Pub. [Mathrubhumi] : ഉദാഹരണം അപർണ്ണ.
വീണ്ടുമൊരു കലോത്സവ മേളം കൊട്ടിക്കയറുമ്പോൾ, പോയ വർഷങ്ങളിലെ കലോത്സവ വർത്തകളേയും താരങ്ങളേയും ഓർത്തു പോവുക സ്വാഭാവികം. ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കലോത്സവം കലാ തിലക-പ്രതിഭാ പട്ടങ്ങൾക്കായുള്ള മത്സരമായിരുന്ന കാലത്ത് വിജയികൾക്ക് വലിയൊരു താര പരിവേശം തന്നെയാണ് ലഭിച്ചിരുന്നത്. അന്നത്തെ പല പ്രതിഭകളും പിന്നീട് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങളായതും നാം കണ്ടു. ചിലർ പിൽക്കാലത്ത് മറ്റു മേഖലകളിലേക്ക് തിരിഞ്ഞു പോയ കഥകളും ധാരാളം. ഇതിൽ നിന്നും വ്യത്യസ്തമായി കലോത്സവ വേദികളിൽ തിളങ്ങിയ മേഖലകളേതൊക്കെയോ അവയിൽ തന്നെ ഉറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ചവർ വളരെ ചുരുക്കമേ ഉണ്ടാകൂ. അക്കൂട്ടത്തിലൊരു കലാതിലകത്തെ ഓർക്കുകയാണിന്ന്.
90 കളുടെ അവസാനത്തിൽ ഇന്നറിയപ്പെടുന്ന പല ചലച്ചിത്ര താരങ്ങളും പങ്കെടുത്തിരുന്ന നൃത്ത വേദികളിൽ മത്സരിച്ച് ഉന്നത വിജയം നേടിയ അപർണ്ണ. കെ. ശർമ്മയെന്ന ഗുരുവായൂർകാരിയെ കലോത്സവ പ്രേമികൾ മറന്നുകാണില്ല. തുടർച്ചയായി അഞ്ചു വർഷങ്ങൾ ജില്ലാതലത്തിലും, 2000ത്തിൽ സംസ്ഥാന തലത്തിലും കലാതിലകപ്പട്ടം ചൂടിയ അപർണ്ണ നൃത്ത-സംഗീത ഇനങ്ങളിൽ മാത്രമല്ല, സംസ്കൃതോത്സവത്തിലും തിലകപ്പട്ടം ചൂടിയിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ മുതിർന്ന നർത്തകിയുടേതായ പക്വതയോടെ അപർണ്ണ അവതരിപ്പിച്ചിരുന്ന നൃത്താവതരണ വേദിയിൽ കാഴ്ചക്കാർ തടിച്ചു കൂടുന്നത് സ്ഥിരമായിരുന്നു. നൃത്തത്തിൽ മാത്രമല്ല, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, പാഠകം, ചമ്പു പ്രഭാഷണം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽ മികവ് തെളിയിച്ച അപർണ്ണ തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തയാകുന്നത് അതേ മേഖലയിൽ തന്നെ ഇന്നും സജീവമായി തുടരുന്നു എന്നതിലാണ്.
കേരളത്തിലെങ്ങും യുവജനോത്സവം ഒരു ഹരമായിരുന്ന കാലഘട്ടമായിരുന്നു അന്ന്. തിലക – പ്രതിഭാ പട്ടങ്ങൾ, ഗ്രേസ് മാർക്ക്, മെഡിസിൻ സീറ്റ്, സിനിമാ രംഗപ്രവേശം എന്നിവയ്‌ക്കെല്ലാം പുറകെയുള്ള നെട്ടോട്ടം നടന്നിരുന്ന കാലത്ത് ഒരു ഹരമായി തന്നെയാണ് കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നത് എങ്കിലും കലയെ, പ്രത്യേകിച്ച് നൃത്തത്തെ തന്റെ വഴിയായി നിശ്ചയിച്ചിരുന്നു ആ കൊച്ചു കലാകാരി. സ്റ്റേജിനു മുന്നിലെ കേവലം മൂന്നു വിധികർത്താക്കളുടെ വിധിക്കപ്പുറം, അതിനു പുറകിലുള്ള സദസ്യരിലാണ് കലയിലെ നിന്റെ യഥാർത്ഥ വിധി എന്ന് പറഞ്ഞു കൊടുത്ത അച്ഛൻ ശാസ്ത്ര ശർമ്മൻ നമ്പൂതിരിയും അമ്മ, നൃത്താദ്ധ്യാപിക കൂടിയായ ഗീത ശർമ്മയുമായിരുന്നു അപർണ്ണയുടെ വഴികാട്ടികൾ. തിരുവളയന്നൂർ എന്ന ഒരു ഉൾനാടൻ ഗ്രാമത്തിലെ സാധാരണ സർക്കാർ സ്കൂളിൽ നിന്ന് സംസ്ഥാന തിലകം വരെ എത്തിയ അപർണ്ണ ശർമ്മ, അന്ന് സ്കൂളിന്റെയും നാടിന്റെയും നാട്ടുകാരുടേയുമെല്ലാം അഭിമാന സ്തംഭം തന്നെയായി മാറി. സ്കൂൾ, പി.ടി എ അധികൃതരിൽ നിന്ന് ലഭിച്ച പൂർണ്ണ പിന്തുണയായിരുന്നു കലോത്സവ വേദികളിൽ വീണ്ടും വീണ്ടും വരാനുണ്ടായ പ്രചോദനമെന്ന് അപർണ്ണ ഓർക്കുന്നു.
ഹയർസെക്കന്ററിയ്ക്കു ശേഷം ലഭിച്ച മെഡിസിൻ സീറ്റ് നിരസിച്ച്, ഭാരതനാട്യത്തെ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്ത് കാലടി, ശ്രീ ശങ്കര കോളേജിൽ ചേരുമ്പോൾ ‘കല ‘ മാത്രമാണ് തന്റെ മേഖലയെന്ന ഉറച്ച തീരുമാനമുണ്ടായിരുന്നു അപർണ്ണയ്ക്ക്. അതിനുശേഷം ബിരുദാന്തര ബിരുദത്തിനായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ എത്തുന്നതും പിന്നീട്, പ്രശസ്ത നർത്തകി ആനന്ദ ശങ്കർ ജയന്തിന്റെ ശിഷ്യത്വം സ്വീകരിച്ചതും തന്റെ ജീവിതത്തിൽ വഴിത്തിരിവായി എന്ന് അപർണ്ണ പറയുന്നു. ബാഹ്യമായ ബഹളങ്ങളിൽ നിന്ന് മനഃപൂർവ്വം ഒഴിഞ്ഞ് നൃത്ത അഭ്യസനത്തോടൊപ്പം, കൂടുതൽ ഭാഷകൾ പഠിച്ചും, വിവിധ സംസ്കാരങ്ങളെ അറിഞ്ഞും, സമഗ്രമായ പഠനത്തിലൂടെ നൃത്തത്തിലെ സാധ്യതകളെ ആഴത്തിലറിയാനുള്ള യാത്രയായിരുന്നു അപർണ്ണയുടെ തുടർന്നുള്ള കാലം.
ചിട്ടയായ അഭ്യസനം നൽകിയ ആത്മവിശ്വാസത്തോടെ നൃത്തവേദിയിൽ തിരിച്ചെത്തിയ അപർണ്ണയുടെ അവതരണങ്ങൾ പലതുകൊണ്ടും വ്യത്യസ്തമാണ്. അസാമാന്യമായ താളജ്ഞാനവും സാമാന്യ ജനങ്ങളിലേക്കെത്തുന്ന ലോകധർമ്മി പ്രയോഗങ്ങളും അപർണ്ണയുടെ അവതരണങ്ങളിൽ മികവും ലാളിത്യവും ഒന്നുപോലെ ചേർക്കുന്നു.
ഭരതനാട്യം നർത്തകിയായിരുന്ന അപർണ്ണയെയായിരുന്നു കലാലോകത്തിന് കൂടുതൽ പരിചയമെങ്കിൽ ഇന്ന് അപർണ്ണ നർത്തകി മാത്രമല്ല. തിരക്കുള്ള നൃത്ത സംഗീതജ്ഞ കൂടിയാണ്. മറ്റൊരു നർത്തകിയും അധികം സജീവമാകാത്ത, എന്നാൽ മറ്റാരേക്കാളും നല്ലൊരു നർത്തകി കൂടിയായ പാട്ടുകാരിക്ക് ശോഭിക്കാൻ കഴിയുന്ന മേഖലയാണ് നൃത്ത സംഗീതം. ബിരുദ കാലഘട്ടം മുതലേ നൃത്തത്തിനായി പാടാനും, സ്വന്തം കൃതികൾ എഴുതി, ചിട്ടപ്പെടുത്തി, നൃത്ത സംവിധാനം ചെയ്യാനും ആരംഭിച്ചിരുന്നെങ്കിലും അടുത്ത കാലത്താണ് നൃത്ത ഗാന രംഗത്തെ സാധ്യതകളെ മനസ്സിലാക്കി, തനിക്ക് അനുഗ്രഹമായി ലഭിച്ച കഴിവിനെ അത്തരത്തിൽ കൂടി പ്രയോഗിക്കാനുറച്ചത്. നർത്തകി കൂടിയായ പാട്ടുകാരിയുടെ ആലാപനം അത്രമാത്രം നൃത്തത്തോട് ഇഴുകി നിൽക്കുന്നു എന്നതിന് തെളിവാണ് നിരവധി പ്രസിദ്ധ നർത്തകിമാർ അപർണ്ണയെ തങ്ങളുടെ പ്രിയപ്പെട്ട പിന്നണി ഗായിക കൂടിയായി സ്വീകരിച്ചത്. ഇന്ത്യയിലും വിദേശത്തുമായി അനേകം വേദികളിൽ അപർണ്ണ നൃത്ത പിന്നണിയിൽ പ്രവർത്തിച്ചു കഴിഞ്ഞു. ഒരിക്കൽ പദ്മ സുബ്രഹ്മണ്യം സ്വന്തമായി ചിട്ടപ്പെടുത്തിയ കൃതി, അവർക്കുവേണ്ടി പാടാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി അപർണ്ണ കാണുന്നു. പാട്ടും നാട്ടുവാങ്കവും ഒരുമിച്ച് കൈകാര്യം ചെയ്ത വേദികളും ഉണ്ടായിട്ടുണ്ട്.
നൃത്തത്തിനായി മലയാളം, തമിഴ്, സംസ്കൃതം തുടങ്ങി വിവിധ ഭാഷകളിൽ കൃതികൾ രചിച്ച് സംഗീതം നൽകി, അത് ഏറ്റവും ശുദ്ധമായി പാടാനും, ഭംഗിയായി അവതരിപ്പിക്കാനും കഴിവുള്ള കലാകാരികൾ ഇന്നത്തെ തലമുറയിൽ വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്.
കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന, കലോത്സവ വേദികളിലൂടെ നാട്ടിൽ അറിയപ്പെട്ട അപർണ്ണ ഇന്ന് ഏഴോളം ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തയായതും, നൃത്തത്തിലും സംഗീതത്തിലും എഴുത്തിലും തന്റേതായ പാത കണ്ടെത്താൻ പാകമായതും കലയെ തേടിയുള്ള തന്റെ യാത്രയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസം ഒന്ന് മാത്രമായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന അപർണ്ണയ്ക്ക് പിൻ തലമുറയോട് പറയാനുള്ളതും ഇത് തന്നെയാണ്- തികഞ്ഞ സമർപ്പണത്തോടെ കലയിലെ ആഴത്തിലുള്ള സാധ്യതകളെ അറിയാൻ ശ്രമിക്കുക, അതിനായുള്ള മാർഗ്ഗങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുക.
മൈസൂർ യൂണിവേഴ്‌സിറ്റി ഫൈൻ ആർട്സ് വിഭാഗത്തിൽ നൃത്ത, സംഗീത സംബന്ധിയായ വിഷയത്തെ അധികരിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു അപർണ്ണായിപ്പോൾ.ഗുരുവായൂരപ്പന്റെ നാട്ടിൽ നിന്നുള്ള ഈ കലാകാരി ഇന്ന് ഉഡുപ്പി കണ്ണന്റെ അരികെ മണിപ്പാലിലാണ് താമസം. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ ഭർത്താവ് ഡോ.നന്ദകിഷോർ അയ്യങ്കാരും കൊച്ചു കലാകാരികൂടിയായ മകൾ ഭക്തിഹിരണ്മയിയുമാണ് ഇന്ന് അപർണ്ണയുടെ ഏറ്റവും വലിയ പ്രചോദനം. നൃത്ത വേദികളും, സംഗീത വേദികളും, പിന്നണിയും എഴുത്തും ഗവേഷണവും യാത്രകളുമെല്ലാമായി, കലയിൽ ലയിച്ച്, ശുദ്ധ കലയുടെ ഭാഗമായി, തിരക്കുകളിലും അച്ചടക്കം പാലിച്ച് മുന്നോട്ടു പോകുന്ന അപർണ്ണ ശർമ്മയെന്ന ഈ ബഹുമുഖ പ്രതിഭയ്ക്കിന്ന് പഴയ കലാതിലകത്തേക്കാൾ തിളക്കമുണ്ടെന്ന് തീർച്ച.
Published in Mathrubhumi Varandyam on Jan 06th 2018.
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | 31 |