Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കുച്ചുപ്പുടി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
1950 കളുടെ അവസാനത്തോടു കൂടി മാത്രമാണ് കുച്ചുപ്പുടി ഒരു അറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തങ്ങളുടെ ഒപ്പം സ്ഥാനം നേടിയത്. അപ്പോൾ മുതലാണ് കുച്ചുപ്പുടി ഒരു എകാഹാര്യ നൃത്ത രൂപമായി അവതരണ രംഗത്ത് എത്തിയതും അതുവരെയും ഉണ്ടായിരുന്നത് നൃത്ത നാടക പാരമ്പര്യമായ കുച്ചുപ്പുടി യക്ഷഗാനം ആയിരുന്നു. പുരുഷന്മാർ മാത്രം പങ്കെടുത്തിരുന്ന കുച്ചുപ്പുടി യക്ഷഗാന രൂപത്തിൽ ശശിരേഖാ പരിണയം, പ്രഹ്ലാദ ചരിതം, ഭാമാകലാപം തുടങ്ങിയ വൈഷ്ണവ കഥകളാണ് അവതരിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഈ പാരമ്പര്യ കലാരൂപത്തിനുള്ളിൽ കൂടുതൽ ചിട്ടപ്പെടുത്തലുകൾക്ക് തുടക്കം കുറിച്ചത് ഡോ. വെമ്പട്ടി ചിന്നസത്യം ആയിരുന്നു. കുച്ചുപ്പുടി യക്ഷഗാനത്തിന്റെ എകാഹാര്യനൃത്തങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ചിട്ടപ്പെടുത്തലാണ് കുച്ചുപ്പുടിക്ക് സംഗീത നാടക അക്കാദമി അംഗീകൃതമായ ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ പട്ടികയിൽ സ്ഥാനം ലഭിക്കാൻ കാരണമായത്.
മുഴുവനായി പുരുഷകേന്ദ്രീകൃതമായി നിലനിന്നു പോന്ന ഈ കലാരൂപം പിന്നീട് സ്ത്രീ കേന്ദ്രീകൃത നൃത്തമായി മാറുകയായിരുന്നു. പുരുഷന്മാർ ഉണ്ടെങ്കിലും കൂടുതൽ സ്ത്രീകൾ ഈ നൃത്തരംഗത്ത് സജീവമായി വന്നു. ഇന്നും നര്ത്തകരെ എടുത്തു നോക്കിയാൽ സ്ത്രീകളാണ് കൂടുതൽ എന്ന് കാണാം. ഈ കലയെ വിവിധരീതിയിൽ ജനങ്ങളിലേക്ക് എത്തിക്കും വിധത്തിൽ രൂപപ്പെടുത്തി എടുക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. വളരെ ഭംഗിയായി നൃത്തം ചെയ്യുന്ന പെണ്‍കുട്ടികൾ അന്ന് അദ്ദേഹത്തിൻറെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. അവർക്ക് ചേരുന്ന രീതിയിൽ ആഹാര്യത്തെ ലളിതവും സുന്ദരവും ആക്കി. ഒപ്പം വേദിയിലെ തിരശ്ശീലകൾ, ബാക്ക് ഗ്രൗണ്ട് കർട്ടനുകൾ, കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ അതായത് ആയുധങ്ങൾ, മാലകൾ, തുടങ്ങിയവയെ ഭംഗിയായി ഉപയോഗിച്ചു കൊണ്ടുള്ള പ്രൊഡക്ഷൻസിന് അദ്ദേഹം ജന്മം കൊടുത്തു. അങ്ങനെ സാർവത്രികമായി ദൃശ്യഭംഗിയിൽ ശ്രദ്ധിച്ചും നൃത്ത വശങ്ങളെ കൂടുതൽ ചിട്ടയുള്ളതാക്കിയും ജനങ്ങളെ ഇതിലേക്ക് ആാകർഷിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. പ്രത്യേകിച്ച് ഭരതനാട്യത്തെ ഏറ്റവും നന്നായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ചെന്നൈ പോലുള്ള നഗരത്തിലെ പ്രേക്ഷകരെ. അത് തന്നെയാണ് കുച്ചുപ്പുടി കൂടുതൽ ജനപ്രിയമാകാൻ കാരണവും. ഈ ദൃശ്യഭംഗിയും ചിട്ടയും ഉണ്ടാക്കി എടുക്കുന്നതിൽ ചെന്നൈ നഗരത്തിൽ അന്ന് പ്രചാരത്തിലിരുന്നിരുന്ന എല്ലാ കലകളും അതായത് ഭരതനാട്യം മുതൽ സിനിമ വരെ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഭരതനാട്യത്തിലെ ചിട്ടപ്പെട്ട അഭ്യസനരീതിയും എകാഹാര്യമായി ചെയ്യുമ്പോഴുള്ള ഒതുക്കവും പ്രത്യേകതകളും എലാം അദ്ദേഹത്തിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. കൂടുതൽ വ്യക്തമായ അഭ്യസന ക്രമവും അടവുകളും ജതികളും, നൃത്ത പ്രധാനമായ ഇനങ്ങളും ചെട്ടപ്പെടുത്താൻ അത് പ്രേരകമായിക്കാണും. അന്ന് കലാക്ഷേത്രയിൽ രുക്മിണീദേവിയുടെ നേതൃത്ത്വത്തിൽ ചിട്ട ചെയ്യപ്പെട്ടിരുന്ന നൃത്തനാടകങ്ങളിലെ ഏയ്സ്തെറ്റിക് ഭംഗിയും അദ്ദേഹത്തിന് സ്വാധീനമായിട്ടുണ്ട്. അക്കാലത്തെ മിക്ക നർത്തകൻമാരും സിനിമകൾക്ക് വേണ്ടിയും നൃത്തസംവിധാനം ചെയ്തിരുന്നവരായിരുന്നു. അതുകൊണ്ട് തീർച്ചയായും നൃത്തനാടകങ്ങളുടെ വേദിയും അലങ്കാരങ്ങളും ദൃശ്യഭംഗിയും നാടകീയ രംഗങ്ങളും കൂടുതൽ ജനങ്ങളെ ആകര്ഷിക്കും വിധം ചിട്ട ചെയ്യാൻ അവർക്ക് സിനിമ പോലുള്ള മാധ്യമങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിട്ടുണ്ടാവണം. അങ്ങനെ യക്ഷഗാന മാതൃകയിൽ നിന്ന് നൃത്തനാടകമായും അതിലെ തന്നെ എകാഹാര്യനൃത്തമായും കുച്ചുപ്പുടി ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇവിടെ വെമ്പട്ടി ചിന്നസത്യം ഗാരു ചെയ്ത മറ്റൊന്ന് വാചിക പ്രയോഗത്തിൽ കൊണ്ടുവന്ന മാറ്റമായിരുന്നു. ആദ്യ കാലങ്ങളിൽ കുച്ചുപ്പുടി യക്ഷഗാനം തെലുങ്ക് സ്വാധീന പ്രദേശങ്ങളിൽ മാത്രമാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തെലുങ്ക് ഭാഷയിലെ വാചികം അവിടെ ഉചിതമായിരുന്നു. എന്നാൽ ചെന്നൈ പോലുള്ള ‘കൾചറൽ ക്യാപിറ്റൽ’ എന്ന് അപ്പോഴും ഇപ്പോഴും വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു നഗമായുള്ള ബന്ധം അദ്ദേഹത്തെ കൂടുതൽ വിശാലമായി ചിന്തിക്കാനും ഈ കലയിൽ വേറിട്ട സാധ്യതകൾ കൊണ്ട്വരാനും സഹായിച്ചിട്ടുണ്ട് എന്നത് തീർച്ചയാണ്. അപ്പോൾ, തെലുങ്കിലുള്ള വാചിക പ്രയോഗത്തിനു ഇത്രയും പ്രാധാന്യം കൊടുക്കുന്ന പാരമ്പര്യ അവതരണം എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ അദ്ദേഹം വാചികത്തെ മാറ്റി. പൂർണ്ണമായി ഒഴിവാക്കി എന്നല്ല. പക്ഷേ, വാചികം കൂടാതെയും അവതരിപ്പിക്കാനും ആസ്വദിക്കാനും പറ്റുന്ന രീതിയിൽ പരിവർത്തനം കൊണ്ടുവരികയായിരുന്ന. പ്രാദേശിക ഭാഷയിലുള്ള വാചികം പ്രാദേശിക പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. എന്നാൽ പ്രേക്ഷക സമൂഹം പ്രാദേശികത്തിൽ നിന്ന് മാറുമ്പോൾ അതിനു തക്ക മാറ്റങ്ങളും വേണം. നൃത്തഭാഷ’ഗ്ലോബൽ’ ആണ്. അതിന് ഏതു നാട്ടിലും ഏതു സംസ്കാരത്തിലും കമ്മ്യൂണികേറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ അങ്ങനെയല്ല സംസാര ഭാഷ. അതുകൊണ്ട് തന്നെയാണ് നൃത്തത്തെ കൂടുതൽ പ്രശസ്തമാക്കുക എന്ന ഉദ്ദേശത്തോടെ തെലുങ്ക് വാചികത്തിന്റെ സ്വാധീനം കുറച്ചത്. തുടർന്ന് രബീന്ദ്ര നാഥ ടഗോറിന്റെ ‘ചാണ്ഡാലിക പോലുള്ള വ്യത്യസ്ത ഭാഷാ കൃതികൾ അദ്ദേഹം നൃത്തനാടകമായി കുച്ചുപ്പുടി ശൈലിയിൽ ചെയ്യാൻ ആരംഭിച്ചു. പഴയ ഭാമാകലാപത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. വൈഷ്ണവ പാരമ്പര്യത്തിൽ നിന്ന് മാറി ‘ഹരവിലാസം’ അദ്ദേഹം കൊണ്ടുവന്നു. അതുപോലെ പാലാഴി മഥന, ശ്രീനിവാസ കല്യാണം തുടങ്ങിയ ചിട്ടപ്പെടുത്തലുകളെല്ലാം ധാരാളം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചവയായിരുന്നു. അതുവരെയുള്ള കാലങ്ങളിൽ കർണ്ണാടക സംഗീതത്തിലെ തന്നെ വളരെ കുറച്ച് രാഗങ്ങളെ യക്ഷഗാനത്തിൽ ഉപയോഗിച്ചിരുന്നുള്ളൂ. അതിൽ പലതും പ്രാദേശിക ഛായോട് കൂടിയുള്ള ആലാപന രീതികളായിരുന്നു കൂടുതൽ. ഇവിടെ അദ്ദേഹം കൂടുതൽ രാഗങ്ങളും താളക്രിയകളും ചേർത്ത് നൃത്തത്തെ കൂടുതൽ സമ്പന്നമാക്കി. അദ്ദേഹത്തിൻറെ പ്രവർത്തനം കൂടുതൽ ചിട്ടയെ കൊണ്ടുവരൽ എന്നതിനേക്കാൾ കൂടുതൽ സൗന്ദര്യത്തെ കണ്ടെത്തൽ എന്നതായിരുന്നു. പുരോഗമനം തുടങ്ങുന്നത് അവിടെ നിന്നായിരുന്നു.
അക്കാലത്ത് മറ്റു പലരും ചില മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും അവ പലതും ശ്രദ്ധിക്കപ്പെടാതെ പോയി. അതിനു കാരണമുണ്ട്. എന്ത് തന്നെ മാറ്റങ്ങൾ കൊണ്ടുവന്നാലും അതിനെ ഒറ്റക്കെട്ടായി സ്വീകരിക്കുന്ന, ആ മാറ്റത്തെ മുന്നോട്ട് കൊണ്ട്പോകുന്ന ഒരു കൂട്ടം പ്രയോക്താക്കളും വേണം. അദ്ദേഹത്തിനു അത്തരത്തിൽ നല്ല ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഇങ്ങനെ ഒരു മാറ്റം ആവശ്യമാണെന്ന് അന്നത്തെ കലാലോകവും ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് ശരിയായ സമയത്ത്, ശരിയായ രീതിയിൽ നടന്ന ആ മാറ്റങ്ങളെ ജനം സ്വീകരിച്ചതും. സത്യനാരായണ ശർമ്മയാണ് ഇതുപോലെ മാറ്റങ്ങൾക്ക് മുന്നിട്ടിറങ്ങിയ മറ്റൊരു വ്യക്തി. ‘നർത്തനശാല’ അദ്ദേഹത്തിൻറെ വളരെ പ്രധാനപ്പെട്ട ഒരു പ്രൊഡക്ഷൻ ആയിരുന്നു. പക്ഷേ, അദ്ദേഹം കുച്ചുപ്പുടി ഗ്രാമത്തിൽ ആയിരുന്നത് കൊണ്ടും, ഒരു സോളോ നർത്തകൻ ആയിരുന്നതിനാൽ വേണ്ടത്ര പ്രയോക്താക്കൾ ഒപ്പമില്ലാതിരു ന്നത് കൊണ്ടും ചിന്നസത്യം ഇടപെട്ടത് പോലുള്ള പ്രേക്ഷകരെ ലഭിക്കാതിരുന്നത് കൊണ്ടുമാവാം അദ്ദേഹത്തിൻറെ സൃഷ്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല.
അതിനുശേഷം നൃത്ത നാടക സമ്പ്രദായത്തിലല്ലാതെ നൃത്തത്തിന്റെ ഗ്രൂപ്പ് കൊറിയോഗ്രാഫികളുമായി രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയത് രാജാ-രാധ റെഡ്ഡി ആയിരുന്നു. ഇത്തരത്തിലുള്ള സംഘ ഇനങ്ങൾ പിന്നീട് സാധാരണമായി തീർന്നു. അവരെ സംബന്ധിച്ച് അവർക്ക് കൂടുതൽ അഭിമുഖീകരിക്കേണ്ടി വന്നത് ഉത്തരേന്ത്യയിലെ പ്രേക്ഷകരെയും ശിഷ്യരെയും ആയിരുന്നു. അതുകൊണ്ട് തന്നെ തന്നെ ഹിന്ദുസ്ഥാനി ഖരാനകളും, രവിശങ്കർ സംഗീതങ്ങളുമെല്ലാം അദ്ദേഹം പ്രയോഗിച്ചു. കുച്ചുപ്പുടിയിൽ എകാഹാര്യ നൃത്ത രൂപം എന്ന നിലയിൽ ധാരാളം നല്ല കൊറിയൊഗ്രഫികൾ ചെയ്ത മറ്റൊരു നർത്തകിയായിരുന്നു യാമിനി കൃഷ്ണമൂർത്തി. അവരുടെ അവതരണ മികവും കൊറിയോഗ്രാഫിയിലെ വ്യത്യസ്ത ചിന്തകളും കുച്ചുപ്പുടി അവതരണ മാർഗ്ഗത്തെ കൂടുതൽ സമ്പന്നമാക്കുകയും ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ മാറ്റങ്ങളിലൂടെ വളർന്ന കലയാണ് കുച്ചുപ്പുടി.
?താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
ഞാൻ ഒരു ആന്ധ്ര സ്വദേശി അല്ല. എന്റെ പ്രധാന പ്രേക്ഷകരും ശിഷ്യരും പല പ്രദേശങ്ങളിൽ ഉള്ളവരായിരുന്നു. കൂടുതലും കർണ്ണാടകക്കാർ. ഈ അവസരത്തിൽ ഞാൻ അവരെ മാനിക്കാതെ എങ്ങനെ നൃത്തം ചെയ്യും. എന്റെ പ്രേക്ഷകർക്കും ശിഷ്യർക്കും തെലുങ്ക് അറിയുമായിരുന്നില്ല. ആ അവസരത്തിൽ പാരമ്പര്യ യക്ഷഗാന രീതിയുടെ അതേ നിയമങ്ങളേയും വമ്പട്ടി ചിന്ന സത്യം ചിട്ട ചെയ്ത നൃത്ത ശൈലിയുടെ വശങ്ങളേയും മനസ്സിലാക്കി കൊണ്ടും രണ്ടിലേയും വേണ്ട വശങ്ങളെ സ്വീകരിച്ചു കൊണ്ടുമാണ് ഞാൻ എന്റെ കൊറിയൊഗ്രാഫികൾക്ക് തുടക്കം കുറിച്ചത്. എന്നെ സംബന്ധിച്ച് നൃത്ത നാടക രൂപത്തിൽ ചിട്ടപ്പെടുത്തുമ്പോൾ പുരുഷനർത്തകൻമാരുടെ കുറവ് ഒരു പ്രശ്നമായിരുന്നു. എന്നോടൊപ്പം നൃത്തം ചെയ്യുമ്പോൾ രൂപം കൊണ്ടും അവതരണം കൊണ്ടും എന്നേക്കാൾ ഉയര്ന്നു നിൽക്കുന്ന നർത്തകൻമാരെ എനിക്ക് ലഭിച്ചിരുന്നില്ല. അപ്പോൾ സ്വാഭാവികമായും എന്റെ ശ്രദ്ധ സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രങ്ങളുടെ അവതരണങ്ങളിലേക്ക് തിരിഞ്ഞു.
അത്തരത്തിൽ ഞാൻ ജന്മം കൊടുത്ത ഡാൻസ് ഡ്രാമകളായിരുന്നു ‘ശർമ്മിഷ്ട’ , മഹാഭാരതത്തിലെ അംബയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ‘അംബ’, ‘രേണുകാംബ’ കുന്തി ഇതുപോലുള്ള നായികാ കേന്ദ്രീകൃതമായ വിഷയങ്ങൾ. ഇവിടെ കൊണ്ട് വന്ന ഒരു പ്രധാന മാറ്റം വാചികത്തിൽ വരുത്തിയതായിരുന്നു. എന്നെ സംബന്ധിച്ച് പാരമ്പര്യ രീതിയിലുള്ള വാചികം വളരെ ഇഷ്ടവുമാണ്, നൃത്തത്തെയും കാണികളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ ഒരു വിനിമയ മാധ്യമവുമാണ് വാചിക പ്രയോഗങ്ങൾ എന്നും ഞാൻ മനസ്സിലക്കുന്നു.ഈ സന്ദർഭത്തിലാണ് ഞാൻ കന്നടയിലും സംസ്കൃതത്തിലും വാചികത്തിനു വേണ്ടിയുള്ള സ്ക്രിപ്റ്റുകൾ എഴുതി ഉൾപ്പെടുത്താൻ തുടങ്ങിയത്. തെലുങ്കും ചെയ്തിട്ടുണ്ട്. ‘പാർവ്വതീ പരിണയം’, ‘ഭാമാ കലാപം’ ,നൗകാചരിതം, ചിത്രലോലിത തുടങ്ങിയവയെല്ലാം തെലുങ്കിൽ ചെയ്തതാണ്. എന്റെ പ്രേക്ഷകർ മാത്രമല്ല, ഒപ്പം നൃത്തം ചെയ്യുന്നവരും നന്നായി തെലുങ്ക് അറിയുന്നവരായിരുന്നില്ല. അതുകൊണ്ട് തന്നെ, പിന്നീട് ഭാഷ മാറ്റി ചെയ്യാൻ ഞാൻ നിർബന്ധിതയായി. അത് മാത്രമല്ല. എന്നും പുരുഷകേന്ദ്രീകൃതമായ മഹാഭാരത, ഭാഗവത കഥകളെ മാത്രം ചെയ്തിരുന്ന കുച്ചുപ്പുടിയിൽ കുബ്ജ, കുന്തി ശർമ്മിഷ്ട, അംബ തുടങ്ങിയ സ്ത്രീ വേഷങ്ങൾ കേന്ദ്ര കഥാപാത്രമായി വരിക കൂടിയായിരുന്നു. ഞാൻ അടുത്തകാലത്ത് ചെയ്ത തെലുങ്ക് കഥയായിരുന്നു ‘രുദ്രമ്മാദേവി’. ഇതേ കഥയിലെ ചലച്ചിത്രം ഇറങ്ങുന്നതിനും മുൻപേ ഈ ഇനം വേദികളിൽ എത്തിയിരുന്നു. അത് മാത്രമല്ല, മറ്റു നൃത്തങ്ങൾക്കൊപ്പം കുച്ചുപ്പുടിയെ നിലനിർത്താൻ തക്ക രീതിയിൽ എല്ലാ ഘടകങ്ങളിലും ചെറിയ മാറ്റങ്ങൾ ഞാൻ കൊടുവന്നു. അത് ഈ കാലത്തിന്റെ ആവശ്യമായിരുന്നു. കൂടുതൽ വ്യത്യസ്ത രാഗങ്ങളിൽ കൃതികൾ ചിട്ട ചെയ്തു. നാടകാവതരണത്തിന്റെ വേഷ സമ്പ്രദായത്തിൽ നിന്ന് വിട്ട്, നൃത്തത്തിനിണങ്ങുന്നതും എന്നാൽ കഥാപാത്രത്തിന് ചേരും വിധത്തിലുള്ള ആഹാര്യം ഉപയോഗിക്കാൻ തുടങ്ങി. ഡാൻസ് ഡ്രാമയിൽ മാത്രമല്ല, അതോടൊപ്പം തന്നെ സോളോ ഇനങ്ങളിലും ഞാൻ ഒരുപോലെ ശ്രദ്ധിച്ചിരുന്നു. കുച്ചുപ്പുടി ഇന്ന് ജനങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെടുന്നത് സോളോ നൃത്തമായിട്ട് തന്നെ ആണ്. ചിത്തു റാണി പൊന്നമ്മ, – ബസവ പുരാണത്തിൽ നിന്നുള്ള അല്ലമ്മ പ്രഭു മായെ , രവീന്ദ്ര സംഗീതം പോലുള്ള സംഗീത രൂപമായ ‘വചന’ സംഗീത ശൈലി എന്നിവയെല്ലാം കർണ്ണാടക പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തി ചെയ്ത ചില ചിട്ടപ്പെടുത്തലുകൾ ആയിരുന്നു. ഒരു നർത്തകി എന്നാ നിലയിൽ എനിക്ക് വളരെസന്തോഷവും തൃപ്തിയും ലഭിച്ച ചിട്ടപ്പെടുത്തലായിരുന്ന ‘സാത്വി’. നേട്ടങ്ങളെ സ്വന്തമാക്കുന്നവൾ എന്ന് അർത്ഥം വരുന്ന ഈ കൃതി ഒരു കലാകാരിയുടെ ജീവിതത്തെ ബന്ധപ്പെടുത്തി ചെയ്തതാണ്. ഝാൻസി കി റാണി, ഗാന്ധാരി, ഉർവശി, ഉലുപി, അഹല്യ, ശക്തി, ഏറ്റവും പുതിയതായി എന്റെ മകൾ പ്രതീക്ഷ കാശിയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ‘ഇറ്റെര്‍നൽ കന്യ, എന്നിവയെല്ലാം സോളോ ഇനങ്ങളായിരുന്നു. ഇതിനൊപ്പം ധാരാളം തരംഗങ്ങൾ, ക്ഷേത്രയ്യ പദങ്ങളായ ദേവർനാമ തുടങ്ങിയ പാരമ്പര്യ തെലുങ്ക് ഇനങ്ങളും അവയ്ക്കൊപ്പം, പുരന്ദരദാസ് കൃതികളും ധാരാളം ചെയ്തു. ഒരുപക്ഷേ, കർണ്ണാടക സംഗീതത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന പുരന്ദരദാസന്റെ കൃതികൾ, അതുപോലെ സ്വാതിതിരുനാൾ കൃതികൾ, ഇവയൊക്കെ ചെയ്യും തോറും ഞാൻ എന്ന നർത്തകിയുടെ മാത്രമല്ല, കുച്ചുപ്പുടിയുടെ തന്നെ സാധ്യതകൾ കൂടുകയായിരുന്നു. അതോടൊപ്പം പല പ്രശസ്ത കന്നഡ കവികളുടെ കൃതികൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നെ സംബധിച്ച് വളരെ സന്തോഷം നൽകിയ ചില ചിട്ടപ്പെട്ത്തലുകളായിരുന്നു അവ. മാറ്റങ്ങൾ ഇനിയും വന്നു കൊണ്ടിരിക്കും.കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ വേണ്ട കാലത്ത് വേണ്ട രീതിയിൽ അതായത് കലയുടെ സാധ്യതകളിലും പരിമിതികളിലും നിന്ന് കൊണ്ട് വേണ്ട തോതിൽ കൊണ്ടുവരിക എന്നതാണ് പ്രധാനം.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ‘താണ്ടവം നൃത്യ കരേ..’ എന്ന മറാത്തി ഗാനം എങ്ങനെ കുച്ചുപ്പുടിയിൽ എത്തി!! ചരിത്രപരമായി ചിന്തിക്കുമ്പോൾ അക്കാലത്ത് മാറാത്ത രാജവംശം ആന്ധ്രയെ ഭരിച്ചിരുന്നു. അതുകൊണ്ട് തന്റെ സംരക്ഷകരെ മാനിക്കുക, അവർക്ക് വേണ്ടി നൃത്തം ചെയ്യുക എന്നത് കലാകാരൻമാരുടെ ലക്ഷ്യമായിരുന്നു. അതായത് ആദ്യകാലം മുതലേ, ഇതൊരു കലയും ആസ്വാദക താല്പര്യങ്ങളെ മാനിച്ചു കൊണ്ടാണ് വളർന്നിട്ടുള്ളത്. ഇതേ പ്രകാരം ഇവിടെ എന്നെ സംരക്ഷിക്കുന്ന സർക്കാരിനോടും ഇവിടുത്തെ ആസ്വാടകരോടും നീതി പുലർത്തേണ്ടത് എന്റെ ആവശ്യമാണ്, കടമയുമാണു്. അവര്ക്ക് ആസ്വദിക്കാൻ തക്ക വിധത്തിലുള്ള ഭാഷയിൽ, അത്തരം കഥാസന്ദർഭങ്ങളെ എന്റെ നൃത്തത്തിൽ ഞാൻ എപ്പഴും ചേർക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ ആസ്വാദകരെ അറിഞ്ഞ് കൊണ്ടാണ് കൂടുതൽ കൊറിയോഗ്രഫികളിലേക്ക് ഞാൻ ഇറങ്ങി തിരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് വേണ്ടി, ആവരുതെ താല്പര്യത്തിനനുസരിച്ച് നൃത്തത്തെ ചുരുക്കുന്നതിലോ ലളിതമാക്കുന്നതിലോ എനിക്ക് താൽപര്യമില്ല. നൃത്തത്തിന്റെ സത്തയെ ഏറ്റവും നന്നായി പ്രകടമാക്കി അതിന്റെ സൗന്ദര്യത്തിലെക്ക് പ്രേക്ഷകരെ ആകർഷിക്കുകയാണ് വേണ്ടത്. അത്തരത്തിലൊരു ലക്ഷ്യത്തോടെ നമ്മൾ പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും അത് സാധ്യമാകും എന്ന് തന്നെയാണ് എന്റെ വിശ്വാസവും അനുഭവവും.
? കുച്ചുപ്പുടിയിൽ വിവിധ ശൈലികൾ ഇന്നും നിലനിൽക്കുന്നുണ്ടല്ലോ, ഏതെങ്കിലും സാഹചര്യത്തിൽ ഇവ തമ്മിൽ കലരുന്നതായോ, ഒന്നാവുന്നതായോ തോന്നിയിട്ടുണ്ടോ? അതോ വ്യത്യസ്ത വഴികളായി തുടരുകയാണോ? ഇന്നത്തെ അവസ്ഥയെ താങ്കള് എങ്ങനെ നോക്കിക്കാണുന്നു
വിവിധ ശൈലികൾ കലകളിൽ ഉണ്ടായെന്നു വരും. ഭരതനാട്യത്തിലും അതുണ്ട്. പണ്ട് കുച്ചുപ്പുടി ഗ്രാമത്തിൽ 13യക്ഷഗാന അവതരണ കുടുംബങ്ങൾ ഉണ്ടായിരുന്നു. അതുപോലെ ചിന്ത വെങ്കട രാമയ്യ, ചിന്ത കൃഷ്ണ മൂർത്തി ഗാരു അങ്ങനെ പല ഗുരുക്കന്മാരും ഉണ്ടായിരുന്നു. പക്ഷേ, അന്നത്തെ സാഹചര്യങ്ങളെ കുറിച്ചു ഓർക്കുമ്പോൾ മനസ്സിലാകും. ഇവരെല്ലാം നല്ല പ്രയോക്താക്കൾ ആയിരുന്നെങ്കിലും അവരുടെതായ ചില വേഷങ്ങളിൽ ആയിരുന്നു കൂടതൽ പേരെടുത്തത്. കുച്ചുപ്പുടി ചിട്ടയെ മുഴുവൻ അറിയാമെങ്കിലും എല്ലാ വേഷത്തിലും എല്ലാ ഭാഗങ്ങളിലും ഒരുപോലെ പ്രയോഗിച്ച് തിളങ്ങിയവരല്ല. അപ്പോൾ ഓരോരുത്തരുടെ ശിഷ്യരും ശൈലികളിൽ വ്യത്യസ്തത പ്രകടിപ്പിക്കുന്നത് സ്വാഭാവികം. ശൈലി എന്നത് തന്നെ ഒരു പരമ്പരയായി തുടർന്ന് പോരുന്ന അവതരണ ഘടന അല്ലേ. അത് ഇത്തരം ഗുരുക്കൻമാരിലൂടെ വ്യത്യസ്തമായി നിലനിന്നു. എന്റെ പ്രധാന ഗുരു ആയിരുന്ന, വേദാന്തം സത്യനാരായണ ഗാരുവിന്റെ ശൈലിയും അത്ര കണ്ടു പ്രശസ്തമായില്ല. അതിന്റെ കാരണവും ഇതാണ്. എന്നാൽ പ്രത്യേക വേഷങ്ങളിലോ അഭിനയത്തിലോ അധിഷ്ടിതമല്ലാത്തെ പൊതുവായ നൃത്താവതരണ വഴിയാണ് തന്റെ വലിയ ശിഷ്യ പരമ്പരയിലൂടെ വെമ്പട്ടി ചിന്നസത്യം ആസ്വാദകർക്ക് മുന്നിലേക്ക് വെച്ചതു. അതുകൊണ്ട് അതിനു സ്വീകാര്യത കൂടി. അതുപോലെ ഇനിയുള്ള കാലവും ഓരോ ഗുരുവിലൂടെ അവരുടെ പാത പിന്തുടരുന്ന ശിഷ്യരിലൂടെ ഓരോ ബാണിയും പിൻതുടർന്ന് പോരും. ഇവിടെയും മറ്റൊന്നില നിന്ന് നല്ലതെന്ന് തോന്നുന്ന ഘടകങ്ങൾ സ്വീകരിക്കുന്നതിൽ തെറ്റില്ല. ഒന്നിൽ അടിസ്ഥാനം ഉണ്ടാവണമെന്ന് മാത്രം. ഓരോ പരമ്പരയുടെ അവതരണ രീതി എന്നതിൽ കവിഞ്ഞ് വ്യത്യസ്ത ശൈലികൾ എന്നത് ഒരിക്കലും ഒരു ദോഷമൊന്നുമല്ല.
? താങ്കളുടെ ചിട്ടപ്പെടുത്തലുകളിൽ മറ്റു കലകളിൽ നിന്നുള്ള സ്വാധീനം എത്രത്തോളം ഉണ്ടായിട്ടുണ്ട്
ഞാൻ ആദ്യകാലത്ത് ഭരതനാട്യം ആണ് പഠിച്ചത്. പിന്നീട് കുച്ചുപ്പുടി അഭ്യസിക്കാൻ തുടങ്ങിയപ്പോഴും ഭരതനാട്യം തുടര്ന്നു. പക്ഷേ, പിന്നീട് എന്റെ മനസ്സിനോടും ശരീരത്തോടും ചേർന്ന് നിൽക്കുന്നത് കുച്ചുപ്പുടി ആണെന്ന് മനസ്സിലാക്കി ഇതിലേക്ക് തിരിയുകയായിരുന്നു. യുവ തലമുറയോട് ഞാൻ കൊടുക്കാറുള്ള ഒരു നിര്ദ്ദേശവും ഇതാണ്. നിങ്ങള്ക്ക് പല കലകളെ പരീക്ഷിച്ചു നോക്കാം. പക്ഷേ, തന്റെ മേഖല മനസ്സിലാക്കിയാൽ അതിൽ ഉറച്ച് നിൽക്കുക. പിന്നെ, സ്വാധീനം തീർച്ചയായും മറ്റു കലകളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അത് നൃത്ത രൂപങ്ങളിൽ നിന്ന് മാത്രമല്ല. സംഗീതം വാദ്യങ്ങൾ, മറ്റു തീയേറ്റർ രൂപങ്ങൾ തുടങ്ങി സിനിമ വരെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ കലയിലെ സാധ്യതകളെ അറിഞ്ഞ്, അതിലെ സൌന്ദര്യം വർദ്ധിപ്പിക്കാനുള്ള അന്വേഷണത്തിൽ പലപ്പോഴും യാദ്രിശ്ചികമായി ഇത്തരം മറ്റു മാധ്യമങ്ങളിൽ നിന്ന് ഏതെങ്കിലും ഘടകങ്ങൾ സ്വാധീനമായെന്നു വരാം. നൃത്തം ഒരു ഒറ്റപ്പെട്ട കലയല്ല. അതിൽ സംഗീതം ഉണ്ട്, വാദ്യകലകൾ ഉണ്ട്, ചിത്ര ശില്പ കലകൾ ഉണ്ട്. ഇവയിലെ എല്ലാം നല്ല രീതിയിലുള്ള സ്വാധീനം ഒരു നർത്തകിക്ക് ഉണ്ടായാൽ ഏറ്റവും നന്നായി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
? അവതരണ മികവിനോടൊപ്പം തന്നെ, ഒരു ബാണിയെ നിലനിർത്താൻ അതോടൊപ്പം പ്രസക്തമായ മാറ്റങ്ങൾക്ക് മുതിരാൻ പ്രാപ്തരായ യുവതലമുറ വളർന്നു വരാൻ അഭ്യസനത്തോടൊപ്പം ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്
ഒരു പുതിയ ചിട്ടപ്പെടുത്തലിനുള്ള തുടക്കം മനസ്സില് നിന്നാണ്, മനസ്സിൽ ഉടലെടുത്ത ആശയത്തെ ഒരു ധ്യാനമെന്നോണം സൂക്ഷ്മമായി ഏകാഗ്രതയോടെ ചിന്തിച്ച് അതിനു രൂപം നൽകണം. വെറും കഥയ്ക്ക് അല്ല. അത് അവതരിപ്പിക്കപ്പെടെണ്ട മാധ്യമത്തെ കുറിച്ച്, അതിലെ നൃത്ത നാട്യ വശങ്ങളെ കുറിച്ച്, അതിനു എന്ന് മാത്രമല്ല അതിനു വേണ്ട വേഷം, വേദിയിൽ ഉപയോഗിക്കേണ്ട ലൈറ്റ്, വസ്തുക്കൾ എന്നിവയെ കുറിച്ചെല്ലാം നല്ല ധാരണ ഉണ്ടാക്കുക. എന്നിട്ട് നമ്മുടെ കൈയ്യിലുള്ള കലയുടെ സാധ്യതകളിലേക്ക് ഇറങ്ങി ചെന്ന് എന്ന പോലെ, അവതരണത്തിലെ സൗന്ദര്യ തലങ്ങളെ അന്വേഷിച്ച് കണ്ടെത്തുക. ശാസ്ത്ര ജ്ഞാനവും അത്യാവശ്യമാണ്. അതല്ലാതെയും പുതിയതൊന്ന് ചിട്ടപ്പെടുത്താം. പക്ഷേ, അവയ്ക്ക് നിലനിൽപ്പ് കുറവായിരിക്കും. നൃത്തം ‘സപ്തപതി’ സങ്കൽപം പോലെയാണ് എന്ന് ഞാൻ ഇപ്പോഴും പറയാറുണ്ട്. ഒരു വിവാഹ സമയത്ത് ഘട്ടം ഘട്ടമായി ഏഴ് പ്രതിന്ജ്ഞകളെടുത്ത് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കും പോലെയാണ് ഒരു കുട്ടി നൃത്തം പഠിച്ച് നൃത്തത്തെ അറിഞ്ഞ് പതുക്കെ പതുക്കെ ഒരു നർത്തകിയായി, നൃത്ത സംവിധായകയായി ഗുരുവായി മാറുന്നത്. മനുഷ്യ ജീവിതത്തിന്റെ ബാല്യ, കൗമാര, യൌവ്വന, വാർധക്യാവസ്തകൾ പോലെ തന്നെ. ഓരോ ഘട്ടങ്ങളിലും അതിന്റേതായ പ്രത്യേകതകളെ സ്വീകരിച്ച് നമ്മൾ ജീവിക്കുന്നില്ലെ, അതുപോലെ തന്നെ, ഒരു നർത്തകിയുടെ ജീവിതത്തിലെ ഒരോ ഘട്ടങ്ങളെയും സാവകാശം കടന്ന് വളരുമ്പോഴേ വേരുറച്ച നർത്തകിയൊ നൃത്ത സംവിധായകയോ ഗുരുവോ ആയി മാറുകയുള്ളൂ. ഈ ഓരോ ഘട്ടങ്ങളിൽ വരുന്ന മറ്റു സാഹചര്യങ്ങൾ അതായത്, പഠനം, ഗവേഷങ്ങൾ, അതിനൊപ്പം കുടുംബജീവിതം, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളിലെല്ലാം വേണ്ടത് പോലെ ശ്രദ്ധ കൊടുക്കുന്നിടത്താണ് ഒരു കലാകാരിയുടെ വിജയം. കൂടുതൽ നല്ല കലാപ്രവർത്തനങ്ങൾക്ക് അവളെ സജ്ജമാക്കാനും ഈ പടിപടിയായുള്ള ചിട്ടയായ വളർച്ചയ്ക്ക് സാധിക്കും. ഇതേ ആശയത്തെ അടിസ്ഥാനമാക്കി ഞാൻ ചിട്ടപ്പെടുത്തിയ ഇനങ്ങളാണ് സാത്വതിയും സപ്ത പതിയും. ഒരു പക്ഷേ, ആ ഇനങ്ങളിൽ ഈ ചോദ്യത്തിനുള്ള ഉത്തരം നൃത്തരൂപേണ കാണാൻ സാധിക്കും.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |