Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? മോഹിനിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കൂടി വന്നാൽ ഒരു പത്ത് അടവുകൾ, ഒരു ചൊൽക്കെട്ട്, ഒരു ജതിസ്വരം, ഒരു വർണ്ണം, രണ്ട് പദം ഇത്രയുമായിരുന്നു ചിന്നമ്മുവമ്മ ടീച്ചറിൽ നിന്ന് എനിക്കും സഹപാഠികൾക്കും അഭ്യസിക്കാൻ കഴിഞ്ഞിട്ടുള്ളത്. തില്ലാന എന്ന ഒരിനം ഉണ്ടായിരുന്നു, എന്നാൽ ഓർമ്മയില്ല എന്നാണ് ചിന്നമ്മുവമ്മ ടീച്ചർ പറഞ്ഞിരുന്നത്. ഇന്ന് തുടർന്ന് വരുന്ന കച്ചേരി മാർഗ്ഗത്തിലുള്ള ഇനങ്ങൾ തന്നെയായിരുന്നു അന്നും പഠിപ്പിച്ചിരുന്നത് എങ്കിലും, അതിനെ കച്ചേരി എന്ന് വിശേഷിപ്പിക്കുകയോ, ഓരോ ഇനങ്ങളുടെ ഘടനയെ പറ്റി കൂടുതൽ വിശദീകരിക്കുകയോ ഒന്നും ചിന്നമ്മുവമ്മ ടീച്ചർ ചെയ്തിരുന്നില്ല. പിന്നീട് എന്റെ ഗുരുനാഥ കൂടിയായ സത്യഭാമ ടീച്ചറാണ് മോഹിനിയാട്ടത്തിലെ പുതിയ കൊറിയോഗ്രാഫിക്ക് തുടക്കം കുറിച്ചത്. അത് വലിയൊരു തുടക്കം തന്നെ ആയിരുന്നു. കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ എനിക്ക് ചെന്നൈയിലേയും മറ്റും നൃത്ത ലോകവുമായി കൂടുതൽ പരിചയപ്പെടാൻ പറ്റി. അന്ന് മറ്റു നൃത്ത ഇനങ്ങൾക്കൊപ്പം നിർത്താവുന്ന, അത്രത്തോളം നിലവാരം പുലർത്തുന്ന ഒരു മോഹിനിയാട്ട ഇനമായി എനിക്ക് ആദ്യം തോന്നിയത് സത്യ ടീച്ചറുടെ തോടി വർണ്ണം ആയിരുന്നു. ഭരതനാട്യ വർണ്ണങ്ങൾക്കൊപ്പം നിൽക്കാവുന്ന ഒരു സ്റ്റാൻഡേർഡ് ആ ഇനത്തിന്റെ കൊറിയോഗ്രാഫിക്ക് ഉണ്ടായിരുന്നു. ആ ഒരു ചിട്ട തന്നെ ആയിരുന്നു എനിക്കും മറ്റുള്ളവർക്കും കൂടുതൽ ചിട്ടപ്പെടുത്തലുകൾക്ക് മുതിരാൻ പ്രചോദനമായത്. പിന്നീടിങ്ങോട്ട് ഓരോ കലാകരികളുടെയും ചിന്തകൾക്കനുസൃതമായി ധാരാളം ഇനങ്ങളും മോഹിനിയാട്ടത്തിലുണ്ടായി. ഈ വളർച്ച ഒരിക്കലും പുറകിലോട്ടല്ല, മുന്നോട്ടു തന്നെയായിരുന്നു എന്നാണ് എന്റെ വിശ്വാസം. ഒരു കലയും നിന്ന നിൽപ്പിൽ വളരില്ല. കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക തന്നെയാണ് വേണ്ടത്. ഈ ആവശ്യത്തെ മുൻനിർത്തിയായിരുന്നു പിന്നീട് മോഹിനിയാട്ടത്തിൽ നടന്ന ചിട്ടപ്പെടുത്തലുകൾ എല്ലാം. വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുന്നു, വ്യത്യസ്ത ഭാവങ്ങൾക്ക് പ്രാധാന്യം കൊടുത്ത്കൊണ്ടുള്ള കഥാപാത്രങ്ങളെ കൊണ്ടുവരുന്നു, വിവിധ രാഗങ്ങളും താള രീതികളും പ്രയോഗിക്കപ്പെടുന്നു, കവിതകളും പുതിയ കൃതികളും ചിട്ടപ്പെടുത്തുന്നു, പഴയ സ്വാതി കൃതികളെ തന്നെ വിവിധ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഇതിനെയെല്ലാം ഞാൻ സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.
ഇവിടെ ഒരു ദോഷം വരുന്നത് മാറ്റത്തെ മാത്രം സ്വീകരിക്കുമ്പോഴാണ്. പുതിയ ഇനങ്ങളെ ചെയ്യുമ്പോൾ പഴയ രീതിയെ പാടെ മറക്കുന്നത് ശരിയല്ല. നല്ല ചിട്ടപ്പെട്ട വർണ്ണവും തില്ലാനയുമൊക്കെ രംഗത്ത് അവതരിപ്പിക്കുക തന്നെ വേണം. എങ്കിലെ ഈ കലയിൽ എന്തെല്ലാം ഉണ്ട് എന്ന് ജനങ്ങളേയും അറിയിക്കാൻ സാധിക്കു. പദങ്ങൾ ഒന്നും ആരും ഇന്ന് അധികം അവതരിപ്പിച്ചു കാണുന്നില്ല. ഈ പ്രവണത മോഹിനിയാട്ടത്തിന്റെ വളർച്ചക്ക് ദോഷം ചെയ്യും. പിന്നെ മറ്റൊന്ന്, ഈ വ്യത്യാസങ്ങൾ ഒന്നും സ്ഥിരമല്ല. അതേ പാടുള്ളൂ എന്നില്ല. ഇപ്പോൾ സോപാന സംഗീത ശൈലിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചു വരുന്നുണ്ട്. അതെല്ലാം വന്നോട്ടെ, തെറ്റില്ല. എന്നാൽ അതുമാത്രമേ പാടൂ എന്ന് ശഠിക്കരുത്. അതുപോലെ പുതിയ ഇനങ്ങളുടെ ചിട്ടപ്പെടുത്തലുകൾക്കൊപ്പം പഴയ കച്ചേരി ചിട്ടയിലുള്ള ഇനങ്ങളും നിലനിർത്തപ്പെടണം. കുറച്ചു മാസങ്ങൾക്ക് മുൻപ് ‘അലർശര പരിതാപം’ എന്ന സ്വാതി പദം വളരെ വ്യത്യസ്തമായ രീതിയിൽ ദേവിക (മേതിൽ ദേവിക) ചെയ്തു കണ്ടു. ഇത്തരം ഇനങ്ങളും നമുക്ക് വേണം.
മോഹിനിയാട്ടത്തിന്റെ അവതരണ സ്വഭാവത്തിന് ചേരുന്ന രീതിയിലുള്ള മാറ്റങ്ങൾ എല്ലാം ആവാം. വ്യക്തിത്വം എന്നത് അതിന്റെ ചലന സ്വഭാവവും അഭിനയവും പാട്ടും വേഷവും എല്ലാം ചേർന്നതാണ്. അതിനു കോട്ടം തട്ടാത്ത മാറ്റങ്ങൾ ഇനിയും വരണം എന്നത് തന്നെയാണ് എന്റെ അഭിപ്രായം.
? താങ്കളുടെ സംഭാവനയായി ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങളും ചിട്ടപ്പെടുത്തലുകളും എന്തൊക്കെ ആയിരുന്നു? അതുപോലെ ഇനിയും പരിഷ്കരിക്കപ്പെടെണ്ടതായ, എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഏതെങ്കിലും വശങ്ങൾ ഈ കലയിൽ ഉള്ളതായി തോന്നിയിട്ടുണ്ടോ
അന്നേ വരെ തുടർന്ന് പോന്നിരുന്ന അഭിനയ അവതരണ രീതിയിൽ നിന്ന് വ്യത്യസ്തമായ അഭിനയ രീതി കൊണ്ടുവന്നത് ഒരുപക്ഷേ ഞാൻ തന്നെ ആയിരിക്കും. കരുണവും ശ്റിങ്കാരവുമല്ലാത്ത വേറെ എന്തൊക്കെ ഭാവങ്ങൾ മോഹിനിയാട്ടത്തിലേക്ക് കൊണ്ടുവരാം എന്ന ചിന്തയിൽ നിന്നായിരുന്നു 70 കളിൽ ആദ്യമായി ഞാൻ മലയാള കവിതകൾ മോഹിനിയാട്ടത്തിൽ ചിട്ടപ്പെടുത്താൻ ആരംഭിച്ചത്. പ്രകൃതിയുടേയും ജീവജാലങ്ങളുടേയും ഭാവങ്ങൾ നൃത്തത്തിലൂടെ ആവിഷ്കരിക്കാൻ സാധിച്ചു. അതിന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ആസ്വാദകരിൽ നിന്ന് ലഭിച്ചത്.
വിരഹിണിയായ നായികയെ കണ്ട് പ്രേക്ഷകർക്കും, അത് തന്നെ ചെയ്ത് നർത്തകി എന്ന നിലയിൽ എനിക്കും മടുപ്പ് തോന്നിക്കൊണ്ടിരുന്നു. അങ്ങനെയാണ് നായികയുടെ വ്യത്യസ്ത ഭാവങ്ങൾ അന്വേഷിച്ചത്. സീതയുടെ കുട്ടിക്കാലം മുതൽ അവസാനം അമ്മയുടെ മടിത്തട്ടിലേക്ക് പോകും വരെയുള്ള വിവധ സന്ദർഭങ്ങളെ അവതരിപ്പിക്കുന്ന സുഗതകുമാരിയുടെ ‘പാദ പ്രതിഷ്ഠ’ , മറ്റു ഗോപികമാരിൽ നിന്ന് വ്യത്യസ്തയായി ശ്രീകൃഷ്ണനെ മനസാ ധ്യാനിക്കുന്ന, തന്റെ പ്രണയം പറഞ്ഞ് കൃഷ്ണനെ തേടി അലയാത്ത നായികയെ അവതരിപ്പിക്കുന്ന ‘കൃഷ്ണാ നീയെന്നെ അറിയില്ല’ , ഗീതഗോവിന്ദത്തിലെ വരികളിലൂടെ ഏഴു നായികമാരെ കൊണ്ടുവന്ന ‘സപ്ത നായിക’, ആദി വേദത്തിലെ ഉഷസ്സിനെ കേന്ദ്ര കഥാപാത്രമായി ചെയ്ത പ്രൊഡക്ഷൻ, കൂടാതെ ഹിന്ദി ഭജൻസ്, ഗസലിൽ നടത്തിയ പരീക്ഷണം അങ്ങനെ ധാരാളം പുതിയ ഇനങ്ങൾ ചിട്ടപ്പെടുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ മുപ്പതോളം വർണ്ണങ്ങളും നിരവധി ചൊൽക്കെട്ടുകളും തില്ലാനകളും ചിട്ടപ്പെടുത്തി. പുതിയ ഇനങ്ങളിൽ എന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിൽ തന്നെയാണ് ചിട്ടപ്പെടുത്താറ് എങ്കിലും വർണ്ണങ്ങളോ തില്ലാനകളോ ചെയ്യുമ്പോൾ പഴയ ചിട്ടയിൽ നിന്ന് മാറാറില്ല. അഭിനയ ഭാഗത്ത് കൂടുതൽ വിന്യാസങ്ങൾ ചേർക്കുക, ചില അടവുകളെ അൽപം പുതുമയോടെ അവതരിപ്പിക്കുക തുടങ്ങിയ മാറ്റങ്ങൾ മാത്രമേ ചെയ്യാറുള്ളു. കഴിവതും ആവർത്തനം വരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒരു വർണ്ണത്തിലെ അർദ്ധി പോലും മറ്റൊന്നിൽ നിന്ന് കുറച്ചെങ്കിലും വ്യത്യസ്തമാക്കാൻ ശ്രമിക്കും.
എന്നിലൂടെ വന്നിട്ടുള്ള പല മാറ്റങ്ങളും അടുത്ത തലമുറക്ക് പ്രചോദനമായി എന്ന് കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്. ഈ അടുത്ത കാലത്ത് നീന പ്രസാദ് സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാതെ കൃഷ്ണാർജുനന്മാരെ കേന്ദ്രമാക്കി ഒരു അവതരണം ചെയ്തു കണ്ടു. ഞാൻ പണ്ട് കുചേലവൃത്തത്തിലെ ഒരു ഭാഗം അവതരിപ്പിച്ചത് ഈ കൊറിയോഗ്രാഫിക്ക് പ്രചോദനമായിരുന്നു എന്ന് നീന പറഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നി. കഴിവും ഒപ്പം നല്ല ചിന്തയും ഉള്ളവർക്ക് സ്വാധീനമാവാൻ എന്റെ പ്രവൃത്തികൾക്ക് കഴിഞ്ഞല്ലോ.
ഇനങ്ങൾ കൊണ്ടും പ്രമേയങ്ങൾ കൊണ്ടും മോഹിനിയാട്ടം ഇന്ന് ഏറെ സമ്പന്നമാണ്. എന്റെ കാലത്ത് ഞാൻ അല്പം അഡ്വാൻസ്ഡായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ നല്ല മാറ്റങ്ങളെ ഞാൻ എന്നും സ്വാഗതം ചെയ്യാറുണ്ട്. കാലത്തിനനുസരിച്ച മാറ്റങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും.
മറ്റൊന്ന് പറയാനുള്ളത് ഗ്രൂപ്പ് അവതരണങ്ങളെ കുറിച്ചാണ്. ഒരിക്കൽ സംഗീത നാടക അകാദമി സംഘടിപ്പിച്ച ഒരു പ്രോഗ്രാമിൽ എൻ എൻ കുറുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് മോഹിനിയാട്ടത്തിലെ ഗ്രൂപ്പ് കൊറിയോഗ്രാഫിക്ക് തുടക്കം കുറിച്ചത് എന്നാണ് ഓർമ്മ. അന്ന് ഞാനും സത്യഭാമ ടീച്ചറും സുഗന്ധിയും എല്ലാം അവതരണങ്ങൾ നടത്തിയിരുന്നു. സംഘമായ അവതരണം മോഹിനിയട്ടത്തെ നശിപ്പിക്കും എന്നൊക്കെയുള്ള വിമർശനങ്ങളും അന്നുണ്ടായി. പക്ഷേ പിന്നീട് പല ഗ്രൂപ്പ് പെർഫോർമൻസുകളും മോഹിനിയാട്ടത്തിൽ നടന്നു. വെറും ഫോർമേഷനുകൾക്ക് മാത്രം വേണ്ടി നടത്തുന്ന ഗ്രൂപ്പ് അവതരണങ്ങൾ ആവരുത് ഇവയുടെ ലക്ഷ്യം എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഒന്നിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി ഒരു കഥയോ മറ്റോ അവതരിപ്പിക്കുമ്പോൾ ഓരോ നർത്തകിമാരുടെയും സാധ്യതകളെ പ്രയോജനപ്പെടുത്തുക. വിവിധ അഭിനയ സന്ദർഭങ്ങളെ കൊണ്ടുവരിക. അല്ലാതെ വെറും ഭംഗിക്ക് വേണ്ടി കുറെ പേരെ ചേർത്ത് ചെയ്യുന്ന രീതിയിൽ ആവരുത്. അത്തരത്തിലുള്ള ഒരു നൃത്തമല്ല മോഹിനിയാട്ടം എന്നാണ് എന്റെ അഭിപ്രായം.
പിന്നെ ഇന്ന് പാരമ്പര്യത്തിന്റെയും പുതുമയുടെയും ഇടയിൽ കിടന്നു കൊണ്ടുള്ള ഒരു സംഘർഷം മോഹിനിയാട്ടം അനുഭവിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഭരതനാട്യ രംഗത്തൊക്കെ ഉള്ളത് പോലെ തുറന്ന ചിന്തയും സ്വാതന്ത്ര്യവും ഇനിയും മോഹിനിയാട്ടത്തിൽ വന്നാൽ നന്നായിരുന്നു. ഇവിടെ ശൈലീമാറ്റത്തിനോ മുടിക്കെട്ടിനോ കരയുടെ നിറത്തിനോ ഒന്നുമല്ല പ്രാധാന്യം. ആസ്വാദകർ ശ്രദ്ധിക്കുന്നത് അവതരണത്തിലെ സൗന്ദര്യം തന്നെ.
? മാറ്റത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ, അതോ പഴമയെ തന്നെയാണോ ആസ്വാദകർ ആവശ്യപ്പെടുന്നത്? ആസ്വാദക താല്പര്യങ്ങളെ എത്രകണ്ട് കണക്കിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്
പുതുമയെ ആവശ്യപ്പെടുന്ന ആസ്വാദകരെ തന്നെയാണ് കൂടുതലും അഭിമുഖീകരിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ നൃത്ത ലോകവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടി വന്നപ്പോൾ വിവിധ നൃത്തങ്ങളുമായി പരിചയമുള്ള ആസ്വാദകരെയും വിമർശകരെയും ധാരാളം കണ്ടുമുട്ടിയുട്ടുണ്ട്. പലരിൽ നിന്നും നല്ല അഭിപ്രായങ്ങളും ഒപ്പം അൽപം മാറ്റിയാൽ നന്നായിരുന്നു എന്ന അഭിപ്രായങ്ങളും ലഭിച്ചിട്ടുമുണ്ട്. അവയിൽ സ്വീകരിക്കേണ്ടവയെ സ്വീകരിക്കുകയും അല്ലാത്തവയെ ഉപേക്ഷിക്കുകയും ചെയ്യും.
ഒരിക്കൽ ചെന്നൈയിൽ വെച്ച് ‘സപ്തനായിക’ അവതരണം കണ്ട നിരൂപകൻ കൂടിയായ V.K. രംഗ റാവു വളരെ അത്ഭുതത്തോടെ വന്നു പറഞ്ഞു ‘”യേ അമ്മാ, ഇന്ത പ്രായത്തിലും ഇവളോം ശ്രിംഗാരമാ..!!” എന്നിട്ട് അദ്ദേഹത്തിന്റെ നിർദ്ദേശം ഇതായിരുന്നു. പഴയ വയലാറിന്റെ സിനിമാ ഗാനങ്ങൾ മോഹിനിയാട്ടത്തിൽ ചിട്ടപ്പെടുത്തണം. നല്ല ഭാവമുള്ള ആ പ്രണയ ഗാനങ്ങൾ ഇത്തരത്തിൽ കൊറിയോഗ്രാഫി ചെയ്‌താൽ നന്നായിരിക്കും എന്ന്. പക്ഷേ, ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി. കാരണം ആ ഗാനങ്ങളെ നമ്മൾ ഏറെ ആസ്വദിച്ചതാണ്, അവ അങ്ങനെ തന്നെ കേൾക്കാനാണ് നമുക്കിഷ്ടവും. പക്ഷേ അതെടുത്ത് മോഹിനിയാട്ടത്തിൽ ചെയ്യുന്നതിനോട് എനിക്ക് തീരെ യോജിക്കാൻ കഴിഞ്ഞില്ല. ആ പാട്ടുകൾ മോശമായിട്ടല്ല. പക്ഷേ അത് നൃത്തമാക്കിയാൽ രണ്ടിന്റെയും സൌന്ദര്യത്തെ കെടുത്തും പോലെയാവും എന്ന് തോന്നി. ഇതുപോലെയുള്ള അഭിപ്രായങ്ങളെ ധൈര്യമായി ഉപേക്ഷിക്കാറുണ്ട്. എന്നാൽ പല ആസ്വാദക താൽപര്യങ്ങളേയും സ്വീകരിച്ച് അതിനനുസരിച്ച മാറ്റങ്ങൾ കൊണ്ട് വന്നിട്ടുമുണ്ട്.
മൂന്ന് തരത്തിലുള്ള ആസ്വാദകരെ നമുക്ക് കാണാം. ഒരു വിഭാഗത്തിന്റെ അഭിപ്രായം ഇങ്ങനെ ആയിരിക്കും ‘നന്നായി ചെയ്തു’. മറ്റൊരു വിഭാഗം നോക്കുന്നത് ചിട്ടയെ എത്രമാത്രം പിൻതുടർന്നു, അല്ലെങ്കിൽ ഗുരുവിന്റെ ശൈലി അതേ പടി കാണാൻ സാധിച്ചോ എന്നാണ്. ഇനിയൊരു വിഭാഗം ശ്രദ്ധിക്കുന്നത് നമ്മുടെ മാത്രമായ ക്രിയേറ്റിവിറ്റിയെയും അവതരണത്തിലെ പ്രത്യേകതകളെയും ആയിരിക്കും. ഇവരെ കൂടി തൃപ്തിപ്പെടുത്താൻ തക്ക വണ്ണം ആയിരിക്കണം കൊറിയോഗ്രാഫിയും അവതരണങ്ങളും.
? ഇന്ന് ഏറെ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്ന മേഖലയാണ് മോഹിനിയാട്ടത്തിന്റെ സംഗീതം. സോപാന സംഗീത വഴിക്കുള്ള അവതരണ ചിട്ട സമാന്തരമായി വളർന്നു കൊണ്ടിരിക്കുന്നു. ടീച്ചർ തന്നെ ഗസൽ സംഗീതത്തിൽ മോഹിനിയാട്ടം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതുപോലെ വിവിധ ഭാഷാ കൃതികൾ ധാരാളമായി ചെയ്തു വരുന്നു. സംഗീതത്തിലും താളപദ്ധതികളിലും ഭാഷയിലുമൊക്കെ വന്നിട്ടുള്ള മാറ്റങ്ങളെ ടീച്ചർ എങ്ങനെയാണ് നോക്കിക്കാണുന്നത്
നേരത്തെ പറഞ്ഞത് പോലെ ഞാൻ മാറ്റങ്ങളെ നല്ല രീതിയിൽ സ്വീകരിക്കുന്ന ഒരു കലാകാരിയാണ്. സോപാന രീതിയിലും ഇന്ന് ധാരാളം അവതരണങ്ങൾ നടക്കുന്നു. അതിനൊന്നും ഞാൻ എതിരല്ല. കൊറിയോഗ്രാഫിയിൽ എന്റേതായ സ്വാതന്ത്ര്യം എടുക്കുകയും അത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഇത് എല്ലാവർക്കും ഉള്ള സ്വാതന്ത്ര്യമാണ്. എന്നാൽ ഇങ്ങനെ ഒരു ശൈലി മാത്രമേ പാടൂ എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇപ്പോൾ ഞാൻ തന്നെ ഗസലിൽ ചെയ്ത പരീക്ഷണം നോക്കാം. “ജബ് രാത് കീ തന് …. ” എന്ന് തുടങ്ങുന്ന ആ ഗാനം പണ്ട് മുതലേ എന്റെ ഭർത്താവ് പവിത്രൻ സ്ഥിരമായി കേട്ടു കൊണ്ടിരുന്നതാണ്. അങ്ങനെ ആ പാട്ടിലെ വരികളും ഭാവവും കുറേ നാളുകളായി എന്റെ ഉള്ളിൽ പതിഞ്ഞതുമാണ്. വിരഹവും ശ്രിംഗാരവുമാണ് ഗസലുകളിലെ പ്രമേയവും. മാത്രമല്ല, ഭാഷയും സംഗീത രീതിയും എല്ലാം വ്യത്യസ്തമാണെങ്കിലും അതിലെ അക്ഷരങ്ങളുടേയും വാക്കുകളുടേയും സമയ ദൈർഘ്യം അല്ലെങ്കിൽ ആ ലയം ഇവിടെ ചേരും എന്ന് തോന്നിയത് കൊണ്ട് എടുത്തു പ്രയോഗിച്ചു എന്ന് മാത്രം. അന്നേ ഞാൻ തുറന്നു പറഞ്ഞിരുന്നു, എനിക്ക് ഈ പാട്ട് അത്രയും പരിചിതമായതുകൊണ്ട് മാത്രമാണ് ഇത് ചെയ്യുന്നത്. ഇത് കണ്ട് ഇനിമുതൽ എല്ലാവരും മോഹിനിയാട്ടത്തിൽ ഗസലുമായി വരരുത് എന്ന്. അതായത് ഇത്തരം പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിൽ തെറ്റില്ല. തീരെ അനൗചിത്യമാണെങ്കിൽ അത് പിന്നീട് നിലനിൽക്കില്ല. ഭാഷയും താളവുമൊന്നും മോഹിനിയാട്ടത്തിന് അതിർ വരമ്പ് ഇടുന്നതല്ല. ഞാനും ധാരാളം താള മാറ്റങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. എന്റെ അനുഭവത്തിൽ ഭാഷ ഒരു പ്രശ്നമല്ല. ഹിന്ദി ഭജൻസും അഷ്ടപദിയും എല്ലാം നമ്മൾ ആസ്വദിക്കുന്നില്ലേ. തനി മലയാള കവിതയായ ‘കൃഷ്ണാ നീയെന്നെ അറിയില്ല’ ഒരിക്കൽ ആന്ധ്രയിലെ കുച്ചുപ്പുടി ഗ്രാമത്തിൽ അവതരിപ്പിച്ചപ്പോൾ കാണികളുടെ കണ്ണ് നിറഞ്ഞത് ഓർക്കുന്നു. ഭാഷക്ക് അതീതമായി സ്വീകാര്യത കിട്ടുന്നുണ്ട് എന്നത്ന്റെ തെളിവായിരുന്നു അത്. സാത്വികാഭിനയത്തിനാണ് ഭാഷക്ക് അപ്പുറം ആശയത്തെ കാണികളിലേക്ക് എത്തിക്കാൻ കഴിയുന്നത്.
? പുതിയ പ്രമേയ പരീക്ഷണങ്ങൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു. ഇവിടെ കഥ പറച്ചിലിന് ഉപരിയായി നൃത്ത-നൃത്യ അംശത്തെ എത്രത്തോളം ശ്രദ്ധിക്കണം എന്നാണ് തോന്നുന്നത്? ശുദ്ധ നൃത്തത്തിന് വേണ്ടത്ര പ്രാധാന്യം ഇത്തരം അവതരണങ്ങളിൽ ലഭിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ
അത് ശരിയാണ്. കവിതകളും മറ്റും ചെയ്യുമ്പോൾ കഥക്കാണ് പ്രാധാന്യം, പക്ഷേ വളരെ പതിഞ്ഞ മട്ടിലുള്ള കഥ പറച്ചിൽ മാത്രമാകുമ്പോൾ മടുപ്പ് അനുഭവപ്പെടും. നർത്തകിയായി രംഗപ്രവേശം ചെയ്യുന്ന ഭാഗത്ത് നൃത്തം ചേർക്കാം. അതുപോലെ സന്ദർഭോചിതമായി നൃത്തത്തെ ഉപയോഗിക്കണം. പിന്നെ അടിസ്ഥാനമായി നമ്മൾ പഠിക്കുന്ന അടവുകൾ മാത്രമല്ലാതെ ചിലപ്പോൾ ചില വരികൾക്കും സംഗീതത്തിനും യോജിക്കുന്ന മട്ടിൽ ചില ചുവടുകൾ തനിയേ ഉണ്ടായി വരും. അവ ആ നൃത്ത ഭാഗത്തിന് ഭംഗി കൂട്ടും. ആവശ്യമെങ്കിൽ തീരുമാനങ്ങളും തട്ടുമുട്ടും അർദ്ധികളും ചേർക്കാം. ഇതൊന്നും സ്ഥായീ ഭാവത്തെ മാറ്റികളയുകയൊന്നും ഇല്ല. അവസരോചിതവും, സംഗീതത്തിന് ഇണങ്ങുന്നതും ആയിരിക്കണമെന്ന് മാത്രം.
? താൻ സഞ്ചരിച്ച വഴിയേ പുതുതലമുറയും വരുന്നതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞല്ലോ, ഇതുപോലെ കൂടുതൽ സ്വതന്ത്ര ചിന്തകൾ ഈ രംഗത്ത് ഉണ്ടാവാൻ മോഹിനിയാട്ട കളരികളിൽ ഇനിയും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്
അടിസ്ഥാനം നന്നായി അഭ്യസിക്കൽ ഏറ്റവും പ്രധാനമാണ്. അതിൽ നിന്നേ കൂടുതൽ ചിന്തകൾ ഉണ്ടാവൂ. നൃത്തത്തെ സീരിയസ് ആയി എടുക്കുന്ന കുട്ടികൾക്ക് അതനുസരിച്ചുള്ള അറിവ് പകർന്ന് കൊടുക്കണം. അവർക്ക് അവരുടേതായ സ്വാതന്ത്ര്യവും കൊടുക്കണം. ശിഷ്യരുടെ നല്ല ചിന്തകളെ ഞാനും സ്വീകരിക്കാറുണ്ട്. ചില പ്രത്യേക ചലനങ്ങളോ ചുവടുകളോ ഒരാളുടെ ശരീരത്തിന് ഇണങ്ങും പോലെ മറ്റൊരാൾക്ക് ഇണങ്ങിക്കൊള്ളണം എന്നില്ല. അപ്പോൾ അതനുസരിച്ചുള്ള മാറ്റങ്ങൾ ഓരോരുത്തർക്കും വേണ്ടി വരും. പിന്നെ, ഞാൻ ചെയ്യുന്ന പല കൊറിയോഗ്രാഫികളും കുറച്ചു വേദികളിൽ അവതരിപ്പിച്ചാൽ പിന്നെ ശിഷ്യരേയും പഠിപ്പിക്കാറുണ്ട്. അവ എന്റെ ശിഷ്യരിലൂടെ നിലനിൽക്കണം എന്നാണ് ഒരു ഗുരു ആഗ്രഹിക്കേണ്ടത്. ഞാൻ മാത്രം ചെയ്താൽ എന്റെ കാല ശേഷം അവയും ഇല്ലാതാകും. അത് പാടില്ല. എന്റേത് മാത്രമല്ല മോഹിനിയാട്ടം, മറ്റു നല്ല ചിന്തകളേയും അംഗീകരിക്കണം, സ്വീകരിക്കണം. അത് പുറമെയുള്ളവരുടെ ആയാലും ശിഷ്യരുടെ ആയാലും. അങ്ങനെയേ ഒരു കളരിയും വളരുകയുള്ളൂ.
Published in Keleeravam Magazine
International Kutiyattam & Kathakali Festival 2015
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |