Pub. [Samayam Magazine June 2018] : കാലം, കല, കലാകാരി.
കലാപഠനം ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമായിക്കഴിഞ്ഞ ഒരു മേഖലയാണ്. പ്രത്യേകിച്ച് ക്ലാസിക്കൽ സംഗീതം നൃത്തം തുടങ്ങിയവ. നഗരപ്രദേശത്തായാലും നാട്ടിൻപുറത്തായാലും പല നിലവാരത്തിലുള്ള ധാരാളം നൃത്ത, സംഗീത ക്ലാസുകൾ ഇന്ന് നടന്നു വരുന്നു. കലോത്സവങ്ങളിലുള്ള താല്പര്യം മൂലമോ, സമൂഹമാധ്യമങ്ങൾ പോലുള്ള പുത്തനിടങ്ങളിലൂടെ ലഭിക്കുന്ന ജനകീയതയിൽ ആകൃഷ്ടരായോ, ഏതെങ്കിലും ഒരു കലാരൂപം പഠിക്കാതെ കുട്ടികൾ വളരുന്നത് ഒരു ‘കുറച്ചിൽ’ ആയി ഇന്ന് വലിയൊരു വിഭാഗം ജനങ്ങൾ കണ്ടുവരുന്നു. കലാപ്രയോഗ രംഗത്തെ സാധ്യതകളെയും, പഠന ഗവേഷണ മേഖലകളേയും മുന്നിൽ കണ്ട്, പാഷനും പ്രൊഫഷനും ആയി ക്ലാസിക്കൽ കലകളെ സ്വീകരിക്കുന്നവരും കുറവല്ല.
എന്നാൽ ഏതാനും ദശകങ്ങൾക്ക് മുൻപ് നമ്മുടെ സമൂഹത്തിൽ കലാപഠനവും പ്രയോഗരംഗവും ഇത്രയും ലളിതവും സുന്ദരവുമായിരുന്നില്ല. രാജ്യം പൂർണ്ണമായി വിദേശികളാൽ അടിച്ചമർത്തപ്പെട്ട സാഹചര്യത്തിൽ, ഭക്ഷണം പോലുള്ള അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമം അനുഭവിച്ചിരുന്ന സന്ദർഭത്തിൽ, സുന്ദര കലകളുടെ ആസ്വാദനം പിന്തള്ളപ്പെട്ടു പോയി എന്ന് പറയുന്നത് ഒരു പരിധി വരെ ശരിയായിരിക്കും. ഒരു സംസ്കാരത്തെ തന്നെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാവണം സംസ്കാര-പൈതൃക ചിഹ്നങ്ങളായ കലാരൂപങ്ങളും പലരീതിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്.
കലകളെ പ്രത്യേകിച്ച് നൃത്തത്തെ വളരെ മോശമായി കണക്കാക്കിയിരുന്ന, പെൺകുട്ടികൾക്ക് നൃത്തപഠനത്തിന് ഒരു സ്ഥാപനം ആരംഭിച്ചപ്പോൾ വിദ്യാർത്ഥിനികളെ ലഭിക്കാൻ അതിന്റെ ഭാരവാഹികൾ ഏറെ ബുദ്ധിമുട്ടിയ കാലം വളരെ പുറകിലൊന്നുമല്ല. കേവലം 6 ,7 പതിറ്റാണ്ടുകൾക്ക് മുൻപ്! കേരളീയ കലകളുടെ ക്ഷേത്രമായി ലോകത്തിനു മുന്നിൽ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കേരള കലാമണ്ഡലത്തിന്റെ മോഹിനിയാട്ടകളരിയുടെ ആരംഭ കാല അവസ്ഥയെ കുറിച്ചാണ് പറഞ്ഞു വന്നത്.
കഥകളിയെ പരിപോഷിപ്പിക്കാനായി മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തെക്കൂടി പഠനവിഷയമാക്കാനുള്ള തീരുമാനത്തെ അന്നത്തെ കേരളീയ സമൂഹം ഏറെ എതിർക്കുകയുണ്ടായി. ഇന്ന് കേരളത്തിന്റെ ലാസ്യനൃത്തമെന്ന പേരിൽ ലോകപ്രശസ്‌ത നേടിയ മോഹിനിയാട്ടം എന്ന നൃത്തത്തെ കുറിച്ച് അന്നത്തെ ജനങ്ങളിലുണ്ടായ ധാരണ മറ്റൊന്നായിരുന്നു.
പലയിടത്തും ചെറിയ ചെറിയ നൃത്തക്ലാസുകൾ നടന്നു വന്നിരുന്നെങ്കിലും കൗമാരം വരെയുള്ള പ്രായത്തിൽ വെറുമൊരു കൗതുകത്തിനെന്നോണം പെൺകുട്ടികളെ നൃത്തം പഠിപ്പിക്കുന്ന രീതിയിലായിരുന്നു അവയെല്ലാം. മാത്രമല്ല, ക്ലാസിക്കൽ നൃത്തം എന്നതിലുപരി, കഥകളിയും ഭരതനാട്യവും ബാലെയും എല്ലാം ചേർന്ന ചില സെമി ക്ലാസിക്കൽ നൃത്തങ്ങളായിരുന്നു അക്കാലത്തേറെയും പഠിപ്പിച്ചിരുന്നത്. അക്കാലത്തെ ക്ഷേത്രോത്സവവേദികൾ, ഗ്രാമീണ കലാമേളകൾ, സിനിമകളിലെ നൃത്താവതരണ ദൃശ്യങ്ങൾ എന്നിവയിലെല്ലാം അതുപോലുള്ള നൃത്തങ്ങളായിരുന്നു അധികവും അവതരിപ്പിച്ചു പോന്നിരുന്നത്. പഴയ ചില സിനിമകൾ ശ്രദ്ധിച്ചാൽ ആ അവതരണ ഘടനയുടെ പ്രത്യേകത മനസ്സിലാക്കാം. പിന്നീട് കേരളത്തിലെ നൃത്തപഠനം ചിട്ടയായ ക്ലാസ്സിക്കൽ നൃത്താഭ്യാസനത്തിലേക്കെത്തുന്നത്, ഒരുപക്ഷേ, കേരളകലാമണ്ഡലത്തിന്റെ ആരംഭത്തോടെയായിരിക്കണം.
അഭ്യസ്തരായ അദ്ധ്യാപകരുടെയും, വിദ്യാർത്ഥിനികളുടെയും ലഭ്യതക്കുറവു മൂലവും, മറ്റു സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളിലെ പ്രതികൂലതകൾ മൂലവും പലവട്ടം ആരംഭിച്ചു, മുടങ്ങിപ്പോയ കലാമണ്ഡലത്തിലെ മോഹിനിയാട്ടക്കളരി പിന്നീട് പുനരാരംഭിക്കുന്നത് 1950കളുടെ ആരംഭത്തോടെയാണ്.
ചെറുപ്പകാലത്തു അല്പം മാത്രം മോഹിനിയാട്ടം അഭ്യസിച്ചിട്ടുള്ള പഴയന്നൂർ തൊട്ടാശ്ശേരി ചിന്നമ്മുവമ്മ എന്ന മദ്ധ്യവയസ്കയുടെ ശിക്ഷണത്തിൽ എട്ടോളം വിദ്യാർത്ഥിനികൾ മോഹിനിയാട്ടം അഭ്യസിക്കാനെത്തി. . വിവിധ സാഹചര്യത്തിൽ നിന്ന്, കുടുംബ ചുറ്റുപാടിൽ നിന്ന്, മോഹിനിയാട്ടം എന്ന നൃത്തത്തെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാതെ, വലിയ സ്വപ്നങ്ങളൊന്നും കൂടാതെ, അവിടെ, ആ കളരിയിൽ എത്തപ്പെട്ടതുകൊണ്ടു മാത്രം മോഹിനിയാട്ടം പഠിച്ചവർ- അവരുടെ പഠനാനുഭവങ്ങൾ, തുടർന്നുള്ള ജീവിതം, വിവാഹം, ജോലി, വരുമാനം എന്നിവയെക്കുറിച്ചെല്ലാം അന്വേഷിക്കുന്നതിലൂടെ, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ വിശേഷപ്പെട്ട ഒരു കാലഘട്ടത്തിന്റെ സവിശേഷതകളെ അടുത്തറിയാൻ സാധിക്കും.
1950 കളിലെ കലാമണ്ഡലം മോഹിനിയാട്ടക്കളരിയിലെ വിദ്യാര്ഥിനികളായിരുന്ന 3 നർത്തകീ അമ്മമാരിലൂടെ , അവരുടെ കലാജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കാം.
മോഹിനിയാട്ടത്തിന്റെ പോറ്റമ്മ
ചിന്നമ്മുവമ്മയുടെ ശിക്ഷണത്തിലുള്ള മോഹിനിയാട്ടക്കളരിയിൽ അഭ്യസനം നടത്തിയ , മോഹിനിയാട്ടത്തിന്റെ തുടർന്നുള്ള വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച, കലാമണ്ഡലം ശൈലിയുടെ ഉപജ്ഞാതാവായി നൃത്തലോകം എന്നും വാഴ്ത്തുന്ന കലാകാരി – കലാമണ്ഡലം സത്യഭാമ. അന്നത്തെ വിദ്യാർത്ഥിനികളിൽ നിന്ന് ഏറെ പ്രശസ്തയായതും, ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും മോഹിനിയാട്ട ലോകം ഒരിക്കലും വിസ്‌മരിക്കാനാവാത്ത വ്യക്തിത്വമായി മാറിയതും സത്യഭാമ മാത്രമായിരുന്നു. കലാമണ്ഡലം സത്യഭാമയുടെ കലാജീവിതം അവരുടെ പുസ്തകങ്ങളിലൂടെയും, പലപ്പോഴായുള്ള ലേഖനങ്ങളിലൂടെയും അഭിമുഖ സംഭാഷണങ്ങളിലൂടെയും ഏറെക്കുറെ കലാലോകത്തിനു സുപരിചിതമാണ്.
കോഴ്സ് കഴിഞ്ഞയുടൻ കലാമണ്ഡലത്തിൽ തന്നെ അദ്ധ്യാപികയായി പ്രവേശിക്കുന്നതും, പ്രശസ്ത കഥകളി കലാകാരനും കലാമണ്ഡലത്തിലെ തന്നെ അദ്ധ്യാപകനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ വിവാഹം കഴിക്കുകയും ചെയ്തതോടെ കല സത്യഭാമയുടെ ജീവിതത്തിന്റെ ഭാഗമാവുക മാത്രമല്ല, കുടുംബവും ജീവിതവും എല്ലാം കലയിൽ തന്നെ ആയി മാറുകയായിരുന്നു. വേണമെന്നു വെച്ചാൽ പോലും നൃത്തത്തിൽ നിന്ന് മാറിപോകാനാവാത്ത അവസ്ഥ. മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് കലാമണ്ഡലം മുൻകൈയെടുത്ത സാഹചര്യത്തിൽ ആ കർമ്മം നിക്ഷിപ്തമായത് അന്നത്തെ അദ്ധ്യാപികയായിരുന്നു സത്യഭാമയിൽ തന്നെ. മുൻമാതൃകകളൊന്നും ഇല്ലാതിരുന്ന അവസ്ഥയിൽ പുതിയ സർഗ്ഗസൃഷ്ടികൾക്ക് മുതിരാൻ തന്റെ കഴിവിനൊപ്പം അന്നത്തെ കലാമണ്ഡലത്തിലെ സാഹചര്യങ്ങളും, ഭാരവാഹികളുടെ നിർദ്ദേശങ്ങളും, ആ അന്തരീക്ഷം മുഴുവനായി തന്നെയും സത്യഭാമയ്ക്ക് സഹായകമായി. സത്യഭാമയുടെ ചിട്ടപ്പെടുത്തലുകൾ മോഹിനിയാട്ട രംഗത്തെ വഴിത്തിരിവുകൾ തന്നെയായിരുന്നു. പിന്നീട് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ഒരു ‘നൃത്തബാണിയെ’ വാർത്തെടുക്കാൻ ഈ കലാകാരിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.
പൊതു വിദ്യാഭ്യാസത്തിന്റെ പിൻബലമില്ലാതെ, തികച്ചും നാട്ടിൻ പുറത്തു വളർന്ന, ലോകം കണ്ട പരിചയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന ഒരു മലയാളി പെൺകുട്ടിയിൽ നിന്ന് ഇത്തരമുള്ള പ്രവത്തനങ്ങൾ ഉണ്ടായി എങ്കിൽ അത് അവരുടെ സർഗ്ഗവൈഭവവും ഒപ്പം എന്നും അവർക്കൊപ്പം നിന്ന ഒരുകൂട്ടം സഹൃദയരുടെയും, ആസ്വാദകരുടെയും പ്രോത്സാഹനങ്ങൾ തന്നെയായിരുന്നു. മാധ്യമങ്ങളോ, സാങ്കേതിക വിദ്യകളോ ഇത്രയൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത്, സ്വന്തമായി പബ്ലിസിറ്റിക്കായി ശ്രമിക്കാനോ, താൻ ചെയ്തവയെ ലോകത്തിനു മുന്നിൽ പറഞ്ഞു ഫലിപ്പിക്കാനോ ഈ കലാകാരിക്ക് സാധിക്കുമായിരുന്നില്ല. എങ്കിലും അതെല്ലാം സംഭവിച്ചത് താൻ നിലകൊണ്ട ആ സ്ഥാപനം കൊണ്ട് മാത്രമാണെന്ന് സത്യഭാമ ടീച്ചർ പലവട്ടം പറഞ്ഞിട്ടുണ്ട്.
എന്നാൽ ഒരു സ്ത്രീയുടെ, കുടുംബിനിയുടെ, അമ്മയുടേതായ പരിമിതികളും ഈ കലാകാരിയെ ബാധിച്ചിട്ടുണ്ട്. കലാമണ്ഡലത്തിലെ ക്ലാസുകൾ, മറ്റു നൃത്ത സംവിധാനങ്ങൾ, പരിശീലനങ്ങൾ, ഇതിനിടയിൽ കുടുംബഭാരം, ഇതെല്ലാം തന്നെ സത്യഭാമ അദ്ധ്യാപനത്തിലേക്ക് ഒതുങ്ങിക്കൂടാനും അവതരണവേദിയിൽ നിന്ന് പലപ്പോഴും മാറിനിൽക്കാനും കാരണമായി. കലാകാരിയുടെ വളർച്ചയേക്കാൾ കലാരൂപത്തെ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നവർ സത്യഭാമയെന്ന കലാകാരിക്ക് നഷ്ടമായ വേദികളെക്കുറിച്ച് ബോധവാന്മാരായിരുന്നോ എന്നറിയില്ല. പ്രയോക്താവ് എന്ന നിലയിൽ തന്നിലെ കലാകാരിയെ തൃപ്തിപ്പെടുത്താൻ എത്രത്തോളം ഈ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ടാവാം? അമിത ജോലിഭാരം മൂലം, നിർബന്ധിതമായ അവതരണങ്ങളിൽ തന്നെ നിന്ന് ഒഴിവാക്കിതരണം എന്ന് സത്യഭാമ തന്നെ കലാമണ്ഡലം ഭാരവാഹികളോട് രേഖാമൂലം അപേക്ഷിച്ചതായും പറയപ്പെടുന്നു. വ്യക്തിയെന്ന നിലയിലും, ഗുരു എന്ന നിലയിലും താൻ അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെ സമയബന്ധിതമായി തീർത്തുകൊടുക്കുന്നതിനായി, തന്റെ വേദികളേക്കാൾ പ്രാധാന്യം തന്റെ ശിഷ്യർക്കും മക്കൾക്കും കൊടുത്ത ഒരു അമ്മയെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. പദ്മശ്രീ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ കലാമണ്ഡലം സത്യഭാമ, കലയിലൂടെ തന്നെ തന്റെ ജീവിതത്തിലെ നേട്ടങ്ങൾ നേടിയെടുത്തു, അതിനേക്കാളേറെ കലയ്ക്കായി നേടിക്കൊടുത്തു, ഒരിക്കലും അറ്റുപോകാത്ത ശിഷ്യ-പ്രശിഷ്യരിലൂടെ ഇഹലോകവാസത്തിനു ശേഷവും ജീവിക്കുന്നു.
മറുനാട്ടിൽ തിളങ്ങിയ താരം
ഇതേ കളരിയിൽ തന്നെ സത്യഭാമയ്ക്ക് മുൻപേ ചേർന്ന, നൃത്തത്തിൽ തന്നെ തുടർന്നെങ്കിലും തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലേക്ക് എത്തപ്പെട്ട മറ്റൊരു വിദ്യാർത്ഥിനിയായിരുന്നു കലാമണ്ഡലം ഹൈമവതി. (ഹൈമവതി ഗോപാൽ). തികച്ചും യാദൃശ്ചികമായി മോഹിനിയാട്ടം പഠിക്കാനെത്തുന്ന ഹൈമവതി കോഴ്സിനായി സ്റ്റൈപ്പന്റോടു കൂടി ആദ്യം തെരഞ്ഞെടുത്ത നാല് വിദ്യാർത്ഥിനികളിൽ ഒരാളായിരുന്നു. മലേഷ്യയിൽ ജനിച്ചു വളർന്ന ഹൈമവതി, രണ്ടാം ലോക മഹായുദ്ധസമയത്തെ നേരിലനുഭവിച്ച ഭീതിയാൽ അമ്മയുടെ നിർബന്ധപ്രകാരം കുടുംബത്തോടൊപ്പം മലേഷ്യൻ വാസം അവസാനിപ്പിച്ച്, കുടുംബത്തോടൊപ്പം സ്വദേശമായ തിരുവില്വമലയിൽ താമസമാക്കിയതായിരുന്നു. തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് പത്രത്തിൽ കേരളകലാമണ്ഡലത്തിൽ മോഹിനിയാട്ടക്ലാസ് ആരംഭിക്കുന്നതിന്റെ പരസ്യം കണ്ട്, കലാസ്നേഹിയും അല്പം പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന അച്ഛൻ മുൻകൈയെടുത്ത് മകളേയും കൂട്ടികൊണ്ടു പോവുകയായിരുന്നു. മോഹിനിയാട്ടത്തിനു മേലുണ്ടായിരുന്ന അപഖ്യാതി അന്നും സമൂഹമനസ്സുകളിൽ നിന്ന് മാഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. എങ്കിലും വള്ളത്തോൾ നേതൃത്വം കൊടുക്കുന്ന സ്ഥാപനത്തിൽ അശ്‌ളീല ചുവയുള്ള നൃത്തങ്ങളൊന്നും ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് തന്നെ നൃത്തം പഠിപ്പിക്കാൻ അച്ഛൻ അയച്ചത് എന്നവർ ഓർക്കുന്നു.
ചിന്നമ്മുവമ്മയിൽ നിന്ന് മോഹിനിയാട്ടവും, പിന്നീട് കലാമണ്ഡലത്തിൽ നിന്ന് തന്നെ പ്രത്യേക അപേക്ഷ പ്രകാരം കഥകളിയും അഭ്യസിച്ചു ഹൈമവതി, അക്കാലത്ത് പെൺകുട്ടികൾ കഥകളി അഭ്യസിക്കുന്ന സമ്പ്രദായം വിരളമായിരുന്നെങ്കിലും. കോഴ്സ് കഴിഞ്ഞു പോന്ന ശേഷം ഇനിയെന്തുവേണം എന്ന തീരുമാനത്തിലെത്താൻ അന്നത്തെ മറ്റു പലരേയും പോലെ ഈ യുവ നർത്തകിയും ബുദ്ധിമുട്ടിയിരുന്നു. പല വേദികളും, ചെറിയ രീതിയിൽ നൃത്തക്ലാസ്സുകളും ലഭിച്ചിരുന്നുവെങ്കിലും, അവ പലതും സൗജന്യമായി നടത്തിക്കൊടുക്കേണ്ട അവസ്ഥയായിരുന്നു. പല സാഹചര്യങ്ങൾ കൊണ്ടും സ്ഥിരതയുള്ള കലാപ്രവർത്തനത്തിനുള്ള അവസരങ്ങൾ നാട്ടിൽ ലഭ്യമല്ലായിരുന്നു. ഈയവസരത്തിലാണ് രാജസ്ഥാനിലെ പിലാനിയിലുള്ള ബിർള സ്കൂളിലേക്ക് നൃത്താദ്ധ്യാപികയായി ക്ഷണം ലഭിക്കുന്നത്. കല പഠിച്ചതുകൊണ്ടും, അത് ഉപേക്ഷിക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടും, സ്വന്തം നാട്ടിൽ അല്ലെങ്കിൽ കൂടി ആ ക്ഷണം ഈ കലാകാരി സ്വീകരിക്കുകയായിരുന്നു. ഈ ജോലി ഹൈമവതി എന്ന കലാകാരിയെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. നൃത്തത്തിലും സംഗീതത്തിലും മികവ് പുലർത്തിയിരുന്ന ഹൈമവതിയുടെ കഴിവിൽ മതിപ്പ് തോന്നിയ സ്കൂൾ മാനേജ്‌മന്റ് നല്ല ശമ്പളത്തോടു കൂടി അവരെ അദ്ധ്യാപികയായി നിയമിക്കുകയായിരുന്നു.
അങ്ങനെ കലാമണ്ഡലം ഹൈമവതി കേരളം വിട്ട് മറുനാട്ടിലെ നർത്തകിയും നൃത്താധ്യാപികയും ആയി മാറി. അതുമൂലം സ്ഥിരാവരുമാനത്തോടൊപ്പം സുസ്ഥിരമായ തുടര്ജീവിതവും അവർക്ക് ലഭിച്ചു. എന്നാൽ കേരളത്തിൽ മോഹിനിയാട്ടരംഗത്ത് പിന്നീട് നടന്ന വലിയ മാറ്റങ്ങളിലും നവോത്ഥാന പ്രവർത്തനങ്ങളിലും ഭാഗമാകാൻ ഈ നർത്തകിക്ക് കഴിഞ്ഞില്ല. പലതും അവർ അറിഞ്ഞതു ഏറെ വൈകിയിട്ടായിരുന്നു എന്നതാണ് സത്യം. മോഹിനിയാട്ടത്തിന്റെ ചരിത്രത്തുടർച്ചയുടെ ഭാഗമല്ലാതെ ഇവർ മാറ്റിനിർത്തപ്പെട്ടതും കേരളത്തിൽ അറിയപ്പെടാതിരുന്നതും അതുകൊണ്ടു തന്നെ. എന്നാൽ 50 ക ളിലെ മോഹിനിയാട്ടം ലേശം പോലും കലർപ്പില്ലാതെ, അതിന്റെ സൗന്ദര്യത്തോടു കൂടിയും, എന്നാൽ കുറവുകളോട് (ഇന്നത്തെ കാഴ്ചപ്പാടിൽ) കൂടിയും ഇന്നും അവരുടെ പക്കലുണ്ട്.
കാലം മറന്ന കലാരത്നം
1950 ഇൽ ആരംഭിച്ച അതേ കളരിയിൽ മോഹിനിയാട്ടം അഭ്യസിച്ച, കലാരംഗത്ത് ഒരുപക്ഷേ, മറ്റാരേക്കാളും കൂടുതൽ സജീവമായി നിന്നിരുന്ന എന്നാൽ പിന്നീട്, കാലാലോകവും, കലാമണ്ഡലവും മറന്ന നർത്തകിയായിരുന്നു കലാമണ്ഡലം ക്ലാര. കലാമണ്ഡലത്തിലെ ആദ്യ ക്രിസ്ത്യൻ വിദ്യാർത്ഥിനി, പ്രായം കൊണ്ട് അല്പം ചെറുതെങ്കിലും നൃത്തത്തിൽ മിടുമിടുക്കി, താളക്കണക്കുകൾ പെട്ടെന്ന് ഗ്രഹിച്ചും, മടി കൂടാതെ അഭ്യസനം നടത്തിയും, അഭിനയത്തിൽ മികവ് പ്രകടിപ്പിച്ചും ഗുരുക്കന്മാരുടെയെല്ലാം പ്രിയപ്പെട്ട ശിഷ്യയായിരുന്നു കളരിയിലെ കുസൃതിയായിരുന്ന കൊച്ചു ക്ലാര.
ജാതീയതയും വർഗ്ഗ വ്യത്യാസങ്ങളും ഏറെക്കുറെ പ്രത്യക്ഷത്തിൽ പ്രകടമായിരുന്ന കാലമായിരുന്നിട്ടും, കലാമണ്ഡലത്തിന്റെ തലപ്പത്ത് മേൽജാതിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ക്ലാര മുഴുവൻ സമയ വിദ്യാർത്ഥിനിയായി സ്വീകരിക്കപ്പെട്ടു. തൃശ്ശൂരിലെ ഒരു യാഥാസ്ഥിതിക ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു വളർന്ന ക്ലാരയ്ക്ക്, രാഷ്ട്രീയത്തിലും കലാപ്രവർത്തനങ്ങളിലും സജീവമായിരുന്ന മൂത്ത സഹോദരൻ ടി.സി.കൊച്ചപ്പന്റെ സുഹൃത്തുക്കൾ വഴി കലാമണ്ഡലത്തിൽ നൃത്താഭ്യാസനത്തിനുള്ള ക്ഷണം ലഭിക്കുകയായിരുന്നു. ആൺകോയ്മ അതിശക്തമായി നിലനിന്നിരുന്ന, പുരുഷന്മാരും വരേണ്യരും മാത്രം ക്ലാസ്സിക്കൽ കലകളെ ആസ്വദിക്കുകയും, ഏതു രീതിയിൽ കലകൾ ആസ്വദിക്കപ്പെടണം എന്ന് തീരുമാനമെടുക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടമായിരുന്നു അത് എന്നത് വിസ്മരിച്ചു കൂടാ.
നൃത്തം പഠിക്കാൻ പെൺകുട്ടികളെ ലഭിക്കാൻ പോലും ഏറെ ബുദ്ധിമുട്ടായിരുന്നു. വള്ളത്തോളും സംഘവും പലയിടത്തു നിന്നും നേരിട്ട് പോയും, കത്തിലൂടെ ആവശ്യപ്പെട്ടും പെൺകുട്ടികളെ നൃത്തം അഭ്യസിക്കാനായക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈയവസരത്തിൽ ജാതിയും പ്രായവും ഒന്നും കണക്കിലെടുക്കാതെ സ്റ്റൈപ്പന്റോടു കൂടി ക്ലാര അഭ്യസനമാരംഭിച്ചു. മിടുക്കിയായിരുന്ന ക്ലാര വള്ളത്തോൾ ഉൾപ്പെടെയുള്ളവരുടെ പ്രിയപ്പെട്ടവളായി മാറി.
അന്യജാതിക്കാരിയായതിനാൽ ഏകാദശി, തിരുവാതിര തുടങ്ങിയ വ്രത ദിവസങ്ങളിൽ തന്നെ മാറ്റി നിർത്താൻ അദ്ധ്യാപികയടക്കമുള്ളവർ ശ്രമിച്ചിരുന്നുവെന്ന്, ആരും കാണാതെ ഓടിച്ചെന്ന് അവരെ തൊട്ടും ദേഷ്യം പിടിപ്പിച്ചിരുന്ന തന്നിലെ ആ നിഷ്കളങ്കയായ വികൃതിക്കുട്ടിയെ ഇന്നും കണ്ണിൽ മായാത്ത കുസൃതിയോടെ ക്ലാര ടീച്ചർ ഓർക്കുന്നുണ്ട്. ജാതിയുടെ പേരിൽ ക്ലാരയെ മാറ്റിനിർത്തിക്കൂടാ യെന്നും, ഇത്തരം സമ്പ്രദായ നമുക്കിവിടെ വേണ്ട എന്നും മറ്റുള്ളവരോട് ശക്തമായി നിഷ്കർഷിച്ച മഹാകവിയെ അത്യധികം സ്നേഹത്തോടെ അവർ സ്മരിക്കുന്നു.
കലാമണ്ഡലം കോഴ്സ് കഴിഞ്ഞതിനു ശേഷം സ്കൂൾ വിദ്യാഭ്യാസം തുടർന്ന ക്ലാര, നൃത്തം നാടകം, റേഡിയോ നാടകം തുടങ്ങിയ കലാരംഗങ്ങളിൽ സജീവയായി പ്രവർത്തിച്ചു. വിവിധ കലാസമിതികളിലും നൃത്താധ്യാപികയായി സേവനമനുഷ്ഠിച്ചു, പല സദസ്സുകളും മോഹിനിയാട്ടമുൾപ്പെടെ അവതരണങ്ങളും നടത്തി. തുടർന്ന് ടി ടി സി പഠിച്ച് സ്കൂൾ ടീച്ചറുമായി.
പിന്നീട് കുടുംബജീവിതത്തിൽ നൃത്തവും കലാപ്രവർത്തനങ്ങളും ഒരു തടസ്സമായി മാറിയപ്പോൾ, സ്വമനസ്സാലെ കലാരംഗം പൂർണ്ണമായി ഉപേക്ഷിച്ചു.
കളരിയിലും വേദിയിലും കഴിവ് തെളിയിച്ചിരുന്ന ഈ കലാകാരി സാഹചര്യങ്ങൾ അനുകൂലമായിരുന്നുവെങ്കിൽ മറ്റേതോ നിലയിൽ എത്തേണ്ടിയിരുന്നു, എന്നാൽ എന്റെ വഴി മറ്റൊന്നായിരുന്നു എന്ന തിരിച്ചറിവിൽ, തെല്ലും പരിഭവമില്ലാതെ, അമ്മയായി, കുടുംബിനിയായി, വിദ്യാർത്ഥി സമൂഹം എന്നും സ്നേഹപൂർവ്വം ഓർക്കുന്ന സ്കൂൾ ടീച്ചറായി തന്റെ വേഷം അവതരിപ്പിച്ചു പോന്നു ക്ലാര. മോഹിനിയാട്ട രംഗത്ത് വലിയ മാറ്റങ്ങൾ നടന്നപ്പോഴും, സുഹൃത്തായ സത്യഭാമ അതിനെല്ലാം മുൻപന്തിയിൽ ഉണ്ടായിരുന്നതും, മാറിയിരു ന്ന് കുറെയൊക്കെ കാണാനും അറിയാനും ശ്രമിച്ചിരുന്നു ഈ പഴയ കലാകാരി.
എന്നാൽ മദ്ധ്യകേരളത്തിലെ നൃത്തകലാരംഗത്ത് കാലം മറന്നിട്ട ചില ചരിത്രങ്ങളും അവതരണ ഘടനകളും, ആഹാര്യ രൂപങ്ങളുമെല്ലാം ഇന്നും ക്ലാര ടീച്ചറുടെ പക്കലുണ്ട്, ചരിത്രം പകർത്തിയ ചില ചിത്രങ്ങളും.
മോഹിനിയാട്ടത്തിൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി ദേശി സംബ്രദായത്തിലായിരുന്ന ചില ചുവടുകളും, അമിതാർഭാടമില്ലാതിരുന്ന വേഷ സമ്പ്രദായങ്ങളുമെല്ലാം വ്യക്തമായി വിവരിക്കാൻ ഇന്നുള്ള ഒരേ ഒരു കലാകാരി ക്ലാര ടീച്ചർ മാത്രമായിരുന്നിരിക്കും. മോഹിനിയാട്ടത്തിന്റെ ഇടതു വശത്തു കൊണ്ടകെട്ടും വിധത്തിലുള്ള മുടിക്കെട്ട് രീതി 1960 കളിൽ കലാമണ്ഡലം രൂപപ്പെടുത്തി എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ അതിനു മുൻപും ഇടയ്ക്ക് ഇതുപോലെ മുടി കെട്ടാറുണ്ടെന്നതിന് തെളിവായി തന്റെ പഠന കാലത്തെ ഫോട്ടോ കാണിച്ച് ക്ലാര ടീച്ചർ പറയുന്നു. ചുട്ടിയും മാട്ടിയും വെച്ച് അണിഞ്ഞൊരുങ്ങുന്ന, തട്ടുകളായുള്ള കസവുകൾ വെച്ച വേഷരീതി ഇതൊന്നും മോഹിനിയാട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നും അല്പം പോലും മറന്നു തുടങ്ങിയിട്ടില്ലാത്ത തന്റെ ഓർമ്മകളിൽ നിന്ന് പറയാൻ ഇവർക്ക് സാധിക്കുന്നുണ്ട്. തയ്യൽക്കാരൻ കൂടിയായിരുന്ന ക്ലാരയുടെ സഹോദരൻ കൊച്ചപ്പനായിരുന്നത്രെ കുറെ കാലം കലാമണ്ഡലത്തിനു വേണ്ടിയും പുറത്തുള്ള നർത്തകിമാർക്കു വേണ്ടിയും വേഷങ്ങൾ ഡിസൈൻ ചെയ്‌തു തയ്ച്ചു കൊടുത്തിരുന്നത്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള മത്സരങ്ങൾ നൃത്തരംഗത്തിന്റെ ഭാഗമായപ്പോൾ, രാഷ്ട്രീയം കടന്നു കൂടിയപ്പോൾ, സഹായിച്ചവരും കൂടെ നിന്നവരും കൂറുമാറുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ കലാകാരിയായി ജീവിതം നയിക്കാനുള്ള സാഹചര്യവും സഹായവും കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കാതായപ്പോൾ കലയെ ഉപേക്ഷിക്കലല്ലാതെ മറ്റൊരു മാർഗ്ഗമില്ലാതായിപ്പോകുന്ന സ്ത്രീ സമൂഹത്തിന്റെ ഒരു പ്രതിനിധിയായി കലാമണ്ഡലം ക്ലാര.
വ്യത്യസ്തമായ ചുറ്റുപാടുകളിൽ നിന്ന് വന്ന്, ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു നൃത്ത രൂപം അതിന്റെ പുനരുജ്ജീവനം നേടിയെടുക്കുന്ന ഘട്ടത്തിൽ ഒരു പോലെ ഒരേ കളരിയിൽനിന്ന് അഭ്യസിച്ച്, ചരിത്രത്തിന്റെ ഭാഗമായി, എന്നാൽ പിന്നീട് വിവിധ സാഹചര്യങ്ങളിലേക്ക് വഴിപിരിഞ്ഞു പോയ ഈ മൂന്ന് നർത്തകീയമ്മമാർ എക്കാലത്തും കലാകാരി നേരിട്ട പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും ഓർമ്മപ്പെടുത്തുന്നു. മാത്രമല്ല, കലകൾ സംസ്കാരത്തിന്റെ സൂചകങ്ങളാകുമ്പോൾ, അതിൽ വിരചിച്ചവരും അവരുടെ അനുഭവങ്ങളും സാംസ്കാരിക ചരിത്രത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാകുന്നു.
സാംസ്കാരിക ലോകം നവോത്ഥാനത്തിലേക്ക് ചുവടു വെച്ചതിനു ശേഷമുള്ള കേരളം, അതിന്റെ ഇന്നത്തെ ഭൂമിശാസ്ത്ര അതിരുകൾക്കുള്ളിലുള്ള ഒരു സംസ്ഥാനം എന്ന നിലയിൽ ഔദ്യോഗികമായി രൂപപ്പെട്ട അവസരത്തിൽ, സമൂഹത്തിലെങ്ങും സാർവത്രികമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന സാഹചര്യത്തെയാണ് ഈ നർത്തകിമാരുടെ കലാജീവിത യാത്രയിലൂടെ വായിച്ചെടുക്കേണ്ടത്.
കാലം കടന്നു പോകുമ്പോൾ, ചില പ്രത്യേക വിഭാഗങ്ങൾ പലവട്ടം പറഞ്ഞും പ്രവർത്തിച്ചും ആവർത്തിച്ചുപോന്നത് ചരിത്രമായി മാറിപ്പോകുന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. മോഹിനിയാട്ടത്തിന്റെയും, ക്ലാസിക്കൽ നൃത്തത്തിന്റെയും ചരിത്രത്തിൽ ഇതുപോലുള്ള സംഭവങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. മോഹിനിയാട്ടത്തിന്റെ അവതരണ ഘടന വരെ കുറെയൊക്കെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്.
ഉയർന്നത്-താഴ്ന്നത്, കേമമായത് – മോശമായത് എന്നുള്ള വർഗ്ഗീകരണങ്ങൾ എല്ലാ മേഖലകളിലും അലിഖിതമായിട്ടാണെങ്കിന്റലും പ്രത്യക്ഷത്തിൽ തന്നെ നിർവചിക്കപ്പെട്ടിരുന്ന അവസരത്തിൽ ജനവർഗ്ഗങ്ങൾക്കിടയിലും തൊഴിൽ, അനുഷ്ടാനം, വേഷം എന്നിവയിലെല്ലാം ഈ വിവേചനം പ്രകടമായിരുന്നു. ഇത്തരം വർഗ്ഗീകരണങ്ങളേയും നിർവചനങ്ങളെയും ചോദ്യം ചെയ്യാനും യുക്തിസഹമായ കാരണങ്ങളെ അന്വേഷിക്കാനും തുടങ്ങിയതാണ് ഒരു തരത്തിൽ നവോത്ഥാനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അടിച്ചമർത്തപ്പെട്ടിരുന്നത് ഒരു പ്രത്യേക വിഭാഗമോ സമൂഹമോ മാത്രമല്ല. ചില സംസ്കാരങ്ങളും കലകളും ആശയങ്ങളും ആവശ്യങ്ങളുമെല്ലാമായിരുന്നു. ആൺ മേധാവിത്വമോ ജാതി മേൽക്കോയ്മയോ തരംതിരിവുകൾക്കും, തീരുമാനങ്ങൾക്കും അതുവഴി അപ്രഖ്യാപിത നിയമ രൂപീകരണത്തിനും ചുക്കാൻ പിടിച്ചിരുന്നുവെങ്കിൽ, ഈ മേധാവിത്വങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഈ സ്ഥിതിയെ ഏറെക്കുറെ മാറ്റി, അല്ലെങ്കിൽ മാറി എന്ന തോന്നലുണ്ടാക്കിയെങ്കിലും, മറ്റൊരു രീതിയിൽ ഇതേ വഴക്കം സമൂഹത്തിൽ തുടർന്ന് പോരുന്നു എന്നും കാണാം. ഇത്തരം അവസ്ഥകൾ എന്നും പ്രത്യക്ഷത്തിൽ പ്രകടമായ ഇടമാണ് കലാരംഗം. പ്രത്യേകിച്ച് സ്ത്രീകൾ ഉൾപ്പെടുന്നവ.
തുടർന്നുള്ള കാലഘട്ടത്തിൽ അധികാരം പിടിച്ചെടുക്കുന്നവരിൽ അധിഷ്ഠിതമായി കലയിലെ ശരികൾ, സൗന്ദര്യം എന്നിവ. ചിലർ ‘സ്ഥാപിച്ചെടുക്കുന്നതെന്തോ അതുമാത്രമാണ് ശരി’ എന്നതാണ് ഇന്നത്തെ അവസ്ഥ. ആശയപ്രകടനത്തിനുള്ള തടസ്സങ്ങൾ അന്നും ഇന്നും കലാകാരികൾക്കുള്ളിൽ നിലനിൽക്കുന്നു. നേരിയ തോതിൽ വ്യത്യാസം വന്നെങ്കിലും. സ്ഥാനങ്ങളും അധികാരങ്ങളും ചില മാനദണ്ഡങ്ങളിലധിഷ്ഠിതമായി പിടിച്ചെടുക്കപ്പെടുകയാണിപ്പോൾ. രാഷ്ട്രീയയമായ പക്ഷം ചേരൽ, സിനിമ പോലുള്ള ജനകീയ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്തി, അതുമല്ലെങ്കിൽ സ്വയമേ ഉണ്ടാക്കിയെടുക്കുന്ന സുസ്ഥിരമായൊരു സ്ഥാനം ഇതെല്ലം കലാരംഗത്തെ അധികാര വർഗ്ഗത്തെ രൂപപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളും, ആസ്വാദകരേക്കാളേറെ വരുന്ന അന്ധമായ ആരാധകരും ഇതിനുള്ള വാതിലൊരുക്കി ചുറ്റുമുണ്ട്.
ഇന്ന് ലഭ്യമായ ഈ സാധ്യതകൾ അപരിചിതമായിരുന്നൊരു കാലത്ത്, കലാപഠനം സ്ഥാപനവൽക്കരിക്കപ്പെട്ടതിന്റെ എല്ലാ ബാലാരിഷ്ടതകളും മാറിക്കൊണ്ടിരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ക്ലാസ്സിക്കൽ നൃത്തമേഖലയുടെ മുറിയാത്ത ചരിത്രത്തിന്റെ ആദ്യകണ്ണികളാവാൻ നിയോഗം ലഭിച്ച, ചില ‘അമ്മമാരിലൂടെയാണ് നാമിപ്പോൾ കടന്നുപോയത്. കല, ചരിത്ര ഗവേഷകർ അറിഞ്ഞിരിക്കേണ്ട ചില വ്യക്തി ത്വങ്ങളാകുന്നു ഇവർ. ഇന്ന് നമുക്കൊപ്പമില്ലെങ്കിലും മോഹിനിയാട്ട ചരിത്രത്തെ സ്പർശിക്കുമ്പോൾ ഗുരു സത്യഭാമയെ അനുസ്മരിക്കാതെ വയ്യ. കേരള സമൂഹത്തിൽ പരിചിതമല്ലെങ്കിലും ഒരു കാലത്തിന്റെ ജീവിക്കുന്ന അനുഭവ സാക്ഷ്യങ്ങളാണ് മറ്റിരുവരും. പ്രയോഗവശങ്ങൾക്കപ്പുറം ഒരു പുസ്തകത്തിലോ അഭിമുഖ പരിപാടികളിലോ ലഭ്യമായതിലേറെ ചെറുതും വലുതുമായ പല അറിയപ്പെടാത്ത സത്യങ്ങളും ഇവരുടെ അനുഭവങ്ങൾക്ക് പറയാനുണ്ടാവും. സാംസ്‌കാരിക ചരിത്രാന്വേഷകർക്കും വരും തലമുറയ്ക്കും പ്രയോജനപ്പെടുന്ന ചില ഓർമ്മകളും, ഓർമ്മപ്പെടുത്തലുകളും.!
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |