Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കഥകളി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
പുതുമകളും പുതിയ കഥകളും പലപ്പോഴായി ധാരാളം വന്നിട്ടുണ്ട്. രാമായണ കഥകളും കോട്ടയം കഥകളും തമ്പി കഥകളുമെലാം പണ്ടുമുതലേ കൃത്യമായ കളരി പാഠത്തിന്റെ ഭാഗമായിരുന്നു. നളചരിതവും കർണ്ണശപഥവുമെല്ലാം രംഗപാഠത്തിൽ നിന്നാണ് കളരിയിലേക്ക് എത്തുന്നത്. ഇവയെല്ലാം ഏതാണ്ട് അതേ ചിട്ടയിൽ തന്നെയാണ് തുടർന്ന് പോരുന്നത് എന്ന് പറയാം. അതിൽപിന്നെയിങ്ങോട്ട് ഇത്രയും സർവ്വ സ്വീകാര്യമായ മാറ്റങ്ങൾ കുറവായിരുന്നു. പക്ഷേ ഇവയിൽ തന്നെ ഓരോ വ്യക്തികളും ചില മാറ്റങ്ങൾ അരങ്ങത്ത് കൊണ്ടുവരുന്നുണ്ട്. ചില ആട്ടങ്ങളിലൊക്കെയാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. അതുപോലെ സന്താനഗോപാലത്തിലെ പദങ്ങൾ കുഞ്ചു നായരാശാൻ ആടിയിരുന്നത് പോലെയല്ല കൃഷ്ണൻ നായർ ആടിയിരുന്നത്. കുമാരൻ നായരാശാൻ ചില അഷ്ടകലാശങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു. പക്ഷേ അവയെല്ലാം ഒന്നുകിൽ ആ വ്യക്തികളിൽ അല്ലെങ്കിൽ അവരുടെ പരമ്പരയിൽ മാത്രമായി തുടരുന്നതായാണ് കാണുന്നത്. പലതും കളരിയിലേക്ക് പോലും എത്തുന്നില്ല, രംഗത്ത് മാത്രമായി നിന്ന് പോരുകയാണ്. ചില വ്യക്തി പ്രഭാവങ്ങളുടെ മുദ്രകളാണ് അവ. ഇതുവഴി ആ കഥകളുടെ സമൂലമായ പരിവർത്തനമൊന്നും സംഭവിച്ചതായി തോന്നുന്നില്ല. കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളുടെ സിലബസ്സിൽ ഉൾപ്പെടുത്തുമ്പോഴേ അവ പുതു തലമുറയിലേക്ക് പൂർണ്ണമായി എത്തുന്നുള്ളൂ. ഒരു വ്യക്തി ചെയ്യുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഒക്കെ ആ വ്യക്തിയുടെ സൗകര്യത്തിനും സൗന്ദര്യബോധത്തിനും അനുസരിച്ചാവും ചെയ്തിട്ടുണ്ടാവുക. അദ്ദേഹത്തിൻറെ ശരീരപ്രകൃതിയ്ക്കും ചേർന്ന രീതിയിൽ ആയിരിക്കും. അത് അതേ പടി മറ്റൊരാൾ അനുകരിച്ചാൽ അത്ര നന്നായിക്കൊള്ളണം എന്നില്ല. അന്ധമായി അനുകരിക്കൽ അത്ര നല്ലതല്ല.
കഥയോടും അവതരണത്തോടും കൂടുതൽ നീതി പുലർത്തുന്ന തരം മാറ്റങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇവയെ എല്ലാവരും അംഗീകരിച്ച് സ്വീകരിക്കുന്നു. ഉദാഹരണമായി ദുര്യോധന വധത്തിൽ ദുര്യോധനാദികൾ എന്ന് കാണിക്കുന്ന ഭാഗത്ത് ‘ആദികൾ’ എന്ന് കാണിച്ച് പിന്നെ ചവിട്ടി ചാടി ദുര്യോധനൻ എന്ന് കാണിക്കുന്ന പാഠം ഉണ്ടായിരുന്നു. അത് അർത്ഥത്തിന് യോജിക്കും വിധം പിന്നീട് മാറ്റുകയുണ്ടായി. അനാവശ്യമായ ചില ഇടക്കലാശങ്ങൾ ഒക്കെ പലയിടത്തും ഒഴിവാക്കിയിട്ടുണ്ട്.
സമയം കുറയ്ക്കുന്നതിന്റെ ഒക്കെ ഭാഗമായി ചില അവശ്യ ഭാഗങ്ങളും ഒഴിവാക്കി പോയിട്ടുണ്ട്. ഘടോൽക്കച്ചന്റെ തന്റേടാട്ടം, കീചകന്റെ തിരനോട്ടം കഴിഞ്ഞിട്ടുള്ള സൗന്ദര്യ വർണ്ണന ഇതൊക്കെ ഇപ്പോൾ പലപ്പോഴും ഒഴിവാക്കി കാണുന്നു. പക്ഷേ ഇത്തരത്തിലുള്ള ഒഴിവാക്കൽ അത്ര നന്നല്ല. കഥ പറയൽ മാത്രമല്ലല്ലോ ലക്ഷ്യം. ഇത്തരം ആട്ടങ്ങൽ എടുത്തു പോകാൻ പാടില്ലാത്തതാണ്.
ഇതുകൂടാതെയുള്ള മാറ്റങ്ങൾ കഥകളിയിൽ വന്നിട്ടുള്ളത് പുതിയ കഥകളിലൂടെയാണ്. പുതിയ കഥകൾക്ക് വേണ്ടി പുതിയ ആട്ടപ്രകാരങ്ങൾ ഉണ്ടായി വരുന്നു. പക്ഷേ അവയിലും സ്വതവേ തുടർന്ന് പോരുന്ന ചിട്ട തന്നെയാണ് കൂടുതലും പിൻതുടരുന്നത്. വ്യത്യസ്തതയുള്ള ആട്ടങ്ങളും കലാശങ്ങളും ഒന്നും അധികം കാണാറില്ല.
ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം കഥകളിയിൽ നാടകീയതയ്ക്ക് പ്രാധാന്യം കൊടുക്കുകയും അതുമൂലം നൃത്ത പ്രാധാന്യം കുറഞ്ഞു വരുന്നു എന്നുള്ളതുമാണ്. നാട്യത്തിനോട് കൂടുതൽ അടുക്കുന്നു. സംഘട്ടനാത്മക രംഗങ്ങളും അഭിനയവും നൃത്തവും എല്ലാം ചേർന്ന ഒരു സമ്പൂർണ്ണ നൃത്യ അനുഭവം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു കോട്ടയം കഥകൾ. അവിടെ ഓരോ സന്ദർഭത്തിനും പ്രാധാന്യം കൊടുക്കപ്പെട്ടു. പല രംഗത്തും പല കഥാപാത്രങ്ങളാണ് നായക പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടിരുന്നത്. ബകവധത്തിലെല്ലാം അത്തരം സന്ദർഭങ്ങൾ കാണാം. പിന്നീട് നളചരിതം പോലുള്ള കഥകൾ വന്നപ്പോൾ ഏക നായകനും കഥയ്ക്ക് അനുസാരിയായ സ്ഥായീഭാവത്തിനും പ്രാധാന്യം വന്നു ചേർന്നു. ഇത് കഥകളുടെ സ്വഭാവത്തിൽ വന്ന പ്രധാനപ്പെട്ട ഒരു മാറ്റമായിരുന്നു.
മാറ്റങ്ങൾ കാലം ആവശ്യപ്പെടുന്നതാണ്. യുക്തിയില്ലാതെ മാറ്റുമ്പോഴും അത് കണ്ടു മറ്റുള്ളവർ അതേ പടി അനുകരിക്കുമ്പോഴുമാണ് കലയുടെ വ്യക്തിത്വത്തെ ബാധിക്കുന്നത്.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
നേരത്തെ പറഞ്ഞതു പോലെയുള്ള ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഞാനും ചെയ്തിട്ടുണ്ട്. ചില ശ്ലോകങ്ങൾ ആട്ടത്തിന് യോജിക്കുന്നതാണ് എന്ന് തോന്നുമ്പോൾ എടുത്ത് ഉപയോഗിക്കാറുണ്ട്. അതുപോലെ യുക്തിക്ക് നിരക്കാത്തത് എന്ന് തോന്നിയ പല ഭാഗങ്ങളും മാറ്റിയിട്ടുമുണ്ട്.
തെക്കൻ ചിട്ടയിൽ ബാണയുദ്ധത്തിലെ ഒരു ഭാഗത്ത് ബാണൻ പകർന്നാടുന്ന രീതിയിൽ ഒരു ശിവപാർവ്വതീ നൃത്തം ചിട്ടപ്പെടുത്തുകയുണ്ടായി. താണ്ഡവ ലാസ്യങ്ങൾ ഒന്നിച്ചു വരുന്ന പ്രകാരത്തിലായിരുന്നു അത്. തെക്കൻ ചിട്ടയിൽ അങ്ങനെ ഒന്ന് പതിവില്ല. കൃഷ്ണലീലയിലെ മഹാമേരു വർണ്ണന വ്യത്യസ്തമായി ഒന്ന് ചെയ്തതായിരുന്നു. ചില ശ്ലോകങ്ങളിലെ വരികൾ വായിക്കുമ്പോൾ ആടാൻ പറ്റിയതാണെന്ന് മനസ്സിലാവും. അത്തരത്തിൽ എടുത്തു ചെയ്തതാണ് മഹാമേരു വർണ്ണന. മഹാമേരുവിന്റെ വലിപ്പം കാണിക്കുന്ന ആ ഭാഗം വളരെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഒന്നാണ്. അത് പോലെ പലയിടത്തും ചിലത് ചേർത്താൽ നന്നായിരിക്കും എന്ന് തോന്നി പല മാറ്റങ്ങളും ചെയ്യാറുണ്ട്. അതായത്, ചില ചലനങ്ങളിൽ, മുദ്ര കാണിക്കലിൽ, വേദിയിലെ സ്ഥലവും കൂട്ട് വേഷങ്ങളെയും അനുസരിച്ചുള്ള സ്ഥാന ക്രമീകരണങ്ങളിൽ എന്നിങ്ങനെ.
പുതിയ കഥകളായി ചെയ്തിൽ പ്രധാനപ്പെട്ടത് കൃഷ്ണലീലയായിരുന്നു. പുതിയ ആട്ടക്കഥകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അത്. ഇന്നും അരങ്ങുകളിൽ ധാരാളം പേർ കൃഷ്ണലീ ചെയ്തു വരുന്നുണ്ട്. പ്രേക്ഷകരും ആവശ്യപ്പെടുന്നുണ്ട്. പിന്നെ നളചരിതം സമ്പൂർണ്ണ കളരി പാഠം ചിട്ടപ്പെടുത്തുകയുണ്ടായി. അങ്ങനെ ഓരോ കാലത്തും പല മാറ്റങ്ങളിലും ചിട്ടപ്പെടുത്തലിലും നേരിട്ട് ഭാഗമായിട്ടുണ്ട്.
ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ- ഒന്ന് കളിയരങ്ങിലും അണിയറയിലുമൊക്കെ ഉണ്ടായിരുന്ന അച്ചടക്കം ഇന്നില്ല. അതൊരു നല്ല പ്രവണതയല്ല. ഇത്രയും സീനിയർ ആയിട്ടും ഗോപിയേട്ടനൊക്കെ (കലാമണ്ഡലം ഗോപി) ഇന്നും കാണിക്കുന്ന അച്ചടക്കവും ശ്രദ്ധയും ഇന്നത്തെ കുട്ടികൾ കണ്ടു പഠിക്കേണ്ടതാണ്. അതുപോലെ ചുട്ടിയിലും ഉടുത്തുകെട്ടിലുമൊക്കെ പരിഷ്കാരം വരുത്തുമ്പോൾ അതിര് വിടാതെ ശ്രദ്ധിക്കുക. നല്ല സൌന്ദര്യ വീക്ഷണം വേഷക്കാര്ക്കും ചുട്ടിക്കാർക്കും വേണം.
തിരശ്ശീല പിടിച്ച് സമയമെടുത്ത് വേദിയിൽ നിൽക്കാനുള്ള മനസ്സ് ഇന്ന് പല കുട്ടികളിലും കാണുന്നില്ല. കൂടിയാട്ടത്തിലൊക്കെ ഇപ്പോഴും ജൂനിയർ കുട്ടികൾ തിരശ്ശീല പിടിക്കാൻ നിൽക്കും. കഥകളിയിൽ എന്തോ അത് മോശം എന്ന ധാരണ വന്നു കൂടിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. അത് പാടില്ല. ചെറിയ കാര്യമായാലും വേണ്ട രീതിയിൽ ചിട്ടയായി ചെയ്തു ശീലിക്കുക.
നാടകീയതയ്ക്ക് പ്രാധാന്യം കൊടുക്കണം. കൂടുതൽ ഭാവങ്ങൾ ഒരുമിച്ച് അഭിനയിച്ച് പൊലിപ്പിക്കനം എന്നതല്ല. ഓരോ സന്ദർഭത്തിനും കഥാപാത്രത്തിന്റെ സ്ഥായീഭാവത്തിനോടും നീതി പുലർത്തും വിധത്തിലുള്ള അഭിനയ രംഗങ്ങളെയാണ് ഉപയോഗിക്കേണ്ടത്. പുറംചാട്ടം എടുത്തുകലാശം പോലുള്ള ഭാഗങ്ങൾ കഴിവതും മടി കൂടാതെ തന്നെ ചെയ്തു ശീലിക്കുക. ഇതൊന്നും കൈമോശം വന്നു കൂടാ. അതുപോലെ ചില അഭിനയ പ്രകടനങ്ങൾ പലരുടെയും അതിര് വിട്ടു പോയി ഗോഷ്ടികളാവുന്നു. ഇങ്ങനെ വരാതെ നോക്കണം. അഭിനയത്തിൽ സഭ്യത വേണം. വാനര ചേഷ്ടകൾ ഒക്കെ അധികമായാൽ കഥാപാത്രത്തിന്റെ ഗൗരവം നഷ്ടപ്പെടും. മാറ്റങ്ങൾക്ക് മുതിരുമ്പോൾ ചിന്തിച്ച് ശരിയെന്ന് തോന്നുന്നവ മാത്രം ചെയ്യുക.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
പരിഷ്കരണ വിമുഖൻമാരല്ല ആസ്വാദകർ. പരിഷ്കരണ വാദികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ എന്നും പരിഷ്കരണവും മാറ്റങ്ങളും വേണം എന്ന് വാദിക്കുന്നവരുടെ വാക്ക് കേട്ട് കലാകാരൻ കല നഷ്ടപ്പെടുത്തിയാൽ ശരിയാവില്ലല്ലോ. ചില ആസ്വാദകരുടെ നിർദ്ദേശപ്രകാരമായിരിക്കാം പലരും പല ഭാഗങ്ങളും വെട്ടിച്ചുരുക്കുന്നതും ചെയ്യേണ്ട പല ഭാഗങ്ങളും ചെയ്യാതെയും ഒക്കെയുള്ള പ്രവണത വരുന്നത്. അങ്ങനെ മുഴുവൻ ആസ്വാദക താൽപര്യങ്ങൾക്ക് വിട്ടുകൊടുത്തുകൂടാ. കണ്ടു പരിചയം കൊണ്ടും, ചില പ്രത്യേക താൽപര്യം കൊണ്ടുമൊക്കെ പല കാണികൾക്കും പല അഭിപ്രായങ്ങൾ ഉണ്ടാവാം. പല നാട്ടിലും അത് വ്യത്യാസപ്പെട്ടും ഇരിക്കും. തെക്ക് ഭാഗത്ത് ഇടയ്ക്കൊക്കെ രുഗ്മാന്ഗദ ചരിതത്തിലെ മോഹിനീ കഥ പറയുന്ന ഭാഗത്ത് രുഗ്മാന്ഗദന്റെ പൂർവ്വകഥയും ആട്ടങ്ങളുമൊക്കെ ആവശ്യപ്പെടാറുണ്ട്. അവർക്ക് വേണ്ടി അത് ചെയ്യാറുമുണ്ട്. എന്നാൽ പൊതുവെ ആ ഭാഗം അവിടെ അനാവശ്യമാണെന്നാണ് എനിക്ക് തോന്നാറുള്ളത്. അതുകൊണ്ട് പിന്നീട് മാറ്റി. അങ്ങനെ പലതും ഉണ്ടായിട്ടുണ്ട്.
പിന്നെ, കണ്ട് ശീലം കേട്ട് ശീലം എന്നതിനൊക്കെ വളരെ പ്രാധാന്യമുണ്ട്. കാലങ്ങളായി കണ്ടു ശീലിച്ച പ്രകാരത്തിൽ നിന്ന് മാറുമ്പോൾ തൃപ്തി വരായ്ക സ്വാഭാവികം. നമുക്കെല്ലാവർക്കും അങ്ങനെ തോന്നാം. അതുകൊണ്ട് അനൗചിത്യപരമായ മാറ്റങ്ങൾ എന്ത് വന്നാലും നല്ല ആസ്വാദകർ അത് എതിർക്കും. ക്രമേണ അത് ശീലിച്ച സംസ്കാരത്തിലേക്ക് എത്തും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. നല്ല രീതിയിലുള്ള ആസ്വാദനം ഇന്ന് നടക്കുന്നുണ്ട്. പക്ഷേ, പുസ്തകം വായിച്ചുള്ള അറിവ് വെച്ചുകൊണ്ട് മാത്രം കലകളെ പ്രശംസിക്കാണോ വിമർശിക്കാനോ ശ്രമിക്കുന്നത് ശരിയല്ല. കഥകളി പോലുള്ള കലകളിൽ കണ്ടുപരിചയം തന്നെയാണ് വേണ്ടത്.
? പുതിയ ആട്ടക്കഥകൾ കഥകളിയിലേക്ക് കൊണ്ടുവരുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്
പുതുമകളെയും പുതിയ ചിട്ടപ്പെടുത്തലുകളേയും സ്വാഗതം ചെയ്ത വ്യക്തി ആയിരുന്നു എന്റെ ഗുരുനാഥൻ വാഴേങ്കട കുഞ്ചു നായരാശാൻ. ബുദ്ധചരിതം, വാമാനാങ്കം തുടങ്ങിയ വ്യത്യസ്ത കഥകളൊക്കെ അദ്ദേഹം ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹം മൂലകഥ മുഴുവൻ വായിച്ചുറപ്പിച്ച് എല്ലാ വശങ്ങളേയും കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയതിനു ശേഷമ്മാത്രമാണ് കളരിയിലേക്ക് കൊണ്ടുവരിക. ഈ ഒരു മുന്നൊരുക്കം പുതിയൊരു കഥ ചെയ്യുമ്പോൾ അത്യാവശ്യമാണ്.
രംഗത്തിൽ ശോഭിക്കുന്ന ഭാഗങ്ങൾ ഉണ്ടാക്കുക. ചില സാഹിത്യം നല്ലതായാലും രംഗത്ത് വേണ്ടത്ര ശോഭിച്ചെന്നു വരില്ല. രംഗപ്പിടിപ്പ് ആണ് പ്രധാനം. കഥ വലുതാക്കേണ്ടത് അഭിനയം കൊണ്ടാണ്. കഥയുടെ വലിപ്പം കൊണ്ടല്ല. ചിലർക്ക് വേഷക്കമ്പം ഉണ്ടെന്നു കരുതി കുറെ വേഷങ്ങളെ കൊണ്ടുവരേണ്ടതില്ല. മനസ്സില് തട്ടുന്ന വേഷങ്ങൾ, സംഘട്ടനാത്മകമായ രംഗങ്ങൾ ഇവയ്ക്കൊക്കെയാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഗാന്ധി, ഷേക്സ്‌പിയർ പോലുള്ള കഥകളൊക്കെ വന്നു. പക്ഷേ, നമ്മുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ആഹാര്യ സങ്കൽപത്തോട് ചേരാത്ത വേഷങ്ങൾ ഏറെ കാലം നിലനിൽക്കും എന്ന് തോന്നുന്നില്ല.
കിംഗ് ലിയർ പോലുള്ള വെസ്റ്റേണ്‍ കഥകളുടെ ചിട്ടപ്പെടുത്തലിലൊക്കെ ഞാനും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, ഇത്തരം കഥകൾ കൊണ്ടുവരുമ്പോൾ പലപ്പോഴും അതെഴുതപ്പെട്ട നാട്ടിലേയും നമ്മുടെയും സൗന്ദര്യ സങ്കൽപങ്ങൾ തമ്മിലുള്ള അന്തരം പ്രശ്നമാകുന്നുണ്ട്. അവരുടെ നായികാ വർണ്ണനയും സങ്കൽപവുമല്ല നമ്മുടേത്. ഇവിടുത്തെ സങ്കൽപമനുസരിച്ച് വലിയ കറുത്ത കണ്ണുകളും നീണ്ട തലമുടിയും ഉള്ളവളാവും നായിക. എന്നാൽ അവിടുത്തെ വ്യക്തികളുടെ രൂപ ഭാവവും സൗന്ദര്യ സങ്കൽപവുമൊക്കെ വ്യത്യസ്തമല്ലേ. അത് പോലെ ‘ലജ്ജ’ പോലുള്ള മനോഹരമായ ഭാവങ്ങൾ കഥാവതരണത്തിന്റെ ഭംഗി കൂട്ടുന്നവയാണ്. എന്നാൽ ഇത്തരം ഭാവങ്ങൾക്കൊന്നും ആ കഥകളിൽ വലിയ സ്ഥാനം കാണില്ല. അതുകൊണ്ട് നമ്മുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന കഥകൾ തെരഞ്ഞെടുക്കുകയാണ് നല്ലത്. അത്തരം കഥകളേ നിലനിൽക്കൂ. അല്ലാത്തവ ചെയ്യുന്നതിൽ തെറ്റില്ല, പക്ഷേ, ചില വേദികളോടെ നിന്നു പോകും.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച്, രംഗത്തേക്കാണ് എന്ന് മനസ്സിൽ ഓർത്ത് പുതിയ കഥകളെയും രംഗപഠത്തേയും നിർമ്മിക്കുക.
? പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചുകൊണ്ട് എന്നാൽ അർത്ഥവത്തായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പുതിയ ചിട്ടപ്പെടുത്തലുകൾക്ക് പ്രാപ്തരായ ഒരു യുവതലമുറ വളർന്നു വരാൻ ചിട്ടയായ കളരിയഭ്യാസത്തോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്
ചിട്ടയായ കളരി അഭ്യാസം വേണം . കളരിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും പഠിച്ച പാഠങ്ങൾ മറക്കാതിരിക്കുക. അഭ്യാസ ഫലമായി കിട്ടിയ വൃത്തിയും കൃത്യതയും കളയാതിരിക്കുക. ഒപ്പം ധാരാളം വായിക്കുക. ധാരാളം പേരുടെ കളി ഗൗരവത്തോടെ കാണുക. ഈ കാണൽ അത് അങ്ങനെ അനുകരിക്കാനല്ല. തനിക്ക് നല്ലത് അല്ലെങ്കിൽ ചേരുന്നത് എന്ന് തോന്നിയതിനെ സ്വീകരിക്കാം. അതുപോലെ ശരി തെറ്റുകളെ മനസ്സിലാക്കാം. കളരിയിൽ പഠിച്ചത് മാത്രം കൊണ്ട് മുന്നോട്ട് പോകണം എന്നില്ല. അങ്ങനെ സാധിക്കുകയുമില്ല. സ്വന്തമായ പ്രവർത്തനം കളരിക്ക് പുറത്തും വേണം. അതിനനുസരിച്ച ചിന്തകളും വളർത്തി എടുക്കണം.
പിന്നെ, ഇന്ന് കളി ധാരാളമായി. അപ്പോൾ എന്ത് ചെയ്താലും കുഴപ്പമില്ല എന്ന ധാരണ ചിലപ്പോഴൊക്കെ കുട്ടികൾക്ക് തോന്നുമായിരിക്കാം. പക്ഷേ, സ്വയം പിന്നാക്കം പോകുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് പിന്നെ കളിയിലേക്ക് ശ്രദ്ധ തിരിച്ചുവരുന്നുള്ളൂ.
പുതിയ തലമുറയിലുള്ളവരായാലും വ്യക്തിത്വത്തെ നിലനിർത്തി ചെയ്യുന്നവരും അതിനുള്ള കഴിവ് ഉള്ളവരും ധാരാളം ഉണ്ട്. പക്ഷേ, അനുഭവം ഒരു പ്രധാന ഘടകമാണ്. അതിനു മുൻപ് പലതും ചെയ്യുമ്പോൾ അവര്ക്ക് തന്നെ മനസ്സിന് ഉറപ്പില്ലാത്ത അവസ്ഥ കാണാം. ഇത് പരിചയക്കുറവുകൊണ്ടാണ്.
മുഖത്തു തേപ്പിൽ, വേഷം കെട്ടലിൽ എല്ലാം അവനവന്റെ രൂപത്തേയും മുഖത്തേയും അറിഞ്ഞു ചെയ്യുക. ആശാൻ എന്ത് ചെയ്താലും അത് അതേ പടി ശിഷ്യൻ അനുകരിക്കാതിരിക്കുക.
? മുദ്രകളുടെ ഏകീകരണം, തെക്കൻ- വടക്കൻ ചിട്ടകളിലെ ചില സമ്പ്രദായങ്ങൾ ഒരുപോലെയാക്കുക തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളും പ്രവർത്തനങ്ങളും അടുത്തകാലത്ത് നടന്നിരുന്നു. സത്യത്തിൽ ഇത്തരം മാറ്റങ്ങൾ കഥകളിക്ക് ഗുണം ചെയ്യുമോ? എന്താണ് അങ്ങയുടെ അഭിപ്രായം
ശൈലികൾ ഒന്നാകേണ്ട കാര്യമില്ല. പക്ഷേ, ശൈലികൾ വേറെ എന്നത് കൊണ്ട് നല്ലചില വശങ്ങൾ അപ്പുറത്ത് നിന്ന് സ്വീകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല താനും. ഞാനും അങ്ങനെ തെക്കൻ ചിട്ടയിലേയ്ക്ക് വേണ്ടി ചിലത് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു വേർ തിരിവിന്റെ ആവശ്യമില്ല. ചേരുന്നത് എന്ന് തോനുന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്വീകരിക്കാം. എന്നാൽ ശൈലിയുടെ പ്രത്യേകതകൾ നിലനിർത്തിക്കൊണ്ട് അതിനുള്ളിൽ നിന്ന് കൊണ്ട് ചേരുന്നവ ചേർക്കുക.
മുദ്രകളുടെ ഏകീകരണമൊക്കെ എത്രകണ്ട് പ്രാവർത്തികമാവും എന്ന് പറയാൻ വയ്യ. കാരണം അങ്ങനെ തീരുമാനിച്ചു എങ്കിലും ചെയ്തു ശീലിച്ചവർക്ക് അത് മാറ്റാൻ പ്രയാസമാണ്. അൽപം മുതിർന്നവർക്ക് തീരെ സാധിക്കില്ല. അതുകൊണ്ട് അങ്ങനെ ഒരു മിശ്രണമോ ഏകീകരണമോ അത്ര പെട്ടെന്ന് നടക്കും എന്ന് തോന്നുന്നില്ല. ശൈലിയുടെ വ്യക്തിത്വം നഷ്ടപ്പെടാതെ നല്ല മാറ്റങ്ങളെ സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് നല്ലത്.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |