KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

ക്ഷേത്രത്തിനുപുറത്തും കൃഷ്ണനാട്ടം ഉണ്ട്

July 10, 2016 0 comments Chat Interviews

Pub. [Mathrubhumi] : ക്ഷേത്രത്തിനുപുറത്തും കൃഷ്ണനാട്ടം ഉണ്ട്.

krishnanattam_ksukumarannairകൃഷ്ണനാട്ടം കലാകാരനും ഗുരുവായൂർ കൃഷ്ണനാട്ടം ക്ഷേത്രകലാലയം മേധാവിയുമായ കെ. സുകുമാരൻ സംസാരിക്കുന്നു.

സാമൂതിരിരാജാവായിരുന്ന മാനവേദനാൽ രചിക്കപ്പെട്ട ‘കൃഷ്ണഗീതി’യുടെ രംഗാവതരണ രൂപമാണ് കൃഷ്ണനാട്ടം. ഈ കലയ്ക്കായുള്ള ഒരേയൊരു പഠനകേന്ദ്രമാണ് ഗുരുവായൂർ ‘കൃഷ്ണനാട്ടം ക്ഷേത്രകലാനിലയം’. 1958 മുതൽ സാമൂതിരി കോവിലകത്തിന്റെ അധികാരത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പൂർണമായി സമർപ്പിക്കപ്പെട്ട കളിയോഗത്തിന്റെ ഇന്നത്തെ മേധാവി കെ. സുകുമാരനാണ്.

കഴിഞ്ഞവർഷത്തെ കേരള സംഗീതനാടക അക്കാദമി പുരസ്കാരം നേടിയ സുകുമാരൻ, ആസ്വാദകശ്രദ്ധയും മാധ്യമശ്രദ്ധയും ഇനിയും വേണ്ടത്ര എത്തിച്ചേർന്നിട്ടില്ലാത്ത കൃഷ്ണനാട്ടത്തിന്റെ ഏക കളരിയുടെ ആശാൻ, കൃഷ്ണനാട്ടത്തിന്റെ സൗന്ദര്യവശങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഈ സംഭാഷണത്തിൽ.

 

? എങ്ങനെയാണ് കൃഷ്ണനാട്ടം അഭ്യസിക്കാൻ ഗുരുവായൂരിലെത്തിച്ചേർന്നത്.

ആലപ്പുഴ ജില്ലയിലെ തുറവൂർ ആണ് എന്റെ സ്വദേശം. ഞങ്ങളുടെ നാട്ടിൽ കൃഷ്ണനാട്ടം എന്ന കലാരൂപം ഏറെക്കുറെ അന്യമായിരുന്നു എന്നുപറയാം. നാലു മക്കളിൽ മൂന്നുപേരും ചെറുപ്പത്തിലേ മരിച്ചുപോയ എന്റെ അമ്മ ഒരു മകനെയെങ്കിലും ജീവനോടെ കിട്ടാനുള്ള ആഗ്രഹത്തിൽ ഏഴു വയസ്സുള്ള എന്നെ ഗുരുവായൂരപ്പന് നടതള്ളുകയായിരുന്നു. അങ്ങനെ അന്നത്തെ കളിയോഗം ആശാനായിരുന്ന അഴകുമരത്ത് ഗോപാലൻനായരാശാൻ എന്നെ കാണുകയും ഒരു വർഷം അദ്ദേഹത്തോടൊപ്പം താമസിപ്പിക്കുകയും ചെയ്തു. പിന്നെ പത്തുവർഷം നീണ്ട അഭ്യസനം.

? ഗുരുവിനെയും അദ്ദേഹത്തിന്റെ കളരിയെയും കുറിച്ച് ഒാർക്കാമോ.

വളരെ നിഷ്കർഷയുള്ള കളരിയായിരുന്നു. രാവിലെ ആശാൻ വിളിക്കുന്നതിനുമുൻപേ എഴുന്നേറ്റ് തയ്യാറായി കളരിയിൽ എത്തണം. പഠനത്തിന് പ്രത്യേക സമയമുറയൊ ന്നും ഇല്ല. ഊണുകഴിഞ്ഞ വിശ്രമസമയത്തും പരിശീലനമാണ്. തെറ്റിയാൽ ശിക്ഷ അതികഠിനം. ആശാനുവേണ്ട ഭക്ഷണം സമയത്ത് എത്തിക്കുക, ഉറങ്ങാൻ കിടക്കുമ്പോൾ കാല് തടവിക്കൊടുക്കുക തുടങ്ങിയവയും ശിഷ്യന്മാരുടെ ജോലിയിൽപ്പെടും. പൂർണമായും ഒരു ഗുരുകുലരീതി. എങ്കിലും ശിഷ്യരോട് വളരെ വാത്സല്യമായിരുന്നു ആശാന്. കൃഷ്ണനാട്ടത്തിലെ എട്ടു കഥകളുടെയും ആട്ടപ്രകാരം അദ്ദേഹം എഴുതിവെച്ചിരുന്നു. ശിഷ്യന്മാരെക്കൊണ്ട് ഓരോ രംഗവും ചൊല്ലിയാടിക്കും, ചിട്ട പറഞ്ഞ് ഭംഗിയാക്കും, ഉടനെ ആ ഭാഗം കടലാസിൽ പകർത്തും. അങ്ങനെയാണ് ആട്ടപ്രകാരം എഴുതിത്തീർത്തത്. കാലം മാറുമ്പോൾ പലതും നഷ്ടപ്പെട്ടുപോയേക്കും, ചടങ്ങുകൾ മാറിപ്പോകുമായിരിക്കും എന്നതെല്ലാം മുന്നിൽക്കണ്ടുകൊണ്ടായിരിക്കാം അന്നദ്ദേഹം അതു ചെയ്തത്.

? കൃഷ്ണനാട്ടത്തിൽ പല മാറ്റങ്ങളും വന്നല്ലോ…

krishnanattam_sukumaran1മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് മാറ്റങ്ങൾ സംഭവിച്ചിട്ടുള്ള കലയാണ് കൃഷ്ണനാട്ടം. ഇന്നും ഇതൊരു അനുഷ്ഠാനമായി നിലനിൽക്കുന്നതുതന്നെ കാരണം. അഭിനയം, വേഷം, പാട്ട് ഇതിലെല്ലാം ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 1980-ൽ വേണുജിയുടെ നേതൃത്വത്തിൽ കൃഷ്ണനാട്ടത്തിനായി ആദ്യത്തെ വിദേശയാത്ര പോകും മുമ്പ് കലാമണ്ഡലത്തിൽനിന്ന് നീലകണ്ഠൻ നമ്പീശനെ വരുത്തിച്ച് സംഗീതവശങ്ങളിൽ ചില ചിട്ടകളും മാറ്റങ്ങളും വരുത്തി. അഭിനയത്തിന്റെയും മനോധർമത്തിന്റെയും സാധ്യതകളെ ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്നത് പാലാട്ട് പരമേശ്വരപ്പണിക്കരാശാനായിരുന്നു. കോപ്പുകളിലും ഉടുത്തുകെട്ടിലും ചില മോടിപിടിപ്പിക്കൽ ഉണ്ടായിട്ടുണ്ട്. ചുട്ടി വീതികൂടി, പക്ഷേ, കഥകളിയിലേതുപോലെ കടലാസ് ചുട്ടി അല്ല, അരിമാവ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഉടുത്തുകെട്ട് വലുതായി. ഒരിക്കൽ രംഗത്ത് ചെറിയൊരു മാറ്റത്തിന് മുതിർന്നു എന്ന കാരണത്താൽ ഒരു മുൻകാല ആശാന്റെ ശമ്പളംവരെ തടഞ്ഞുവെച്ച അവസ്ഥയുണ്ടായിട്ടുണ്ട്.

? കഥകളിയെപോലും അതിശയിക്കുന്ന ചില ഭാഗങ്ങൾ കൃഷ്ണനാട്ടത്തിൽ ഉണ്ടല്ലോ. എന്നാൽ, അത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരങ്ങൾ കുറവല്ലേ…

അന്വേഷിക്കാതിരിക്കുകയും അറിയാൻ ശ്രമിക്കായ്കയും – അതാവാം കാരണം. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നില്ക്കുന്ന കലയാണ് കൃഷ്ണനാട്ടം. ദേവസ്വത്തിന്റെ അനുമതിയോടുകൂടിയല്ലാതെ ഒരു അവതരണം നടത്താൻ ഞങ്ങൾക്ക് സാധിക്കുകയുമില്ല. ഇതൊരു പരിമിതിയാണെന്ന് പറയാമെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലല്ലാതെ കൃഷ്ണനാട്ടം ആസ്വദിക്കാനുള്ള അവസരങ്ങളില്ല എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങൾ, ഡൽഹിയിലെ ഉത്തരഗുരുവായൂർ ക്ഷേത്രം എന്നിവയെല്ലാം സ്ഥിരം വേദികളാണ്. ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും അവതരണം നടത്താറുണ്ട്. ഒരു കലാരൂപം എന്നനിലയിൽ ഏതു മതസ്ഥർക്കും കൃഷ്ണനാട്ടം ആസ്വദിക്കാനുള്ള അവസരം ഇവിടെയൊക്കെയുണ്ട്. വിദേശയാത്രകളിൽ അതിനു ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.

? സർക്കാറും കൃഷ്ണനാട്ടത്തെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട് അല്ലേ…

രണ്ടാം തവണയാണ് കേരള സംഗീതനാടക അക്കാദമി കൃഷ്ണനാട്ട കലാകാരന് അവാർഡ് നല്കുന്നത്. ആദ്യത്തെ അവാർഡ് പാലാട്ട് പരമേശ്വരപ്പണിക്കരാശാനായിരുന്നു. വളരെ വൈകി, അദ്ദേഹം വിരമിച്ചതിനുശേഷമായിരുന്നു അത് ലഭിച്ചത്. എനിക്ക് ഇപ്പോൾ ലഭിച്ച ഈ അംഗീകാരം കൃഷ്ണനാട്ടത്തിനുകൂടിയുള്ള അംഗീകാരമാണ്. ഇതിലെ കലാംശത്തെ കൂടുതൽ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങും എന്ന ശുഭപ്രതീക്ഷയും ഉണ്ട്.

krishnanattam_sukumaran2?കൃഷ്ണനാട്ട കലാകാരന് വിരമിച്ചതിനുശേഷം കളിയിൽ തുടരാൻ അനുവാദമില്ലല്ലോ.

ശരിയാണ്. കളിയോഗത്തിന്റെയും ദേവസ്വത്തിന്റെയും ചിട്ടയും നിയമവും ഇത് അംഗീകരിക്കുന്നില്ല. എട്ടുവയസ്സിനും 10 വയസ്സിനും ഇടയിലുള്ള പ്രായത്തിലാണ് കളിയോഗത്തിലേക്ക് കുട്ടികളെ എടുക്കുന്നത്. അവതാരകൃഷ്ണൻ മുതൽ സ്വർഗാരോഹണ കൃഷ്ണൻ വരെ കെട്ടിക്കഴിയുമ്പോൾ വേഷങ്ങൾ പൂർണമാകുന്നു. പിന്നീട് സീനിയോറിറ്റി അനുസരിച്ച്‌ കളരിയിലെ ആശാനാവുന്നു. 60 വയസ്സിൽ വിരമിക്കുന്നു. തുടർന്ന് കളിയും കളരിയും ഇല്ല. ഈ അവസ്ഥ കണ്ടറിഞ്ഞ്, ഞാൻതന്നെ മുൻകൈയെടുത്ത് കമ്മിറ്റിയുടെ പ്രത്യേക അനുവാദത്തോടുകൂടി വിരമിച്ച കലാകാരന്മാർക്കായി കളി സംഘടിപ്പിക്കുകയുണ്ടായി. മൂന്നുവർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യമായി നടത്തിയത്. അന്ന് എട്ടു കളികളിൽ ഓരോരുത്തർക്കും ഓരോ വേഷം നല്കി. തുടർന്ന് ഏകാദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പാട്ടിലും കൊട്ടിലും വേഷത്തിലുമെല്ലാം (സ്ത്രീവേഷമൊഴികെ) വിരമിച്ച ആശാന്മാരെ ഉൾപ്പെടുത്തി കളിനടത്തി. പഴയ കളിക്കാരുടെ വേഷങ്ങൾ ഒരിക്കൽക്കൂടി കാണാൻവേണ്ടിമാത്രം ധാരാളംപേർ വന്നിരുന്നു. ഇങ്ങനൊരു അവസരം ലഭിച്ചതിൽ പല മുതിർന്ന ആശാന്മാരും നിറകണ്ണുകളോടെ നന്ദിപറഞ്ഞു. ഇനിയും സന്ദർഭം കിട്ടുമ്പോഴെല്ലാം ഇത്തരം അവതരണങ്ങൾ നടത്തണമെന്നുതന്നെയാണ് ആഗ്രഹം.

 

Published in Mathrubhumi Varandyam on July 10th 2016.

Web : ക്ഷേത്രത്തിനുപുറത്തും കൃഷ്ണനാട്ടം ഉണ്ട്.

ePaper : ക്ഷേത്രത്തിനുപുറത്തും കൃഷ്ണനാട്ടം ഉണ്ട്.

 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

14 + 7 =

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019