Pub. [Samayam Magazine Feb 2018] : ലാവണ്യതത്വത്തിനടിസ്ഥാനം ‘പാരസ്പര്യം’
കലാ ഗവേഷണ രംഗത്ത് ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾക്ക് സാധ്യതയേറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് കലയിലെ ഏസ്തെറ്റിക്സ്. ഈ വിഷയത്തെ ആധികാരികമായി കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവം ചിലരിൽ ഒരാളാണ് കലാചരിത്രകാരനും നിരൂപകനുമായ ശ്രീ.വിജയകുമാർ മേനോൻ. ‘സ്ഥലം, കാലം, കല’, ‘ഭാരതീയ കലാദർശനം’ എന്നീ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ‘ഭാരതീയ ലാവണ്യ ചിന്തയും കലാ പാരസ്പര്യവും’ എന്ന വിജയകുമാർ മേനോന്റെ പുതിയ പുസ്തകം കേരളം സാഹിത്യ അക്കാദമി ഈയിടെ പ്രസിദ്ധീകരിച്ചു. ആധുനിക കലാഗവേഷണ ലോകം കാത്തിരുന്ന ഈ ഗ്രന്ഥത്തെക്കുറിച്ചും കലാപഠന രംഗത്തെ ആശങ്കകളെകുറിച്ചും ശ്രീ.വിജയകുമാർ മേനോനുമായി നടത്തിയ അഭിമുഖം.
1. ഇന്ത്യൻ ഏസ്തെറ്റിക്സ് ശാഖ ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങിക്കൂടുന്നു എന്ന തിരിച്ചറിവിൽ നിന്നാണോ കലാപാരസ്പര്യത്തെ മുൻനിർത്തിയുള്ള ഇത്തരമൊരു ഗ്രന്ഥരചനയ്ക്ക് മുതിരുന്നത്?
കലയിലെ ലാവണ്യ ശാസ്ത്രത്തെ കുറിച്ചുള്ള പഠനങ്ങളും ഗ്രന്ഥങ്ങളും മലയാളത്തിൽ കുറവാണ്. ഇന്ത്യൻ ഏസ്തെറ്റിക്സ് പഠനങ്ങൾ അധികവും സാഹിത്യ സംബന്ധിയായിട്ടാണ് ഉണ്ടായിട്ടുള്ളത്. രംഗകലയെ ബന്ധിപ്പിച്ച് ചിലതുണ്ടെങ്കിലും സാഹിത്യം, നൃത്തം, തീയേറ്റർ, ഫൈൻ ആർട്സ് എന്നിവയിലെ പാരസ്പര്യത്തെ നിരീക്ഷിക്കുന്ന പഠനങ്ങൾ ഇന്ത്യൻ ഭാഷകളിലോ ഇന്ത്യക്കാർ ഇംഗ്ലീഷിലോ എഴുതിയതായി കണ്ടിട്ടില്ല. പല പഠനങ്ങളിലും നാട്യശാസ്ത്ര സിദ്ധാന്തങ്ങളും തത്വ ചിന്തകരുടെ ആശയങ്ങളും വെറുതെ പറഞ്ഞു പോയിട്ടുണ്ട്. ഏസ്തെറ്റിക്സിനെ കൃത്യമായി നിർവചിക്കാനാവില്ലെങ്കിലും അൽപമെങ്കിലും മനസ്സിലാക്കണമെങ്കിൽ അതിനു പാരസ്പര്യം എന്തെന്നറിഞ്ഞേ തീരു. കലകളെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള, അവയെ സംസ്കാരവുമായും തത്വചിന്തയുമായും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാരസ്പര്യ വിചാരത്തിലൂന്നിയ കണ്ടെത്തലുകളും പഠനങ്ങളുമാണ് ലാവണ്യശാസ്ത്ര പഠന രംഗത്ത് ഇന്നിന്റെ ആവശ്യം എന്ന് തോന്നിയതുകൊണ്ടാണ് ഇതിനു മുതിർന്നത്.
ഇതുപോലൊരു പുസ്തകം തയ്യാറാക്കാൻ വർഷങ്ങൾക്ക് മുൻപേ ഇന്ത്യൻ ഏസ്തെറ്റിക്സ് രംഗത്തെ പണ്ഡിതൻമാരായിരുന്ന കെ.പി. നാരായണ പിഷാരടിയും എം.പി ശങ്കുണ്ണി നായരും നിർദ്ദേശിച്ചിരുന്നു. പിന്നെ എം.ടി, ഇന്നത്തെ അക്കാദമി ഭാരവാഹികൾ ഇവരുടെയെല്ലാം പ്രചോദനത്തിലൂടെയും പല രീതിയിലുള്ള സഹായത്തോടെയുമാണ് ഈ ഗ്രന്ഥം സാധ്യമായത്.
2. ‘സ്ഥലം, കാലം, കല’ എന്ന അങ്ങയുടെ ആദ്യ പുസ്തകത്തിന്റെ തുടർച്ചയായി ഈ പുസ്തകത്തെ കാണാമെന്നു കരുതുന്നു. കലയിൽ അസംഭവ്യമെന്നു കരുതിയ പലതും സാധ്യമാണെന്ന് തുറന്നു കാണിക്കലായിരുന്നോ അന്ന് ലക്ഷ്യമിട്ടിരുന്നത്?
സ്ഥലം, കാലം (space, time) എന്നീ ഘടകങ്ങളിൽ ‘കാല’ത്തിലാണ് ആഖ്യാനം (narration) സംഭവിക്കുന്നത്. സമയം എന്ന മീറ്റർ എടുക്കാൻ കഴിയുന്ന മാധ്യമത്തിലേ ‘കാല വ്യത്യാസം ‘ ദൃശ്യമാക്കാൻ സാധിക്കൂ എന്നായിരുന്നു പൊതുവെയുള്ള കണ്ടെത്തൽ. അതായത് നൃത്തം, സംഗീതം, നാടകം തുടങ്ങിയ, ടൈം ഒരു ഡയമെൻഷൻ ആയി വരുന്ന മാധ്യമങ്ങളിൽ. ഇതിനെതിരെ വാദിക്കലായിരുന്നു എന്റെ ആവശ്യം. ചിത്രം ശിൽപം തുടങ്ങിയ ദ്വിമാനീയവും ത്രിമാനീയവുമായ കലകളിൽ ‘കാലം’ എന്തുകൊണ്ട് കാണിക്കാൻ സാധിക്കില്ല എന്ന ചിന്ത എന്റെ ഉള്ളിൽ പണ്ടേ ഉണ്ടായിരുന്നു. തീർച്ചയായും ഇത് സംഭവ്യമാണ് എന്നതിന് പല ഉദാഹരണങ്ങളും എടുത്തുകാണിക്കാം.
ലാവകൂൺ ശിൽപം, ദാവീദിന്റെ ശിൽപം എന്നിവയെയെല്ലാം ഞാനതിൽ സൂചിപ്പിച്ചിട്ടുണ്ട്. നിശ്ചലമെങ്കിലും, ഏതു കർമ്മം നിർവഹിച്ചുകൊണ്ടിരിക്കുന്നോ, അല്ലെങ്കിൽ നിർവഹിക്കാൻ പോകുന്നോ എന്നിവയിൽ നിന്ന് ഭൂതമാണോ, വർത്തമാനമാണോ, ഭാവിയാണോ ആ അവസ്ഥയിലെ ‘കാലം’ എന്ന് നമുക്ക് വായിക്കാം. നിശ്ചലരൂപത്തിൽ അധിഷ്ഠിതമായിരിക്കുന്ന ഭാവം ‘കാല’ത്തെ സൂചിപ്പിക്കുന്നു. പാശ്ചാത്യർ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സെമിയോട്ടിക് തിയറിയുടെ സാധ്യതയാണ് കാലത്തെ ചിത്ര ശില്പങ്ങളിൽ സാധ്യമാക്കുക എന്നത്. ശൂന്യമായ ഇടങ്ങൾ പലതിന്റെയും സൂചനകൾ നൽകുന്നു. അത്തരത്തിൽ എടുത്തു പറയാവുന്ന നിരവധി ഉദാഹരണങ്ങൾ ഈ രണ്ടു പുസ്തകങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
3. എങ്ങനെയാണ് ശരിയായ ‘കലാവായന’ സാധ്യമാകുന്നത്?
ഓരോ കലകളും ഓരോ മാധ്യമങ്ങളാണ്. അവയ്ക്ക് അതിന്റേതായ ഭാഷയുമുണ്ട്. ഈ ഭാഷയറിയുന്നതോടൊപ്പം ആ കല ഏതു സംസ്കാരത്തിന്റെ ഭാഗമാണോ അതുകൂടി മനസ്സിലാക്കിയാലേ കലയെ വായിക്കാൻ കഴിയൂ. ഈ സാംസ്കാരിക വശങ്ങളെ ഗ്രഹിക്കാൻ കഴിയാഞ്ഞത് കൊണ്ടാണ് പണ്ട് വിദേശികൾ നമ്മുടെ ‘തെയ്യത്തെ’ ഡെവിൾ ഡാൻസ്/ പിശാചിന്റെ നൃത്തം എന്ന് വിളിച്ചത്.
ഇന്ത്യയിൽ തന്നെ വിശ്വാസങ്ങൾക്ക് വ്യത്യാസമുണ്ട്. മഹാഭാരത്തിൽ സർപ്പങ്ങളെ കൊല്ലുന്നതിനെ കുറിച്ച് പരാമർശങ്ങളുണ്ട്. എന്നാൽ കേരളത്തിൽ സർപ്പങ്ങളെ ആരാധിക്കലാണ് സംസ്കാരം. സർപ്പാരാധന, ഭദ്രകാളി ആരാധന തുടങ്ങിയ ആചാരങ്ങളുമായി ബന്ധപ്പെട്ടാണ് പല കലാരൂപങ്ങളും ഉരുവമെടുത്തത് എന്നോർക്കണം. കലകൾ ഇവിടെ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും സൂചകങ്ങളായി വർത്തിക്കുന്നു. അവയുടെ ഭാഷ അറിയണമെങ്കിൽ സംസ്കാരത്തെയും അറിയണം.
മറ്റൊന്ന് ‘കാഴ്ച’യും ‘നോട്ട’വും തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാക്കലാണ്. കാഴ്ച്ചശക്തി ഉള്ളവർക്കെല്ലാം കാണാം. എന്നാൽ ഏകാഗ്രമായി കലയുടെ സാധ്യതകളെ മനസ്സിലാക്കികൊണ്ടുള്ള ‘നോട്ടം’ എന്നതിനെ നമുക്കിടയിൽ വേണ്ട രീതിയിൽ അംഗീകരിച്ചു കാണുന്നില്ല. നോക്കുന്നയാളുടെ താൽപര്യം, അറിവ്, ജ്ഞാനം, മുൻപരിചയം എന്നിവയ്‌ക്കെല്ലാം അനുസരിച്ചാണ് അദ്ദേഹത്തിന്റെ ‘നോട്ടവും’, അതിലൂടെ ആസ്വാദനവും സംഭവിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിൽ വെസ്റ്റേൺ ഏസ്തെറ്റിക്സ് ഏറെ പ്രാധാന്യം കൊടുത്തത് ഈ ‘നോട്ടം’ എന്ന ആശയത്തിനായിരുന്നു.
4. കലയുടെ ‘ശക്തി’ യെ അങ്ങ് എങ്ങനെ നിർവചിക്കുന്നു?
സാധ്യതയും പരിമിതിയും, (possibilities and limitations) ഇവ തന്നെയാണ് ഏതൊരു കലയുടെയും ശക്തിയും വ്യക്തിത്വവും. വ്യത്യസ്തമായ സാധ്യതകൾ കണ്ടെത്തുന്നതിലൂടെയാണ് ഓരോ കലകളിലും അത്ഭുത സൃഷ്ട്ടികൾ സാധ്യമാകുന്നത്. സാധ്യതക്കൊപ്പം പരിമിതിയെയും അറിഞ്ഞു നിരീക്ഷിക്കണമെന്നു മാത്രം.
നൃത്തവും ശിൽപവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഇവ രണ്ടിനും അതിന്റേതായ സാധ്യതയും പരിമിതിയും ഉണ്ടല്ലോ. ശില്പത്തിൽ നൃത്തത്തിലേതു പോലുള്ള ചലനങ്ങൾ സാധ്യമല്ല. അതുപോലെ ശില്പത്തിലേതു പോലുള്ള സങ്കീർണ്ണ രൂപങ്ങൾ നൃത്തത്തിലും സാധ്യമല്ല. ചോള കാലഘട്ടത്തിലെയും വിജയ നഗര കാലത്തെ ശില്പങ്ങളിലുമെല്ലാം കാണുന്ന അതി സങ്കീർണ്ണമായ മെയ്പ്രയോഗങ്ങൾ ശില്പിയുടെ ഭാവനാസ്വാതന്ത്ര്യത്തെയാണ് കാട്ടിത്തരുന്നത്. ശില്പ സാധ്യത അറിയുന്നവർക്ക് നൃത്തം കാണുമ്പോൾ മെമ്മറി ഇമേജുമായി ഇവയെ ബന്ധപ്പെടുത്താം. തന്മൂലം ആസ്വാദനത്തിന്റെ ഉന്നതമായ അവസ്ഥയിലേക്കെത്താം.
5. കലയിലെ പരസ്പര്യത്തെ ആധുനിക കലാകാരന്മാരും ആസ്വാദകരും എത്രകണ്ട് മനസ്സിലാക്കുന്നുണ്ട്?
എത്രത്തോളം മനസ്സിലാക്കുന്നു എന്നറിയില്ല. പക്ഷേ, ഇത് മനസ്സിലാക്കുന്നതിലൂടെ ആസ്വാദനത്തിന്റെ ചക്രവാളം കുറേക്കൂടി വിസ്തൃതമാകും. ഏതൊരു കലയേയും മറ്റൊന്നുമായി ബന്ധപ്പെടുത്താതെ തരമില്ല എന്ന് മനസ്സിലാവും. ഇന്ത്യയിലെ കലാസംബന്ധിയായ ലാവണ്യ തത്വങ്ങളെല്ലാം തത്വചിന്തകളുമായി ബന്ധപ്പെടുന്നതായും കാണാം.
ഇന്ത്യൻ ഏസ്തെറ്റിക്സ് പ്രകാരം ചിത്രകല പഠിക്കാനെത്തുന്ന വിദ്യാർത്ഥിയോട് നൃത്തം പഠിക്കാനാവശ്യപ്പെടുകയും, നൃത്തം പഠിക്കാൻ ചെല്ലുമ്പോൾ സംഗീതം പഠിക്കണമെന്നും, സംഗീതം വശമാക്കാൻ വാദ്യം പഠിക്കണമെന്നും പറയുന്നു. അതായത് ഒന്നില്ലാതെ മറ്റൊന്നിന് അസ്തിത്വമില്ല. എല്ലാം ‘ഒന്നിലേക്ക്’ ചൂണ്ടുന്ന ഈ സങ്കൽപം ഇന്ത്യൻ ഫിലോസഫിയുടെ തത്വം തന്നെയല്ലേ.
ഏസ്തെറ്റിക്സിന്റെ ഉന്നതമായ അവസ്ഥയാണ് കലാകാരന്റെയും ആസ്വാദകന്റെയും ഹൃദയം/ മനസ്സ് ഒരേ രീതിയിൽ ഉന്നതിയിലേക്കുയർന്ന് ഒന്നാകുന്ന അവസ്ഥ, അഥവാ ‘സഹൃദയത്വം’. ഇത് തന്നെയാണ് ‘അദ്വൈതം’ എന്ന് തത്വചിന്തകന്മാർ പറയുന്നതും.
ഈ അദ്വൈത തത്വത്തിൽ അധിഷ്ടിതമാണ് കലയും ലാവണ്യശാസ്ത്രവും എന്നുള്ളതുകൊണ്ടാണ് ശിവനെ കലയുടെ / നാട്യത്തിന്റെ ദേവനായി സങ്കല്പിച്ചിരിക്കുന്നത്. ശക്തിപഞ്ചാക്ഷരീ ചിത്രത്തിലും അർദ്ധനാരീശ്വര സങ്കൽപത്തിലും കാണുന്ന പുരുഷ-പ്രകൃതീ സംയോഗം പോലെ ‘ഒന്നായി തീരുന്ന’ മറ്റൊരു ദേവസങ്കൽപ്പമില്ല. ആസ്വാദനപാരമ്യത്തിന്റെ ഉദാഹരണമായിട്ടാണ് ഇതിനെ സ്വീകരിച്ചിരിക്കുന്നത്.
ഈ ആശയങ്ങൾ ശരിയായി മനസ്സിലാക്കുന്നതിലൂടെ കലാകാരന്മാർക്ക് സൃഷ്ടിവൈഭവത്തിലൂടെ അത്ഭുതങ്ങൾ സാധ്യമാക്കാനും, വെറുമൊരു കാഴ്ചക്കാരന് നല്ലൊരു ‘സഹൃദയ’നായി ഉയരാനും സാധിക്കും. ഈ പുസ്തകത്തിലൂടെ പ്രധാനമായും പറയാൻ ശ്രമിച്ചിട്ടുള്ളതും ഇത് തന്നെ.
6. ഭാരതീയ സങ്കൽപ്പത്തിൽ കലകൾ മോക്ഷപ്രാപ്തിയിലേക്കുള്ള മാധ്യമങ്ങളായി വിശ്വസിച്ചിരുന്നു. എന്നാൽ പിന്നീട് കലയിലെ ഭക്തിയും ദൈവികതയും മറ്റൊരു രീതിയിൽ ചിത്രീകരിക്കപ്പെട്ടില്ലേ?
ഓരോ കലകളിലേയും ആനന്ദം വ്യത്യസ്തമാണെങ്കിലും വിവേചിക്കപ്പെട്ടു കിടക്കുന്ന ഇവയെ സംയോജിപ്പിക്കുമ്പോൾ അതായത് ഇന്റഗ്രേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ആനന്ദത്തിന്റെ ഒരു പ്രപഞ്ചമുണ്ട്. തത്വചിന്തയിൽ ഈ ആനന്ദം അഥവാ bliss എന്നാൽ മോക്ഷപ്രാപ്തിയാണ്. അതുകൊണ്ടാണ് കലകൾ മോക്ഷപ്രാപ്തിയിലേക്കുള്ള മാധ്യമങ്ങളെന്നു പറയുന്നത്.
ഇന്ത്യൻ ഫിലോസഫി അനുസരിച്ച് ‘ഒന്നായിച്ചേരലിലൂടെയുള്ള ആനന്ദലബ്ധി പരമമായ മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ്’ എന്ന സങ്കല്പത്തിന്റെ ദൃശ്യരൂപങ്ങളായിട്ടാണ് ചിത്രകലകളും രതിജന്യ ശിൽപങ്ങളും (erotic sculptures) നിർമ്മിതമായിരുന്നത്. ഇതേ കാരണം കൊണ്ടാണ് നർത്തകിമാരായിരുന്ന ദേവദാസികളെ ഈശ്വരതുല്യം കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇവയെല്ലാം അശ്ലീലമായി ചിത്രീകരിക്കപ്പെട്ടത് സമൂഹത്തിന്റെ നിരീക്ഷണത്തിലുള്ള പ്രശ്നമായിരുന്നു.
ഇടക്കാലത്തു സമൂഹത്തിന്റെ ചിന്താഗതിയിൽ സംഭവിച്ച ഈ മാറ്റം മൂലമാണ് ‘സദിരാട്ട’ ത്തെ രൂപഘടനയിൽ വ്യത്യാസം വരുത്തി, പേര് പോലും മാറ്റി രുക്മിണീദേവി അരുണ്ഡേലിന്റെ നേതൃത്വത്തിൽ ‘ഭരതനാട്യം’ ജന്മമെടുത്തത്. ഇതേച്ചൊല്ലി ബാലസരസ്വതിയും രുക്മിണീദേവിയും തമ്മിലുണ്ടായ തർക്കങ്ങളെ ഇന്ത്യയിലെ തന്നെ വലിയൊരു ‘ഏസ്തെറ്റിക് ഫൈറ്റ്’ ആയിട്ടാണ് ഞാൻ കാണുന്നത്. തങ്ങൾ തുടർന്നുപോന്ന സമ്പ്രദായത്തെ മോശമെന്ന് മുദ്ര കുത്തി, മാറ്റുകയും പുച്ഛിക്കുകയും ചെയ്യുന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും കലയുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യലാണ് എന്നായിരുന്നു ബാലസരസ്വതി വാദിച്ചത്. ഇത് തന്നെയാണ് മോഹിനിയാട്ടത്തിലും സംഭവിച്ചത്. അത്രയും നാൾ അനുവർത്തിച്ചു പോന്നിരുന്ന നൃത്ത വഴക്കത്തെ സമൂഹവും കുടുംബങ്ങളും വരെ എതിർത്തു, നിരോധിച്ചു. സത്യത്തിൽ ഇവയെല്ലാം കലയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യലായിരുന്നു. ആസ്വാദന രീതിയിലും സാമൂഹികമായ കാഴ്ചപ്പാടിലും വന്ന മാറ്റങ്ങളായിരുന്നു ഇതിനു കാരണമായത്.
7. കാലാനുസൃതമായ മാറ്റം കലയിൽ അനിവാര്യമാണല്ലോ, പരിണാമങ്ങൾ സംഭവിക്കുമ്പോൾ സംസ്കാരം, ഇതര കലകൾ എന്നിവയുടെ സ്വാധീനം എത്രത്തോളമുണ്ടാവുന്നുണ്ട്?
കലകളുടെ മൗലികമായ ആവശ്യമാണ് ബഹുസ്വരത. നിശ്ചലമായാൽ കല നിർജ്ജീവമായി. ഇതരകലകളുടെ സ്വാധീനം കോംപ്ലിമെന്ററി ആയി പ്രവർത്തിച്ചാൽ തന്നെയേ കാലാനുസൃതമായ മാറ്റങ്ങൾ സാധ്യമാവൂ.
‘പരശുരാമൻ’ പോലുള്ള കഥകളിയിലെ ചില ആഹാര്യ രൂപങ്ങൾ, മോഹിനിയാട്ടത്തിന്റെ മുടിക്കെട്ട് ഇവയെല്ലാം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് രവിവർമ്മ ചിത്രങ്ങളിൽ നിന്നുള്ള പ്രചോദനമാണെന്ന് പറയുന്നു. ഇത്തരം മാറ്റങ്ങൾക്ക് മുതിരുമ്പോൾ തീർച്ചയായും എതിർവാദങ്ങളുണ്ടാവും. അതുവേണം. വിവിധ വാദങ്ങൾ ഉണ്ടായാൽ മാത്രമേ മാറ്റങ്ങൾ ചർച്ച ചെയ്യപ്പെടൂ. ലാവണ്യ തത്വങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കൂ, താരതമ്യ പഠനങ്ങൾ നടക്കൂ. അതോടെ കലയുടെയും ആസ്വാദനത്തിന്റെയും ക്യാൻവാസ് വലുതാവുന്നു.
സംസ്കാരവുമായി ബന്ധപ്പെടാതെ കലകൾ ഉണ്ടായിട്ടില്ല. നമ്മുടെ പല കലകളും ചില മിത്തുകളുമായി ബന്ധപ്പെട്ടതാണല്ലോ. അതതു സംസ്കാരങ്ങളിൽ നടന്നു എന്ന് കരുതപ്പെടുന്ന സംഭവങ്ങളിൽ നിന്ന് കണ്ടെടുത്ത ചില ‘ചിഹ്ന’ങ്ങളിൽ അധിഷ്ഠിതമായാണ് മിത്തുകൾ ഉണ്ടാവുന്നത്. അത്തരം സാംസ്കാരിക ചിഹ്നങ്ങളെ മാറ്റിയാൽ കലയുടെ വ്യക്തിത്വം നഷ്ടമാവും. അവ നിലനിർത്തിപ്പോരികയും, മറ്റു ഘടകങ്ങളിൽ കാലത്തിനും സൗകര്യത്തിനും അനുസരിച്ച് പരിവർത്തനങ്ങൾ നടത്തുകയുമാണ് ഉചിതം.
8. കലകൾ പാരമ്പര്യത്തിന്റെ ചിഹ്നങ്ങളായിരിക്കെത്തന്നെ, വർത്തമാനകാലത്തിന്റെ സൂചകങ്ങളുമാവാറില്ലേ?
തീർച്ചയായും. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ചില ചുമർചിത്രങ്ങളുള്ള ഇടമാണ് മട്ടാഞ്ചേരി പാലസ്. പണ്ട് പാലിയത്ത് കുടുംബാംഗമായിരുന്ന അനുജനച്ചന്റെ നേതൃത്വത്തിൽ കാണപ്പെടാതിരുന്ന ചില ചുമർചിത്രങ്ങൾ കണ്ടെടുത്തപ്പോൾ, ടിപ്പുസുൽത്താനെന്നു തോന്നിക്കുന്ന, പാതി വരച്ചുവെച്ച ഒരു സ്കെച്ച് കാണുകയുണ്ടായി. ടിപ്പു, നൃത്തം കാണുന്ന വിധത്തിലുള്ള ചിത്രം! ആ കാലത്ത് സംഭവിച്ച ഒന്നിനെ, കലാകാരൻ ചിത്രമാക്കി മാറ്റിയതാവുമല്ലോ അത്. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങൾ വേറെയുമുണ്ട്. പാരമ്പര്യം, സംസ്കാരം, സാമൂഹ്യസ്ഥിതികളിൽ വന്ന മാറ്റം, കാലം മാറിയതനുസരിച്ച് സാങ്കേതിക സൗകര്യങ്ങളിൽ വന്ന മാറ്റം ഇവയെല്ലാം കലകളിൽ പ്രതിഫലിച്ചിട്ടുണ്ട്.
ഉദാഹരണമായി, കഥകളിയിലെ ഉടുത്തുകെട്ട് പണ്ടത്തേതിനേക്കാൾ വലുതാക്കി. കാരണം, പണ്ട് വളരെ ചെറിയ ഇടങ്ങളിൽ, പരിമിതമായ സൗകര്യങ്ങളിൽ കഥകളി അവതരിപ്പിച്ചിരുന്നെങ്കിൽ ഇന്നത്തെ വേദിയിലെ സൗകര്യങ്ങൾ വ്യത്യസ്തമാണ്. അപ്പോഴത് ‘കാഴ്ച’യുടെ ആവശ്യമാണ്. ഒരു കഥാപാത്രം അഭിനയിക്കുമ്പോൾ മറ്റു വേഷങ്ങൾ പ്രതിമ പോലെ നിൽക്കാതെ ചില ഭാവങ്ങളും, മുദ്രകളും കാണിക്കുന്ന ശീലം വന്നത് വൈദ്യുത വെളി ച്ചം വന്നതോടെ വേദി മുഴുവൻ കാണികൾക്ക് ദൃശ്യമായിത്തുടങ്ങിയതിനാലാണ്. ഇതെല്ലാം മാറ്റങ്ങൾക്കുള്ള സ്വാധീനങ്ങളായിരുന്നു. ഏതുമാറ്റങ്ങളും ആ പ്രത്യേക കലയുടെ ‘ഭാഷ’യിൽ ഒതുങ്ങി നിന്ന് ഔചിത്യ പൂർണ്ണമായിരിക്കണമെന്നു മാത്രം.
9. ദൃശ്യമാധ്യമ പ്രഭാവം കലാസ്വാദനത്തെ സ്വാധീനിച്ചിട്ടില്ലേ? പ്രത്യേകിച്ച് അവതരണ കലകളിൽ. മാധ്യമഭാഷയേയും കലാഭാഷയേയും ബന്ധപ്പെടുത്തി ഒന്നു നിരീക്ഷിക്കാമോ?
അവതരണ കലകൾ വേദിയിൽ കാണുന്നതും ടെലിവിഷനിൽ കാണുന്നതും വ്യത്യാസപ്പെടുന്നത് രണ്ടും രണ്ട് സ്പേസ് ആണ് എന്നതുകൊണ്ടാണ്. ദൃശ്യമാധ്യമത്തിൽ ക്യാമറ, വെളിച്ചം എന്നിവ പ്രധാന പങ്ക് വഹിക്കുന്നു. ക്യാമറയിൽ പകർത്തുന്നയാൾ കാണിച്ചു തരുന്നതേ നാം കാണുന്നുള്ളൂ. അത് ടെലിവിഷന്റെ വലിയൊരു പരിമിതിയാണ്. എന്നാൽ ഹൈലൈറ് ചെയ്യപ്പെടേണ്ട വശങ്ങളെ എടുത്തു കാണിക്കാനുള്ള സാധ്യതയും ഉണ്ട്. നേരിട്ടുള്ള അവതരണമാണെങ്കിൽ കയ്യോ കാലോ മുഖമോ ഏതാണ് ശ്രദ്ധിക്കേണ്ടതെന്ന് കാഴ്ചാശീലമുള്ള ആസ്വാദകന് തീരുമാനിക്കാം. ഇവിടെ രണ്ടിടത്തും തുല്യ പ്രാധാന്യമുള്ള ഒന്നാണ് വെളിച്ചം. സാധാരണ പ്രകാശം (തീയേറ്റർ ലൈറ്റ്) ശരിയായ ആംഗിളിൽ മതിയായ വിധം കൊടുക്കുമ്പോൾ ഉണ്ടാകുന്ന എഫക്ട്/ അനുഭവത്തെ തീയേറ്ററിക്കൽ ലൈറ്റ് എന്ന് പറയുന്നു. ഇത് വളരെ പ്രധാനമാണ്. തീയേറ്റർ ലൈറ്റിനെ തീയറ്ററിക്കൽ ലൈറ്റ് ആക്കി മാറ്റാനറിയുന്നവർ കാലത്തിന്റെ ആവശ്യമാണ്. ഇത്തരം ഘടകങ്ങൾ ചേർന്നാലേ ഏതവതരണവും ആസ്വാദ്യമാവൂ.
അവതരണത്തെ കൂടുതൽ ദൃശ്യഭംഗിയുള്ളതാക്കാനും അതേസമയം കലാലാവണ്യത്തിന് കോട്ടം വരുത്താനും ദൃശ്യമാധ്യമത്തിന് കഴിയും. എങ്കിലും, കലകളെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ദൃശ്യമാധ്യമം വഹിച്ച പങ്ക് തീരെ ചെറുതല്ല.
10. ഇന്നത്തെ കലാപഠന രംഗത്തെ അങ്ങ് എങ്ങനെ നോക്കിക്കാണുന്നു?
പഠനങ്ങളും ഗവേഷണങ്ങളും ധാരാളം നടക്കുന്നുണ്ട്. എന്നാൽ പലയിടത്തും, പഠിപ്പിക്കുന്നവർ പോലും സിദ്ധാന്തങ്ങളെ പറഞ്ഞു പോകലല്ലാതെ, അവയ്ക്ക് കലാരൂപവുമായുള്ള ബന്ധം, ലാവണ്യബോധം, എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളോ അറിവുകളോ പകർന്നു കൊടുക്കുന്നില്ല എന്നത് ദുഃഖപൂർവ്വം പറയട്ടെ. ഫൈൻ ആർട്സിലും പെർഫോമിംഗ് ആർട്സിലും ഇത് തന്നെയാണ് അവസ്ഥ.
കലാവിദ്യാർത്ഥികൾക്ക് ഇന്നത്തെ സമൂഹത്തിൽ ആവിഷ്കാരസ്വാതന്ത്ര്യകുറവ് ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫൈൻ ആർട്സ് വിദ്യാർത്ഥികൾക്ക് സിലബസ്സിന്റെ ഭാഗമായി പഠിക്കാനുള്ള ഒന്നാണ് കാമശാസ്ത്രം. ചിത്രകലയെക്കുറിച്ചും ഏസ്‌തെറ്റിക്‌സിനെക്കുറിച്ചും ഏറ്റവും നല്ല നിർവചനങ്ങൾ അടങ്ങിയിട്ടുള്ള ഗ്രന്ഥമാണത്. എന്നാൽ അതിലെ വശങ്ങളെക്കുറിച്ച് സംസാരിക്കാനോ, കലാസൃഷ്ടിയിൽ ചെയ്യാനോ വിദ്യാർത്ഥികൾ മുതിരുന്നില്ല. സമൂഹം മോശപ്പെട്ടതായി ചിത്രീകരിക്കുമെന്ന ഭയം! പെൺകുട്ടികൾക്കാണ് അത് കൂടുതൽ. നമ്മുടെ സമൂഹം പിന്നിലോട്ടാണോ സഞ്ചരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. ഏസ്‌തെറ്റിക്‌സിലെ ഉദാത്തമായ ദർശനത്തെ മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അവിടെ തെറ്റായോ മോശപ്പെട്ടതായി ഒന്നുമില്ല. ഏതുവിഷയത്തെക്കുറിച്ചും വസ്തുനിഷ്ഠമായും നിഷ്പക്ഷമായും ചിന്തിക്കാനും സംസാരിക്കാനും സമൂഹം തയ്യാറാവണം. എങ്കിലേ കലാപഠന രംഗം ഭേദപ്പെടൂ.
11. ഏസ്തെറ്റിക്സ് എന്ന വൈജ്ഞാന ശാഖയെ പൊതുവെ ‘സൗന്ദര്യ ശാസ്ത്ര’മെന്ന് പരിഭാഷപ്പെടുത്താറുണ്ട്. താങ്കളിവിടെ ‘ലാവണ്യശാസ്ത്രം’ എന്നാണ് പരാമർശിച്ചിട്ടുള്ളത്. ഈ രണ്ടു വാക്കുകളും എങ്ങനെയാണ് ആശയപരമായി വ്യത്യാസപ്പെടുന്നത്?
സൗന്ദര്യം (beauty) എന്ന പദം പലപ്പോഴും ബാഹ്യ സൗന്ദര്യത്തെ സൂചിപ്പിക്കുന്നു. കലകളിൽ ആകൃതി (shape), രൂപം (form) എന്ന രണ്ട് ആശയങ്ങളെക്കുറിച്ച് പറയും. ആദ്യത്തേത് കേവലം ‘ആകൃതി’ ആവുമ്പോൾ, രണ്ടാമത്തേത് കലാരൂപത്തിന്റെ ഭാഷയിലൂടെ ഉരുവമെടുത്ത ‘രൂപ’മാകുന്നു. ഒരു കലാസൃഷ്ടി അതിന്റെ പരമമായ രൂപത്തിലേക്ക് ഏറ്റവും കൃത്യമായി രൂപപ്പെട്ടു വരുമ്പോൾ സമ്പൂർത്തിയുടേതായ ഒരു ശക്തി കൈവരുന്നു. അതാണ് ‘ലാവണ്യം’ അഥവാ ‘ഗ്രേസ്’. തികവിന്റെ അനുഭൂതിയാണത്. ഇത് തന്നെയാണ് കൂടുതൽ അനുയോജ്യമായ പദം.
എസ്തെറ്റിക്സിന് ഒരു ഏക നിർവചനം സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മാവസ്ഥയിലേക്ക് പോകുന്ന പ്രക്രിയയിൽ കലാകാരന്റെയും ആസ്വാദകന്റെയും ഉയർന്ന മനഃസ്സാന്നിദ്ധ്യത്തിൽ മാത്രം സാധ്യമാകുന്ന ഒന്നാണ് ലാവണ്യാനുഭൂതി. അതനേകം നിർവചനങ്ങളായി, എന്നാൽ നിർവചിക്കാനാവാത്ത അനുഭവമായി നിലനിൽക്കും. പാരസ്പര്യ പഠനത്തിലൂടെയേ ലാവണ്യതത്വത്തെ അൽപമെങ്കിലും മനസ്സിലാക്കാനാവൂ എന്നതാണ് സത്യം.
M | T | W | T | F | S | S |
---|---|---|---|---|---|---|
« Jul | ||||||
1 | 2 | 3 | ||||
4 | 5 | 6 | 7 | 8 | 9 | 10 |
11 | 12 | 13 | 14 | 15 | 16 | 17 |
18 | 19 | 20 | 21 | 22 | 23 | 24 |
25 | 26 | 27 | 28 | 29 | 30 | 31 |