KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

പാരമ്പര്യവും നവീകരണവും : തായമ്പക [Udayan Namboothiri]

December 23, 2015

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

udayan_namboothiri1? തായമ്പക രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

എല്ലാ കലയിലും കാലത്തിനനുസരിച്ച മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ, അത് തായമ്പകയിലും വന്നിട്ടുണ്ട്. എണ്ണവും നിലയും അതിന്റെ എണ്ണങ്ങളുടെ ഏറ്റച്ചുരുക്കലുകളും ആണ് തായമ്പകയുടെ സൗന്ദര്യം. പതികാലത്തിൽ തുടങ്ങി ക്രമേണ കാലം കൂട്ടി ശബ്ദത്താൽ ആസ്വാദകരുടെ ആവേശത്തെ ഉയർത്തുന്ന ഒരു കലാരൂപമാണിത്. ആ ഘടനയ്ക്കൊന്നും വ്യത്യാസം വന്നിട്ടില്ല. ആദ്യമൊക്കെ, തായമ്പക കാലം നിരത്തി വളരെ ക്രമേണ ഉയർന്നു വരുന്ന ഒരു രീതിയിലായിരുന്നു. ഇന്ന് അഞ്ചോ ആറോ താളവട്ടം നേർകോൽ കാലം നിരത്തി, ഒരു കയ്യിൽ നിന്ന് രണ്ടു കൈയും തുടങ്ങുന്ന സമയത്ത് തന്നെ തങ്ങളുടെ മിടുക്ക് മുഴുവൻ കാണിക്കാനുള്ള ഒരു വ്യഗ്രത പലയിടത്തും കണ്ടു വരുന്നുണ്ട്. ഇത് മുഴുവനായി മോശം എന്നും പറയാൻ വയ്യ. കാരണം ഒരു കലാകാരന് ഏറെ സാധ്യതകൾ തരുന്ന ഒരു ഭാഗമാണിത്.
ഒരാൾ അങ്ങനെ ചെയ്യാതിരുന്നാൽ അത് അയാളുടെ കഴിവ്കേട് ആയി ആസ്വാദകർ കാണുകയും ചെയ്യുന്നു.

അപ്പോൾ ഇവിടെ സംഭവിക്കുന്നത്‌ എന്താണെന്ന് വെച്ചാൽ പഴയ രീതിയിൽ ആസ്വദിച്ചിരുന്നവർക്ക് തായമ്പകയുടെ മുഖം കൊട്ടുന്ന സമയത്ത് നിന്ന് കിട്ടിയിരുന്ന ചില ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുന്നില്ല. അത് കേൾക്കാം, പക്ഷേ കുറച്ചു കഴിഞ്ഞാണെന്ന് മാത്രം. ഒരു പത്തു വർഷമായി തായമ്പക കേൾക്കാതിരുന്ന ഒരു ആസ്വാദകൻ ഒരു പക്ഷേ ഇത് കേട്ടാൽ, തെറ്റിദ്ധരിച്ചേക്കാം. കാരണം, അവർ കരുതിയ സമയത്തല്ല പല ശബ്ദങ്ങളും പ്രയോഗങ്ങളും കേൾക്കുന്നത്. ഈ മാറ്റത്തെയൊക്കെ ഒരു പരിധി വരെ എല്ലാവരും അംഗീകരിച്ചതായാണ് കാണുന്നത്. പിന്നെ, മറ്റൊന്ന് തായമ്പകയുടെ സമയ ദൈർഖ്യം. അപ്പു മാരാരോക്കെ രണ്ട് മണിക്കൂറൊക്കെ കൊട്ടിയിരുന്നു എന്ന് കെട്ടിട്ടുണ്ട്. അത് അദ്ദേഹത്തിൻറെ കൊട്ടിനിടയിലുള്ള ‘സഞ്ചാര’ ത്തിന്റെ മേന്മയായിരുന്നു. ഇന്നും അത്രയൊക്കെ നേരം കൊട്ടുന്നുണ്ട് എങ്കിലും മുൻകൂട്ടി ഉറപ്പിച്ചതെ കൊട്ടാൻ കഴിയൂ എന്ന അവസ്ഥയാണ്. ഇത് കാരണം തന്നെ സമയ ദൈർഘ്യം കുറച്ച് കൊട്ടാൻ പറഞ്ഞാൽ അത് കഴിയില്ല എന്ന നിലയും വന്നു ചേർന്നിട്ടുണ്ട്. സ്വാഭാവികമായി വരുന്ന പ്രകടനങ്ങളല്ലാത്തത് കൊണ്ടാണത്.
തായമ്പകയിൽ പ്രധാനമായി ഉണ്ടായിരുന്ന രണ്ടു ശൈലി ആയിരുന്നു മലമക്കാവ് ശൈലിയും, പാലക്കാടൻ ശൈലിയും, മലമക്കാവ് ശൈലിയിൽ കൊട്ടുന്നവർ ഏറെ താല്പര്യം പ്രകടിപ്പിച്ചത് ചെമ്പട വട്ടം കഴിഞ്ഞാൽ പഞ്ചാരി, ചെമ്പ കൂറുകളിൽ കൊട്ടാനായിരുന്നു. ഇതിൽ തന്നെ അടന്തക്കൂറും കൊട്ടാറുണ്ടെങ്കിലും കാലം താഴ്ത്തി കൊട്ടാറില്ല. പാലക്കാടൻ ശൈലിയിലുള്ളവർ അടന്തക്കൂറിനോട് കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിക്കുകയും, പതികാലം കഴിഞ്ഞാൽ പതിഞ്ഞ അടന്തക്കൂറ് കൊട്ടുകയുമാണ് ചെയ്തിരുന്നത്. ഇന്ന് ഈ ശൈലീ വ്യത്യാസങ്ങൾ ഒന്നും കാര്യമായി എടുത്തു കാണിക്കാൻ തക്ക വണ്ണം നിലനില്ക്കുന്നില്ല. രണ്ടു ശൈലികളിലെയും നല്ല വശങ്ങളെ ചേർത്ത് കൊണ്ടൊരു തായമ്പക ഇന്ന് ധാരാളം കേൾക്കുന്നുണ്ട്…..ഒരുപക്ഷേ, ഇതിനു തുടക്കം കുറിച്ചത് എന്റെ ഗുരുനാഥനായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരായിരിക്കും. ഈ രണ്ടു ശൈലിയിലേയും അക്കാലത്തെ മുതിർന്ന കലാകാരൻമാരോട് കൂടെ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രണ്ടിലേയും നല്ല വശങ്ങളെ സ്വീകരിച്ചു കൊണ്ട് ഒരു ചിട്ട തന്നെ തന്നെ രൂപപ്പെടുത്തി എടുക്കുകയുണ്ടായി. മട്ടന്നൂർ ശൈലി എന്ന് പൊതുവെ എല്ലാവരും വിശേഷിപ്പിക്കാറുമുണ്ട്….. ഇന്നിത് പരക്കെ സ്വീകരിച്ചു കാണുന്നു. അതായത്, പലക്കാടൻ ശൈലിയുടെ എല്ലാ പ്രയോഗങ്ങളും എടുക്കുന്നില്ല എങ്കിലും അവിടെ അടന്തക്കൂറിൽ എണ്ണങ്ങൾ മാത്രമല്ലാതെ എണ്ണങ്ങൾക്ക് മുൻപേ കാലം പതിച്ച് നാല് നടകൾ കൊട്ടി മുത്താരിപ്പ് വെച്ച് അവസാനിപ്പിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. പാലക്കാടിന് സംഗീതമായിട്ടുള്ള അടുപ്പം കൂടുതലുണ്ടായിരുന്നത് കൊണ്ടാവാം. തനതു ശൈലിയിൽ മുത്താരിപ്പ് ഉണ്ടായിരുന്നെങ്കിലും എട്ട് അക്ഷര കാലത്തിൽ ഒതുങ്ങുന്ന മുത്തരിപ്പുകളൊക്കെയേ എടുക്കാറുള്ളൂ. വ്യത്യസ്തമായ മുത്താരിപ്പുകളും തീരുകളും വന്നത് തകിലിന്റെയൊ മൃദംഗത്തിന്റെയോ ഒക്കെ സ്വാധീനത്താലാവാം. ഈ സ്വാധീനങ്ങളെ നല്ല രീതിയിൽ മാത്രം നമുക്ക് കൈകൊള്ളാവുന്നതാണ്.
സാധ്യതകൾ കൂടുതൽ വരുമ്പോൾ തന്നെ, തായമ്പക കേട്ടാൽ അത് തായമ്പക തന്നെയാണ്, അല്ലാതെ ചെണ്ടയിൽ എന്തോ കൊട്ടുന്നു എന്ന് പറയിക്കാതെ ഇതിന്റെ ഘടനയിൽ നിന്ന് കൊണ്ട് ധാരാളമായി മാറ്റങ്ങൾ കൊണ്ട് വരാം. കലയുടെ സത്ത കലയാതെയുള്ള മാറ്റങ്ങൾ എലാം നല്ലത് തന്നെയാണ്.

? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ

എന്റെ ഗുരുനാഥനിലൂടെ വന്ന ഏകീകൃതമായ ഒരു രീതിയെ കുറിച്ച് പറഞ്ഞല്ലോ, ആ ഒരു രീതി തന്നെയാണ് ഞാനും തുടർന്നിട്ടുള്ളത്‌.
പിന്നെ എടുത്തു പറയാനുള്ള ഒന്നായിരുന്നു ‘ശ്രീകരം കൂറ്‘ ചെയ്തത്. മൂന്ന് ഇടത്ത് അത് അവതരിപ്പിച്ചു. ആദ്യം ഡബിൾ ആയിട്ടാണ് ചെയ്തത്. പിന്നെ, ആശാന്റെ ഷഷ്ടിപൂർത്തിയ്ക്ക് വെള്ളിനേഴി വെച്ച് ‘കൂറുകളിലെ വൈവിധ്യം’ എന്ന പരിപാടി സംഘടിപ്പിച്ചപ്പോൾ അവതരിപ്പിച്ചു. അന്ന് ചെമ്പട വട്ടം ഒരാള്, പിന്നെ ഓരോരുത്തരായി ഓരോ കൂറുകൾ എന്ന രീതിയിലാണ് അവതരിപ്പിച്ചത്. ശ്രീകരം കൂറ് ഞാൻ ചെയ്തു.udayan_namboothiri2
അതിന്റെ പ്രത്യേകത എന്നത് സാധാരണയായി പ്രയോഗിക്കാത്ത ശ്രീകരം കൂറിൽ ആദ്യമായി ചെയ്ത പരീക്ഷണം എന്നത് തന്നെ. ഇതിന്റെ ഉപജ്ഞാതാവു എന്റെ ശിഷ്യൻ കൂടിയായ ദിനേശ് ആയിരുന്നു. പൊതുവെ പരീക്ഷണങ്ങൾക്ക് മുതിരാത്ത ആളായിരുന്നു ഞാൻ. ആദ്യം പ്രയോഗിച്ചത് ദിനേശ് തന്നെ ആയിരുന്നു. മധ്യമ കാലത്തിലായിരുന്നു അന്ന് കൊട്ടിയത്. രൂപകത്തോട് സാമ്യമുള്ള അക്ഷര കാലം. അന്ന് പതിഞ്ഞ കാലത്തിൽ ചെയ്താൽ കുറേ കൂടി നന്നാവും എന്ന അഭിപ്രായം ആസ്വാദകരിൽ നിന്ന് കിട്ടിയിരുന്നു. പിന്നീട് മറ്റൊരവസരത്തിൽ പതിഞ്ഞ കാലത്തിൽ ഡബിൾ ആയി ചെയ്തു. പിന്നീടാണ് വെള്ളിനേഴിയിൽ വെച്ച് സിംഗിൾ ആയി ചെയ്തത്. അതിനു ശേഷം പലയിടത്തും ശ്രീകരം കൂറ് ആവശ്യപ്പെടാറുണ്ട്. ശ്രീകരത്തിൽ, ആദ്യം കാലം നിരത്തി, ആദ്യം ചതുരശ്രം, മിശ്രം, തിശ്രം, ഘണ്ഡം ഇങ്ങനെ നാല് നടയിലുള്ള സംഗതികൾ കൊട്ടി, കൈയ്യിന്റെ നാല് സ്ഥാനങ്ങൾ ചെയ്ത്, പതിഞ്ഞ എണ്ണം, പിന്നെ നാല് ബഹുചാരി, എന്നിട്ട് നിലയിലേക്ക് കടന്ന് എണ്ണം കൊട്ടി കലാശിക്കുന്ന രീതിയിലാണ് ചെയ്തത്. തായമ്പകയിൽ ഇനങ്ങളുടെ ആധിക്യം പലപ്പോഴും ബഹളം സൃഷ്ടിക്കുന്നതായി തോന്നിയിട്ടുണ്ട്. രണ്ട് വട്ടം പിടിക്കുന്ന ആളും, രണ്ടു വലന്തലയും, രണ്ടു താളവും അത്രയേ ആവശ്യമുള്ളൂ. അതിൽ കൂടുതൽ പേർ ചേരുമ്പോൾ കൊട്ടുന്ന ആളുടെ ആക്ഷൻ മാത്രം കാണേണ്ടി വരുന്നു. തായമ്പകയുടെ ആസ്വാദനം കൊട്ടി ഫലിപ്പിക്കുന്നതിലാണ്. അല്ലാതെ മേളം പോലെ ചേർന്ന് ഉണ്ടാകുന്ന ശബ്ദത്തിലല്ല.
എന്നാൽ എണ്ണത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതില്ല. അങ്ങനെ വന്നാൽ ഓരോ കാലത്തിലും കൃത്യമായ എണ്ണം കൊട്ടി തീർത്താൽ അത് കഴിഞ്ഞു. പിന്നെ ഇത് മാറ്റമില്ലാതെ തുടരും. അതിനിടയിൽ കലാകാരന് അനന്ത സാധ്യതകളുണ്ട്. അവയെ കണ്ടെത്താൻ ശ്രമിക്കണം. ഇവിടെ മാറ്റങ്ങൾ അപകടം ആകുന്ന അവസ്ഥ കാണുന്നത് അന്ധമായ അനുകരണങ്ങൾ കൊണ്ടാണ്. അനുകരിക്കാനാവുന്നതിനു മുൻപേ അനുകരിക്കുന്ന അവസ്ഥ കാണുന്നുണ്ട്. തഴക്കവും പരിചയവും പോരാതെയുള്ള ഇത്തരം അനുകരണങ്ങൾ ഗുണത്തിന് പകരം ദോഷം ചെയ്യും. ഈ പ്രവണത മാറേണ്ടതുണ്ട്.

? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്

കലയുടെ ലക്ഷ്യം ആസ്വദിപ്പിക്കലാണ്. ആദ്യം സ്വയം ആസ്വദിക്കണം. പിന്നെ ആസ്വാദകരെ അംഗീകരിക്കുകയും വേണം.
യാഥാസ്ഥിതികരായ പല ആസ്വാദകരും ‘പഴയ മുഖം കേൾക്കാൻ കൊതി തോന്നുന്നു’ എന്നൊക്കെ പറയാറുണ്ട്‌. ഇന്നത്‌ വേണം എന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. ചിലർ അടന്തക്കൂറ് വേണം എന്ന് പറയാറുണ്ട്‌. മറിച്ച് അടന്തക്കൂറ് വേണ്ട പഞ്ചാരിയും ചെമ്പയും മതി എന്ന് പറയുന്നവരും ഉണ്ട്.
പിന്നെ, പൂരപ്പറമ്പിലെ ആസ്വാദകരല്ല സാധാരണ അമ്പലത്തിലെ തായമ്പക ആസ്വദിക്കാൻ വരുന്നത്. ചിലയിടത്ത് പതികാലത്തെ ഒഴിവാക്കി വേഗതഏറുമ്പോൾ മാത്രം മുന്നോട്ട് വരുന്ന ആസ്വാദകരും ഉണ്ട്. ആദ്യം നമ്മൾ എന്തൊക്കെ പ്രയോഗിച്ചാലും താളം മാറ്റി കൊട്ടിയാലും ഒന്നും അവർക്ക് പ്രശ്നമല്ല. ഇത്തരം സന്ദർഭത്തിൽ നമ്മൾ അതിനു വശം വദരാകാതെ ഇങ്ങോട്ട് ആകർഷിക്കുകയാണ് വേണ്ടത് എന്നാണു എന്റെ അഭിപ്രായം. ആസ്വാദകരുടെ ആസ്വാദന ക്ഷമത വളർത്താനും ഒരു കലാകാരൻ ബാധ്യസ്ഥനാണ്.

? കഥകളി ചെണ്ട, അതുപോലെ മറ്റു വാദ്യ രൂപങ്ങളായ മേളം പഞ്ചവാദ്യം ഇതിലെല്ലാം ഉള്ള പരിചയം താങ്കളുടെ തായമ്പകയെ സ്വാധീനിച്ചിട്ടുണ്ടോ

എന്റെ തായമ്പകയ്ക്ക് പൂർണ്ണത വന്നിട്ടുണ്ടെങ്കിൽ അത് കഥകളിക്കൊട്ട് പഠിച്ചത് കൊണ്ടും കൂടിയാണ്. കാരണം സംഗീതമായിട്ടുള്ള അടുപ്പം വഴി ചെണ്ടയുമായി അതിന്റെ സാധ്യതകലുമായി കൂടുതൽ ഇഴുകിച്ചേരാൻ സഹായിച്ചിട്ടുണ്ട്. ചെണ്ടയിൽ ഒതുക്കി വായിക്കൽ വളരെ പ്രയാസമാണ്. അത് മനസ്സിന്റെ നിയന്ത്രണം കൂടിയാണ്. ഇതിനൊക്കെ ഉള്ള പരിചയം കഥകളിയിൽ പ്രവർത്തിച്ചത് കൊണ്ടുമാണ് ലഭിച്ചത്. ഈ പരിചയത്തിൽ നിന്നാണ് കൊട്ടിലും ഒരു സംഗീതാത്മകമായ ഭാവം കൊണ്ട് വരാൻ സാധിച്ചത്.
മേളം ആവർത്തനഗളുടെ ഒരു കൂട്ടമാണ്‌. ആവർത്തനങ്ങളിലും, കൂടിയുള്ള ശബ്ദത്തിലുമാണ് സൗന്ദര്യം. അവിടെ വ്യക്തിപരമായി കൂടുതലായി ചെയ്യാനുള്ള സാധ്യതകൾ കുറവാണ്. പഞ്ചവാദ്യത്തിലും ഓരോ വാദ്യത്തിന്റെ സാധ്യതകളും അവയുടെ യോജിപ്പും പ്രധാനമാകുന്നു. അങ്ങനെ നോക്കുമ്പോൾ തായമ്പകയിലാണ് മനോധർമ്മത്തിനുള്ള സ്വാതന്ത്ര്യം കൂടുതൽ.

? ഒരു കലാകാരൻ തെളിഞ്ഞു വരണമെങ്കിൽ ചിട്ടയായ അഭ്യസനത്തോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റു ഘടകങ്ങൾ എന്തൊക്കെയാണ്? ഒരു ഗുരു എന്ന നിലയിൽ താങ്കളുടെ അഭിപ്രായം?

എല്ലാവർക്കും വാദ്യകലയിൽ മികച്ചു വരാൻ പറ്റിക്കൊള്ളണം എന്നില്ല. അരങ്ങേറ്റ തായമ്പകയാണ് ആദ്യം പഠിക്കേണ്ടത്. ഒരു 45 മിനിറ്റിൽ ഒതുങ്ങുന്ന തായമ്പക. ഇത് പലയിടത്ത് കൊട്ടി തെളിഞ്ഞാലേ പുതിയത് പഠിപ്പിക്കുകതന്നെയുള്ളൂ. ഇതേ രീതി തന്നെയാണ് ഞാനും പിൻതുടരുന്നത്. ഒരു മൂന്നോ നാലോ ഘട്ടങ്ങളിലൂടെ മാത്രമേ ഉയർന്ന നിലയിൽ വായിക്കാനാവുന്ന ഒരു കലാകാരനിലേക്ക് വളരാനാവൂ. ഓരോ സാധ്യതകളെ കണ്ടെത്തി പ്രയോഗിക്കുമ്പോഴും എങ്ങനെ അങ്ങോട്ട്‌ എത്തി എന്നതിനെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കി കൊടുക്കണം. അത് ഈ ക്രമാനുഗതമായ വളർച്ചയ്ക്കെ സാധിക്കൂ. പടിപ്പിക്കലിൽ യാഥാസ്തിതിക രീതിയിൽ തന്നെയാണ് തുടർന്ന് പോരുന്നത്. പെട്ടെന്ന് പഠിപ്പിച്ചു തീർക്കുന്നതിലല്ല പ്രാധാന്യം. കുട്ടികൾ അടിസ്ഥാനത്തിൽ ഉറച്ച് ഘട്ടം ഘട്ടമായി വളർന്ന് വരണം എന്ന് മാത്രമേ നിർബന്ധമുള്ളൂ.

udayan_namboothiri4? ഡബിൾ, ട്രിപ്പിൾ മുതൽ പഞ്ച തായമ്പകക്കെല്ലാം ആസ്വാദകർ കൂടുന്നുണ്ടല്ലോ, അത് പോലെ ചെണ്ടയല്ലാത്ത മറ്റു വാദ്യങ്ങളിലും തായമ്പക അവതരിപ്പിച്ചു വരുന്നു. ഈ പ്രവണതകളെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? തായമ്പകയിൽ ചെണ്ടയുടെ പ്രസക്തി എങ്ങനെ വേറിട്ട്‌ നിൽക്കുന്നു

ഞാൻ ഒരു ആസ്വാദകൻ ആയിരുന്നെങ്കിൽ ഡബിൾ വരെയേ ഇഷ്ടപ്പെടുമായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ ഒരു പ്രയോക്താവ് ആയതു കൊണ്ട് എല്ലാം ഇഷ്ടപ്പെട്ടെ മതിയാവൂ. കലാകാരന് കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നത് സിംഗിൾ തന്നെ ആണ്. പക്ഷെ അതെസമയം ഡബിൾ ആവുമ്പോൾ ഒരു പ്രത്യേക ഹരം ഉണ്ട്. മുന്കൂട്ടി നിശ്ചയിച്ച് യാന്ത്രിക മായി അല്ലാതെ ചെയ്യുന്ന ഡബിൾ തായമ്പക പല തരത്തിലുള്ള മനോധർമ്മങ്ങൾക്കും സാധ്യത തരുന്നുണ്ട്. ഇത് കൂടാതെ തിമിലയിലും മദ്ദളത്തിലും, ഇടയ്ക്കയിലും, മിഴാവിലുമൊക്കെ തായമ്പക കൊട്ടാറുണ്ട്. പക്ഷേ, തായമ്പകയുടെ പൂർണ്ണമായ സുഖം ചെണ്ടയിൽ തന്നെ ആണ്. ചെണ്ടയ്ക്ക് വേണ്ടി രൂപപ്പെടുത്തി എടുത്തിരിക്കുന്ന ഒരു അവതരണ രൂപമാണിത്. അത് തിമിലയിൽ കൊട്ടാം. പക്ഷേ, തിമിലയുടെ ശബ്ദം പഞ്ചവാദ്യത്തിൽ കേൾക്കുന്ന അത്രയും നന്നായി തായമ്പകയിൽ തോന്നിയെന്നും വരില്ല. ഏതു വാദ്യത്തിലായാലും, എത്ര വാദ്യങ്ങൾ ഉപയോഗിച്ചാലും ഘടന കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഘടനയിൽ നിന്ന് കൊണ്ട് ഭാവനകൾ കൊണ്ടുവരികയാണ് വേണ്ടത്.
 

Published in Keleeravam Magazine

International Kutiyattam & Kathakali Festival 2015

200165

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019