികളിൽ പ്രവർത്തിക്കുന്നവരും സ്വന്തം താൽപര്യാർത്ഥം യക്ഷഗാന കലാകാരൻമാരായും സജീവമായി പ്രവർത്തിക്കുന്നു. ഇതെല്ലാം ചിട്ടയായ കളരിഅഭ്യസന സമ്പ്രദായം വന്നതിന്റെ ഫലമാണ്.

 

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

ml-samaga

Calendar

July 2022
M T W T F S S
« Jul    
 123
45678910
11121314151617
18192021222324
25262728293031

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019