KaishikiSwetha Mangalath Writings
  • Home
  • Interviews
  • Features
  • Book Reviews
  • Memories
  • Videos
  • Swetha Nair

അരങ്ങൊഴിഞ്ഞ നടന ലാവണ്യം

July 28, 2017

Pub. [Janayugam Daily] : അരങ്ങൊഴിഞ്ഞ നടന ലാവണ്യം

Kalamandalam Leelamma കഥകളിയുടേയും ഭരതനാട്യത്തിന്റേയും ഒരു സാധാരണരൂപം എന്ന പരിഹാസം ഏറ്റു വാങ്ങിയിരുന്ന മോഹിനിയാട്ടത്തെ ഇതര നൃത്തരൂപങ്ങൾക്കൊപ്പം നിർത്താൻ തക്ക വണ്ണം ഉയർത്തിയത്‌, ഈ കലയ്ക്കായി ജീവിച്ച ചില നർത്തകിമാരുടെ അക്ഷീണ പ്രയത്നങ്ങൾ മാത്രമായിരുന്നു. അക്കൂട്ടരിൽ പ്രധാനിയായിരുന്നു കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ കലാമണ്ഡലം ലീലാമ്മ. മോഹിനിയാട്ടമെന്ന നൃത്തരൂപത്തിന്റെ ഘടനാലാവണ്യം തന്റെ പ്രയോഗത്തിലൂടെ നിർവചിച്ചെടുത്ത കലാകാരിയായിരുന്നു കലാമണ്ഡലം ലീലാമ്മയെന്നത്‌ മോഹിനിയാട്ടലോകം നിസംശയം സമ്മതിക്കും. കേവല നിമിഷങ്ങൾക്കപ്പുറം കണ്ടിരിക്കാൻ പ്രയാസമായ മടുപ്പിക്കുന്ന നൃത്തം എന്ന അപഖ്യാതി മോഹിനിയാട്ടത്തിനു മേൽ നിലനിന്നിരുന്ന കാലത്തുപോലും കാണികളെ യാതൊരു എതിരഭിപ്രായവും കൂടാതെ സദസിൽ പിടിച്ചിരുത്താൻ ഈ നർത്തകിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. നൃത്തനാട്യാദി വശങ്ങളിൽ നിറഞ്ഞു നിന്ന അംഗശുദ്ധത്തിന്റെ പൂർണ്ണത അലസനൃത്തത്തെ അഭൗമമായ സൗന്ദര്യതലത്തിലേക്ക്‌ ഉയർത്തുകയായിരുന്നു ലീലാമ്മയിലൂടെ.

വലിയ കലാപാരമ്പര്യങ്ങളൊന്നും അവകാശപ്പെടാനില്ലാതിരുന്ന കുടുംബപശ്ചാത്തലത്തിൽ നിന്ന്‌ നൃത്തം ചെയ്യാനുള്ള താൽപ്പര്യം കൊണ്ട്‌ മാത്രം പന്ത്രണ്ടാം വയസിൽ കേരളകലാമണ്ഡലത്തിൽ ചേർന്ന ലീലാമ്മയുടെ ജീവിതം അന്നുമുതൽ ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചാം തീയതി ഈ ലോകത്തോട്‌ എന്നെന്നേക്കുമായി വിടപറഞ്ഞ നിമിഷം വരെ മോഹിനിയാട്ടത്തിനായി കുറിക്കപ്പെട്ടതായിരുന്നു. മോഹിനിയാട്ടത്തിന്‌ സ്വന്തമായ വ്യക്തിത്വം വാർത്തെടുത്ത, തന്റെ ഗുരുവായ കലാമണ്ഡലം സത്യഭാമയുടെ വഴികളെ ഉൾക്കൊണ്ട്‌ പിന്നീടുള്ള കാലമത്രയും മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലിയെ തന്നിലൂടെ പൂർണതയിലേക്ക്‌ നയിക്കുകയായിരുന്നു ഈ കലാകാരി.

അക്ഷരദേശത്തുനിന്ന്‌ കലാകേന്ദ്രത്തിലേക്ക്‌
കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ്‌ ലീലാമ്മ ജനിച്ചു വളർന്നത്‌. ബാല്യത്തിൽ കലയുമായുള്ള ബന്ധം എന്നു പറയാൻ ആകെയുള്ളത്‌ കുട്ടിക്കാലത്ത്‌ അമ്മ ചെയ്യാറുള്ള തിരുവാതിരക്കളി ചുവടുകളും നാട്ടിലെ നൃത്താധ്യാപകരിൽ നിന്ന്‌ പഠിച്ച സെമി ക്ലാസിക്കൽ നൃത്തങ്ങളുമായിരുന്നു. നാട്ടിൽ വച്ച്‌ ഒരു ജ്യോതിഷി ‘ഇവളുടെ കൈയ്ക്ക്‌ സർക്കാർ ശമ്പളം ഒപ്പിട്ടു വാങ്ങാനുള്ള യോഗമുണ്ട്‌’ എന്ന്‌ പറഞ്ഞപ്പോൾ താനേറ്റവും സ്നേഹിച്ച നൃത്തത്തിന്റെ വഴിയിലൂടെ തന്നെയാണ്‌ ആ പ്രവചനം സത്യമാകാൻ പോകുന്നതെന്നും തന്റെ ജീവിതത്തിലെ നാല്‌ പതിറ്റാണ്ടോളം കേരളകലാമണ്ഡലം എന്ന മഹാസ്ഥാപനത്തിന്റെ നൃത്തക്കളരിയുടെ ഭാഗമായി സേവനമനുഷ്ടിക്കുമെന്നും ആ ബാലിക കരുതിക്കാണില്ല. പന്ത്രണ്ടാം വയസിൽ കേരള കലാമണ്ഡലത്തിൽ നൃത്ത വിദ്യാർഥിനി ആയി ചേരുമ്പോൾ അവിടെ സത്യഭാമ ടീച്ചറുടെ നേതൃത്വത്തിൽ മോഹിനിയാട്ടത്തിലെ കാര്യമായ നവീകരണ പ്രവർത്തനങ്ങളും പുതിയ ചിട്ടപ്പെടുത്തലുകളും നടക്കുന്ന കാലമായിരുന്നു. പഠനകാലത്തു തന്നെ തന്റെ നൃത്ത വൈദഗ്ധ്യം കൊണ്ട്‌ ഗുരുവിന്റെയും മറ്റുള്ളവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഈ കലാകാരി പതിനെട്ടാം വയസിൽ, കോഴ്സ്‌ കഴിഞ്ഞ ഉടനെ തന്നെ കലാമണ്ഡലത്തിൽ നൃത്ത അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സത്യഭാമ ടീച്ചർ, എ ആർ ആർ ഭാസ്കര റാവു, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ കീഴിൽ മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും അഭ്യസിച്ചു. എങ്കിലും തുടർന്നുള്ള തന്റെ പ്രധാന കർമ്മ രംഗം മോഹിനിയാട്ടം തന്നെ എന്ന്‌ തീരുമാനിക്കുകയായിരുന്നു.
Kalamandalam Leelammaഅരങ്ങു ശോഭിച്ച നടനവൈഭവം
മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലിയെ വാർത്തെടുത്ത സത്യഭാമ ടീച്ചർ, കളരികളിലേതുപോലെ വേദികളിൽ സജീവമല്ലായിരുന്നു. അതുകൊണ്ടു തന്നെ ശുദ്ധ കലാമണ്ഡലം ശൈലിയിലെ മോഹിനിയാട്ടത്തെ കൂടുതൽ പ്രേക്ഷകർ കണ്ടാസ്വദിക്കുന്നതു ലീലാമ്മയിലൂടെ ആയിരുന്നു. അടവുകളിലും അഭിനയത്തിലും ഒരുപോലെ സൂക്ഷിക്കുന്ന മിതത്വം എക്കാലത്തും ലീലാമ്മയെ പക്വതയുള്ള പ്രയോക്താവാക്കി മാറ്റി. നിരന്തര സാധകത്തിലൂടെ മുഖവും മെയ്യും ഒരുപോലെ തെളിഞ്ഞ ലീലാമ്മ ടീച്ചറുടെ ഓരോ പ്രയോഗങ്ങളിലും സങ്കേത ഭംഗിയും സൗന്ദര്യത്തികവും ഒരുപടി മേലെ നിന്നു. ചെറുതെങ്കിലും ആഴത്തിൽ ചലിക്കുന്ന കണ്ണുകൾ, ദീർഘദൂരം കാണികളിലേക്ക്‌ പ്രവഹിക്കുന്ന ഭാവവിന്യാസങ്ങൾ, അണുവിട പോലും കഥകളിയിലേക്കോ കൂടിയാട്ടത്തിലേക്കോ ഇതര നൃത്താഭിനയസ്വഭാവത്തിലേക്കോ വ്യതിചലിക്കാതെ പാലിക്കുന്ന അച്ചടക്കം ഇവയെല്ലാം എന്നും ഈ കലാകാരിയുടെ അവതരണങ്ങൾക്ക്‌ മുതൽക്കൂട്ടായി.
മുഖത്തോടൊപ്പം ശരീര ചലനങ്ങളിലൂടെ സാധ്യമാകുന്ന നൃത്തഭാവം അധികമാർക്കും സിദ്ധിച്ചിട്ടില്ലാത്ത കഴിവാണ്‌. നരസിംഹവും വ്യാഘ്രവും പൂതനയുമൊക്കെയായി പകർന്നാടുമ്പോഴും മെയ്യ്ചലനങ്ങൾ അൽപ്പംപോലും നിയന്ത്രണാതീതമായി പാളിപ്പോകാറില്ല. ഒപ്പം തന്നെ ശൃംഗാര നായികമാരെ അവതരിപ്പിക്കുമ്പോഴും ആ ശരീരം അലസമാകാറില്ല, അതിമാദകത്വത്തിന്റെ ഛായയും വരാറില്ല. നൃത്തഭാവ ശരീരത്തെ അതീവ സൂക്ഷമതയോടെ തന്റെ പിടിയിൽ നിർത്തിക്കൊണ്ട്‌ ഓരോ പ്രയോഗങ്ങളെയും കൈകാര്യം ചെയ്യാനുള്ള അസാമാന്യ കഴിവിന്‌ ഉടമയായിരുന്നു ഈ കലാകാരി എന്ന്‌ നിസംശയം പറയാം. സുകുമാര കലയെന്നും കുലീന നൃത്തമെന്നുമൊക്കെയുള്ള വിശേഷണങ്ങൾ മോഹിനിയാട്ടത്തിന്‌ ആദ്യമേ ചാർത്തിക്കിട്ടിയിരുന്നുവെങ്കിലും ഒരു ലാസ്യ നൃത്തരൂപം എന്ന നിലയിൽ നിന്ന്‌ മനോഹര കലാരൂപം എന്ന സ്ഥാനത്തേക്ക്‌ ഈ ലാസ്യനൃത്താവതരണത്തെ ഉയർത്തിയ ആദ്യകാല നർത്തകിമാരിൽ പ്രധാനി ലീലാമ്മടീച്ചർ തന്നെ ആയിരുന്നു.

കാർക്കശ്യമുള്ള ഗുരു
അവതരണത്തിലും അധ്യാപനത്തിലും ഒരേപോലെ പ്രാവീണ്യമുള്ള വ്യക്തിത്വങ്ങൾ കലാരംഗത്ത്‌ അപൂർവമായേ ജന്മമെടുത്തിട്ടുള്ളു. മോഹിനിയാട്ടരംഗത്ത്‌ അത്തരം പ്രതിഭകളിൽ പ്രഥമ സ്ഥാനത്തു തന്നെയായിരുന്നു കലാമണ്ഡലം ലീലാമ്മ. നൃത്തം പഠിപ്പിക്കലിനെ വരുമാനത്തിനുള്ള ജോലി എന്നതിനപ്പുറം ശിഷ്യരിലെ അവതരണത്തികവിനെയാണ്‌ ലീലാമ്മ ടീച്ചർ എന്നും പ്രധാനമായി കണ്ടത്‌. കടുത്ത പെർഫെക്ഷനിസ്റ്റ്‌ എന്നൊക്കെ പറയാവുന്ന അതി കാർക്കശ്യമുള്ള ശിക്ഷണരീതി. കലാമണ്ഡലത്തിലായാലും തന്റെ വീട്ടിലെ കളരിയിലായാലും അതുമല്ല മറ്റു ശിൽപശാലാ കളരികളിലായാലും തനിക്ക്‌ മുന്നിലെത്തുന്ന ശിഷ്യരെ ടീച്ചർ മോഹിനിയാട്ടം പഠിപ്പിക്കുകയായിരുന്നില്ല, അവരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചെടുക്കുകയായിരുന്നു. ഓരോരുത്തരുടെയും ശരീര പ്രകൃതത്തെ അറിഞ്ഞ്‌ അതിനനുസരിച്ച്‌ ചാരിയെടുപ്പുകളും കൈ നിലകളും നടകളും വേറിട്ട്‌ പ്രയോഗിപ്പിക്കാൻ ശ്രദ്ധിച്ചു. കലർപ്പില്ലാത്ത, അതികഠിനമോ അമിത ലാസ്യമോ കൂടാതെയുള്ള മോഹിനിയാട്ടത്തിനു വേണ്ടി ശഠിച്ചു. സൈദ്ധാന്തിക അറിവുകൾക്കും ചരിത്ര പാഠങ്ങൾക്കും സ്ഥാനം രണ്ടാമത്‌, ആദ്യം കളിച്ചു തെളിയണം എന്നതായിരുന്നു ടീച്ചറുടെ മതം. ശാസിച്ചും അതിലേറെ സ്നേഹിച്ചും ശുദ്ധമായ മോഹിനിയാട്ടത്തെ ഇളം തലമുറയിലേക്ക്‌ പകരാൻ ശ്രദ്ധിച്ച ലീലാമ്മ ടീച്ചറെയാണ്‌ കാലം എന്നും ഓർക്കുക.
Kalamandalam Leelamma
ഔചിത്യബോധത്തിൽ ഉറച്ചു നിന്ന നവീകരണങ്ങൾ
നൃത്താവതരണത്തിലും അധ്യാപനത്തിലും കാണിച്ച അസാമാന്യ വൈഭവം നൃത്ത സംവിധാനത്തിലും പ്രകടമാക്കാൻ ലീലാമ്മ ടീച്ചർക്ക്‌ കഴിഞ്ഞു. ഔദ്യോഗികമായും അനൗദ്യോഗികമായും ലീലാമ്മ ടീച്ചർ മുൻകൈയെടുത്ത്‌ ചെയ്ത ചിട്ടപ്പെടുത്തലുകൾ മോഹിനിയാട്ടത്തിന്റെ തുടർകാല കളരികൾക്കും വേദികൾക്കും ഒരുപോലെ മുതൽക്കൂട്ടാണ്‌. കലാമണ്ഡലം സത്യഭാമ ചിട്ട ചെയ്ത അടവുകളെ ആധാരമാക്കി അഭ്യസന രീതിയെ കൂടുതൽ പ്രായോഗികമാക്കും വിധം 8 ഗണങ്ങളായി തിരിച്ചു കൊണ്ടുള്ള അടവുകൾ, അവയ്ക്കൊപ്പം 10 ചാരികൾ, 12 ചുഴിപ്പുകൾ, 9 ഗതികൾ എന്നിവയെ ക്രമപ്പെടുത്തിയതും ഹസ്തലക്ഷണ ദീപികാ മുദ്രകളുടെ വിനിയോഗങ്ങൾ മോഹിനിയാട്ട പ്രയോഗത്തിന്‌ യോജിക്കും വിധം ചിട്ട ചെയ്തതും കലാമണ്ഡലത്തിൽ മാത്രമല്ല, പുറത്തും യുവ നർത്തകിമാർക്ക്‌ ഏറെ ഗുണപ്രദമാകുന്ന പ്രവർത്തനങ്ങളായിരുന്നു. മോഹിനിയാട്ടത്തിലെ ശക്തിയുള്ള പ്രയോഗ വ്യാകരണ ശേഖരം എന്ന്‌ ഇവയെ വിശേഷിപ്പിക്കാം.
പത്മനാഭ പ്രണയഭക്തിയിൽ നിന്ന്‌ വേറിട്ട്‌ പരമേശ്വര-പാർവതീ പ്രണയത്തെ പ്രമേയമാക്കി ‘കാമിത വര ദായക’ എന്ന്‌ തുടങ്ങുന്ന ശ്രീ രാഗത്തിലുള്ള പദവർണ്ണം ലീലാമ്മ ടീച്ചർ ചിട്ട ചെയ്തത്‌ അക്കാലത്ത്‌ വേറിട്ട ഒരു ചുവടു വയ്പ്പായിരുന്നു. കരുണ, ശൃംഗാര, ഭക്തി ഭാവങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി നരസിംഹാവതാരത്തെ മോഹിനിയാട്ടത്തിന്റെ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവന്ന്‌ ചിട്ടപ്പെടുത്തിയ ‘ശ്രീമന്നാരായണാ’ കീർത്തനം പരീക്ഷണാർഥം ചെയ്തതാണെങ്കിലും അനേകം ആസ്വാദക പ്രശംസ നേടിയ ഇനമായിരുന്നു.
സാധാരണയുള്ള താളപ്രയോഗങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ഘണ്ട ചാപ്പിലുള്ള ഗണേശസ്തുതിയോടുകൂടിയ ചൊൽക്കെട്ട്‌, പ്രാചീന കേരളത്തിൽ പ്രചാരത്തിലിരുന്ന പാന സമ്പ്രദായത്തിൽ രചിക്കപ്പെട്ട അർണോസ്‌ പാതിരിയുടെ പുത്തൻ പാനയിലെ രംഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ‘പാനയാട്ടം’ എന്ന വ്യത്യസ്തമായ സംഘാവിഷ്കാരം, കച്ചേരി ചിട്ടയിലധിഷ്ഠിതമായ നിരവധി ഇനങ്ങൾക്ക്‌ പുറമേ, ഒഎൻവിയുടെ ഉജ്ജയിനി, വൈലോപ്പിള്ളിയുടെ മാമ്പഴം, വള്ളത്തോളിന്റെ മഗ്ദലന മറിയം, ശിഷ്യനും മകനും, അച്ഛനും മകളും തുടങ്ങിയ ഒരു പിടി കവിതകൾ എന്നിവയും ലീലാമ്മയുടെ സംവിധാന വൈദഗ്ധ്യത്തെ വിളിച്ചോതുന്ന രംഗാവിഷ്കാരങ്ങളായിരുന്നു.
‘അജിതാഹരേ പോലെ ആട്ടക്കഥാ സാഹിത്യത്തിൽ നിന്നെടുത്ത കൃതികൾ, ഗീതഗോവിന്ദം, നാരായണീയം, കല്യാണ സൗഗന്ധികം തുള്ളൽ കൃതി, സ്വാതികൃതികളായ ഹിന്ദി ഭജനുകൾ തുടങ്ങി ബഹുവിധത്തിലുള്ള സാഹിത്യങ്ങളെ മോഹിനിയാട്ടത്തിൽ സന്നിവേശിപ്പിക്കാൻ ഈ കലാകാരിക്ക്‌ കഴിഞ്ഞു. ആവർത്തന വിരസമല്ലാതെയുള്ള അടവുകളുടെ കോർത്തിണക്കലുകൾ, ലാളിത്യത്തിലും സൗന്ദര്യം ശോഭിക്കുന്ന സഞ്ചാരീ വിന്യാസങ്ങൾ, ഇവയെല്ലാം ലീലാമ്മയുടെ ചിട്ടപ്പെടുത്തലുകളുടെ പ്രത്യേകതയായിരുന്നു.
ലീലാമ്മ ടീച്ചറുടെ നൃത്ത സംവിധാനത്തിലൂടെ ജന്മം കൊണ്ട ഇനങ്ങൾ എത്രയെന്ന്‌ നിജപ്പെടുത്താനാവില്ല. പലപ്പോഴും കലാമണ്ഡലം സിലബസിൽ മാത്രമായി അവ പലതും ഒതുങ്ങിപോയിട്ടുണ്ട്‌. മാത്രമല്ല, പല കൈകളിലൂടെ മാറി മറിഞ്ഞ്‌ യുവജനോത്സവ വേദികളിലെത്തുന്ന വർണ്ണങ്ങളിൽ പലതും പാതി ജീവൻ നഷ്ടപ്പെട്ടതായി കണ്ടിട്ടുണ്ട്‌.
അടിസ്ഥാനത്തെ മുറുകെ പിടിച്ച യാഥാസ്ഥിതികയായിരുന്നെങ്കിലും പരിണാമത്തിനു നേരെ മുഖം തിരിച്ച പാരമ്പര്യ വാദിയായിരുന്നില്ല കലാമണ്ഡലം ലീലാമ്മ എന്ന്‌ ചിട്ടപ്പെടുത്തിയ ഇനങ്ങളിൽ നിന്ന്‌ മനസിലാക്കാം. എങ്കിലും ഇക്കഴിഞ്ഞ വർഷങ്ങളിൽ മോഹിനിയാട്ട രംഗത്തു ചൂടുപിടിച്ച മാറ്റങ്ങൾ നടന്നപ്പോഴും പലരും പുതുമയെ മാത്രം തേടി നെട്ടോട്ടമോടിയപ്പോഴും അതൊന്നും എന്റെ വഴിയല്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു ലീലാമ്മ ടീച്ചർ. വേഷത്തിലെ നിറവിന്യാസങ്ങൾക്കോ, ശബ്ദ വെളിച്ചങ്ങളിലെ മായികതയ്ക്കോ അടിമപ്പെടാതെ ആഹാര്യ ശോഭയെ മറന്ന്‌, നർത്തകിയെ മറന്ന്‌, നൃത്തത്തെ ആസ്വദിക്കും വിധത്തിലേക്ക്‌ തന്റെ ആസ്വാദകരെ ഉയർത്താൻ ശ്രദ്ധിച്ചു. പ്രമേയത്തിന്റെ വശ്യതയിൽ മയങ്ങി പോകാതെ, ഓരോ നീക്കങ്ങളും തികഞ്ഞ ഔചിത്യ ബോധത്തിൽ അടിയുറച്ചായിരുന്നു പുതിയ പ്രവർത്തനങ്ങൾക്ക്‌ മുതിരുമ്പോൾ ‘ഇത്‌ മോഹിനിയാട്ടത്തിന്‌ ചേരുമോ, സാമ്പ്രദായികതയിൽ ഉറച്ചു നിന്നുകൊണ്ട്‌ ചെയ്യാനൊക്കുമോ’ എന്നതായിരുന്നു ആദ്യ ചിന്ത. ചെറിയ മുദ്രാപ്രയോഗങ്ങളിലോ ചുവടുകളിലോ അൽപ്പംപോലും കലർപ്പ്‌ മനഃപൂർവം വന്നു ചേരാൻ കൂട്ടാക്കാതെ ഓരോ ഇനവും ചിട്ട ചെയ്തു. വ്യതിചലിച്ചു പോകുന്ന ശിഷ്യരെ താക്കീത്‌ ചെയ്തു. സംഗീതത്തിലും താള സമ്പ്രദായങ്ങളിലും പ്രമേയങ്ങളിലും പുതുമകൾ കൊണ്ടുവന്ന നർത്തകിമാരുടെ അവതരണങ്ങളെ ആസ്വദിച്ചു, അഭിനന്ദിച്ചു, നല്ലതെന്ന്‌ തോന്നുന്നതിനെ പ്രോത്സാഹിപ്പിച്ചു. അപ്പോഴും സ്വന്തം വഴിയിൽ തികഞ്ഞ ബോധത്തോടെ അടിയുറച്ചു നിന്നു.
മൂന്നു പതിറ്റാണ്ടിലധികം കേരളകലാമണ്ഡലത്തിൽ അധ്യാപികയായിരുന്ന ലീലാമ്മ നൃത്ത വിഭാഗം മേധാവിയും ഡീനുമായി സേവനമനുഷ്ഠിച്ചു. വിരമിച്ചതിനുശേഷവും വിസിറ്റിങ്‌ ഫാക്കൽറ്റിയായി തുടർന്നു. കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റി റീഡർ ആയും പ്രവർത്തിച്ചു. ഇക്കാലങ്ങളിൽ ഈ പ്രതിഭയെ തേടിയെത്തിയ വേദികളും ബഹുമതികളും (കേരളകേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്‌, നൃത്ത നാട്യ പുരസ്കാരം ഉൾപ്പെടെയുള്ള) അംഗീകാരങ്ങളും നിരവധിയാണെങ്കിലും അർഹതയ്ക്കനുസരിച്ച അംഗീകാരങ്ങൾ ലീലാമ്മ ടീച്ചർക്ക്‌ ലഭിച്ചില്ല എന്ന്‌ ഇപ്പോൾ, ഈ വൈകിയ വേളയിൽ കലാലോകം പരിതപിക്കുന്നു. ബഹളങ്ങൾക്ക്‌ പിന്നാലെ പായാതെ, തന്റെ കർമ്മങ്ങളിൽ ഒതുങ്ങിക്കൊണ്ട്‌ ജീവിച്ച കലാകാരി ഒന്നിലും പരിഭവമില്ലാതെ, ഇനിയും ചെയ്തു തീർക്കാനുള്ള എന്തൊക്കെയോ ബാക്കി വച്ച്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. മോഹിനിയാട്ടത്തിനായി ആടിത്തീർന്ന ആ ജന്മം അരങ്ങൊഴിയുമ്പോൾ മോഹിനിയാട്ട ചരിത്രത്തിൽ ‘പ്രയോഗവ്യാകരണത്തിലെ ലാവണ്യ ശിൽപി’ എന്നോ, അതിലപ്പുറമോ ഉള്ള സ്ഥാനം ഈ നർത്തകിക്ക്‌ നൃത്തലോകം കൽപിച്ചു നൽകേണ്ടിയിരിക്കുന്നു. ശിഷ്യപ്രശിഷ്യ പരമ്പരകൾക്ക്‌ വഴികാട്ടാൻ ആ അനന്യ ദീപം ഇനി മറ്റൊരു ലോകത്തിരുന്ന്‌ പ്രകാശം തരട്ടെ.

 

Published in Janayugam Daily on July 28th 2017.
Web : അരങ്ങൊഴിഞ്ഞ നടന ലാവണ്യം
ePaper : അരങ്ങൊഴിഞ്ഞ നടന ലാവണ്യം

Calendar

March 2023
M T W T F S S
« Jul    
 12345
6789101112
13141516171819
20212223242526
2728293031  

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Categories

  • Book Reviews
  • Feature
  • Interviews
  • Memories
  • News
  • Personal

Archives

  • July 2018
  • March 2018
  • January 2018
  • July 2017
  • March 2017
  • July 2016
  • January 2016
  • December 2015
  • October 2015
  • August 2014
  • May 2014
  • February 2014
  • December 2013
  • January 2013
  • August 2012
  • May 2012

Copyright Kaishiki # Swetha Mangalath - 2019